Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരള മോഡല്‍ എന്ന...

കേരള മോഡല്‍ എന്ന കൗതുകവാര്‍ത്ത

text_fields
bookmark_border
കേരള മോഡല്‍ എന്ന കൗതുകവാര്‍ത്ത
cancel

കേരളത്തില്‍ നടപ്പാക്കിയ വികേന്ദ്രീകൃതാസൂത്രണ യജ്ഞം ഇന്ന് ചില സൈദ്ധാന്തിക രസപരിസരം സൃഷ്ടിച്ചിരിക്കുന്നു. ഇത് സാമ്പത്തിക-വികസന സാഹിത്യത്തില്‍ വര്‍ധമാനമായ സംവാദങ്ങളും ഉയര്‍ത്തിവിട്ടിരിക്കുകയാണിപ്പോള്‍. ആനുഷംഗികമായി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടെ കൂടുതല്‍ പ്രാധാന്യവും ഇതിന് കൈവന്നിട്ടുണ്ട്. രണ്ടാം ജനകീയാസൂത്രണത്തിന് തുടക്കമിടുമെന്ന് തദ്ദേശമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. കേരളമാതൃക എന്നുവിളിക്കുന്നത് സാമ്പത്തികമായി വേണ്ടത്ര വികസിക്കാത്ത ഒരു സമ്പദ്വ്യവസ്ഥ സാമൂഹിക സുരക്ഷിതത്വവും സാര്‍വത്രികമായ പ്രാഥമിക വിദ്യാഭ്യാസവും ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുത്തുവെന്നതിനെ പരിഗണിച്ചുമാത്രമാണ്. ഇതിനെ വികസനത്തിന്‍െറ പരിപ്രേക്ഷ്യങ്ങളിലൊന്നു മാത്രമായേ സഗൗരവ ചിന്താഗതിക്കാര്‍ കാണുകയുമുള്ളൂ. പക്ഷേ, ഈ നേട്ടം വില കൊടുക്കാതെ കിട്ടിയതല്ല. കേരള സമ്പദ്വ്യവസ്ഥയുടെ ഉല്‍പാദന മേഖലകള്‍ ദശാബ്ദങ്ങളായി നിശ്ചലാവസ്ഥയിലാണ്.

കേരളത്തിന്‍െറ ശരാശരി പ്രതിശീര്‍ഷ മാസവരുമാനം 2013ല്‍ 3377.25 രൂപ മാത്രമായിരുന്നു. കാര്‍ഷികമേഖലയുടെ പ്രവര്‍ത്തനം വിശേഷിച്ചും മോശമായിരുന്നു. കേരളത്തിലെ വ്യവസായരംഗത്ത് ആധിപത്യം പുലര്‍ത്തുന്നത് കശുവണ്ടി, കയര്‍, കൈത്തറി, ബീഡി തുടങ്ങിയ പരമ്പരാഗത മേഖലകളാണ്. എന്നാല്‍, ഇവയെല്ലാംതന്നെ സാങ്കേതികമായി പിന്നില്‍ നില്‍ക്കുന്നവയുമാണ്. ആധുനിക സംഘടിതമേഖലയില്‍ 60 ശതമാനം നിക്ഷേപത്തോടെ സര്‍ക്കാറിന് പ്രമുഖ സ്ഥാനമാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ വക വ്യവസായങ്ങളുള്ളത് കേരളത്തിലാണ്.

ഈ വികസനരേഖയെ പിന്തുടര്‍ന്ന് സബ് സഹാറന്‍, തെക്കനേഷ്യന്‍ സമൂഹങ്ങളെയും ബാധിച്ചിരിക്കുന്ന അല്‍പ -വരുമാന, അല്‍പ-വികസിത സന്തുലിതാവസ്ഥക്ക് വിശദീകരണം കണ്ടത്തൊന്‍ ശ്രമിക്കുന്നവരുടെ സൈദ്ധാന്തിക സ്രോതാസ്സാണ് കേരളമാതൃക. അതേസമയം, കേരളത്തില്‍ സാമൂഹിക ശാസ്ത്രജ്ഞന്മാരും നയനിയതാക്കളും തലപുകക്കുന്നതാകട്ടെ, ഇതിന്‍െറ ദോഷഫലങ്ങളെ എങ്ങനെ മറവുചെയ്യാം എന്നതിനെക്കുറിച്ചും. സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വര്‍ധിപ്പിച്ചിരിക്കുന്നു. തൊഴില്‍ശേഷിയുള്ളവരില്‍ 20-30 ശതമാനംവരെ ആളുകള്‍ക്ക്  തൊഴിലവസരങ്ങളില്ലായിരുന്നു. കൂടാതെ മോശപ്പെട്ട വളര്‍ച്ചനിരക്കും. അതോടൊപ്പം സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വര്‍ധിതമായ ചെലവും. മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാറുകളുടെ വികസനതന്ത്രം ഈ അവസ്ഥക്ക് ആക്കംകൂട്ടുന്നവയായിരുന്നു. കേരള സാമ്പത്തികരംഗത്തെ ശ്രദ്ധാപൂര്‍വം അവലോകനം ചെയ്തവര്‍ കേരളമാതൃക പൊട്ടിപ്പിളരാന്‍ തുടങ്ങുന്നതായി കണ്ടു. ഇതിന്‍െറ തെളിവാണ് അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രതിസന്ധിയും സ്കൂളുകള്‍, ആശുപത്രികള്‍ സര്‍വകലാശാലകള്‍ എന്നിവയുടെ ശോച്യാവസ്ഥയും. എന്നാല്‍, കേരള ഭരണകൂടത്തിലെ ഒരു വരേണ്യവര്‍ഗം ഇപ്പോഴും സംസ്ഥാനകേന്ദ്രീകൃത വികസനമാതൃകയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇപ്പോഴും സാമൂഹികക്ഷേമ മേഖലയെ വികസിപ്പിക്കുകയും വളര്‍ച്ച മുരടിച്ച പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരിക്കുകയുമാണ്. പ്രവൃത്യുന്മുഖ-വികസനോന്മുഖ സമ്പദ്ഘടനയില്‍ സാമൂഹികക്ഷേമ ഒൗദാര്യങ്ങള്‍ക്ക് പ്രസക്തിയുണ്ടാകില്ലല്ളോ. കഴിഞ്ഞ ആറു ദശാബ്ദങ്ങള്‍ക്കിടയില്‍ ശക്തമായ തല്‍പരസംഘങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഈ കൂട്ടായ്മകള്‍ വിഭവസ്രോതസ്സുകളുടെ മൊത്തത്തിലുള്ള വ്യാപ്തി കൂട്ടുന്നതിനു പകരം തങ്ങളുടെ വിഹിതം ഉറപ്പിക്കുന്നതില്‍ മാത്രം താല്‍പര്യപ്പെടുന്നവരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ളോ. ഇതിന്‍െറ ഫലമായി സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള കാര്യക്ഷമതയില്‍ ആര്‍ക്കും ഉത്സാഹമില്ലാതായി. ഇത്തരം പബ്ളിക് ചോയ്സ് വാദഗതികളെ അംഗീകരിക്കുന്നതില്‍ കേരളത്തില്‍ ആളുകള്‍ കുറവാണ്. എ. രുദ്രയെപ്പോലുള്ള മാര്‍ക്സിയന്‍  വിശകലനകര്‍ത്താക്കളും സാമൂഹിക സ്ഥാപനങ്ങള്‍ മൗലികമാറ്റത്തിന് വിധേയമാകുംവരെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉത്തമഫലം പ്രദാനം ചെയ്യാനിടയില്ല എന്നു വാദിക്കുന്നവരാണ്. കര്‍ഷകസമൂഹത്തിന്‍െറയും മറ്റ് അസംഘടിത സമൂഹങ്ങളുടെയും വിപ്ളവാത്മക സംഘാടനവും ഭൂപരിഷ്കരണ നിയമങ്ങളുടെ സുരക്ഷിതത്വവും മറ്റും കേരളത്തിലെ സ്ഥാപനങ്ങളെ മൗലികമായി മാറ്റിമറിച്ചിട്ടുണ്ട്. പിന്നെന്താണ് കേരള സമ്പദ്ഘടനയുടെ ക്ഷമതാന്യൂനതക്കു കാരണം? കഴിഞ്ഞ ആറു പതിറ്റാണ്ട് ഭരണകൂടം സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും നടത്തിയ ഇടപെടലുകള്‍ കേരളമാതൃകയുടെ അതിജീവനത്തിന് പ്രതികൂലമായ ചോദനകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് തര്‍ക്കശാസ്ത്രപരമായ യുക്തിബോധം വെളിച്ചംവീശുന്നത്.

ടോണ്‍ക്വിസ്റ്റും മൈക്കിള്‍ തരകനും വേറിട്ടൊരു സൈദ്ധാന്തിക ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണെങ്കിലും ഇത് ശരിവെക്കുന്നുണ്ട്. ഭരണതലത്തിലെ ഇടപെടലിനോടൊപ്പം വര്‍ഗസമരവും കൂടിച്ചേര്‍ന്ന കഴിഞ്ഞകാല ഇടതുപക്ഷ കാര്യപരിപാടി സാമൂഹികമായ പരിവര്‍ത്തനം വരുത്തിയിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ മാറ്റത്തിന്‍െറ ചാലകശക്തിയെ തുടര്‍വികസനത്തിന്‍െറ വഴിയടക്കുന്ന രീതിയില്‍ തല്‍പരസംഘങ്ങള്‍ വിഴുങ്ങുന്നതിനും സ്ഥാപനവത്കരിക്കപ്പെടുന്നതിനും   ഒത്താശ ചെയ്യുകയാണുണ്ടായത്. ഇതിന്‍െറ ഫലമോ ഉല്‍പാദനമേഖലയുടെ നിശ്ചലാവസ്ഥയും. താല്‍പര്യങ്ങളും സാധ്യതകളും തമ്മില്‍ സംഘര്‍ഷത്തിലായി. വന്‍കിട പദ്ധതികളെല്ലാം വെള്ളാനകളായി.       

ഫലങ്ങളും പരിമിതികളും

കേരളം സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ക്ക് സുപരിചിതമായ പഠനമേഖലയാണ്. സാമ്പത്തികമായി അവികസിതമായ ഒരു മേഖലയാണെങ്കിലും സാമൂഹിക സുരക്ഷിതത്വവും സാര്‍വത്രികമായ പ്രാഥമിക വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് പ്രാപ്യമാക്കിയതിനത്തെുടര്‍ന്നാണ്, കേരളത്തിന്‍െറ വികസനമാതൃക എന്ന പദാവലിക്ക് പ്രചുരപ്രചാരം ലഭിച്ചത്. സമ്പദ് വ്യവസ്ഥയിലെ ഉല്‍പാദന മേഖലകളുടെ അവസ്ഥാശോഷണത്തെ തുടര്‍ന്ന് ഇന്നീ വികസനമാതൃക പ്രതിസന്ധിയിലാണ്. സാമ്പത്തികജീവിതത്തിന്‍െറ ഉദ്യോഗസ്ഥവത്കരണവും അമിതാധികാര കേന്ദ്രീകരണവുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ക്ക് അധികാരം നല്‍കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള പോംവഴിയെന്ന് അവര്‍ വാദിക്കുന്നു. ഇതേതുടര്‍ന്നാണ് 1996ല്‍ അധികാര വികേന്ദ്രീകരണത്തിനുള്ള ജനകീയാസൂത്രണം ആരംഭിക്കുന്നത്. പുതിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സൃഷ്ടിയും ശക്തിപ്പെടുത്തലും ഇത് ഒരളവോളം സാധ്യമാക്കി. ഇതുവരെ പങ്കാളികളാകാത്ത ജനങ്ങളെ വികസനത്തില്‍ പങ്കാളികളാക്കി ഒറ്റക്കെട്ടായി അണിനിരത്താന്‍ സാധിച്ചതും പദ്ധതിയുടെ ചരിത്രവിജയമെന്ന് കരുതാം. അധികാരവും പണവും താഴേക്ക് പകര്‍ന്നുകൊടുക്കുന്നതിലും ഫലപ്രദമായ അധികാര നിര്‍വഹണത്തിനുള്ള സാഹചര്യമൊരുക്കുന്നതിലും ജനകീയാസൂത്രണം വിജയിച്ചതായി നാം കണ്ടു. എന്നാല്‍, കേരളത്തിന്‍െറ സമ്പദ്ഘടനയെ അലട്ടുന്ന പരിമിതികള്‍ പരിഹരിക്കാന്‍ പരിപാടികള്‍ക്ക് രൂപംനല്‍കാന്‍ കഴിയാത്തതിനാല്‍ സാമ്പത്തിക വികസനം സാധ്യമായില്ല.

കേരളത്തിന്‍െറ സാമ്പത്തിക മാന്ദ്യത്തിന്‍െറ മൂലകാരണം സാമ്പത്തികഭരണത്തിന്‍െറ അനിയന്ത്രണമാണെന്ന് അമര്‍ത്യ സെന്‍ സമര്‍ഥിക്കുന്നു. കൂടാതെ വിപണി സംവിധാനത്തോട് വളരെയേറെ ശത്രുത പുലര്‍ത്തുന്ന സാമ്പത്തികനയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണുണ്ടായിരുന്നത്. ഈ ശത്രുതാമനോഭാവവും അതിനോടൊത്ത് നില്‍ക്കുന്ന ഗവണ്‍മെന്‍റ് നിയന്ത്രണത്തിലുള്ള വര്‍ധിച്ച ആശ്രയത്വവും പൂര്‍ണമായും ഉല്‍പാദന വിരുദ്ധവുമായിരുന്നു. 21ാം നൂറ്റാണ്ടില്‍ ഇതാണ് കേരളത്തിനുള്ള വെല്ലുവിളി. ധനസൃഷ്ടിയിലൂടെ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് പുതിയ ശക്തിയാര്‍ജിച്ച ലക്ഷോപലക്ഷം കേരളീയരെ അനുവദിക്കുന്ന  ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതെങ്ങനെ? എന്തുകൊണ്ടാണ് കേരളത്തിലെ അന്തരീക്ഷം വിപണിക്കെതിരെ ഇത്രയധികം ശത്രുത കാട്ടുന്നത്? എന്തുകൊണ്ടാണ് കേരളീയര്‍  വെളിയില്‍ വൈദഗ്ധ്യവും സര്‍ഗശക്തിയുമുള്ളവരായിത്തീര്‍ന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള പ്രതികരണ പ്രതിക്രിയകളായിരിക്കും 21ാം നൂറ്റാണ്ടിലെ നമ്മുടെ ഭാവിയെ രൂപപ്പെടുത്തുക. 

ഉയര്‍ന്ന പലിശക്ക് കടം വാങ്ങിയാണ് കേരളം സാമൂഹികക്ഷേമ ചെലവിന്‍െറ ഏറിയ പങ്കിനും സാമ്പത്തിക സഹായം  ചെയ്തുപോരുന്നത്. ഈ സാമ്പത്തിക സഹായരീതി 80കള്‍ മുതല്‍ക്കെങ്കിലും കേരളവികസന മാതൃകയുടെ പ്രധാന ഘടകമാണ്. ഇതുമൂലമുണ്ടായ ധനകാര്യ പ്രതിസന്ധി  വികസനത്തിന് പൊതുവായി തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, സമ്പദ്വ്യവസ്ഥയുടെ ഘടനക്കും പൊതുചെലവിന്‍െറ തോതിനും അനുയോജ്യമായ ഒരു വികസന തന്ത്രമല്ല സംസ്ഥാനം തുടര്‍ന്നുവരുന്നത്. ഉല്‍പാദന മേഖലകളെക്കാള്‍ വേഗത്തില്‍ സേവനമേഖലകള്‍ വളരുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ ഇത്തരം ഒരു തന്ത്രം അനുയോജ്യമേയല്ല. ചെലവിന്‍െറ ഭാഗത്ത് മിക്കവാറും എല്ലാ സ്ഥാപനങ്ങളും ഗവണ്‍മെന്‍റ് മേഖലയിലാണ്. ഇതിന്‍െറ ഫലമായി വിദ്യാഭ്യാസത്തിനുമേലുള്ള എല്ലാ ചെലവും വഹിക്കാനുള്ള ഉത്തരവാദിത്തം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയുണ്ടായി. ഇതുമൂലം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ടീച്ചിങ് ഗ്രാന്‍റ് മൊത്തം ശമ്പളബില്ലിന്‍െറ 34.8 ശതമാനം കവിഞ്ഞിരിക്കുന്നു. അതുപോലെതന്നെ ഗുണഭോക്താക്കളുടെ സാമ്പത്തികസ്ഥിതി പരിഗണിക്കാതെ പൊതുവിതരണ സമ്പ്രദായത്തില്‍ ഏറിയ പങ്കും സബ്സിഡി നല്‍കുന്നതിനുള്ള ചുമതലയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു.

പൊതുസേവനങ്ങള്‍ ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട ബദല്‍ മാര്‍ഗങ്ങള്‍ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണമായി സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍, ഉല്‍പതിഷ്ണുക്കളായ വ്യക്തികള്‍, ചാരിറ്റബ്ള്‍ സൊസൈറ്റികള്‍ എന്നിവയുടെ സേവനം. ഒരു സംരംഭകന്‍െറ പങ്കാണ് സംസ്ഥാനം ഇതുവരെ വഹിച്ചിരുന്നത്. അതുമാറ്റി സംസ്ഥാനം ഇനിയൊരു സഹായകന്‍െറ പങ്കാണ് വഹിക്കേണ്ടത്. സുപ്രധാനലക്ഷ്യം വികസനപരം എന്നതിനെക്കാള്‍ സാമൂഹികമായിരുന്നു. ഈ സത്യം തുറന്നുപയാന്‍ ഒരു മന്ത്രിക്കുമാവില്ല. കാരണം ഒന്നിടവിട്ടുള്ള ഊഴം കാത്തിരിക്കുകയാണല്ളോ അവര്‍.  അതുകൊണ്ടാണല്ളോ നമ്മുടെ വിദഗ്ധനായ ധനമന്ത്രി തോമസ് ഐസക് മൂന്നു വര്‍ഷത്തേക്ക് മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുന്നത്.

പക്ഷേ, ആസൂത്രണ വിദഗ്ധര്‍ ഇക്കാര്യം ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും വേണം.  ഇതിന് സ്വീകരിക്കേണ്ട ബദലുകള്‍ക്ക് കുറുക്കുവഴികളില്ല. ഇനിയും മരിച്ചിട്ടില്ലാത്ത നാട്ടിലെ പരമ്പരാഗതവും ആധുനികവുമായ ഉല്‍പാദനമേഖലയെ പരിപോഷിപ്പിക്കുക മാത്രമാണ് പോംവഴി. വികേന്ദ്രീകരണ ആസൂത്രണത്തിന്‍െറ ഭാഗമായി നാടന്‍ ഉല്‍പാദന സംരംഭങ്ങള്‍ക്ക് മുന്തിയ പരിഗണനയും പ്രോത്സാഹനവും നല്‍കിയാല്‍ ഇത് ഏറക്കുറെ സാധ്യമാണെന്ന് മുന്‍കാല  അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.  സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനു പകരം വിദേശവായ്പകളെടുത്ത് സാമൂഹിക ക്ഷേമത്തിന് വിനിയോഗിക്കുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിച്ചില്ളെങ്കില്‍ കേരളം അഗാധമായ കടക്കെണിയില്‍പ്പെടുകയായിരിക്കും ഫലം. പഴയതുപോലെ, ഇടതുപക്ഷ യുവജന സംഘടനാ ഭാരവാഹികള്‍ സമരവീര്യവുമായി തെരുവിലിറങ്ങില്ല. ഇത് മുന്‍കൂട്ടിക്കണ്ടാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ അവരെ സ്ഥാനാര്‍ഥികളാക്കിയതും വിജയിപ്പിച്ചെടുത്തതും. അവരിപ്പോള്‍ ഭരണീയപക്ഷത്തല്ല; ഭരണപക്ഷത്താണ്.

 

Show Full Article
TAGS:kerala model 
Next Story