Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗസല്‍ധാര

ഗസല്‍ധാര

text_fields
bookmark_border
ഗസല്‍ധാര
cancel

നഷ്ടപ്പെട്ടദിനങ്ങളുടെ പാട്ടുകാരനാണ്. ശാഖയും ഇലകളും പൂക്കളും ഇല്ലാത്തൊരു ജീവിത തമോവൃക്ഷം വിണ്ടുവാര്‍ന്നൊലിക്കുന്ന ചൂടെഴും ചറംപോലെ ആര്‍ദ്രഗംഭീരമായ നാദവും ഉര്‍ദുവും ഉരുകിച്ചേരുന്ന ഗാനലായനിയാണ് ആ ഗായകനില്‍നിന്ന് ഒഴുകിപ്പടരുന്നത്. അപ്പോള്‍ തബലയില്‍ ആയിരം ദേശാടനപക്ഷികളുടെ ദൂരദൂരമാം ചിറകടി പെരുകും. ചിരബന്ധിതമായ ഏതോ രാഗസന്താപം ഹാര്‍മോണിയത്തിന്‍െറ ചകിതവാതായനം ഭേദിക്കും. വിഷാദത്തിന്‍െറ ശരത്കാലനദിയെ അന്തരാളങ്ങളില്‍നിന്ന് ഒഴുക്കിവിട്ട് ആസ്വാദകന്‍െറ വേദനകള്‍ ഗസലില്‍ അലിയിക്കുന്ന പാട്ടുകാരന്‍െറ പേര് ഗുലാം അലി. സംഗീതം ആസ്വദിക്കാന്‍ ശേഷിയില്ലാത്ത അരസികരായ ഒരു കൂട്ടത്തിന് ഈ പാട്ടുകാരന്‍ ഒരു പാകിസ്താനി മുസ്ലിം മാത്രമാണ്. അലിയോടുള്ള അവരുടെ രോഷം സംഗീതത്തോടും മനുഷ്യനോടുമുള്ള വിദ്വേഷമാണ്. ആ വിദ്വേഷത്തിന്‍െറ രാഷ്ട്രീയത്തെയാണ് ഗുലാം അലി പാടിത്തോല്‍പിക്കുന്നത്. അതുകൊണ്ട് ഗുലാം അലിയുടെ പാട്ടുകേള്‍ക്കുക എന്നത് സമകാലിക ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്‍െറ ഭാഗംകൂടിയാവുന്നു.
മലയാളി തന്നതിനോളം സ്നേഹം വേറെവിടെനിന്നും കിട്ടിയിട്ടില്ളെന്നാണ് അനന്തപുരിയില്‍ അദ്ദേഹം പറഞ്ഞത്. മൂന്നുപതിറ്റാണ്ടുമുമ്പേ എഴുതപ്പെട്ട ഒരു മലയാളകവിത തന്നെക്കുറിച്ചാണ് എന്നറിഞ്ഞ് ആ മഹാഗായകന്‍ അമ്പരന്നിട്ടുണ്ടാവണം. 1984ല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ ‘ഗസല്‍’ എന്ന കവിത രാത്രിസത്രത്തിന്‍െറ ഗാനശാലയില്‍ പാടുന്ന ഗുലാം അലിയെ വര്‍ണിക്കുന്നു. എണ്‍പതുകളിലെ കാമ്പസും ക്ഷുഭിതകൗമാരവും ഏറ്റുചൊല്ലിയ വരികള്‍ വായിച്ചാലറിയാം ഒരു ഗസല്‍ ആസ്വാദകന് ഗുലാം അലി ആരാണെന്ന്. നിത്യജീവിതത്തിന്‍െറ ദുഷ്കര പദപ്രശ്നങ്ങളില്‍ പെട്ടുഴലുന്നവര്‍ക്ക് ഷഡ്ജ ധൈവതങ്ങളാം ഗഗനമഹാരാഗംകൊണ്ട് ഗുലാം അലി തീര്‍ക്കുന്ന രക്ഷാപാതകള്‍ കാണണമെങ്കില്‍ ആ ഗസലിന് ചെവിയോര്‍ക്കണം. സംഗീതം കേള്‍ക്കാത്തതുകൊണ്ടാണ് ശിവസേനക്കാര്‍ക്കും പാക് തീവ്രവാദികള്‍ക്കുമെല്ലാം ഇത്രയേറെ ആക്രമണോത്സുകത. ശരീരത്തിലെ ഊര്‍ജത്തെ വിമലീകരിക്കാനുള്ള സംഗീതത്തിന്‍െറ ഒരു നീര്‍ക്കണംപോലും വെറുപ്പ് തിടംവെച്ച അവരുടെ സിരയില്‍ ഇല്ല. അലിയോടുള്ള എതിര്‍പ്പ് രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതതന്നെ.  ‘ബധിരാന്ധകാര ഗര്‍ത്തത്തിലേക്കുരുണ്ടുപോം ധരയെ വിഴുങ്ങുന്ന കാലസര്‍പ്പം’ പോലെ അത് വാപിളര്‍ന്നുനില്‍പുണ്ട്. നിര്‍ത്തുക നരലോക ദര്‍ശനം എന്ന് കവി പറഞ്ഞത് വെറുതെയല്ല, ‘വായിക്കാന്‍ നിത്യവും വരുന്ന രക്തമിറ്റുന്ന ദിനപത്രം ഉള്‍ക്കതകിന്മേല്‍ കുറ്റപത്രമായ് പതിയുമ്പോള്‍’ നാം കാണുന്നുണ്ട് ‘അകലങ്ങളില്‍ മദം, മത്സരം, മഹാരോധം, അനധീനമാം ജീവിതേച്ഛ തന്‍ പ്രതിരോധം’. അകലങ്ങളി,ലതി വൃഷ്ടിക,ളത്യുഷ്ണങ്ങള്‍, അഭയാര്‍ഥികളുടെയാര്‍ത്തമാം പ്രവാഹങ്ങള്‍ ! അകലങ്ങളില്‍ അഗ്നിബാധകള്‍; ആഘാതങ്ങള്‍ അണുവിന്‍ സംഹാരോര്‍ജ സമ്പുഷ്ട സംഭാരങ്ങള്‍!’ വിഭജനകാലംതൊട്ട് പത്താന്‍കോട്ടുവരെ ദൈനംദിനത്തുടര്‍ച്ചയുമായി നീളുന്ന സംഘര്‍ഷങ്ങളെ പാടി ശമിപ്പിക്കാന്‍ ഗുലാമലിയെപ്പോലുള്ള സമാധാനത്തിന്‍െറ സന്ദേശവാഹകരാണ് വേണ്ടത്. ഓരോ വീട്ടിലെയും ഒരു കുട്ടിയെ എങ്കിലും ഹിന്ദുസ്ഥാനി സംഗീതം അഭ്യസിപ്പിച്ചിരുന്നെങ്കില്‍ ഈ രാജ്യത്തിന് വിഭജനത്തിന്‍െറ മുറിവ് ഏല്‍ക്കില്ലായിരുന്നുവെന്നു പറഞ്ഞത് പട്യാല ഖരാനയുടെ ഗായകന്‍ ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍ ആണ്. ഗസലിന്‍െറ അലകളില്‍ അലഞ്ഞുതിരിയുന്നവരാരും ആയുധമെടുക്കില്ല. സംഗീതത്തിന്‍െറ മധുനിറഞ്ഞ നിറചഷകങ്ങള്‍ പരസ്പരം പകര്‍ന്നവരാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടില്ല. നാം ഒരേ ചോരയുടെ പിന്തുടര്‍ച്ചക്കാര്‍ എന്ന് ഒരേ സ്വരധാരയില്‍നിന്ന് നേരിട്ടറിയുന്നവരാരും പരസ്പരം ചോര ചിന്തില്ല.
പിച്ചവെച്ചുവളര്‍ന്നത് സംഗീത കുടുംബത്തിലാണ്. 1940 ഡിസംബര്‍ അഞ്ചിന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ സിയാല്‍കോട്ട് ജില്ലയില്‍ കലേക എന്ന ഗ്രാമത്തില്‍ ജനനം. ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍െറ കടുത്ത ആരാധകനായിരുന്ന പിതാവ് മകനും ആ പേരു നല്‍കാന്‍ തീരുമാനിച്ചു.  സാരംഗിവാദകനും ഗായകനുമായ പിതാവുതന്നെ സംഗീതത്തിന്‍െറ ബാലപാഠങ്ങള്‍ പഠിപ്പിച്ചു. 15ാം വയസ്സില്‍ ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍െറ ശിഷ്യനായി. എട്ടാംവയസ്സിലാണ് ഗുലാം അലി ഉസ്താദിനെ ആദ്യമായി നേരിട്ടുകാണുന്നത്. അദ്ദേഹം കാബൂളില്‍ വന്നപ്പോഴായിരുന്നു അത്. ഒന്ന് പാടിക്കേള്‍പ്പിക്കാന്‍ പറഞ്ഞ ഉസ്താദിനു മുന്നില്‍ കൊച്ചു ഗുലാം അലി പകച്ചുനിന്നു. പിതാവിന്‍െറ പ്രോത്സാഹനം തന്ന ആവേശത്തില്‍ പാടിയത് ‘സയ്യാ ബോലോ’ എന്ന തുംരി. ആ രാഗത്തിന്‍െറ മാധുര്യം അനുഭവിച്ചറിഞ്ഞ ബഡേ ഗുലാം അലി ഖാന്‍ കൊച്ചു ഗുലാം അലിയെ കെട്ടിപ്പുണര്‍ന്നു. പില്‍ക്കാലത്ത് ലോകം കീഴടക്കാന്‍പോന്ന സ്വരമാധുര്യമുള്ള ഒരു ഗസല്‍ഗായകനെ അദ്ദേഹം ആ കൊച്ചുകുട്ടിയില്‍ കണ്ടിരുന്നു. അങ്ങനെയാണ് പട്യാല ഖരാനയുടെ ആചാര്യന്‍െറ ശിഷ്യപദത്തില്‍ എത്തിപ്പെട്ടത്. അദ്ദേഹത്തിന് തിരക്കുള്ളപ്പോഴെല്ലാം ഹിന്ദുസ്ഥാനി ക്ളാസിക്കല്‍ സംഗീതം പഠിപ്പിച്ചത് സഹോദരങ്ങളായ ബര്‍ഖത്ത് അലി ഖാന്‍, മുബാറക് അലി ഖാന്‍, അമാനത് അലി ഖാന്‍ എന്നിവരായിരുന്നു. അവരില്‍നിന്ന് ഭക്തിപാരവശ്യത്തിലൊഴുകുന്ന തുംരിയില്‍വരെ ഗുലാം അലി വൈദഗ്ധ്യം നേടി.
അറുപതുകളില്‍ റേഡിയോ ലാഹോറിനുവേണ്ടി പാടിത്തുടങ്ങി. ഗസലുകള്‍ പാടുന്നതിനു പുറമേ ഭജനുകള്‍ക്കായി ഈണമിടുകയും ചെയ്തു. ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഭജനുകള്‍ ചിട്ടപ്പെടുത്തിയത്. 1982ല്‍ ബി.ആര്‍. ചോപ്രയുടെ നിക്കാഹ് എന്ന സിനിമക്കുവേണ്ടി പാടി ഹിന്ദി സിനിമാലോകത്ത് പ്രവേശിച്ചു. ‘ചുപ് കേ ചുപ്കേ രാത് ദിന്‍ എന്ന ഗാനം’ ആ ചിത്രത്തോടെ അനശ്വരമായി. പഞ്ചാബി ഗാനങ്ങളും നേപ്പാളി ഗസലുകളും പാടിയിട്ടുണ്ട്. 2013 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ബഡേ ഗുലാം അലി ഖാന്‍ പുരസ്കാരത്തിന് അര്‍ഹനായി. ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ്ങിന്‍െറ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കച്ചേരി ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടു. പിന്നീട് ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടിയും റദ്ദാക്കപ്പെട്ടു. അതത്തേുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇനി ഇന്ത്യയിലേക്കില്ല എന്നു പറഞ്ഞതാണ്. എന്നിട്ടും വന്നത് ആ മഹാമനസ്കത. തനിക്കെതിരെ ഉയരുന്ന അസഹിഷ്ണുതയുടെ ശബ്ദങ്ങളോട് ദേഷ്യമോ വെറുപ്പോ ഇല്ല. പക്ഷേ, അവ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. കൊല്‍ക്കത്തയില്‍ മകന്‍ ആമിറിനൊപ്പം പരിപാടി അവതരിപ്പിച്ചതിനുശേഷമാണ് കേരളത്തിലേക്കുള്ള വരവ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സരസ്വതി ദേവിയെപ്പോലെയാണ് എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
വയസ്സിപ്പോള്‍ 75. കാല്‍നൂറ്റാണ്ടുമുമ്പാണ് ഭാര്യ ബീഗം അഫ്സ്ഹാന്‍ അബ്ബാജാനുമായി വേര്‍പിരിഞ്ഞത്. പാക് ഗായികയായ ബീഗം പഞ്ചാബി ഗാനങ്ങളുടെ പേരിലാണ് ജനപ്രീതി പിടിച്ചുപറ്റിയത്.

Show Full Article
TAGS:gulam ali in kerala gulam ali 
Next Story