Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകര്‍ഷക രക്ഷാപദ്ധതി...

കര്‍ഷക രക്ഷാപദ്ധതി അനിവാര്യം

text_fields
bookmark_border
കര്‍ഷക രക്ഷാപദ്ധതി അനിവാര്യം
cancel

കാര്‍ഷിക കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ആധാരമാക്കി  പ്രസിദ്ധീകരിച്ച അന്വേഷണപരമ്പരയോട് പ്രമുഖര്‍ പ്രതികരിക്കുന്നു

സര്‍ക്കാറിന് തീവ്രയത്ന പരിപാടികള്‍
ഉമ്മന്‍ ചാണ്ടി, കേരള മുഖ്യമന്ത്രി
കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രയത്ന പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കിവരികയാണ്. റബര്‍, നാളികേരം, നെല്ല് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളും വൈകാതെ ആവിഷ്കരിക്കും. ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ തകര്‍ച്ച കേരളത്തിന്‍െറ സമ്പദ് ഘടനയെപ്പോലും ബാധിച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്‍െറ അടിയന്തര ഇടപെടല്‍. റബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സാമ്പത്തിക ദുരിതം കണക്കിലെടുത്ത്  റബര്‍ വിലയിടിവിന് പരിഹാരമായി സംഭരണം വേഗത്തിലാക്കാനാണ് ആദ്യ തീരുമാനം. 250 രൂപയില്‍ നിന്ന് റബര്‍ വില 100ലേക്ക് കൂപ്പുകുത്തിയപ്പോള്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനവും ഇതേവരെ നടപ്പാക്കാത്ത വിധത്തിലുള്ള സംവിധാനമാണ് ഇവിടെ ആവിഷ്കരിച്ചത്. ഒരു കിലോ റബറിന് 150 രൂപ കര്‍ഷകന് ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതിയിലൂടെ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നത് 53 രൂപ വരെയാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബര്‍ വില 75 രൂപയില്‍ നില്‍ക്കുമ്പോഴാണ് ഇവിടെ 53 രൂപ കിലോക്ക് സബ്സിഡി നല്‍കുന്നത്. എത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ പോലും സബ്സിഡി തുടരും. നിലവിലുള്ള 300 കോടിക്ക് പുറമേ അടുത്ത ബജറ്റിലും ഇതിന് സമാനമായ തുക ഉള്‍പ്പെടുത്തും. റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ച് സംഭരണം കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. പുറമേ സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകള്‍ കൂടി ഇതില്‍ പങ്കാളികളാക്കാനാകുമോയെന്നും ആലോചിക്കുകയാണ്. നാളികേരത്തിന്‍െറ വിലയിടിവ് പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വില ഇടിവ് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോഴും നാളികേര വില വര്‍ധിച്ചാല്‍ അത് വെളിച്ചെണ്ണ വില വര്‍ധിക്കാനും ഇടയാക്കും. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതുമല്ല. ഈ രണ്ട് പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ടുതന്നെ നാളികേര കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. നീരയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. ഒരു തെങ്ങില്‍ നിന്ന് ഒരുമാസം 3000 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. പരമാവധി 1500-2000 രൂപ വരെ കിട്ടുന്നു. 118 വര്‍ഷം പഴക്കമുള്ള എക്സൈസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഇതിന് മുതിര്‍ന്നത്. നാളികേര കര്‍ഷകരെപ്പോലെതന്നെ നെല്‍ കര്‍ഷകരും ഗുരുതര പ്രതിസന്ധിയിലാണ്. ഫാക്ടറികളെയും യന്ത്രവത്കരണത്തെയും ഒരുവേള നാം എതിര്‍ത്തു. ഇതോടെ തൊഴിലാളികളെ കിട്ടാതായി. ഇപ്പോള്‍ യന്ത്രവുമില്ല, തൊഴിലാളികളുമില്ളെന്നതാണ് അവസ്ഥ.

ഇതിന് പരിഹാരം കാണേണ്ടതുണ്ട്. കുട്ടനാട്ടില്‍ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ച് ചങ്ങനാശേരിയിലേക്കും കോട്ടയത്തേക്കും എറണാകുളത്തേക്കുമൊക്കെ ചേക്കേറി. നെല്‍വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ 50 രൂപ വരെ സബ്സിഡി നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഒരു കിലോ നെല്ലിന് 13.10 രൂപ നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കിലോ 8.40 രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. ഇവിടെയും തൊഴിലാളികളെ കിട്ടാത്ത സാഹചര്യവും നിലനില്‍ക്കുന്നു. അതേസമയം മുമ്പെങ്ങുമില്ലാത്തവിധം യുവാക്കള്‍ വ്യാപകമായി കൃഷി രംഗത്തേക്ക് കടന്നുവരുന്നുവെന്നത് സ്വാഗതാര്‍ഹമാണ്. ഇവര്‍ക്കായി ഹൈടെക് ഫാമിങ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. യുവാക്കളെ കൃഷിയുമായി അടുപ്പിക്കുന്നതിനുള്ള എല്ലാ അത്യാധുനിക സംവിധാനങ്ങളും വൈകാതെ ഏര്‍പ്പെടുത്തും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കും. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള എല്ലാ നടപടികളും ഇതിനകംതന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇറക്കുമതി നിയന്ത്രിക്കണം
പി.സി. സിറിയക് (മുന്‍ ചെയര്‍മാന്‍-റബര്‍ബോര്‍ഡ്)
റബറിനെയും കേരളത്തിലെ സമ്പദ്വ്യവസ്ഥയെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് അനിയന്ത്രിതമായ റബര്‍ ഇറക്കുമതിതന്നെ. സ്ഥിതിവിവരക്കണക്കനുസരിച്ച് 30 കൊല്ലമായി റബറിന്‍െറ ഉല്‍പാദനവും ഉപഭോഗവും ഒന്നുപോലെ വര്‍ധിച്ചു.  റബറിന്‍െറ ഉല്‍പാദനവും ഉപഭോഗവും തമ്മിലെ വിടവ് നികത്താനാണ് രാജ്യത്തേക്ക് വ്യാപകമായി ഇറക്കുമതി നടത്തിയത്. അഞ്ചുവര്‍ഷം മുമ്പ് 77,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്തായിരുന്നു തുടക്കം. തൊട്ടടുത്തവര്‍ഷം അത് 1,77,000 ടണ്ണായി വര്‍ധിച്ചു. പിന്നീടത് 2,16,000വും 3,60,000 ടണ്ണായും ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 4,42,000 ടണ്ണായിരുന്നു ഇറക്കുമതിയെങ്കില്‍ ഈ സാമ്പത്തികവര്‍ഷം അഞ്ചുലക്ഷം ടണ്‍ കവിഞ്ഞിരിക്കുകയാണ്.  

ഇതിനിടെ, ഉല്‍പാദനം അനിയന്ത്രിതമായി വര്‍ധിച്ചതോടെ വ്യവസായികള്‍ വിപണിയില്‍നിന്ന് റബര്‍വാങ്ങാതെയും വന്നു. ഇറക്കുമതി 77,000 ടണ്ണില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ന്നത് വിലത്തകര്‍ച്ചക്ക് കാരണമായി.  ടാപ്പിങ് തൊഴിലാളികള്‍ക്കുള്ള കൂലികൊടുക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായി കര്‍ഷകര്‍. 2013ല്‍ 9,75,000 ടണ്‍ ഉല്‍പാദനമാണുണ്ടായിരുന്നത്. അതിപ്പോള്‍ 10 ലക്ഷം ടണ്ണെങ്കിലുമായി ഉയരേണ്ടതാണ്. 10 ലക്ഷം ടണ്‍ റബറിന് കിലോക്ക് 160 രൂപ നിരക്കില്‍ 16,000 കോടിരൂപ ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്നു. പക്ഷേ, ഇക്കൊല്ലം ലഭിച്ചത് കിലോക്ക് 100 രൂപവെച്ച് ആറുലക്ഷം ടണ്ണിന് 6000 കോടി രൂപ. അതായത് റബര്‍കര്‍ഷകന് ഇക്കൊല്ലത്തെ നഷ്ടം 10,000 കോടി രൂപ.

കര്‍ഷകനില്‍നിന്ന് ന്യായവിലക്ക് റബര്‍സംഭരിച്ച് സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം. റബറിന്‍െറ ഇറക്കുമതി ഒഴുക്ക് നിയന്ത്രിക്കണം. ഒരുവര്‍ഷത്തേക്കെങ്കിലും നിര്‍ത്തിവെക്കുകയാണ് വേണ്ടത്. ഇത് സാധ്യമല്ളെങ്കില്‍ ഇറക്കുമതിചുങ്കത്തിന് പുറമെ, സംരക്ഷിതചുങ്കമായി 70 ശതമാനം നികുതി ചുമത്തണം. ലോകവ്യാപാരസംഘടനയുടെയും കേന്ദ്രസര്‍ക്കാറിന്‍െറയും കണ്ണില്‍ റബര്‍ കാര്‍ഷിക ഉല്‍പന്നമല്ല, വ്യവസായിക അസംസ്കൃതവസ്തുവാണ്. റബര്‍ബോര്‍ഡിന് പുതുജീവന്‍ നല്‍കണം.
നയരൂപവത്കരണത്തിലെ വീഴ്ച
ആര്‍. ഹേലി (മുന്‍ കൃഷിവകുപ്പ് ഡയറക്ടറും ഡോ. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച് സെന്‍റര്‍ ഫെലോയുമാണ്)
റബര്‍വില ഇടിഞ്ഞ് ഇത്രയും കര്‍ഷക ദ്രോഹമായതിന്‍െറ പ്രധാന കാരണം നമ്മുടെ നയരൂപവത്കരണത്തിലെ ഏകോപനമില്ലായ്മ ഒന്നുകൊണ്ടുമാത്രമാണ്. രാജ്യത്തെ വ്യവസായമേഖല ആവശ്യത്തിലധികം റബര്‍ ഇറക്കുമതിചെയ്തപ്പോള്‍ അത് റബര്‍കര്‍ഷകരുടെ താല്‍പര്യങ്ങളെ എത്രമാത്രം തകര്‍ക്കുമെന്ന ഉള്‍ക്കാഴ്ച നയം രൂപവത്കരിക്കുന്നവര്‍ക്ക് ഉണ്ടായില്ളെന്നുമാത്രമല്ല, സമയോചിതമായ ഇടപെടല്‍ നടത്തുന്നതിലും അവര്‍ പരാജയപ്പെട്ടു. ലക്ഷക്കണക്കിന് ടണ്‍ റബര്‍ വ്യവസായികളുടെ കൈകളില്‍ സ്റ്റോക് ഇരുന്നാല്‍ കര്‍ഷകരെയും ഇതുമായി ബന്ധപ്പെട്ട ഉന്നതരെയും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനാവുമെന്ന കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ട്. 80 കൊല്ലത്തെ പാരമ്പര്യം  അവകാശപ്പെടുന്ന റബര്‍മേഖലയെ നയിക്കുന്നവര്‍ക്ക് ഇതൊക്കെ അറിയാതെ പോയി എന്നത് അവരുടെ അപചയത്തെയാണ് കാണിക്കുന്നത്.
വിലയിടിവുകാരണം രണ്ടുവര്‍ഷത്തിലധികമായി കൃഷിക്കാര്‍ക്കും പൊതുവെ കാര്‍ഷികമേഖലക്കും ഉണ്ടായ സാമ്പത്തിക തിരിച്ചടിക്ക് കാരണമെന്താണെന്ന് നിലവിലെ ഒരു ഒൗദ്യോഗിക ഏജന്‍സിയും  പഠനം നടത്തിയിട്ടില്ല. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ്, ഗുലാത്തി സെന്‍റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസ്, കേരളത്തിലെ മൂന്നു സര്‍വകലാശാലകളിലെയും സാമ്പത്തിക പഠനവിഭാഗങ്ങള്‍ ഇവരാരുംതന്നെ എന്തുകൊണ്ട് ഈ മര്‍മ പ്രധാന സംഭവത്തെക്കുറിച്ച് പഠിച്ചില്ല. അങ്ങനെ പഠിച്ചിരുന്നെങ്കില്‍ അവരുടെ അനുമാനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം അതെല്ലാതലത്തിലും പ്രയോജനപ്പെടുത്താന്‍ കഴിയുമായിരുന്നു.

പഴമ തിരിച്ചുപിടിക്കണം
ബിഷപ് മാര്‍ മാത്യു അറക്കല്‍ (കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍)
കാര്‍ഷികമേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമാണ്. കാര്‍ഷികോല്‍പന്നങ്ങളുടെയും നാണ്യവിളകളുടെയും വിലത്തകര്‍ച്ചമാത്രമല്ല, വ്യാപകകീടബാധ, കാലാവസ്ഥാവ്യതിയാനം, വന്യമൃഗശല്യം, തൊഴിലാളിക്ഷാമം, കപട പരിസ്ഥിതിവാദം, കടക്കെണി തുടങ്ങിയവയാല്‍ കര്‍ഷകരുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അവരുടെ അതിജീവനം ഉറപ്പുവരുത്താനും കാര്‍ഷിക സംസ്കാരത്തിന്‍െറ ആത്മീയത വീണ്ടെടുക്കാനും നമുക്കാകണം. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും തീറ്റിപ്പോറ്റാന്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കളും കോടിക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍പ്രദാനം ചെയ്യുന്ന വ്യവസായസംരംഭങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കളും ഉല്‍പാദിപ്പിക്കുകയും കയറ്റുമതിയിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനം നേടിക്കൊടുക്കുകയും ചെയ്യുന്ന കര്‍ഷകരെയും കാര്‍ഷികവൃത്തിയെയും വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാന്‍ സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും സാധിച്ചിട്ടില്ല.  

സഹായിക്കാനാരുമില്ലാത്ത അവസ്ഥയില്‍നിന്ന് കര്‍ഷകര്‍ ഉണര്‍ന്നെഴുന്നേല്‍ക്കണം. ഇപ്പോള്‍ നിലനില്‍ക്കുന്ന കൃഷിരീതികളില്‍ മാറ്റം വേണം. പുരയോടുചേര്‍ന്ന കൃഷിയിടം ‘പുരയിടം’ എന്നപേരില്‍ ഇന്നലെകളില്‍ നമുക്കുണ്ടായിരുന്നു.  ആരോഗ്യത്തോടെയുള്ള സ്വയംപര്യാപ്തതയുടെ നാളുകള്‍.  ആധുനികതയുടെയും ആഗോളീകരണത്തിന്‍െറയും നന്മകളുള്‍ക്കൊണ്ട് ഇന്നലെകളിലെ കൃഷിരീതികളിലേക്ക് മടങ്ങിച്ചെല്ലണം. സ്ഥിരമായി ഒരുകൃഷിയെ ആശ്രയിക്കുന്ന ശൈലിയും മാറണം. ആഗോള കാഴ്ചപ്പാടുകളിലൂടെ കൃഷിയെ കാണണം. 
സംഘടിതമുന്നേറ്റം പോംവഴി
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ (ദേശീയ സെക്രട്ടറി ജനറല്‍, ഇന്‍ഫാം)
നവ ഉദാരീകരണ നയങ്ങളാണ് രാജ്യത്തെ കാര്‍ഷികമേഖലയെ തകര്‍ത്തത്. ആരോഗ്യപൂര്‍ണമായ കാര്‍ഷിക സംസ്കാരത്തിനുമാത്രമേ, രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചക്ക് ശക്തിപകരാനാകൂ. കര്‍ഷകരെ മറന്നുള്ള ഉദ്യോഗസ്ഥഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ വികലമായ വികസന അജണ്ടകളും ഈ മേഖലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണവും വിതരണവും കര്‍ഷകര്‍ക്ക്  ന്യായവിലയ്ക്കുള്ള ഒരു നിശ്ചിത കമ്പോളം ഉറപ്പുവരുത്തുന്ന ഉല്‍പാദന വര്‍ധനക്കുള്ള സാഹചര്യവും ഇന്നില്ലാതായി. കര്‍ഷകര്‍ക്കുള്ള വിത്തുംവളവും വന്‍തോതില്‍ വെട്ടിക്കുറച്ചതും വളം, വൈദ്യുതി തുടങ്ങിയവക്കുണ്ടായിരുന്ന സബ്സിഡികള്‍ പിന്‍വലിച്ചതും കാര്‍ഷികരംഗത്ത്  വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സ്ഥിരതയുള്ള ഉല്‍പന്ന കമ്പോളം നഷ്ടപ്പെടുകമാത്രമല്ല, കാര്‍ഷികോല്‍പന്ന വ്യാപാരത്തിലെ അന്തര്‍ദേശീയ കരാറുകളും കൈകടത്തലുകളും നമ്മെ ചതിക്കുഴിയിലുമാക്കി. 1990 വരെ നാലു തൂണുകളില്‍നിന്നതാണ് ഇന്ത്യയുടെ കാര്‍ഷികമേഖല.

1991ലെ ആഗോളീകരണത്തിലൂടെ ആദ്യത്തെ തൂണ്‍ ഇടിഞ്ഞുവീണു; ’95ല്‍ ലോകവ്യാപാര സംഘടനയില്‍ അംഗമായി കാര്‍ഷികമേഖലയൊന്നാകെ വിദേശശക്തികളുടെ കാല്‍ക്കീഴിലാക്കിയപ്പോള്‍ അടുത്ത തൂണും, 2004ല്‍ ആസിയാന്‍ കരാറിലൂടെ മൂന്നാമത്തേതും.  ഇപ്പോള്‍ ഒറ്റത്തൂണില്‍നിന്ന് ആടിയുലയുന്ന കാര്‍ഷികമേഖലയെ തീറെഴുതിക്കൊടുത്തത് കര്‍ഷകനെ മറന്ന് വ്യവസായലോബികള്‍ക്കുവേണ്ടി നിലനിന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ യു.പി.എ സര്‍ക്കാറാണ്. രാഷ്ട്രീയ നേതൃത്വങ്ങളുടെ അടിമകളായി കര്‍ഷകര്‍ അധ$പതിക്കരുത്. നമ്മെ വിഘടിപ്പിച്ചുനിര്‍ത്തി വോട്ടുബാങ്കുകള്‍മാത്രമായി ഇന്നലെകളില്‍  ഉപയോഗിച്ചവര്‍ക്കുനേരെ തകര്‍ന്നടിയുന്നതിനുമുമ്പ് ഒരുനിമിഷമെങ്കിലും ഗര്‍ജിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയണം. കാര്‍ഷികമേഖലയില്‍ ഇടനിലക്കാരുടെ ചൂഷണം അതിഭീകരമാണ്. സ്വന്തം ഉല്‍പന്നത്തിന് വിലനിശ്ചയിക്കാന്‍ സാധിക്കാത്ത അവസ്ഥ കര്‍ഷകന് മാത്രമേയുള്ളൂ.  കുരുമുളകിന്‍െറയും അരിയുടെയും ഏത്തക്കായയുടെയും വിലനിശ്ചയിക്കുന്നത് കച്ചവടക്കാരന്‍. റബറിന്‍െറ വിലനിശ്ചയിക്കുന്നത് വ്യവസായി. രാഷ്ട്രീയ നേതൃത്വങ്ങളുടെയും സര്‍ക്കാര്‍ ബാങ്ക് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ റിയലസ്റ്റേറ്റ് മാഫിയകള്‍ രംഗത്തുവന്നിരിക്കുമ്പോള്‍ സംഘടിച്ചുനീങ്ങാനും പ്രതികരിക്കാനും കര്‍ഷകര്‍ മുന്നോട്ടുവരണം.

Show Full Article
TAGS:farmers series 
Next Story