Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവ്യാപാര സ്തംഭനം,...

വ്യാപാര സ്തംഭനം, തൊഴില്‍ പ്രതിസന്ധി

text_fields
bookmark_border
വ്യാപാര സ്തംഭനം, തൊഴില്‍ പ്രതിസന്ധി
cancel

കേരളത്തിലെ വിപണികളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന മാന്ദ്യത്തിന്‍െറ പ്രധാന കാരണങ്ങളിലൊന്ന് റബര്‍ കര്‍ഷകരുടെ വരുമാനത്തില്‍ സംഭവിച്ച ഇടിവാണെന്ന വ്യാപാരികളുടെ   നിഗമനം സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ നിരവധി.  റബര്‍ പ്രധാന വരുമാനമാര്‍ഗമായ കോട്ടയം ജില്ലയിലെ പ്രമുഖ വസ്ത്ര വ്യാപാരിയുടെ അനുഭവം നടുക്കം പകരുന്നതാണ്. റബര്‍ വിലയിടിവിനുശേഷം തന്‍െറ കടയിലെ വസ്ത്രവ്യാപാരം 40 ശതമാനത്തിലേക്ക് താഴ്ന്നതായി അദ്ദേഹം കണക്കുകള്‍  നിരത്തി വിശദീകരിക്കുന്നു.  എറണാകുളത്തെ വസ്ത്രവ്യാപാരികളും ഇതേ അനുഭവം പങ്കുവെക്കുന്നു. ഭാഗികമായി റബര്‍ കൃഷിയുള്ള മലപ്പുറം, കണ്ണൂര്‍, ഇടുക്കി, തൃശൂര്‍ ജില്ലകളിലും കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും സാമ്പത്തിക തകര്‍ച്ചയുടെ ലക്ഷണം പ്രകടമാണ്.

വന്‍കിട ജ്വല്ലറികളും തുണിക്കടകളും മുതല്‍ തട്ടുകടക്കാര്‍വരെ ഇതിന്‍െറ ഇരകളായി. വസ്ത്രവ്യാപാരികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കല്യാണങ്ങള്‍ക്ക് ആഡംബരം കുറഞ്ഞതോടെ വില്‍പനയിലും ഇത് പ്രതിഫലിച്ചു. ബ്രാന്‍റഡ് വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നവര്‍ ആ ശീലം മാറ്റിയതായി  പ്രമുഖ വസ്ത്ര സ്ഥാപന ഉടമകള്‍ പറയുന്നു. റബര്‍ വിലയിടിവ് പല വ്യാപാരികളെയും  നിലയില്ലാക്കയത്തിലാക്കി. കേരളത്തിലെ കോട്ടയം അടക്കമുള്ള ജില്ലകളിലെ റബര്‍ ടൗണുകള്‍ നേരത്തെ തന്നെ വിജനമാകുന്ന കാഴ്ചകളും സജീവം. പണത്തിന്‍െറ വരവു കുറഞ്ഞതോടെ സന്ധ്യയാകുമ്പോള്‍തന്നെ ചെറുകിട കര്‍ഷകരും തൊഴിലാളികളും വീടുകളിലേക്ക ്മടങ്ങും. ഇതോടെ തട്ടുകടകളില്‍ കച്ചവടം കുറഞ്ഞു. പലരും നഷ്ടത്തിന്‍െറ കെടുതിയില്‍ രംഗംതന്നെ വിട്ടു. തിയറ്ററുകളില്‍പോലും വരുമാനത്തില്‍ 30 ശതമാനത്തോളമാണ് കുറവ്.  കൊച്ചിയിലെ ബില്‍ഡിങ് കമ്പനികളെയും റബര്‍ ബാധിച്ച മട്ടാണ്. കൊച്ചിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഫ്ളാറ്റുകളുടെ കച്ചവടം 50 ശതമാനത്തില്‍ താഴെയായി. കൊച്ചിയില്‍ ഫ്ളാറ്റ് വാങ്ങുന്നവരില്‍ നല്ളൊരു ശതമാനം മധ്യതിരുവതാംകൂറിലെ റബര്‍പണക്കാരായിരുന്നു.

പലരും നേരത്തെ വാങ്ങിയിട്ടവ വില്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. റബര്‍ വിലക്കൊപ്പം ഭൂമിയില്‍ കണ്ണുവെച്ചവരെയും വിലയിടിവ് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. റബര്‍ വില ഉയര്‍ന്നുനിന്ന കാലത്ത് കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ ഭൂവിലയും കുതിച്ചുകയറിയിരുന്നു. സെന്‍റിന് 20000 രൂപപോലും വിലയില്ലാത്ത മലയോര പ്രദേശത്തെ തോട്ടങ്ങളുടെ മൂല്യം റബറിന്‍െറ തിളക്കത്തില്‍ ലക്ഷങ്ങള്‍ കടന്നു. നിരപ്പ് ഭൂമിയിലെ തോട്ടങ്ങള്‍ക്ക് സെന്‍റിന്‍െറ വില മൂന്നുമുതല്‍ അഞ്ചു ലക്ഷം രൂപവരെ ഉയര്‍ന്നു. താലൂക്കിന്‍െറ ഉയര്‍ന്നപ്രദേശങ്ങളായ തലപ്പലം, മേലുകാവ്, മൂന്നിലവ്, നീലൂര്‍, മറ്റത്തിപ്പാറ, തലനാട്, ഇടമറുക്, തീക്കേയി, പൂഞ്ഞാര്‍ പ്രദേശങ്ങളില്‍പോലും സെന്‍റിന് ഒന്നര ലക്ഷത്തിലേറെയായി വില. ജില്ലയിലെ കാഞ്ഞിരപ്പള്ളി അടക്കമുള്ള റബര്‍ മേഖലകളിലെല്ലാം വില കുതിച്ചുകയറിയിരുന്നു.

ഇതോടെ പലരും റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് എടുത്തുചാടി. ഇവര്‍ക്ക ്കൂട്ടായി കമീഷന്‍ ഏജന്‍റുമാരും നിറഞ്ഞു. യുവാക്കള്‍ മുതല്‍ സ്ത്രീകള്‍വരെ ഏജന്‍റുമാരുടെ കുപ്പായം അണിഞ്ഞു. സ്വര്‍ണത്തിലും ഓഹരി വിപണിയിലും നിക്ഷേപിച്ചിരുന്ന വന്‍കിടക്കാര്‍പോലും റബര്‍ തോട്ടങ്ങള്‍ വാങ്ങിക്കൂട്ടി. ഇരട്ടി ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ സ്വന്തം വസ്തുക്കള്‍പോലും പണയം നല്‍കി കച്ചവടത്തിനിറങ്ങിയവരും ഏറെയാണ്. വലിയ വില പ്രതീക്ഷിച്ച് സാധാരണക്കാരും ഹെക്ടറുകള്‍ വാങ്ങിക്കൂട്ടി. പലരും കടമെടുത്താണ് സ്ഥലം വാങ്ങിയത്. എന്നാല്‍, റബര്‍വില ഇടിഞ്ഞതോടെ ഇവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. ഉത്തമ നിക്ഷേപമെന്ന് കരുതി റബര്‍തോട്ടങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ നഷ്ടത്തിന്‍െറ നിലയില്ലാ കയത്തിലായി. റബര്‍വില ഇടിഞ്ഞതോടെ സ്ഥലങ്ങള്‍ വില്‍ക്കാച്ചരക്കായി. വായ്പകളുടെ തിരിച്ചടവും മുടങ്ങി. ഇവരെക്കാള്‍ ഏറെ ദുരിതത്തിലായത് സാധാരണക്കാരാണ്. റബര്‍ തോട്ടങ്ങള്‍ വിറ്റ് മക്കളുടെ വിവാഹം അടക്കം നടത്താമെന്ന് കണക്കുകൂട്ടിയ പല ചെറുകിട കര്‍ഷകരുടെയും സ്വപ്നങ്ങളും ഇതോടെ ചിന്നിച്ചിതറി. പുതിയ തൈകള്‍ നടാന്‍ തയാറാവാത്തതിനാല്‍ റബര്‍ നഴ്സറികളും തകര്‍ച്ചയിലാണ്. ഇത്തരം ദുരിതം കര്‍ഷരെ ആത്മഹത്യയിലേക്കു തള്ളിവിടുകയാണ്.
ഭൂമി ഇടപാടിലെ ഇടിവ്
സാമ്പത്തികമാന്ദ്യം മൂലം ഭൂമി വില്‍പന നടക്കാത്തത് ചെറുകിട തോട്ടം ഉടമകള്‍ക്കു തിരിച്ചടിയാകുകയാണ്. വില ഇടിഞ്ഞതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയും തകര്‍ന്നു. വില കത്തിനിന്നപ്പോള്‍ ഒരേക്കര്‍ റബര്‍ തോട്ടത്തിന് 50-60 ലക്ഷം വരെ വില ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 10-15 ലക്ഷത്തിനുപോലും തോട്ടം ആര്‍ക്കും വേണ്ടാതായി. ആറുമാസത്തോളമായി മധ്യതിരുവിതാംകൂറില്‍ കാര്യമായ ഭൂമി ഇടപാടുകളൊന്നും നടക്കുന്നില്ല. കാരണം പലരുടെയും കൈയില്‍ പണമില്ളെന്നത് തന്നെ. ഇതോടെ ബ്രോക്കര്‍മാരും കഷ്ടത്തിലായി. തോട്ടം വില്‍പന കുറഞ്ഞതോടെ ഈ മേഖലയില്‍ ഭൂമി രജിസ്ട്രേഷന്‍ ഇനത്തില്‍ സര്‍ക്കാറിന് ലഭിച്ചിരുന്ന വരുമാനവും 50-60 ശതമാനം വരെ കുറഞ്ഞു. വലിയ കച്ചവടങ്ങള്‍ നടന്നിട്ട് ആറുമാസം കഴിയുന്നതായും റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പറയുന്നു. വാഹന വില്‍പനയിലും വന്‍ ഇടിവാണുള്ളത്. വാഹന ഡീലര്‍മാര്‍ക്കും വിലയിടിവ് കഷ്ടകാലമാണെന്നാണ് റിപ്പോര്‍ട്ട്. സ്ഥലംവിറ്റ് മക്കളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നവരും ദുരിതത്തിലായി. ഭൂമിവാങ്ങാന്‍ ആളില്ലാതായതോടെ നിരവധി വിവാഹങ്ങള്‍പോലും മാറ്റിവെച്ചു. ആഘോഷങ്ങള്‍ക്കും മങ്ങലേറ്റു.

പള്ളി തിരുനാളുകള്‍ക്കുപോലും ഇത്തവണ മോടിയില്ലാതായി. ക്രിസ്മസ് ആഘോഷവും വിലയിടിവില്‍ പൊലിമയില്ലാതായി. സാധാരണ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെയുള്ള ആഘോഷങ്ങള്‍ മറ്റ് ജില്ലകളില്‍നിന്ന് വ്യത്യസ്തമായായിരുന്നു ഈ മേഖലയിലുള്ളവര്‍ ആഘോഷിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി ഇത്തവണ ഈ ആഘോഷത്തിന്‍െറയൊക്കെ പൊലിമ കുറച്ചു.  സ്വാശ്രയ കോളജുകളുടെ അഡ്മിഷനെപ്പോലും വിലയിടിവ് ബാധിച്ചതായി വിദ്യാഭ്യാസ ഏജന്‍റുമാര്‍ പറയുന്നു. നഴ്സിങ്ങിനും മെഡിസിനും എന്‍ജിനീയറിങ്ങിനും ലക്ഷങ്ങള്‍ നല്‍കി അന്യ സംസ്ഥാനങ്ങളില്‍ അഡ്മിഷന്‍ വാങ്ങിയിരുന്ന പതിവ് ഇനി ഈ മേഖലയില്‍നിന്ന് ഉണ്ടാകില്ളെന്ന് ഏജന്‍റുമാര്‍ ദയനീയത നിറഞ്ഞ വാക്കുകളില്‍ പറയുന്നു. പാല്‍, പത്രം എന്നിവ നിര്‍ത്തിയ ഏറെ കുടുംബങ്ങളെയും റബറിന്‍െറ മക്കയിലൂടെ യാത്രചെയ്താല്‍ കാണാനാകും.

റബറില്‍നിന്നുള്ള വരുമാനം കുറഞ്ഞതോടെ പല കര്‍ഷകരും വെട്ടുതന്നെ നിര്‍ത്തി. കൂലികൊടുക്കാന്‍പോലും തികയാത്തതിനാലാണ് വെട്ടുനിര്‍ത്തിയതെന്ന് ഇവര്‍ പറയുമ്പോള്‍ ചോദ്യചിഹ്നമാകുന്നത് 10,000ത്തോളം തൊഴിലാളികളുടെ ജീവിതമാണ്. ടാപ്പിങ് തൊഴിലാളികള്‍ക്ക ്പുറമേ,  മേഖലയെ പരോക്ഷമായി ആശ്രയിച്ചുവന്നിരുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും പ്രതിസന്ധിയില്‍. 70 ശതമാനം കര്‍ഷകരും ടാപ്പിങ് നിര്‍ത്തിയിരിക്കുകയാണെന്ന് കര്‍ഷകസംഘടനയായ ഇന്‍ഫാമിന്‍െറ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പാരമ്പര്യമായി റബര്‍വെട്ട് തൊഴിലാക്കിയവര്‍ക്ക് മറ്റ് ജോലികളില്‍ പ്രാവീണ്യമില്ലാത്തതിനാല്‍ പുതുവഴിനേടാന്‍ പോലുമാകാത്ത അവസ്ഥയാണുള്ളത്. ഇതിനിടെ, നിരവധി കര്‍ഷകര്‍ റബര്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിയുകയും ചെയ്തു. സ്വന്തമായി റബര്‍ വെട്ടിവന്നിരുന്ന കര്‍ഷകര്‍ ഇപ്പോഴും ഇത് തുടരുന്നുണ്ടെങ്കിലും കാര്യമായൊന്നും തടയാത്ത സ്ഥിതിയാണ്. ചെറുകിട കര്‍ഷകരെയും തൊഴിലാളികളെയുമാണ് വിലയിടിവ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
സ്തംഭിക്കുന്ന നിര്‍മാണ മേഖല
വിലയിടിവിനെ തുടര്‍ന്ന്  മരങ്ങളുടെ പരിപാലനത്തില്‍ കുറവുണ്ടായതോടെ ഈ മേഖലയില്‍ പണിയെടുത്തിരുന്നവരും വഴിയാധാരമായി. കെട്ടിട നിര്‍മാണമേഖലയിലാണ്  പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. റബര്‍വില റെക്കോഡുകള്‍ ഭേദിച്ചകാലത്ത് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ കെട്ടിട നിര്‍മാണങ്ങള്‍ നടന്നിരുന്നത് മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായിരുന്നു. ഇപ്പോള്‍ ഈ മേഖലയും സ്തംഭനത്തിലാണ്. പണത്തിന്‍െറ വരവുകുറഞ്ഞതോടെ നിര്‍മാണങ്ങള്‍ നിലക്കുകയും ബംഗാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിപ്പോകുന്ന സ്ഥിതിയുമുണ്ടായി. ഓട്ടോകളിലും ടാക്സികളിലും ബസുകളിലുമെല്ലാം യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

റബര്‍മൂല്യം ഉയര്‍ന്നുനിന്നപ്പോള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും പായുന്ന കാറുകള്‍ മധ്യകേരളത്തില്‍ നിത്യകാഴ്ചയായിരുന്നു. വിനോദ-തീര്‍ഥാടന യാത്രകള്‍ പലരും ഒഴിവാക്കുകയാണെന്ന് ടാക്സി ഡ്രൈവറായ പാലാ സ്വദേശി ഷൈജു പറഞ്ഞു. ഇത് ടാക്സികളെയും ബാധിച്ചു. പല ദിവസങ്ങളും ഓട്ടമില്ലാത്ത അവസ്ഥയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. സഭകളുടെ നേതൃത്വത്തില്‍ വിദേശ തീര്‍ഥാടനയാത്ര ഒരുവേള ഈ മേഖലകളില്‍ പതിവായിരുന്നു. ഇപ്പോള്‍ അതുമില്ല.                                                       
(തുടരും)

Show Full Article
TAGS:rubber price series 
Next Story