Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅര്‍ധപ്രാണനില്‍ നാടൻ...

അര്‍ധപ്രാണനില്‍ നാടൻ കലയും അക്കാദമിയും

text_fields
bookmark_border
അര്‍ധപ്രാണനില്‍ നാടൻ കലയും അക്കാദമിയും
cancel

കഴിഞ്ഞവര്‍ഷം, ഫോക്ലോര്‍ അക്കാദമിയുടെ അവാര്‍ഡുദാന ചടങ്ങിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച്  അര്‍ധപ്രാണനോടെ ഒരാളത്തെി. ആംബുലന്‍സില്‍നിന്നിറങ്ങി ബന്ധുക്കളുടെ സഹായത്തോടെ അവാര്‍ഡ് വാങ്ങാനത്തെിയത് തെയ്യക്കോലത്തിനകത്ത് ജീവിച്ചുമരിച്ച അജാനൂരിലെ മഡിയന്‍ ചിണ്ടന്‍ ചിങ്കം എന്ന കലാകാരനായിരുന്നു. രണ്ടുമണിക്കൂര്‍ കാത്തുനിന്നശേഷമാണ് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് വന്നത്.  മടങ്ങിപ്പോകാമെന്ന് ബന്ധുക്കള്‍ പറഞ്ഞിട്ടും മഡിയന്‍ സമ്മതിച്ചില്ല.  മന്ത്രിയില്‍നിന്ന് പുരസ്കാരം സ്വീകരിച്ച് നിറഞ്ഞ കണ്ണുകളുമായി അയാള്‍ മടങ്ങി.

തെയ്യക്കോലത്തിനുള്ളില്‍ ദൈവമായി പരകായപ്രവേശം നടത്തുമ്പോഴുള്ള അഭിമാനത്തിളക്കമല്ലാതെ മറ്റൊന്നും ജീവിതത്തില്‍ തേടിവന്നിട്ടില്ലാത്തയാളായിരുന്നു മഡിയന്‍. ഏറെനാള്‍ കഴിയുന്നതിനുമുമ്പ് അദ്ദേഹം വിടപറയുകയും ചെയ്തു. ജീവിതത്തിന്‍െറ നല്ലകാലത്ത് ലഭിക്കേണ്ട പുരസ്കാരമാണ് ജീവിതാന്ത്യത്തില്‍ ലഭിച്ചത്. വീഴുന്നതിനുമുമ്പേ കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തേണ്ട ഈ സ്ഥാപനവും മരണവൃത്തത്തിലാണ്.

നാടന്‍കലകളുടെ സംരക്ഷണമാണ് ലക്ഷ്യമെങ്കിലും പാതിയില്‍ മുറിഞ്ഞുപോകുന്ന തംബുരുവിന്‍െറ ശ്രുതിയായാണ് ഫോക്ലോറിന്‍െറ പ്രവര്‍ത്തനങ്ങള്‍ അനുഭവപ്പെടുന്നതെന്ന് പ്രമുഖ നാടന്‍ കലാകാരന്‍ പറയുന്നു. രാഷ്ട്രീയ നിയമനങ്ങളാണ് ഈ ദുരവസ്ഥക്കു കാരണം.  കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഒരു കലാസംഘത്തിന്‍െറ ബഹളമായിരുന്നു അക്കാദമിയില്‍. പരിപാടികള്‍ സംഘടിപ്പിക്കല്‍ പരമലക്ഷ്യമായി. ഇതോടെ ഗവേഷണ പഠനങ്ങളെന്ന ലക്ഷ്യം മറന്നു. 1000ലധികം സ്കൂളുകളില്‍ ഫോക്ലോര്‍ ക്ളബുകള്‍ രൂപവത്കരിച്ചു. എന്നാല്‍, ജനപ്രിയ നാടന്‍കലകളുടെ അനുകരണകേന്ദ്രങ്ങള്‍ മാത്രമായി ക്ളബുകള്‍.

ഫോക്ലോറിന്‍െറ കലാഗ്രാമ പദ്ധതിയില്‍ കണ്ണൂരിലെ ചെറുകുന്ന് ഗ്രാമത്തെ ഉള്‍പ്പെടുത്തിയിരുന്നു, മുമ്പത്തെ എല്‍.ഡി.എഫ്  സര്‍ക്കാറിന്‍െറ കാലത്തുള്ള ഭരണസമിതി. ഗ്രാമപഞ്ചായത്ത് 50 സെന്‍റ് സ്ഥലം എഴുതിനല്‍കി. സര്‍ക്കാര്‍ 10 ലക്ഷം രൂപ ആദ്യഗഡുവായി നല്‍കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നിലവില്‍വന്ന അക്കാദമി ഭരണസമിതി ചെറുകുന്നിനെ തഴഞ്ഞു. കാരണം; സി.പി.എമ്മിന്‍െറ പാര്‍ട്ടി ഗ്രാമമാണ് ചെറുകുന്ന്. ഫണ്ട് പാഴാകാതിരിക്കാന്‍ 10 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥലത്തിന് ചുറ്റും വേലി നിര്‍മിച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. വെറുതെ കിടക്കുന്ന ഭൂമിയില്‍നിന്ന് ജില്ലാ പഞ്ചായത്ത് മറ്റൊരു പദ്ധതിക്ക് സ്ഥലം ചോദിച്ചു. 10 സെന്‍റ് അക്കാദമി ഒരു സങ്കോചവുമില്ലാതെ എഴുതി നല്‍കി. ശേഷിക്കുന്ന സ്ഥലത്ത് നിര്‍മിക്കുന്ന കലാഗ്രാമം, കലക്ക് അനുയോജ്യമല്ലാത്ത ഗ്രാമമായിരിക്കും.

കണ്ണൂരില്‍ ഏറെ പ്രമുഖരായ, അക്കാദമിയുടെ ഭാരവാഹിത്വമുണ്ടായിരുന്നവര്‍ക്ക് അക്കാദമി പരിപാടികളില്‍ വിലക്കുണ്ടായിരുന്നു. നാടന്‍കലാരംഗത്ത് സവിശേഷ സംഭാവനകള്‍ നല്‍കിയവര്‍ വരെ ഇതിലുണ്ട്. മനപൂര്‍വമമാണ് മാറ്റി നിര്‍ത്തുന്നതെന്ന് തോന്നിയപ്പോള്‍ ഇവരില്‍ ഒരാള്‍ അക്കാദമി അധ്യക്ഷനോട് നേരിട്ട് ചോദിച്ചു. മന്ത്രിയുടെ നിര്‍ദേശമുണ്ടെന്നായിരുന്നു മറുപടി. മന്ത്രി പങ്കെടുക്കുന്ന മറ്റു പല പരിപാടികളിലും വിലക്കപ്പെട്ടവര്‍ക്ക് പ്രവേശമുണ്ടായിരുന്ന സാഹചര്യത്തിലാണ് അക്കാദമിയുടെ പരിപാടികളില്‍നിന്ന് ഇവര്‍ ഒൗട്ടായത്.
ഫണ്ട് ധാരാളമുണ്ട്; എന്നാല്‍, കലാകാരന്മാരുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട ഫണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് വകമാറ്റും. കലാകാരന്മാരുടെ ചികിത്സക്കും മാറ്റും വലിയതുക നല്‍കിയ ചരിത്രമുണ്ട് അക്കാദമിക്ക്. എന്നാല്‍, കഴിഞ്ഞ ഭരണസമിതിക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യമില്ലായിരുന്നുവെന്ന് കലാകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ലക്ഷം രൂപവരെ ചികിത്സാ ചെലവിന് നല്‍കിയിരുന്നുവെങ്കിലും തുക നാമമാത്രമായി.

പാലക്കാട് വാദ്യോപകരണ മ്യൂസിയത്തിന് 30 ലക്ഷം, വെള്ളാവൂരിലെ ഫോക്വില്ളേജിന് 75 ലക്ഷം എന്നിവ കഴിഞ്ഞ കാലയളവില്‍ ഉപയോഗിച്ചിരുന്നു. പദ്ധതി- പദ്ധതീതര ഫണ്ടില്‍ 97 ലക്ഷം രൂപയാണ് കഴിഞ്ഞ ഭരണസമിതി ബാക്കിവെച്ചത്. 1.75 കോടി രൂപ ബാക്കിവെച്ചാണ് പുതിയ ഭരണസമിതി പടിയിറങ്ങുന്നത്.

നാടന്‍ കലകളെക്കുറിച്ചുള്ള വിശദമായ വിഡിയോ, ഓഡിയോ ഡോക്യുമെന്‍േറഷന്‍ ലൈബ്രറി ഒരുക്കുക  അക്കാദമിയുടെ വലിയ പദ്ധതികളിലൊന്നായിരുന്നു. എന്നാല്‍, കഴിഞ്ഞ ഭരണസമിതി തെയ്യത്തിന് മാത്രമായി ഇത് പരിമിതപ്പെടുത്തി. ഓരോ തെയ്യത്തെക്കുറിച്ചും ചെറിയ വിഡിയോകള്‍. സമഗ്രമായി പരിശോധിക്കുന്നതിനോ പഠനപ്രവര്‍ത്തനങ്ങള്‍ക്കോ ഇത് ഉപകരിക്കില്ളെന്നാണ് വിമര്‍ശം.
 
കലാകാരന്മാരുടെ സംഗമകേന്ദ്രവും നാടന്‍ കലകളുടെ അവതരണ കേന്ദ്രവുമൊക്കെയായി മാറിയ ഫോക്ലോര്‍ അക്കാദമി പഠന-ഗവേഷണ രംഗങ്ങളില്‍ പിറകിലാണ്. ഗവേഷണ സ്ഥാപനമായി മാറുകയാണ് പരമലക്ഷ്യമെന്ന് സ്ഥാനമൊഴിഞ്ഞ പ്രഫ. ബി. മുഹമ്മദ് അഹമ്മദും സമ്മതിക്കുന്നു. എന്നാല്‍, ഒരുപാട് ദൂരം ഇവിടേക്കുണ്ട്.  മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് മാത്രമാണ് ചെയ്ത ഏകകാര്യം. 100 കലകളെക്കുറിച്ചുള്ള കെ. ബാലകൃഷ്ണന്‍െറ പുസ്തകം, ബ്യാരി ഭാഷയെക്കുറിച്ചുള്ള നിഘണ്ടു, തെയ്യങ്ങളെക്കുറിച്ച് ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകം എന്നിവയാണ് ഇവ. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന-ഗവേഷണ സൗകര്യം ഒരുക്കുകയാണ് വേണ്ടത്.

ലക്ഷ്യം ഇനിയും അകലെ

നാടന്‍ കലകളുടെ സംരക്ഷണത്തിന് സാംസ്കാരിക വകുപ്പിനു കീഴില്‍ 1995ലാണ് ഫോക്ലോര്‍ അക്കാദമി രൂപവത്കരിച്ചത്. 1996ല്‍ കണ്ണൂരിലെ ചിറക്കല്‍ രാജവംശത്തിന്‍െറ സുവര്‍ണമുദ്രകളിലൊന്നായ ചിറക്കല്‍ ചിറയുടെ അടുത്ത് പ്രവര്‍ത്തനമാരംഭിച്ചു. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി തുടങ്ങി ആറ് അംഗങ്ങളാണുള്ളത്. ഇതില്‍ ഒരാള്‍ എം.എല്‍.എയായിരിക്കും.
അഞ്ചുവര്‍ഷം പൂര്‍ത്തിയായ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് ചെയര്‍മാനായ ഫോക്ലോര്‍ അക്കാദമിക്ക് ഏറെ നേട്ടങ്ങളുണ്ടാക്കാനായിട്ടുണ്ട്. അവഗണിക്കപ്പെട്ട കലാകാരന്മാരെ കണ്ടത്തെി പുരസ്കാരവും അംഗീകാരവും നല്‍കുകയും പ്രാദേശികമായി ഒതുങ്ങിക്കിടക്കുന്ന, ഇല്ലാതായിക്കൊണ്ടിരിക്കുന്ന കലകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, അക്കാദമി ലക്ഷ്യത്തില്‍നിന്ന് അകന്നു പോകുന്നുവെന്നാണ് വിമര്‍ശം.

 

 

 

 

 

 

Show Full Article
TAGS:Art 
Next Story