Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനീറ്റിനെ ആരാണ്...

നീറ്റിനെ ആരാണ് ഭയപ്പെടുന്നത്?

text_fields
bookmark_border
നീറ്റിനെ ആരാണ് ഭയപ്പെടുന്നത്?
cancel

എം.ബി.ബി.എസ്, ബി.ഡി.എസ്, മെഡിക്കല്‍ പി.ജി പരീക്ഷകള്‍ക്ക് ദേശീയതലത്തില്‍ ഒരൊറ്റ പരീക്ഷ നടത്താനുള്ള (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ്) ഇന്ത്യ ഗവണ്‍മെന്‍റിന്‍െറയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും തീരുമാനത്തിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയത് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റുകളെ വല്ലാതെ പരിഭ്രാന്തിയിലാക്കിയിരിക്കയാണ്. മെഡിക്കല്‍  പ്രവേശത്തിന്‍െറ മാനദണ്ഡം പണമല്ല, യോഗ്യതയാണ് എന്ന് ഉറപ്പുവരുത്താനും ഒരേ കോഴ്സിന് ഒരുപാട് പരീക്ഷകള്‍ എഴുതുന്നതുകൊണ്ട് വിദ്യാര്‍ഥികള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് നീറ്റ് എന്ന ആശയം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടുവെച്ചതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതും.  ഇത്തരമൊരു നടപടിക്രമത്തെ സ്വകാര്യ മാനേജ്മെന്‍റുകള്‍ എന്തിനാണ് ഭയപ്പെടുന്നത്? എന്തിനാണ് എതിര്‍ക്കുന്നത്? അവരുടെ എന്ത് അവകാശമാണ് നീറ്റിലൂടെ ഹനിക്കപ്പെടുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്.

സ്വകാര്യ മാനേജ്മെന്‍റുകളുടെ എതിര്‍പ്പ് ഇല്ലായിരുന്നുവെങ്കില്‍ നീറ്റ് 2014 മുതല്‍ തന്നെ നടപ്പാവേണ്ടതായിരുന്നു. എന്നാല്‍,  വിദ്യാര്‍ഥി പ്രവേശത്തില്‍ തങ്ങള്‍ക്കുള്ള അവകാശത്തെ നീറ്റ് ഹനിക്കുമെന്ന് വാദിച്ച് സ്വകാര്യ മാനേജ്മെന്‍റുകളും ന്യൂനപക്ഷ സ്ഥാപനങ്ങളും സുപ്രീംകോടതിയില്‍ പോയി. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ നല്ല മാറ്റത്തിന് ഇടയാക്കുമായിരുന്ന നീറ്റ്് 2013 ജൂലൈയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് അല്‍തമസ് കബീര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് റദ്ദാക്കി.  മത-ഭാഷാ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥി പ്രവേശത്തിലുള്ള അവകാശത്തില്‍ ഇടപെടുന്ന ‘നീറ്റ’് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു വിധി. മൂന്നംഗ ബെഞ്ചില്‍ അംഗമായിരുന്ന അനില്‍ ആര്‍. ദവെ  വിയോജിച്ചതിനാല്‍ ഭൂരിപക്ഷ പ്രകാരമാണ് അന്ന് വിധി വന്നത്.  അന്ന് ദവെ വിയോജനക്കുറിപ്പില്‍ എഴുതി: ‘മെഡിക്കല്‍ സീറ്റ് കോടികള്‍ക്ക് വില്‍ക്കുന്ന ഏര്‍പ്പാടായി പ്രവേശപ്രക്രിയ മാറ്റുന്നത് തടയാനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ‘നീറ്റ്’ കൊണ്ടുവരുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതൊരു അനുഗ്രഹമായിരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുനിന്ന് ലാഭം മാത്രം പ്രതീക്ഷിക്കുന്ന ബിസിനസുകാരെ അകറ്റിനിര്‍ത്താന്‍ അത് സഹായിക്കും’.  അന്ന് വിയോജനക്കുറിപ്പെഴുതിയ ദവെ അധ്യക്ഷനായ ബെഞ്ചാണ്  പഴയ വിധി തിരുത്തിയത് എന്നത് ശ്രദ്ധേയമാണ്.
2013ലെ വിധി തിരുത്താനുള്ള കാരണം സുപ്രീംകോടതി വിശദീകരിച്ചിട്ടില്ല. എന്നാല്‍, ഒരു കാര്യം  കോടതി വ്യക്തമാക്കി.  ജഡ്ജിമാര്‍ പരസ്പരം ആശയവിനിമയം നടത്താതെയാണ് അന്ന് വിധി പുറപ്പെടുവിച്ചത്. എത്ര നിസ്സാരമായാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഗൗരവമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് എന്നോര്‍ത്ത് അദ്ഭുതപ്പെടാനേ നമുക്ക് കഴിയൂ. നീറ്റ് സ്വകാര്യ മെഡിക്കല്‍ കോളജ് നടത്തിപ്പുകാരെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.  മെഡിക്കല്‍ പ്രവേശത്തിന് ദേശീയതലത്തില്‍ പൊതുപരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക മാത്രമേ നീറ്റ് വഴി ഐ.എം.സി ചെയ്യുന്നുള്ളൂ.  പ്രവേശം നടത്താനും ഫീസ് നിശ്ചയിക്കാനും ഇളവ് നല്‍കാനുമെല്ലാമുള്ള അവകാശം തുടര്‍ന്നും മാനേജ്മെന്‍റിന് തന്നെയായിരിക്കും. അക്കാര്യത്തില്‍ ഗവണ്‍മെന്‍േറാ സുപ്രീംകോടതിയോ ഇടപെട്ടിട്ടില്ല. എന്നിട്ടും എന്തിനാണ് ആശങ്ക? കോളജ് സ്ഥാപിക്കാനും നടത്താനും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനും ഫീസ് നിശ്ചയിക്കാനുമുള്ള സ്വകാര്യ മാനേജ്മെന്‍റുകളുടെ അവകാശം സംബന്ധിച്ച് 1993-ലെ ഉണ്ണികൃഷ്ണന്‍ കേസ് വിധി ഉള്‍പ്പെടെ നാല് വിധികളെങ്കിലും സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിട്ടുണ്ട്.  

സുപ്രീംകോടതിയുടെ പ്രഥമനീക്കം
ഉണ്ണികൃഷ്ണന്‍ കേസിലാണ് പ്രഫഷനല്‍ കോളജ് പ്രവേശത്തിന് ചില മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ സുപ്രീംകോടതി ആദ്യമായി ശ്രമിച്ചത്. ഭരണഘടനയുടെ അനുഛേദം 19 (1) (ജി) പ്രകാരം തങ്ങള്‍ക്ക് കോളജുകള്‍ സ്ഥാപിക്കാനും നടത്താനും ഫീസ്  നിശ്ചയിക്കാനും ചോദ്യം ചെയ്യപ്പെടാനാവാത്ത അവകാശമുണ്ടെന്നാണ് മാനേജ്മെന്‍റുകള്‍ വാദിച്ചത്.  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും (എ.ഐ.സി.ടി.ഇ) ഇതിനെ എതിര്‍ത്തു. വിദ്യാഭ്യാസത്തിന്‍െറ കച്ചവടവല്‍ക്കരണം ഭരണഘടന അനുവദിച്ചിട്ടില്ളെന്നായിരുന്നു സര്‍ക്കാര്‍ ഏജന്‍സികളുടെ വാദം.  പൂര്‍ണ സ്വയംഭരണാവകാശം എന്ന സ്വകാര്യ മാനേജ്മെന്‍റുകളുടെ വാദം കോടതിയുടെ അഞ്ചംഗ ബെഞ്ച് അംഗീകരിച്ചില്ല.  എന്നാല്‍, വിദ്യാഭ്യാസ മേഖലയിലെ മുതല്‍മുടക്ക് വര്‍ധിപ്പിക്കുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാവുന്നതാണ്. അതേസമയം, സ്വകാര്യ കോളജുകളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം തുടരും. കച്ചവടവല്‍ക്കരണം തടയണം. സ്വാശ്രയ സ്ഥാപനങ്ങളായി നടത്തുന്നതിന് ആവശ്യമായ ഫീസ് നിശ്ചയിക്കാം. എന്നാല്‍, കാപിറ്റേഷന്‍ ഫീസ് പാടില്ല. ഏതു വിഭാഗത്തിന്‍െറ കാര്യത്തിലായാലും വിഭാഗത്തിനകത്തായാലും പ്രവേശം യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിലാകണം.  
അമ്പതു ശതമാനം സീറ്റുകള്‍ ഫ്രീ സീറ്റ് എന്ന നിലയില്‍ സര്‍ക്കാറിന് വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കുന്ന വിധി സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് മൂക്കു കയറിടുന്നതായിരുന്നു.  പ്രതീക്ഷിച്ച പോലെ കച്ചവട താല്‍പര്യമുള്ള സ്വകാര്യമേഖല ഇതിനെതിരെ രംഗത്തുവന്നു. വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഒരുപാട് ഹരജികള്‍ വന്നു. ടി.എം.എ പൈ ഫൗണ്ടേഷനും കര്‍ണാടക സര്‍ക്കാറുമായുള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ കേസ് വിധിയുടെ ഭരണഘടനാ സാധുത ചീഫ് ജസ്റ്റിസ് ബി.എന്‍. കൃപാല്‍ അധ്യക്ഷനായ സുപ്രീംകോടതിയുടെ 11 അംഗ ബെഞ്ച്  പരിശോധിച്ചു. ഭരണഘടനയുടെ അനുഛേദം 19 (1) (ജി) പ്രകാരം ന്യൂനപക്ഷേതര വിഭാഗങ്ങള്‍ക്കും വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശമുണ്ടെന്നും വിദ്യാലയങ്ങള്‍ നടത്തുന്നത് തൊഴിലായി കണക്കാക്കണമെന്നും സുപ്രീംകോടതി വിധിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ കേസിലെ പ്രവേശ പദ്ധതി റദ്ദാക്കപ്പെട്ടു. ലാഭമുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ളെങ്കിലും സ്ഥാപനത്തിന്‍െറ ഭാവിവികസനം കൂടി കണക്കിലെടുത്ത് ഫീസ് ഈടാക്കാം. മാത്രമല്ല, ന്യായമായ മിച്ചവും ഉണ്ടാക്കാം.  എന്നാല്‍, കാപിറ്റേഷന്‍ ഫീസ് പാടില്ല. അത് തടയാന്‍ സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ആവശ്യമായ സംവിധാനമുണ്ടാക്കാം. സ്വാഭാവികമായും ഈ വിധി സ്വകാര്യ മാനേജ്മെന്‍റുകളെ സന്തോഷിപ്പിച്ചു. രാജ്യമാകെ കൂടുതല്‍ സ്വകാര്യ മെഡിക്കല്‍, ഡന്‍റല്‍ കോളജുകളും എന്‍ജിനീയറിങ് സ്ഥാപനങ്ങളും സ്ഥാപിതമായി. എന്നാല്‍, ഈ വിധിയിലും ഫീസ് നിര്‍ണയം സംബന്ധിച്ച് ചില അവ്യക്തതകളുണ്ടായിരുന്നു.
ഇസ്ലാമിക് അക്കാദമി x കര്‍ണാടക കേസില്‍ ഫീസ് നിര്‍ണയ കാര്യത്തില്‍ സുപ്രീംകോടതി വ്യക്തതയുണ്ടാക്കാന്‍ ശ്രമിച്ചു. കോടതി നിര്‍ദേശിച്ച

പ്രധാന നിബന്ധനകള്‍:
1. സര്‍ക്കാര്‍ നടത്തുന്ന പൊതുപ്രവേശ പരീക്ഷയിലൂടെയോ മാനേജ്മെന്‍റ് അസോസിയേഷനുകള്‍ കൂട്ടായി നടത്തുന്ന പ്രവേശ പരീക്ഷയിലൂടെയോ  യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശം നടത്തുന്ന കാലത്തോളം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ സ്വയംഭരണവകാശമുണ്ടായിരിക്കും. 2. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമായവര്‍ക്ക് സര്‍ക്കാറിന് സംവരണം നല്‍കാം. 3. ഫീസ് നിശ്ചയിക്കുന്നതിനും മാനേജ്മെന്‍റ് പരീക്ഷക്ക് മേല്‍നോട്ടത്തിനും ഓരോ സര്‍ക്കാര്‍ കമ്മിറ്റി ഉണ്ടാകും.
കാപിറ്റേഷന്‍ ഫീസ് എന്ന പൊല്ലാപ്പ്
പി.എ. ഇനാംദാറും മഹാരാഷ്ട്ര സര്‍ക്കാറുമായുള്ള കേസില്‍ 2005ല്‍ സുപ്രീംകോടതി വിധി സ്വകാര്യ മേഖലയുടെ അവകാശങ്ങള്‍ ഒന്നുകൂടി ഉറപ്പിച്ചു. സര്‍ക്കാറിന് നയങ്ങള്‍ അടിച്ചേല്‍പിക്കാനോ ക്വോട്ട നിര്‍ബന്ധിക്കാനോ അധികാരമില്ളെന്ന് കോടതി അസന്ദിഗ്ധമായി പറഞ്ഞു. ഫീസ് സ്ഥാപനത്തിനുതന്നെ നിശ്ചയിക്കാം. പക്ഷേ, കാപിറ്റേഷന്‍ ഫീസ് പിരിക്കരുത്. ഒരേ തരത്തിലുള്ള സ്ഥാപനങ്ങള്‍ പൊതുവായി യോജിച്ച് പ്രവേശ പരീക്ഷ നടത്താം.  
ഉണ്ണികൃഷ്ണന്‍ കേസിലെ വിധി നിഷേധിക്കുന്നതായിരുന്നു പിന്നീട് വന്ന എല്ലാ വിധികളും.  സ്വകാര്യ അണ്‍ എയഡഡ് സ്ഥാപനങ്ങളുടെമേല്‍ സര്‍ക്കാറിന് ഒരു നിയന്ത്രണവും പാടില്ളെന്നാണ് ഒടുവില്‍ ഇനാംദാര്‍ കേസില്‍ വന്ന വധി. ഇതനുസരിച്ച്  100 ശതമാനം സീറ്റും സ്വകാര്യ സ്ഥാപനത്തിന് എടുക്കാം.  ഈ വിധി നിലനില്‍ക്കുന്നതുകൊണ്ടാണ് സര്‍ക്കാറിന് സീറ്റ് വിട്ടുകൊടുക്കാന്‍ കേരളത്തിലടക്കം സ്വകാര്യ കോളജുകള്‍ തയാറാകാത്തതും സര്‍ക്കാറിന് അതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്തതും. എന്നാല്‍, പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം, എല്ലാ സുപ്രീംകോടതി വിധികളും കാപിറ്റേഷന്‍ ഫീസ് വാങ്ങുന്നത് നിരോധിച്ചു എന്നതാണ്.  കാപിറ്റേഷന്‍ ഫീസ് ഒഴിവാക്കുന്നതിനാണ് കോളജ് നടത്തിക്കൊണ്ടുപോകാന്‍ ഉതകുന്ന ഫീസ് വാങ്ങാനും സര്‍ക്കാര്‍ ക്വോട്ട പാടില്ളെന്നും കോടതി പറഞ്ഞത്. എന്‍.ആര്‍.ഐ ക്വോട്ട സുപ്രീംകോടതി അനുവദിച്ചതുതന്നെ മാനേജ്മെന്‍റുകള്‍ അധികവരുമാനം ഉണ്ടാക്കിക്കൊള്ളട്ടെ എന്നുവെച്ചാണ്. അല്ലാതെ ഏതെങ്കിലും പ്രവാസിയുടെ മകനോ മകള്‍ക്കോ സീറ്റ് കിട്ടാനല്ല.  പേര് എന്‍.ആര്‍.ഐ ക്വോട്ട എന്നാണെങ്കിലും എന്‍.ആര്‍.ഐയുമായി ഇതിന് ബന്ധമൊന്നുമില്ല. കഷ്ടിച്ച് പ്ളസ് ടു പാസാകുന്നവര്‍ക്ക് കൂടുതല്‍ പണം കൊടുത്ത് മെഡിക്കല്‍ സീറ്റ് സമ്പാദിക്കാനുള്ള ക്വോട്ടയാണിത്. വിധികള്‍ ഒരുപാട് വന്നുവെങ്കിലും കാപിറ്റേഷന്‍ ഫീസ് ഇല്ലാതാക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടുവെന്ന് തന്നെ പറയണം.  
കേരളത്തിലെ അനുഭവം
കാപിറ്റേഷന്‍ ഫീസിന്‍െറ കാര്യത്തില്‍ കേരളത്തിലെ അനുഭവം നോക്കൂ. അണ്‍ എയിഡഡ് കോളജില്‍ എം.ബി.ബി.എസ് സീറ്റിന് വാര്‍ഷിക ഫീസ് ഇപ്പോള്‍ 8 ലക്ഷം രൂപയാണ്. അതില്‍ കൂടുതല്‍ വാങ്ങുന്നത് കാപിറ്റേഷന്‍ ഫീസ് ആയി കണക്കാക്കും.  അഞ്ചുവര്‍ഷത്തേക്ക് 40 ലക്ഷം രൂപ. എന്നാല്‍, ചുരുങ്ങിയത് 65 ലക്ഷം രൂപ കൊടുക്കാതെ ഏതു സ്വകാര്യ കോളജിലാണ് പ്രവേശം കിട്ടുക. 65 ലക്ഷം മുതല്‍ 85 ലക്ഷം വരെയാണ് കേരളത്തിലെ നിലവാരമെന്ന് എല്ലാവര്‍ക്കും അറിയാം.   കാപിറ്റേഷന്‍ ഫീസ് നല്‍കാന്‍ തയാറുള്ളവര്‍ക്കുമാത്രം സീറ്റ് കൊടുക്കുക എന്നതാണ് മാനേജ്മെന്‍റ് നടത്തുന്ന പ്രവേശ പരീക്ഷയുടെ ലക്ഷ്യം. ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ ചെയ്യുന്നതും ഇതുതന്നെ. പരീക്ഷക്ക് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ മേല്‍നോട്ടമുണ്ടെങ്കിലും നീതിപൂര്‍വകമോ സുതാര്യമോ ആയി ഇതുവരെ ഒരു പരീക്ഷയും നടന്നിട്ടില്ല.  സ്വന്തം പരീക്ഷ നടത്താനുള്ള അവകാശം നഷ്ടപ്പെടുമ്പോള്‍ കാപിറ്റേഷന്‍ ഫീസ് പിരിക്കാനുള്ള സൗകര്യം നഷ്ടപ്പെടുമോ എന്നതാണ് മാനേജ്മെന്‍റുകളുടെ ആശങ്ക. നീറ്റിന്‍െറ റാങ്ക് ലിസ്റ്റില്‍നിന്നാണ് എടുക്കുന്നതെങ്കില്‍ ക്രമപ്രകാരം പ്രവേശം നടത്തേണ്ടിവരും.  500 റാങ്ക് വരുന്ന വിദ്യാര്‍ഥിക്ക് പ്രവേശം കൊടുക്കാതെ 2000 റാങ്ക് വരുന്ന വിദ്യാര്‍ഥിയെ എടുക്കാനാവില്ല. റാങ്ക് ലിസ്റ്റില്‍ നിന്ന് ക്രമപ്രകാരം പ്രവേശം നടക്കുമെന്ന് ഉറപ്പുവന്നാല്‍ ഒരു രക്ഷിതാവും ഒരു വിദ്യാര്‍ഥിയും ഫീസിനപ്പുറം പണം കൊടുക്കാന്‍ തയാറാകില്ല. അങ്ങനെ വന്നാല്‍, അണ്‍ എയ്ഡഡ് കോളജില്‍തന്നെ റാങ്ക് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സീറ്റ് കിട്ടും. മാനേജ്മെന്‍റുകളെ സംബന്ധിച്ച് ഇതാണ് ഏറ്റവും വലിയ അപകടം. പ്രവേശം മെറിറ്റ് അടിസ്ഥാനത്തിലേ പാടുള്ളൂ എന്ന് സുപ്രീംകോടതി നിര്‍ബന്ധിച്ചിട്ടും എന്തുകൊണ്ടാണ് അണ്‍ എയ്ഡ്ഡ് മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശം നടത്താത്തത്? ഉത്തരം ലളിതമാണ്. ക്രമപ്രകാരം ആ ലിസ്റ്റില്‍നിന്ന് പ്രവേശം നടത്തുകയാണെങ്കില്‍ കാപിറ്റേഷന്‍ ഫീ വാങ്ങാന്‍ കഴിയില്ല. വാങ്ങിയാല്‍ പ്രവേശം കിട്ടാത്തവര്‍ കോടതിയില്‍ പോകും.  അതുകൊണ്ടാണ് മാനേജുമെന്‍റുകളുടെ കണ്‍സോര്‍ട്യം എന്ന പേരില്‍ പരീക്ഷ.  ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ കേരളത്തില്‍ പ്രത്യേകം പരീക്ഷ നടത്തുന്നുണ്ട്. മുന്‍കൂര്‍ പണം കൊടുത്തോ പണം വാഗ്ദാനം ചെയ്തോ  സീറ്റ് ഉറപ്പിക്കുന്നവരുടെ പേര് റാങ്ക് ലിസ്റ്റിന്‍െറ മുകളില്‍ വരുമെന്ന് ആര്‍ക്കാണ് അറിയാത്തത്.
നീറ്റ് വരുമ്പോള്‍ സ്വകാര്യ അണ്‍ എയ്ഡഡ് കോളജുകള്‍ക്ക്  പ്രവേശപരീക്ഷ എന്ന പ്രഹസനം നടത്തി കാപിറ്റേഷന്‍ ഫീസ് ഈടാക്കുന്നതിന് തടസ്സം വരും.  സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്‍റുകളുടെ ലോബി വളരെ ശക്തമാണ്. അവര്‍ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല.
പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍

Show Full Article
TAGS:neet exam 
Next Story