Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസമകാലിക...

സമകാലിക വൈദ്യശാസ്ത്രത്തിലെ ആസ്ഥാന കവി

text_fields
bookmark_border
സമകാലിക വൈദ്യശാസ്ത്രത്തിലെ ആസ്ഥാന കവി
cancel

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ‘ന്യൂയോര്‍ക് ടൈംസി’ല്‍ എഴുതിയ ലേഖനത്തില്‍ ഡോ. ഒലിവര്‍ സാക്സ് തന്‍െറ രോഗാവസ്ഥയെപ്പറ്റി വിശദമായി എഴുതിയിരുന്നു. കണ്ണിനെ ബാധിച്ച അര്‍ബുദം കരളിലേക്കും പകര്‍ന്നിരിക്കുന്നുവെന്ന ആമുഖത്തോടെയായിരുന്നു അത്. ഇനി അധിക കാലമൊന്നും ഈ ലോകത്തില്ല എന്നു മനസ്സിലാക്കിയാകണം ആ എഴുത്ത്. ശാസ്്ത്ര സാഹിത്യത്തില്‍ പുതിയ എഴുത്തുരീതികള്‍ക്കും വഴികള്‍ക്കും തുടക്കമിട്ട ഒലിവര്‍ വിടപറഞ്ഞിരിക്കുന്നു.

ആര്‍തര്‍ ക്ളാര്‍ക്, ഐസക് അസിമോവ് തുടങ്ങി തങ്ങളുടെ ഗവേഷണ മേഖലകളിലും ശാസ്ത്ര സാഹിത്യത്തിലും ഒരുപോലെ തിളങ്ങിയ വ്യക്തിയാണ് ഡോ.ഒലിവര്‍. ലോകത്തെ അറിയപ്പെടുന്ന നാഡിരോഗ വിദഗ്ധനായിരുന്നു (ന്യൂറോളജിസ്റ്റ്). അദ്ദേഹം പിന്തുടര്‍ന്ന ചികിത്സാരീതികളും അനുഭവങ്ങളുമൊക്കെയാണ് അദ്ദേഹത്തിന്‍െറ പുസ്തകങ്ങള്‍. അതില്‍ സ്മൃതിനാശം സംഭവിച്ച് കടലില്‍ കുടുങ്ങിപ്പോയ കപ്പിത്താന്‍െറ കഥ മുതല്‍ മസ്തിഷ്ക സംബന്ധിയായ നിഗൂഢ രോഗങ്ങള്‍ക്കടിപ്പെട്ടവരുടെ വേദനവരെ പകര്‍ത്തിയിട്ടുണ്ട്. അമേരിക്കയില്‍ മാത്രം പുസ്തകങ്ങളുടെ പത്ത് ലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. പല കൃതികളും പിന്നീട് ചലച്ചിത്രങ്ങളും ഡോക്യുമെന്‍ററികളുമായി.

ഒലിവര്‍ സാക്സിന്‍െറ രചനകളെ പലരും ‘ന്യൂറോളജിക്കല്‍ നോവലുകള്‍’ എന്നാണ് വിശേഷിപ്പിച്ചത്. അത്രമാത്രം ശക്തമായിരുന്നു അതിലെ ഉള്ളടക്കവും രചനാ രീതികളും. അദ്ദേഹത്തിന്‍െറ ആദ്യത്തെ പുസ്തകങ്ങളിലൊന്നായ ‘എവേകനിങ്സ്’തന്നെ എടുക്കുക. എന്‍സിഫലറ്റിസ് ലിതാര്‍ഗിക എന്ന പ്രത്യേക രോഗം ബാധിച്ചവരുടെ ഓര്‍മകളാണ് ഇതില്‍ പറയുന്നത്. നമുക്ക് ഈ രോഗത്തെ ‘ഉറക്ക് രോഗം’ എന്നു വിളിക്കാം. നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന ഒന്നാണിത്. നമ്മുടെ ചലനശേഷിയും സംസാരശേഷിയുമെല്ലാം ഇല്ലാതാക്കാന്‍ കഴിയുന്ന രോഗത്തിന് ഇപ്പോഴും കൃത്യമായ പ്രതിവിധി കണ്ടുപിടിക്കാനായിട്ടില്ല. 1915 മുതലുള്ള ഒരു ദശാബ്ദക്കാലം ഈ രോഗം ലോകത്തിന്‍െറ പല ഭാഗത്തായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും അപൂര്‍വമായി ഈ രോഗത്തെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നു.   1960കളുടെ ഒടുക്കത്തിലാണ് എന്‍സിഫലറ്റിസ് രോഗബാധിതരെക്കുറിച്ച് അദ്ദേഹം എഴുതിത്തുടങ്ങിയത്. ഈ കാലത്ത് ന്യൂയോര്‍ക്കിലെ ബത്തെ് എബ്രഹാം ഹെല്‍ത്ത് സെന്‍ററിലെ രോഗികളില്‍ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളുടെകൂടി അടിസ്ഥാനത്തിലായിരുന്നു ഇത്. അവര്‍ക്കായി ഒരു മരുന്ന് വികസിപ്പിക്കുകയും ഒരു പരിധിവരെ അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സധിക്കുകയും ചെയ്തു. ‘എവേകനിങ്സിന്’ ആദ്യമായി ദൃശ്യഭാഷ്യം നല്‍കിയത് ഹരോള്‍ഡ് പിന്‍ററാണ്. അദ്ദേഹത്തിന്‍െറ എ കൈന്‍ഡ് ഓഫ് അലാസ്ക എന്ന നാടകത്തില്‍ ഈ കൃതിയിലെ ചില ഭാഗങ്ങളുണ്ട്. 1990ല്‍ എവേകനിങ്സ് അതേ പേരില്‍ സിനിമയാവുകയും ഓസ്കര്‍ ലഭിക്കുകയും ചെയ്തു.

എവേകനിങ്സ് ശാസ്ത്ര സാഹിത്യത്തില്‍ പുതിയ എഴുത്തുരീതിക്ക് തുടക്കമിട്ടുവെന്ന് പറയാം. ന്യൂറോളജിക്കല്‍ നോവല്‍ എന്ന പുതിയ ശാഖ എവേകനിങ്സിലൂടെയാണ് ജനിക്കുന്നത്. എന്നാല്‍, തന്‍െറ കൃതികളൊന്നും നോവലുകളല്ളെന്നാണ് ഒലിവര്‍ സാക്സിന്‍െറ പക്ഷം. ഒരുപടികൂടി കടന്ന് അദ്ദേഹം അതിനെ കവിതയെന്ന് വിശേഷിപ്പിക്കുന്നു. അദ്ദേഹം സ്വയം വിളിക്കുന്നത് ‘സമകാലിക വൈദ്യശാസ്ത്രത്തിലെ ആസ്ഥാനകവി’യെന്നാണ്. ഒലിവറിന്‍െറ വെബ്സൈറ്റ് തുറന്നാല്‍ മുഖപേജില്‍ തന്നെ ഈ വിശേഷണം ‘കൊത്തിവെച്ച’തായി കാണാം. വാര്‍ധക്യം, സ്മൃതിനാശം, കേള്‍വിക്കുറവ്, മനോവിഭ്രാന്തി, ഓട്ടിസം തുടങ്ങിയ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്‍െറ രചനകളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഓട്ടിസംപോലുള്ള നാഡീരോഗങ്ങള്‍ ബാധിച്ച ഏഴ് പേരുടെ രോഗവിവരങ്ങളാണ് ‘ആന്‍ ആന്ത്രപോളജിസ്റ്റ് ഓണ്‍ മാര്‍സ് (1995)’ വിവരിക്കുന്നത്. മസ്തിഷ്ക തകരാറുള്ളവരുടെ കേസ് സ്റ്റഡി വിവരിക്കുന്നതാണ് ‘ ദി മൈന്‍ഡ്സ് ഐ’ (2010). മാസ്റ്റര്‍ പീസ് രചന ‘ദി മാന്‍ ഹു മിസ്റ്റുക് ഹിസ് വൈഫ് ഫോര്‍ എ ഹാറ്റ്’ (1985). അതും ക്ളിനിക്കല്‍ കേസ് സ്റ്റഡി തന്നെ.

‘ ദി വര്‍ക്കിങ് ഓഫ് ബ്രെയിന്‍’ പോലുള്ള ഗ്രന്ഥങ്ങള്‍ രചിച്ച സോവിയറ്റ് ന്യൂറോസൈക്കോളജിസ്റ്റ്  ആയ അലക്സാണ്ടര്‍ ലൂറിയയാണ് എഴുത്തിലും ഗവേഷണത്തിലും തന്‍െറ മാതൃകയെന്ന് പലപ്പോഴും ഒലിവര്‍ എഴുതിയിട്ടുണ്ട്. ന്യൂറോസൈക്കോളജി എന്ന വൈദ്യശാസ്ത്ര ശാഖയുടെ സ്ഥാപകന്‍ എന്ന് ലൂറിയയെ വിശേഷിപ്പിക്കാം. ഒലിവര്‍ ഒരിക്കല്‍പോലും ലൂറിയയെ കണ്ടിട്ടില്ല. എങ്കിലും ലൂറിയയാണ് തന്‍െറ ഗുരുനാഥന്‍ എന്ന് അദ്ദേഹം പറയുമായിരുന്നു. ഇരുവരും തമ്മില്‍ നിരന്തരം കത്തിടപാടുകള്‍ നടത്തിയിരുന്നു. 1977ല്‍ ലൂറിയ മരിച്ചപ്പോള്‍ ഒലിവര്‍ ഈ കത്തുകളില്‍ പലതും പുറത്തുവിട്ടത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

എവേകനിങ്സ് ഹോളിവുഡില്‍ തരംഗം സൃഷ്ടിച്ചത് സൂചിപ്പിച്ചുവല്ളോ. അതിനു മുമ്പ്, ദി മാന്‍ ഹു മിസ്റ്റുക് ഹിസ് വൈഫ് സംഗീത നാടകമായി അമേരിക്കയിലെ പല തിയറ്ററുകളും അവതരിപ്പിച്ചു. വിഖ്യാത നാടകപ്രവര്‍ത്തകന്‍ മൈക്കിള്‍ നെയ്മാന്‍ ആയിരുന്നു ഇതിന്‍െറ സംവിധായകന്‍. 2006ല്‍,  റിച്ചാര്‍ഡ് പവല്‍ രചിച്ച ദി എക്കോ മേക്കര്‍ എന്ന നോവലിലെ മുഖ്യ കഥാപാത്രമായിരുന്നു ഒലിവര്‍. ആന്‍ ആന്ത്രപോളജി ഓഫ് മാര്‍സിലെ ഏഴ് സംഭവങ്ങളില്‍ ഒന്നായ ദി ലാസ്റ്റ് ഹിപ്പിയെ അധികരിച്ച് 2011ല്‍ ഹോളിവുഡില്‍ മറ്റൊരു സിനിമ പിറന്നു; ദി മ്യൂസിക് നെവര്‍ സ്റ്റോപ്ഡ്.

നല്ളൊരു പിയാനിസ്റ്റ് കൂടിയായിരുന്നു ഡോ. ഒലിവര്‍. സംഗീതവും മനസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. ഈ മേഖലയില്‍ ഒരു പുസ്തകവും 2007ല്‍ അദ്ദേഹം രചിച്ചു -മ്യൂസികോഫീലിയ. എന്നെ മികച്ച ന്യൂറോളജിസ്റ്റ് ആക്കിയത് മൊസാര്‍ട്ട് ആണെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. ജീവിതം എങ്ങനെ ഓര്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മുന്നില്‍ ഒരു നിശ്ശബ്ദനായശേഷം ഡോ. ഒലിവര്‍ ഇങ്ങനെ മറുപടി നല്‍കി: തളര്‍ന്നുപോയ സാക്ഷി. അഞ്ച് പതിറ്റാണ്ടുകാലത്തെ ചികിത്സാനുഭവങ്ങളെ അദ്ദേഹം രണ്ടു വാക്കിലൊതുക്കി. ജീവിത സായാഹ്നത്തില്‍ സ്വയം ‘തളര്‍ച്ച’ക്കും അദ്ദേഹം സാക്ഷിയായി. ഒടുവില്‍ അദ്ദേഹത്തിന്‍െറതായി വന്ന എഴുത്തുകളില്‍ മരണത്തിന്‍െറ പ്രവചനങ്ങളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story