ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ എന്നും നടുങ്ങിയിരുന്നു. ‘ഒരു തെളിവ് കാണിച്ചുതരൂ. ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന് മണിക്കൂറുകള്‍ക്കിടയില്‍, സ്വന്തം ശരീരത്തിന്‍െറയും മനസ്സിന്‍െറയും സുഖങ്ങള്‍ക്കായല്ലാതെ വരുംതലമുറക്കായി നീ കൊളുത്തിവെച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനായുള്ള തെളിവ്.’ ഞാന്‍ മുഖം കുനിച്ചുനില്‍ക്കും. ജീവിച്ചിരിക്കുമ്പോള്‍ അനുഭവിച്ചതിന്‍െറ പതിനാറിരട്ടിയെങ്കിലും അപകര്‍ഷതാബോധം അപ്പോഴെന്നെ വിഴുങ്ങാന്‍ തുടങ്ങും. ഞാന്‍ തിന്നു, കുടിച്ചു, ഭോഗിച്ചു, ജീവിച്ചു, മരിച്ചു. മുടിയിലെ പേനിനെയും കാട്ടിലെ സിംഹത്തെയുംപോലെ. അവക്കിടയിലെ ആയിരം മൃഗജാതികളെപോലെ. പക്ഷേ, മനുഷ്യന്‍ എന്ന നിലയില്‍ മരണത്തെ അതിജീവിക്കാന്‍ ഞാന്‍ എന്തു ചെയ്തു? ഇല്ല, എനിക്ക് ഉത്തരമുണ്ടാവുകയില്ല. എന്‍െറ ഭാണ്ഡം ശൂന്യമായിരിക്കും, എന്‍െറ ഹൃദയവും. ‘ഒന്നുമില്ല പ്രഭോ’, ഞാന്‍ പറയും. പിന്നെ പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ഒരു വാചകവും കൂട്ടിച്ചേര്‍ക്കും: ഒഴിഞ്ഞ ഹൃദയത്തേക്കാള്‍ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല -ദൈവത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നത് ‘മനുഷ്യന് ഒരാമുഖം’ എന്ന നോവലിലെ ആഖ്യാതാവായ ജിതേന്ദ്രനാണ്. ജിതേന്ദ്രനെ സൃഷ്ടിച്ച സുഭാഷ്ചന്ദ്രന് പക്ഷേ, അത്തരമൊരു ചോദ്യത്തിനു മുന്നില്‍ ഉത്തരംമുട്ടി മുഖംകുനിച്ച് നില്‍ക്കേണ്ടിവരില്ല. വരുംതലമുറക്കായി കൊളുത്തിവെച്ച വെളിച്ചത്തിനുള്ള തെളിവുകള്‍ ഏറെയുണ്ട് കൈയില്‍. എഴുതിയ ഇരുപത്തെട്ടു കഥകളും ഒരു നോവലും മതി. അതിലൂടെ വെളിച്ചം വിതറി തെളിച്ചെടുത്തത് ഇരുട്ട് മുറ്റിനിന്ന കേരളീയാനുഭവങ്ങളുടെ അറിയപ്പെടാത്ത വന്‍കരകളെയാണ്. ആ സര്‍ഗസപര്യക്കുള്ള അംഗീകാരമാണ് മലയാളത്തിലെ സമുന്നത സാഹിത്യപുരസ്കാരങ്ങളിലൊന്നായ വയലാര്‍ അവാര്‍ഡ്.
ദേശചരിത്രത്തിലും സ്ഥലകാല വിസ്തൃതിയിലും ഒഴുകിപ്പടരുന്ന ആഖ്യാനംകൊണ്ട് മലയാളഭാവനയെ വിസ്മയിപ്പിച്ച ഉറൂബിനെപ്പോലെ, മുന്നൂറിലധികം പുറങ്ങളില്‍ ക്ളാസിക് മാനങ്ങളുള്ള ബൃഹദാഖ്യാനമെഴുതിയ ഇളമുറക്കാരന്‍. ജീവിച്ചിരിപ്പുള്ളവരും മരിച്ചുപോയവരുമായ ആയിരക്കണക്കിനു പരിചിതമനുഷ്യരുടെ ജനിതകഘടനകള്‍ മാറ്റിപ്പണിത് സുഭാഷ്ചന്ദ്രന്‍ ഉണ്ടാക്കിയത് നൂറോളം കഥാപാത്രങ്ങള്‍. വലിയ ആവിഷ്കാരങ്ങള്‍ സമകാലികരായ യുവ എഴുത്തുകാര്‍ക്ക് സാധ്യമല്ളെന്ന തീര്‍പ്പിനെ മറികടന്നത് പത്തുവര്‍ഷത്തെ കഠിനാധ്വാനംകൊണ്ട്. കേരളം ജന്മിത്വത്തിന്‍െറ നുകങ്ങള്‍ കുടഞ്ഞെറിഞ്ഞ് നവോത്ഥാന കാലഘട്ടത്തിലൂടെ, കമ്യൂണിസത്തിലൂടെ ഒക്കെ കടന്ന് നാമിന്ന് കാണുന്ന ആഗോളീകരണത്തിന്‍െറയും ഉപഭോഗ സംസ്കാരത്തിന്‍െറയും കാലത്തേക്ക് എത്തിയതിന്‍െറ വൈകാരിക ചരിത്രമാണ് സുഭാഷ് ചന്ദ്രന്‍ വരഞ്ഞിട്ടത്.
‘വര്‍ഷത്തിലൊരു പൂ മാത്രം വിരിയുന്ന വരണ്ടുറച്ച വനവൃക്ഷം’, കവിതയില്‍ കെ.ജി. ശങ്കരപ്പിള്ളയാണെങ്കില്‍ കഥയില്‍ അത് സുഭാഷ് ചന്ദ്രനാണ്. ഒരുപാട് എഴുതിക്കൂട്ടുന്നതിലല്ല ശ്രദ്ധ. എഴുതുന്ന ഓരോ വാക്കും പാഴാവരുതെന്ന കരുതലുള്ള ലുബ്ധനാണ്. പതിനേഴാംവയസ്സില്‍ എഴുതിയ ‘ഈഡിപ്പസിന്‍െറ അമ്മ’ മുതല്‍ 42ാംവയസ്സില്‍ എഴുതിയ ‘മൂന്നു മാന്ത്രികന്മാര്‍’ വരെ 28 കഥകളാണ് സുഭാഷ് ചന്ദ്രന്‍ മലയാള കഥാസാഹിത്യത്തിന് സംഭാവന നല്‍കിയത്. 25 വര്‍ഷത്തിനിടയില്‍ 28 കഥകള്‍ മാത്രം. എണ്ണപ്പെട്ട കഥകള്‍കൊണ്ട് സമകാലിക മലയാള സാഹിത്യത്തിന്‍െറ മുന്‍നിരയില്‍ കസേര വലിച്ചിട്ടിരുന്ന സുഭാഷിനെ വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച ഇന്ത്യയിലെ 50 യുവാക്കളില്‍ ഒരാളായി തെരഞ്ഞെടുത്തത് ദ വീക്ക് വാരിക. കേരളത്തിലെ 10 പേഴ്സനാലിറ്റി ബ്രാന്‍ഡുകളില്‍ ഒരാളായി അടയാളപ്പെടുത്തിയത് ധനം മാസിക. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്നുള്ള യുവകഥാകൃത്തുക്കളെ തെരഞ്ഞെടുത്തപ്പോള്‍ മലയാളത്തില്‍നിന്ന് സ്ഥാനം ലഭിച്ച ഏക കഥാകൃത്തായി. ആദ്യ കഥാസമാഹാരത്തിനും (2001), ആദ്യ നോവലിനും (2011) കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഏക എഴുത്തുകാരനാണ്.
1972ല്‍ ആലുവക്കു സമീപം കടുങ്ങല്ലൂരില്‍ അച്ഛനമ്മമാരുടെ അഞ്ചു മക്കളില്‍ അഞ്ചാമനായി ജനനം. ഫാക്ടറി തൊഴിലാളിയായിരുന്നു അച്ഛന്‍ ചന്ദ്രശേഖരന്‍ പിള്ള. ഒരു കമ്യൂണിസ്റ്റുകാരന്‍. അമ്മ പൊന്നമ്മ. അച്ഛനമ്മമാരിട്ട പേര് സുരേഷ്കുമാര്‍. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും വിളിക്കുന്നത് സുരേഷ് ലോപിച്ച ‘സുരു.’ കടുങ്ങല്ലൂരിലെ ബാലവാടിയില്‍ സുരേഷ് കുമാറായിത്തന്നെയാണ് ചേര്‍ന്നത്. വീട്ടില്‍ ഗാന്ധിയുടെയും നെഹ്റുവിന്‍െറയും സുഭാഷ് ചന്ദ്രബോസിന്‍െറയും ചില്ലുപടങ്ങള്‍ കണ്ടുവളര്‍ന്ന ബാല്യം. അവരൊക്കെയായിരുന്നു ആരാധ്യപുരുഷന്മാര്‍. ചിന്തയുറക്കുന്ന പ്രായത്തില്‍, ഭാവിയില്‍ വലിയൊരാളായിത്തീരണമെന്ന് ആഗ്രഹിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത് സുഭാഷ് ചന്ദ്രബോസ്. സ്കൂളില്‍ ചേര്‍ക്കാന്‍ അച്ഛന്‍ കൊണ്ടുപോയപ്പോള്‍ പേര് സുഭാഷ് ചന്ദ്രബോസ് എന്നു മാറ്റണമെന്നായി അഞ്ചുവയസ്സുകാരന്‍െറ ശാഠ്യം. ഹെഡ്മാസ്റ്റര്‍ പറഞ്ഞു: ‘ബോസൊക്കെ പിന്നീട്. ഇപ്പോ സുഭാഷ് ചന്ദ്രന്‍ മതി.’ അങ്ങനെയാണ് ഈ പേരു കിട്ടിയത്.
കഥ പറഞ്ഞുതരാന്‍ മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടായിരുന്നില്ല. ജനിക്കുംമുമ്പേ മാതാപിതാക്കളുടെ അച്ഛനമ്മമാര്‍ ഈ ലോകം വിട്ടുപോയിരുന്നു. എങ്കിലും കഥയില്ലാതെ ഒഴിഞ്ഞുമാറാന്‍ ബാല്യത്തെ അനുവദിച്ചില്ല. കുഞ്ഞുശരീരത്തെയും കുട്ടിക്കാലത്തെയും പീഡിപ്പിച്ച ആസ്ത്മയുടെയും അലോപ്പതി മരുന്നു സമ്മാനിച്ച ഭ്രമഭാവനകളുടെയും സഹായത്തോടെ ആയിരമായിരം അദ്ഭുതകഥകള്‍ കെട്ടിച്ചമച്ചാണ് ദുരിതബാല്യത്തെ മറികടന്നത്.
കോളജ് വിദ്യാഭ്യാസം സെന്‍റ് ആല്‍ബര്‍ട്ട്സിലും മഹാരാജാസിലും. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്ന് മലയാളത്തില്‍ റാങ്കോടെ ബിരുദാനന്തര ബിരുദം. 1994ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കലാലയ കഥാമത്സരത്തില്‍ ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ മികച്ച രചനയായി തെരഞ്ഞെടുക്കപ്പെട്ടു. ലത്തൂരിലെ ഭൂകമ്പമായിരുന്നു കഥയുടെ പ്രമേയം. പറുദീസാനഷ്ടം, തല്പം, ബ്ളഡി മേരി, വിഹിതം എന്നിവയാണ് പ്രധാനസമാഹാരങ്ങള്‍. മധ്യേയിങ്ങനെ, കാണുന്ന നേരത്ത് എന്നിവ ഹൃദയത്തില്‍ തൊടുന്ന അനുഭവരേഖകള്‍.
യേശുദാസിനെക്കുറിച്ച് ‘ദാസ് ക്യാപിറ്റല്‍’ എന്ന ഗ്രന്ഥമെഴുതിയിട്ടുണ്ട്. നാലു കഥകള്‍ സിനിമകളായി. ‘ഗുപ്തം’ എന്ന കഥയെ ആസ്പദമാക്കി ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ‘ആകസ്മികം’, ‘പറുദീസാ നഷ്ടം’ എന്ന കഥയെ ആധാരമാക്കി രൂപേഷ് പോള്‍ സംവിധാനംചെയ്ത ‘മൈ മദേഴ്സ് ലാപ്ടോപ്’ എന്നിവയാണ് മുഴുനീള കഥാചിത്രങ്ങള്‍. ‘വധക്രമം’ എന്ന കഥയെ ആസ്പദമാക്കി പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ചതും ‘സന്മാര്‍ഗ’ത്തിന്‍െറ തിരരൂപമായ ‘എ നൈഫ് ഇന്‍ ദ ബാറും’ ഹ്രസ്വചിത്രങ്ങള്‍. 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2014ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മാതൃഭൂമി കോഴിക്കോട് യൂനിറ്റില്‍ ചീഫ് സബ് എഡിറ്റര്‍.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2015 7:26 AM GMT Updated On
date_range 2015-10-11T12:56:00+05:30ആ മുഖം
text_fieldsNext Story