Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപുതിയ റേഷന്‍...

പുതിയ റേഷന്‍ കാര്‍ഡില്‍ അരിവാങ്ങാനാകുമോ?

text_fields
bookmark_border
പുതിയ റേഷന്‍ കാര്‍ഡില്‍ അരിവാങ്ങാനാകുമോ?
cancel

റേഷന്‍കാര്‍ഡുമായി മലയാളിക്ക് എന്നും വൈകാരിക ബന്ധമാണുള്ളത്.  പൗരരേഖയായി പാസ്പോര്‍ട്ടും ആധാറുമൊക്കെ ഉണ്ടെങ്കിലും അതൊന്നും റേഷന്‍ കാര്‍ഡിനെ അപ്രസക്തമാക്കുന്നില്ല. റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട എന്തുവിഷയമുണ്ടായാലും ലോകത്തിന്‍െറ ഏതുകോണിലായാലും അവന്‍ പറന്നത്തെും. അതുകൊണ്ടാണ് പിടിപ്പുകേടുകള്‍ക്കപ്പുറം ഒളി അജണ്ടയുമായി മുന്നേറുന്ന റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയയിലെ താളപ്പിഴവുകള്‍ ഏറെ വിമര്‍ശിക്കപ്പെടുന്നതും പലപ്പോഴും ബഹളത്തിനിടയാവുന്നതും.  

1965ല്‍ കേരള റേഷനിങ് ഉത്തരവ് വരുന്നതിനുമുമ്പേ സംസ്ഥാനത്ത് പൊതുവിതരണസമ്പ്രദായം നിലവിലുണ്ട്. റവന്യൂ വകുപ്പിനു കീഴിലായിരുന്ന റേഷന്‍വിഭാഗം 70കളില്‍ സിവില്‍ സപൈ്ളസ് വകുപ്പിന് കീഴില്‍ സ്വതന്ത്ര വകുപ്പാക്കി മാറ്റി. 1965, 70കളിലെ പാക്, ചൈന യുദ്ധകാലഘട്ടത്തിലെ ക്ഷാമകാലങ്ങളില്‍ ഗോതമ്പുകഞ്ഞിയായിരുന്നു കേരളത്തിലെ പ്രധാന ആഹാരം. ക്ഷാമംകൊണ്ട് പൊറുതിമുട്ടിയ ജനത്തെ ഗോതമ്പ് നല്‍കിയാണ് സര്‍ക്കാര്‍ അന്ന് പോറ്റിയത്. മില്ലുതുണിയും ചോളപ്പൊടിയും മണ്ണെണ്ണയും അടക്കം കുറച്ചാണെങ്കിലും വീതിച്ചുനല്‍കി ജനത്തിന്‍െറ ദുരിതത്തിന് ആശ്വാസമേകാന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നു.  

ഇന്ന് ക്ഷേമകാലമാണെങ്കിലും റേഷന്‍കാര്‍ഡിന്‍െറ പ്രാധാന്യം ഒട്ടും ചോര്‍ന്നുപോയിട്ടില്ല. മലയാളിയുടെ ഒൗദ്യോഗികരേഖയായി റേഷന്‍കാര്‍ഡ് ഇന്നും വിലസുകയാണ്. 60കളില്‍ തുടക്കംകുറിച്ചുവെങ്കിലും 1971 മുതലാണ് നിര്‍ണിതമായ രൂപത്തില്‍ റേഷന്‍കാര്‍ഡ് നിലവില്‍വരുന്നത്. തുടര്‍ന്ന് 76, 81, 86, 91, 96 വര്‍ഷങ്ങളില്‍ പ്രശ്നങ്ങളില്ലാതെ പുതുക്കല്‍പ്രക്രിയ മുന്നേറി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് റേഷന്‍കാര്‍ഡ് നിര്‍മിക്കുന്നത് 2001ല്‍ കുടുംബശ്രീ ഐ.ടി മിഷനാണ്. ഐ.ടി രംഗത്ത് കാലുറപ്പിക്കുകയായിരുന്ന കുടുംബശ്രീ കുളമാക്കിയാണ് അത് തിരിച്ചുനല്‍കിയത്. 2007ലാണ് വ്യാജകാര്‍ഡുകള്‍ ഇല്ലാതാക്കുന്നതിന് ഫോട്ടോപതിച്ച കാര്‍ഡുകള്‍ ഉണ്ടാക്കുന്നത്. ആദ്യം കെല്‍ട്രോണിന് പുതുക്കല്‍പ്രക്രിയ നല്‍കിയെങ്കിലും കെല്‍ട്രോണ്‍ വരുത്തിവെച്ച അപാകതമൂലം ഭക്ഷ്യവകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തുടര്‍ന്ന് സി-ഡിറ്റിനെ ഏല്‍പിക്കുകയും ഫോട്ടോപതിച്ച ലാമിനേറ്റഡ് കാര്‍ഡ് നിലവില്‍വരുകയും ചെയ്തു. 2007ലെ കാര്‍ഡ് പുതുക്കല്‍പ്രക്രിയ എങ്ങുമത്തൊത്ത സാഹചര്യമാണ് നിലവിലുള്ളത്. അപാകതകള്‍ പരിഹരിക്കുന്നതിന് പുതിയ കാര്‍ഡുകള്‍ നല്‍കേണ്ട ഗതികേടാണ് പരിഷ്കാരങ്ങള്‍മൂലം ഉണ്ടായത്. ഈ പ്രശ്നം കൃത്യമായി പരിഹരിക്കാനാവാത്തതിനാല്‍ 2012ല്‍ പുതുക്കേണ്ട റേഷന്‍കാര്‍ഡ് പുതുക്കാനുമായില്ല. തുടര്‍ന്ന് പഴയ റേഷന്‍കാര്‍ഡ് പണികള്‍ പാതിവഴിക്ക് ഉപേക്ഷിച്ച് 2014ല്‍ പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ക്ഷണിച്ചു. 82,60619 അപേക്ഷകളാണ് ഇപ്പോഴുള്ളത്. ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ പുതിയ റേഷനിങ് സംവിധാനങ്ങള്‍ റേഷന്‍മാഫിയയുടെ തേരോട്ടത്തിന് കടിഞ്ഞാണ്‍ വീഴുമെന്ന നിലവന്നതോടെ ഇത്തരക്കാരെ പിന്‍താങ്ങുന്നതിനായി അഞ്ചുതവണയാണ് പുതുക്കല്‍പ്രക്രിയ മാറ്റിവെച്ചത്.

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്റ്റാറ്റ്യൂട്ടറി റേഷന്‍സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുന്നവരും മുന്‍ഗണനേതര പട്ടികയില്‍ ഉള്‍പ്പെടുന്നവരുമാണ് കേന്ദ്ര പദ്ധതിപ്രകാരം റേഷന്‍ ഗുണഭോക്താക്കള്‍. ഇതനുസരിച്ച് ബയോമെട്രിക് രേഖകളോടുകൂടിയ രണ്ടുതരം റേഷന്‍ കാര്‍ഡുകളാണ് വരാനിരിക്കുന്നത്. ആറു വയസ്സിന് മുകളിലുള്ള ഒരു വ്യക്തിക്ക് മാസത്തില്‍ അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങള്‍ ഈ കാര്‍ഡുകള്‍ മുഖേന ലഭിക്കും. നാലുകിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് മാസത്തില്‍ ലഭിക്കുക. ഇത് രാജ്യത്തെ ഓരോ പൗരന്‍െറയും അവകാശമാണ്. ഭക്ഷ്യധാന്യം നല്‍കാനായില്ളെങ്കില്‍ ഇതിന്‍െറ വില സര്‍ക്കാര്‍ നല്‍കേണ്ടിവരും. പൗരന്‍െറ അവകാശം ലംഘിച്ചാല്‍ അവന് നിയമത്തിന്‍െറ വഴിയില്‍ ഇത് നേടിയെടുക്കാനുമാവും.

ആദ്യഘട്ടത്തില്‍ ഗ്രാമപ്രദേശത്തെ 52 ശതമാനം ജനത്തെയും പട്ടണങ്ങളില്‍ 39 ശതമാനം ജനത്തെയും ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് കേരളത്തില്‍ കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളത്. 1.54 കോടി ജനത്തിന് മൂന്നുരൂപക്ക് അരിയും രണ്ടുരൂപക്ക് ഗോതമ്പും ലഭിക്കും. നിലവില്‍ റേഷന്‍ ആനുകൂല്യം ലഭിക്കുന്നവരില്‍ 1.77 കോടി ഗുണഭോക്താക്കള്‍ ഭക്ഷ്യസുരക്ഷാ പദ്ധതി അനുസരിച്ച് കേരളത്തില്‍നിന്ന് പുറത്താകും. നിലവിലെ ബി.പി.എല്‍ കാര്‍ഡുകള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുതന്നെ സര്‍ക്കാറിന് അധികബാധ്യതയുണ്ട്. റേഷന്‍സമ്പ്രദായമനുസരിച്ച് 16. 32 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ലഭിക്കുന്നിടത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം  14.25 ലക്ഷം ടണ്‍ ആണ് കിട്ടുക.

കാര്‍ഡിന് പകരം ആളുകള്‍ക്കനുസരിച്ച് റേഷന്‍ നല്‍കുന്നതിന് റേഷന്‍മാഫിയയും എതിരാണ്. ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങി ഗുണഭോക്താക്കളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പദ്ധതി ആവിഷ്കരിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഗ്രാന്‍റ് നഷ്ടപ്പെടാതിരിക്കാന്‍ പദ്ധതി നടപ്പാക്കി എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. അഥവാ നിലവിലെ റേഷന്‍ സംവിധാനത്തെ പുതിയ റേഷന്‍സംവിധാനത്തിലേക്ക് പുനര്‍വിന്യസിപ്പിച്ച് ഗ്രാന്‍റ് തട്ടിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവിലെ റേഷന്‍സമ്പ്രദായത്തിലെ ബി.പി.എല്‍, അന്ത്യോദയ (എ.എ.വൈ), അന്നപൂര്‍ണ വിഭാഗങ്ങളെയും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ബി.പി.എല്‍ കാര്‍ഡിലേക്ക് മാറുകയും തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ബി.പി.എല്‍ റേഷന്‍വസ്തുക്കള്‍ ലഭിക്കുന്നവരെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പദ്ധതി സമര്‍പ്പിക്കാനാണ് നീക്കം. തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അനര്‍ഹരെ തഴഞ്ഞ് വോട്ട് നഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവുകയുമില്ല. അതുകൊണ്ടുതന്നെ ഗ്രാന്‍റ് ലഭിക്കുന്നതിനായി ഇപ്പോള്‍ തട്ടിക്കൂട്ടുന്ന ലിസ്റ്റ് പിന്നീടും മാറ്റമില്ലാതെ തുടരും. കേന്ദ്രസര്‍ക്കാറിന്‍െറ മാനദണ്ഡങ്ങള്‍ക്കപ്പുറം ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ആളുകളെ സംസ്ഥാനസര്‍ക്കാറിന്‍െറ ഖജനാവില്‍നിന്ന് കോടികള്‍ നല്‍കി തീറ്റിപ്പോറ്റേണ്ടിവരും.

റേഷന്‍കാര്‍ഡ് പുതുക്കല്‍പ്രക്രിയയും ഏറെ സങ്കീര്‍ണമാണ്. അനാവശ്യ വിവരങ്ങളടക്കം ചോദിച്ച അപേക്ഷയില്‍ പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിങ്ങനെ രണ്ടായാണ് ചോദ്യങ്ങളുള്ളത്. പാര്‍ട്ട് ‘ബി’യില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങളിലാണ് റേഷന്‍ ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ആരാഞ്ഞത്. ഉടമകളുടെ ഫോട്ടോ എടുക്കലും പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കലും ജനത്തെ വലച്ചു. ജീവനക്കാരുടെ ‘ഉത്തരവുകളാണ്’പലയിടത്തും പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. വരാനിരിക്കുന്ന കാര്‍ഡിന്‍െറ ഉടമകള്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ്. നിലവിലെ കാര്‍ഡില്‍തന്നെ 85 വയസ്സായ സ്ത്രീകള്‍ക്ക് അവശതമൂലം ക്യാമ്പില്‍ എത്താനാവില്ളെന്ന് സാമന്യബുദ്ധിക്കുപോലും തിരിയും. ഇത്തരം കാര്‍ഡുള്ള വീട്ടിലെ അടുത്ത മുതിര്‍ന്ന സ്ത്രീ ഉടമയായിവന്നാലും സാക്ഷ്യപത്രം ചോദിക്കുന്ന അവസ്ഥയുണ്ടായി. നൂതന സാങ്കേതികവിദ്യയോട് ക്രിയാത്മകമായി പ്രതികരിക്കാത്ത ഉദ്യോഗസ്ഥരും സിവില്‍സപൈ്ളസ് വകുപ്പിലേയും കോര്‍പറേഷനിലേയും ജീവനക്കാര്‍ തമ്മിലെ തന്‍പോരിമയും റേഷന്‍ പുതുക്കല്‍പ്രക്രിയയെ ഏറെ ബാധിച്ചിട്ടുണ്ട്.

ലക്ഷത്തോളം ഉടമകളുടെ ഫോട്ടോകള്‍ നഷ്ടമായതും പൂരിപ്പിച്ചുവാങ്ങിയ അപേക്ഷകള്‍ അപൂര്‍ണമായതിനാലും റേഷന്‍കാര്‍ഡ് പുതുക്കലിന്‍െറ മൂന്നാംഘട്ടം വഴിമുട്ടി. അപേക്ഷ കൃത്യമായി പൂരിപ്പിക്കണമെന്ന കര്‍ശനനിര്‍ദേശം കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നു. സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും ഫോട്ടോ എടുക്കല്‍ ക്യാമ്പില്‍ ഉടമകള്‍ കൊണ്ടുവന്ന അപേക്ഷകള്‍ പൂര്‍ണമായി ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതാണ് പ്രശ്നമായത്. തുടര്‍ന്ന് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രത്യേക ഡ്യൂട്ടി നല്‍കി ഉടമകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന ജോലിയും ഫോട്ടോ വീണ്ടും എടുക്കലും നടത്തി. ശേഷം അതിവേഗത്തില്‍ നടന്ന ഡാറ്റാഎന്‍ട്രി ജോലി പിന്നെയും പണി തന്നു. ശേഖരിച്ച വിവരങ്ങളില്‍ അധികവും തെറ്റായി രേഖപ്പെടുത്തി.

റേഷന്‍കാര്‍ഡ് കുളമാവുമെന്ന ഗതി വന്നതോടെ നാലാംഘട്ടത്തിന് മുന്നോടിയായി നേരത്തെ ഇല്ലാത്ത തെറ്റുതിരുത്താന്‍ അവസരം. തെറ്റുതിരുത്തുന്നതിന് ഓണ്‍ലൈന്‍ അവസരം ആദ്യം നല്‍കി. കമ്പ്യൂട്ടര്‍ സാക്ഷരത കുറവായതിനാല്‍ ജനം അക്ഷയകളിലേക്കും സ്വകാര്യ ഇന്‍റര്‍നെറ്റ് കഫേകളിലേക്കും കുതിച്ചു. 10 ശതമാനത്തോളം പേര്‍ ഓണ്‍ലൈനില്‍ തെറ്റ് തിരുത്തിയപ്പോഴേക്കും വന്നു പുതിയ അറിയിപ്പ്. റേഷന്‍കടകള്‍ മുഖേന കാര്‍ഡിലെ വിവരങ്ങളുടെ പ്രിന്‍റ്  ഉടമക്ക് നല്‍കുമെന്ന്. ഈമാസം അഞ്ചു മതല്‍ 15വരെ ഇതിന് സമയവും അനുവദിച്ചിട്ടുണ്ട്. അതിനിടെ, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലുമാണ്. അതുകൊണ്ടുതന്നെ നാലാംഘട്ടമായ മുന്‍ഗണനാ പട്ടികയിലെ വിവരങ്ങളുടെ സോഷ്യല്‍ ഓഡിറ്റിങ്ങും മറ്റും മാസങ്ങള്‍ കഴിഞ്ഞതിനുശേഷമേ നടക്കൂ.

സോഷ്യല്‍ഓഡിറ്റിങ് അധികൃതര്‍ക്കുതന്നെ വേണ്ടെങ്കിലും തുടര്‍പ്രക്രിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിശ്ചലമായിരിക്കുന്നു. അതുകൊണ്ടുതന്നെ, റേഷന്‍കാര്‍ഡ് 2016 മധ്യത്തോടെ ലഭിക്കാനാണ് സാധ്യത. റേഷന്‍കാര്‍ഡ് പുതുക്കലിന്‍െറ ഭാഗമായി നിര്‍ത്തിവെച്ച പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കല്‍ ഇതുവരെ തുടങ്ങിയിട്ടില്ല. പുതിയ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിനായി ലക്ഷക്കണക്കിന് ഹതഭാഗ്യരാണ് ഒരുവര്‍ഷമായി ഓഫിസുകള്‍ കയറിയിറങ്ങുന്നത്.
 

Show Full Article
TAGS:
Next Story