Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനായാടി മുതല്‍...

നായാടി മുതല്‍ നമ്പൂതിരി വരെ

text_fields
bookmark_border
നായാടി മുതല്‍ നമ്പൂതിരി വരെ
cancel

ചന്ദന^കുങ്കുമാദികള്‍ വിളയാടുന്ന എസ്.എന്‍.ഡി.പി യോഗം സംസ്ഥാന പ്രസിഡന്‍റ് വെള്ളാപ്പള്ളി നടേശന്‍െറയും എന്‍.എസ്.എസ് പ്രസിഡന്‍റ് ജി. സുകുമാരന്‍ നായരുടെയും നെറ്റിക്ക് ഹിന്ദുത്വത്തിന്‍െറ കാവിച്ചന്തം വന്നുകാണാന്‍ പണ്ടേ മോഹിച്ചതാണ് സംഘ്പരിവാര്‍. എങ്കിലും ഹിന്ദു വേറെ, ഹിന്ദുത്വം വേറെ എന്നാണ് രണ്ടുപേരും കണ്ടുപോന്നത്. ഇപ്പോള്‍ എസ്.എന്‍.ഡി.പി നായകന്‍െറ നെറ്റിക്കൊരു കാവിച്ചന്തം വന്നുതുടങ്ങിയിട്ടുണ്ട്; അണികളുടെ കാര്യത്തിലാണ് സംശയം. രണ്ടാമത്തെ സമുദായത്തിന്‍െറ സ്ഥിതി മറ്റൊന്നാണ്. കാവിപ്രണയം നായന്മാര്‍ക്ക് ഈഴവരേക്കാള്‍ കൂടുതലത്രേ. പക്ഷേ, എന്‍.എസ്.എസ് നേതൃത്വത്തിന്‍െറ കാര്യം അങ്ങനെയല്ല. ഒതുക്കത്തിലാണെങ്കിലും കാവിയേക്കാള്‍ കൈപ്പത്തിയോടാണ് കമ്പം. മഞ്ഞപുതച്ചു നില്‍ക്കുമ്പോള്‍ തന്നെ, ചുകപ്പിനോട് വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നൊരു കമ്പംപോലെ, വ്യക്തിബന്ധങ്ങളുടെ ഊടുവഴികളാണ് അതിനൊരു കാരണം. എങ്കിലും ചെങ്കൊടിക്കാരെ വെള്ളാപ്പള്ളിയും കൈപ്പത്തിക്കാരെ ജി.എസും മൊത്തമായി വിശ്വസിക്കുന്നില്ല. ആരെയും വല്ലാതെ അടുപ്പിക്കുന്നുമില്ല. അങ്ങനെയാണ് സമദൂര സിദ്ധാന്തം എന്നൊരു തിയറിക്ക് കേരള രാഷ്ട്രീയം അടിപ്പെടുന്നത്.
താല്‍പര്യമുള്ളവര്‍ സമുദായത്തിനുവേണ്ടി നിരന്തരം ചെയ്തുകൊണ്ടിരിക്കുക. അതില്‍നിന്ന്, താല്‍പര്യപ്പെട്ടവരെ സമുദായ നേതൃത്വം തെരഞ്ഞെടുക്കും. അവര്‍ക്ക് വോട്ടുകൊടുക്കാന്‍ സമുദായാംഗങ്ങളോട് ഉപദേശിച്ചെന്നു വരും;  ഇല്ളെന്നു വരും. അണികളുടെ കഥയും അങ്ങനെ തന്നെ--സമുദായ നേതൃത്വം പറഞ്ഞത് സമുദായത്തില്‍ പെട്ടവര്‍ കേട്ടെന്നുവരും; അതിന്‍െറ പതിന്മടങ്ങാളുകള്‍ കേട്ടില്ളെന്നുവരും. എങ്കിലും ഈ സമുദായ നേതാക്കളെ ചേര്‍ത്തുനിര്‍ത്താനുള്ള പ്രീണന തന്ത്രത്തില്‍ ഇടം^വലം വീട്ടുവീഴ്ചയില്ലാതെ പ്രമുഖ മുന്നണി നേതാക്കള്‍ പെരുമാറിക്കൊണ്ടേയിരിക്കും. കാരണം, സാമൂഹിക പ്രതിബദ്ധതയുടെയും മതേതരത്വത്തിന്‍െറയും  മേലങ്കിയിട്ട കേരള സമൂഹം സാമുദായിക സന്തുലനത്തിന്‍െറ കാര്യത്തില്‍ സദാ ജാഗരൂകരാണ്.
എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ചക്കരക്കുടം ചുമക്കുന്ന കേരളത്തില്‍ ബി.ജെ.പിയുടെ പ്രസക്തി സംപൂജ്യനായ ഒ. രാജഗോപാലിലും, അവസരോചിതം എങ്ങനെയും പങ്കുവെക്കാവുന്ന 10 ശതമാനം വോട്ടിലുമാണ് ഒതുങ്ങിനില്‍ക്കുന്നത്. ഈ പോരായ്മയുടെ നാണക്കേട് കേരളത്തിലെ നേതാക്കള്‍ക്കില്ലാത്തതില്‍ ലജ്ജിച്ചു തലതാഴ്ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുമൊക്കെ കേരളത്തില്‍ വന്നുപോകുന്നത്. അമ്പലങ്ങള്‍തോറും ശാഖകളും അതിനൊത്ത കാക്കി നിക്കറുകാരുമുള്ള ആര്‍.എസ്.എസ് എത്രയോ കാലമായി അനുഭവിച്ചുപോരുന്ന മനോസംഘര്‍ഷമാണത്. ജനസംഖ്യയില്‍ പകുതി ഹിന്ദുക്കള്‍; അവരെ സ്പോണ്‍സര്‍ ചെയ്യുന്ന നിരവധി സമുദായ സംഘടനകള്‍. ഇപ്പോള്‍ കേന്ദ്രഭരണവുമുണ്ട്. എന്നിട്ടും ഗവര്‍ണര്‍ സ്ഥാനത്തിനുപോലും യോഗ്യനല്ലാത്ത ഒരു രാജഗോപാലിന്‍െറ തണലില്‍ ഒതുങ്ങിക്കൂടുകയാണ് മുരളീധരന്മാര്‍. കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നാല്‍ നിലവിലുള്ള സ്ഥാനം തന്നെ നഷ്ടപ്പെടുമോ എന്ന് ഭയന്നുകഴിയുന്ന ഇക്കൂട്ടരോടുള്ള പ്രതികാരമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉണ്ടായത്. നടേശ കുടുംബത്തിന് വിസ്തരിച്ചു നല്‍കിയ സല്‍ക്കാരത്തില്‍ വിളമ്പിയത് എന്തൊക്കെയാണെന്ന് മണത്തുനോക്കാന്‍ പോലും സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്ക് മോദി-അമിത് ഷാമാര്‍ അവസരം കൊടുത്തില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പു കഴിയുന്നതോടെ എടുത്തെറിയാന്‍ പോകുന്ന കസേരയിലിരുന്ന് വി. മുരളീധരന്‍ കാരുണ്യത്തിന് ഇപ്പോള്‍ കെഞ്ചുന്നത് (ബി.ജെ.പി) ഹൈകമാന്‍ഡിനോടു മാത്രമല്ല. കേന്ദ്രമന്ത്രിപദമോ ഗവര്‍ണര്‍പദമോ എന്തിനധികം, കോര്‍പറേഷന്‍-ബോര്‍ഡ് ചെയര്‍മാന്‍ പദവികളെങ്കിലുമോ നേടിയെടുത്തില്ളെന്ന കഴിവുകേട് ആയുധമാക്കി തീയനായ തന്നെ ഇടംവലം വീക്കുന്ന സവര്‍ണ മറുവിഭാഗത്തോടുകൂടിയാണ്. ഈഴവനായ വെള്ളാപ്പള്ളിക്ക് കുടപിടിക്കാന്‍ അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെടുമോ എന്ന ആശങ്ക പേറുന്ന ഈ സവര്‍ണപക്ഷത്തിന്‍െറ വിവിധ വാര്‍ത്താരൂപങ്ങള്‍ക്കാണ് ഇനി കാത്തിരിക്കേണ്ടത്.
പ്രതിപക്ഷനേതാവ്  വി.എസ്. അച്യുതാനന്ദന്‍ ആരോപിക്കുന്ന ഡീലില്‍ നിന്ന് വ്യത്യസ്തമായി, നായാടി മുതല്‍ നമ്പൂതിരിവരെയുള്ള വിവിധ ഹിന്ദു വിഭാഗങ്ങളുടെ ഐക്യത്തിനുവേണ്ടിയാണ് പുത്രകളത്രാദികളുമായി ഇന്ദ്രപ്രസ്ഥം പൂകിയതെന്നാണ് എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് പറയുന്നത്. രാഷ്ട്രീയം ചര്‍ച്ചചെയ്തില്ളെന്നുപറയുന്ന ഈ കൂടിക്കാഴ്ചക്കുശേഷം പക്ഷേ, മൂന്നാംമുന്നണി, പാര്‍ട്ടിയുണ്ടാക്കല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മത്സരം എന്നിങ്ങനെ ചിലതെല്ലാം പ്ളാന്‍ ചെയ്തുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നത്. നടേശ കുടുംബമല്ലാതെ, ഈഴവരുടെ കാര്യത്തിന് നടത്തിയ സുപ്രധാനമായ ഡല്‍ഹിയാത്രയില്‍ എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റിനുപോലും ഇടമുണ്ടായില്ളെങ്കിലും, ഇക്കാര്യങ്ങളിലെല്ലാം ഇനി വെള്ളാപ്പള്ളിക്ക് താങ്ങും തണലുമായി നില്‍ക്കേണ്ടത് അവരെല്ലാമാണ്. ഇല്ളെങ്കില്‍ വെള്ളാപ്പള്ളി താങ്ങുമെന്ന ദുരനുഭവം ഇതിനകം തിരിച്ചറിഞ്ഞത് ചേര്‍ത്തലയിലെ യോഗക്കാര്‍ മാത്രമായിരിക്കില്ല. എസ്.എന്‍.ഡി.പിക്കൊപ്പം നില്‍ക്കുമ്പോള്‍പോലും സി.പി.എം ഇന്നാട്ടില്‍ ഉണ്ടാക്കാന്‍ പോകുന്ന വിപ്ളവത്തിന് പതിറ്റാണ്ടുകളായി കാതോര്‍ത്തവരാണ് ബഹുഭൂരിപക്ഷം വരുന്ന ഈഴവര്‍. നിരാശപ്പെട്ടുനില്‍ക്കുന്ന അക്കൂട്ടരില്‍നിന്ന് ബി.ജെ.പിക്കുള്ള പങ്ക് പകുത്തുനല്‍കുകയെന്ന ദൗത്യം ഏറ്റെടുത്ത് പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് വെള്ളാപ്പള്ളി കളിക്കും. സമുദായം ഒപ്പം കളിക്കുമോ എന്ന ചോദ്യത്തിനുള്ള ഒരുത്തരം, യോഗം പണ്ടുണ്ടാക്കിയ  എസ്.ആര്‍.പിയുടെ ദുര്യോഗമാണ്. നിരാശരായ സി.പി.എം അനുഭാവികളെ വെള്ളാപ്പള്ളി ആട്ടിത്തെളിച്ചു കൊണ്ടുപോകുന്നത് സി.പി.എം കണ്ടുനില്‍ക്കുമോ എന്ന ചോദ്യമാണ് രണ്ടാമത്തെ ഉത്തരം. വെള്ളാപ്പള്ളിയെ ഏറ്റെടുക്കാന്‍ ബി.ജെ.പിക്കാര്‍ എത്രപേരുണ്ടാവുമെന്ന സംശയം അന്യത്ര.
നെറ്റിയില്‍ കാവിക്കുറികൂടി തൊട്ടുകൊടുത്ത് വെള്ളാപ്പള്ളിയെ ഡല്‍ഹിയില്‍നിന്ന് കയറ്റിവിട്ടതിനു പിന്നാലെ, വാര്‍ത്താപ്രവചനശാസ്ത്ര പ്രകാരം, ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍െറ കണ്ണ് ചങ്ങനാശ്ശേരിയിലേക്ക് നീളുകയാണത്രേ. എങ്കിലും പ്രവീണ്‍ തൊഗാഡിയയെ വരെ കണിച്ചുകുളങ്ങരയില്‍ സ്വീകരിച്ചിരുത്തിയ വെള്ളാപ്പള്ളിയെപ്പോലെയല്ല സുകുമാരന്‍ നായരുടെ കാര്യം. അദ്ദേഹം എല്ലാം കണ്ടു വളര്‍ന്നതാണ് -എന്‍.ഡി.പിയുടെ ഗതി അടക്കം. മുമ്പൊരിക്കല്‍ കിടങ്ങുര്‍ ഗോപാലകൃഷ്ണപിള്ളയെന്നൊരു ജനറല്‍ സെക്രട്ടറി എന്‍.എസ്.എസിനുണ്ടായിരുന്നു. കെ. കരുണാകരന്‍ സൂത്രമുപദേശിച്ചു; ഇന്ദിര ഗാന്ധി ‘കിടങ്ങൂരാന’യെ സിംഗപ്പൂര്‍ ഹൈകമീഷണറാക്കി അയച്ചു. കൊട്ടും കുരവയുമായി എന്‍.എസ്.എസ് യാത്രയാക്കിയത് കണ്ടവരുണ്ട്.
തിരിച്ചുവന്നത് വെറും കുഴിയാന. രാഷ്ട്രീയക്കാരുടെ ഈ വേലത്തരങ്ങള്‍ ബോധ്യമുള്ളതുകൊണ്ട്, എന്‍.എസ്.എസ് ആസ്ഥാനത്തേക്കു പോലും സൂക്ഷ്മനിരീക്ഷണത്തിനു ശേഷമാണ് പ്രവേശം. നായരെപോലും എന്‍.എസ്.എസ് ആസ്ഥാനത്ത് വെറുതെ കയറി നിരങ്ങാന്‍ അനുവദിക്കില്ല. ഏറ്റവുമൊടുവിലത്തെ താരമെന്ന നിലയില്‍, ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍െറ നിര്‍ദിഷ്ട ചെയര്‍മാന്‍ സുരേഷ് ഗോപിക്ക് അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയും. അതുകൊണ്ടുപക്ഷേ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോട് ചാര്‍ച്ചവെക്കാന്‍ എന്‍.എസ്.എസ് നേതൃത്വത്തിന് ആഗ്രഹമില്ളെന്നു വരുന്നില്ല. പഴങ്കഥയാണെങ്കിലും, ഒട്ടകത്തിന് ഇടംകൊടുത്തയാളുടെ പഴയ കഥ ഓര്‍ക്കാതെയും വയ്യ.
യഥാര്‍ഥത്തില്‍, കഥയും അതുതന്നെ. കേരളത്തിലെ രണ്ടു പ്രബല ഹിന്ദു സമുദായങ്ങളെ കാവിയുടുപ്പിക്കാനുള്ള കരുവായി വെള്ളാപ്പള്ളിയേയും ഒരുവേള, സുകുമാരന്‍ നായരെയും പ്രയോജനപ്പെടുത്താനുള്ള സാധ്യതകളാണ് മോദി-അമിത് ഷാമാര്‍ ഒട്ടകരൂപത്തില്‍ അന്വേഷിക്കുന്നത്. ശിവഗിരിയും അമൃതപുരിയും വഴിയുള്ള ശ്രമങ്ങള്‍ നേരത്തേ തുടങ്ങിവെച്ചിട്ടുണ്ട്. കെ.പി.എം.എസ്, ധീവര സഭ, വി.എസ്.ഡി.പി തുടങ്ങി ഹൈന്ദവരിലെ പിന്നാക്ക സംഘടനകളെയും ചേര്‍ത്തുനിര്‍ത്താനുള്ള ചുവടുവെപ്പുകളുണ്ട്. പക്ഷേ, സി.പി.എമ്മിന് നല്ല വേരോട്ടമുള്ള ഈ സമുദായങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ആത്മീയതയെ മാത്രം കൂട്ടുപിടിച്ചാല്‍ പോരാ. രാഷ്ട്രീയക്കാരുടെ അടിയും തടയും അറിയുന്നവരെക്കൂടി ഇറക്കി കളിക്കണം. സി.പി.എമ്മിനും, തരംപോലെ കോണ്‍ഗ്രസിനുമെതിരെ നാക്കുളുക്കോ നാക്കുളുപ്പോ ഇല്ലാതെ അവര്‍ സംസാരിക്കണം. രണ്ടുകൂട്ടരും നയിക്കുന്ന മുന്നണികള്‍ പ്രബലമാണ്. അവര്‍ക്കെതിരെ ശുഷ്ക്കിച്ച ബി.ജെ.പിക്കാര്‍ സംസാരിക്കുന്നതിനേക്കാള്‍ മൂര്‍ച്ച സമുദായ നേതാക്കള്‍ക്കുണ്ടാവുമെന്ന് ബി.ജെ.പി കാണുന്നു. പരീക്ഷണത്തിന്‍െറ ഫലപ്രാപ്തിക്കൊത്ത് ഈ നേതാക്കളെ കൊള്ളുകയോ തള്ളുകയോ ചെയ്യാം.
പരീക്ഷണത്തിന്‍െറ ആഴവും പരപ്പും വിപുലമാണ്. യു.പിയിലും ബിഹാറിലും പിന്നാക്ക രാഷ്ട്രീയവും സവര്‍ണ ജാതീയതയും കൂട്ടിയിണക്കി പരീക്ഷിക്കുകയാണ് ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡിത്വത്തിന്‍െറ അകമ്പടിയോടെ രണ്ടിടത്തും അത് വിജയിച്ചു. പിന്നാക്ക നേതാവായ മായാവതിയും ബി.എസ്.പിയും യു.പിയുടെ മണ്ണില്‍ മുഖമടിച്ചു വീണു. ഒ.ബി.സി-പിന്നാക്ക അച്ചുതണ്ട് രൂപപ്പെടുത്തിയ ലാലുവിനെയും നിതീഷിനെയും ബി.ജെ.പി മറിച്ചിട്ടു. ഹിന്ദുവര്‍ഗീയത ഇളക്കിവിട്ട് ജാതിരാഷ്ട്രീയത്തെ കടത്തിവെട്ടുകയാണ് ബി.ജെ.പി ചെയ്തത്. ഹിന്ദുക്കളിലെ പലവിധ ജാതികളുടെ നേതാക്കള്‍ പിന്തള്ളപ്പെടുകയും വര്‍ഗീയചിന്തയില്‍ ഹിന്ദുവോട്ട് ബി.ജെ.പി ഒന്നിപ്പിക്കുകയും ചെയ്തു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമാണ് ലക്ഷ്യമെന്ന് മോദി-അമിത് ഷാമാരെ കണ്ടിറങ്ങിയ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞുവെക്കുന്നേടത്ത് ഈ ഉന്നം പതിയിരിക്കുന്നു.
സംസ്ഥാനത്തെ ഇരുമുന്നണികളുടെയും വിശ്വാസ്യത ചോര്‍ന്നുപോയത് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. യു.പിയിലും ബിഹാറിലുമെന്നപോലെ, ഹിന്ദുവര്‍ഗീയതകൊണ്ട് ജാതിസംഘടനകളെ ചേര്‍ത്തുനിര്‍ത്തുകയെന്ന പരീക്ഷണം അതിന്‍െറ അകമ്പടിയായേക്കാം.
വര്‍ഗീയ അജണ്ടക്ക് വളക്കൂറുള്ള മണ്ണാണെന്ന് നിലക്കലും കരുനെച്ചിയുമൊക്കെ തെളിയിച്ച നാട്ടില്‍, പുതിയ അസ്വസ്ഥതകള്‍ അതുവഴി ഉയര്‍ന്നുവന്നേക്കാം. ബിഹാറിലെയോ യു.പിയിലെയോ രാഷ്ട്രീയ സമവാക്യങ്ങളും ചിന്താധാരയുമല്ല കേരളത്തിലുള്ളതെന്ന യാഥാര്‍ഥ്യം ഇതിനെല്ലാമിടയില്‍ തെളിഞ്ഞുകിടപ്പുണ്ട്. എങ്കിലും, അപകടംപിടിച്ച പരീക്ഷണങ്ങള്‍ ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍െറയും ഇഷ്ടവിനോദമാണ്.

Show Full Article
TAGS:
Next Story