Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅറിയാതെപോകരുത്, ഈ...

അറിയാതെപോകരുത്, ഈ മരണനിലവിളി

text_fields
bookmark_border
അറിയാതെപോകരുത്, ഈ മരണനിലവിളി
cancel

വാഹനാപകടം മൂലം കേരളത്തില്‍ ശരാശരി 53ല്‍ ഒരാള്‍ മരണത്തിലേക്കോ അല്ളെങ്കില്‍ ഗുരുതരമായ പരിക്കിലേക്കോ ഓരോ ദിവസവും ചെന്നത്തെുന്നു. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 70ല്‍ ഒരാള്‍ എന്ന നിരക്കിലാണ്. കേരളത്തിലെ ആയിരം വാഹനങ്ങളില്‍ 15 എണ്ണം അപകടത്തില്‍ പെടാന്‍ സാധ്യതയുള്ളതും അതില്‍ ഒരാള്‍ മരണപ്പെടുകയും 18 ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു കണക്ക്. ഇന്ത്യയില്‍ ഒരു ചതുരശ്രകിലോമീറ്ററില്‍ 16 വാഹനങ്ങള്‍ മാത്രമാണുള്ളതെങ്കില്‍ കേരളത്തില്‍ 65.67 വാഹനങ്ങളുണ്ട്. ഇത് അപകടസാധ്യത കൂടുതലാവാനുള്ള കാരണമായി പറയാന്‍ പറ്റില്ല. നെതര്‍ലന്‍ഡ്സില്‍ ഒരു ചതുരശ്രകിലോമീറ്ററില്‍ 196.48, ജപ്പാനില്‍ 187.53, ബെല്‍ജിയത്തില്‍ 153.24 വാഹനങ്ങളാണുള്ളത്. എന്നിട്ടും അവിടങ്ങളുടെ അപകടനിരക്ക് കേരളത്തിലുള്ളതിനേക്കാള്‍  വളരെ കുറവാണ്.  സര്‍ക്കാറിന്‍െറ കൃത്യമായിട്ടുള്ള ശാസ്ത്രീയ ഗതാഗത പരിഷ്കരണം റോഡുകളില്‍ ചതഞ്ഞരയുന്ന നിരവധി ജീവനുകളെ രക്ഷിക്കാന്‍ കഴിയുമെന്ന കാര്യമാണ് ഈ രാജ്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.
എന്തുകൊണ്ട് കേരളം?
അശ്രദ്ധയും വേഗതയും  ട്രാഫിക് നിയമത്തിന്‍െറ അശാസ്ത്രീയമായ നടത്തിപ്പും പുന$ക്രമീകരണത്തിന്‍െറ പോരായ്മയും നിയന്ത്രിച്ചാല്‍ റോഡപകടം ഗണ്യമായി കുറക്കാമെന്ന് തെളിയിച്ച നമ്മുടെ ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. ഇദ്ദേഹം ട്രാഫിക് കമീഷണറായിരിക്കുമ്പോഴാണ് 112ല്‍നിന്നും അപകടനിരക്ക് 13 ആയി കുറച്ചത്. ശക്തമായ നിയമനടപടിയും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ റോഡപകട നിരക്ക് കുറക്കാന്‍ പറ്റുമെന്നതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണിത്. നിയമനടപടി ശക്തമാക്കുകവഴി അപകടനിരക്ക് കുറക്കാന്‍ കഴിയും. അമേരിക്ക, തായ്ലന്‍ഡ്, ഇറാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അനുഭവവും ഇതാണ് തെളിയിക്കുന്നത്.
വാഹനാപകടങ്ങളുടെ കാര്യത്തില്‍, അശാസ്ത്രീയമായ ഡിവൈഡറുകളുടെ വിന്യാസവും പൊലീസിന്‍െറ പോരായ്മയും നാം അധികം ചര്‍ച്ച ചെയ്തിട്ടില്ല. ഡിവൈഡര്‍ തുടങ്ങുന്ന സ്ഥലത്താണ് അപകടം കൂടുതലായും സംഭവിക്കുന്നത്. നാഷനല്‍ ഹൈവേയില്‍ ഡിവൈഡര്‍ ഫലപ്രദമായി വിന്യസിക്കുകയും ശാസ്ത്രീയമായി ഡിസൈന്‍ ചെയ്യുകയും ചെയ്യുക വഴി വാഹനങ്ങളുടെ ഓവര്‍ടേക്ക് കുറക്കാന്‍ കഴിയുന്നു. പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്കു മുമ്പെ പെട്ടെന്ന് ഒരു ഡിവൈഡര്‍ കാണുകയും ബ്രേക്കിടാന്‍ പറ്റാത്ത അവസ്ഥ സംജാതമാവുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു.  നടന്‍ ജഗതി ശ്രീകുമാറിന് അപകടം സംഭവിച്ചത് എങ്ങനെയെന്ന് ഓര്‍ക്കുക. ഇത്തരം ദുരന്തങ്ങള്‍ ബോധ്യപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. അപകടം വരുത്തുന്നത് ഡിവൈഡറല്ല, മറിച്ച് ഡിവൈഡറില്ലാത്ത സ്ഥലത്തുനിന്നും പാഞ്ഞുവരുന്ന വാഹനങ്ങള്‍ ഡിവൈഡറില്‍ ഇടിക്കുകയും മാരകമായ അപകടം സംഭവിക്കുകയും ചെയ്യുന്നു.
 റോഡപകടത്തില്‍ പരിക്കുപറ്റിയവരുമായി താരതമ്യം ചെയ്യുമ്പോള്‍ മരിക്കുന്നവരുടെ നിരക്ക് കൂടിവരുന്നതായിട്ടാണ് പഠനങ്ങള്‍ കാണിക്കുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതില്‍ നമ്മുടെ നിയമങ്ങള്‍ പരാജയപ്പെടുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
പലപ്പോഴും വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള  സ്പീഡ് ഗവേണര്‍ പരിശോധനാഘട്ടത്തില്‍ മാത്രം ഉപയോഗിക്കുകയും പിന്നീട് അവ ഒഴിവാക്കുകയും ചെയ്യുകയാണ് പതിവ്. ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്നതുകൊണ്ടാണ് വാഹന ഉടമകള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ ധൈര്യം നല്‍കുന്നത്. അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ കാര്യത്തില്‍ സ്വകാര്യബസുകളാണ് മുന്‍പന്തിയിലെന്ന വസ്തുതകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.   
2013ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 97.5 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് ഡ്രൈവറുടെ അശ്രദ്ധമൂലമാണ്. മൊത്തം 3720 അപകടങ്ങളില്‍ 97.35 ശതമാനവും ഡ്രൈവറുടെ അശ്രദ്ധയും പാകപ്പിഴവും 0.2 ശതമാനം കാല്‍നടക്കാരന്‍െറ അശ്രദ്ധയും 0.32 ശതമാനം മോട്ടോര്‍ വാഹനത്തിന്‍െറ പോരായ്മയും 0.5 ശതമാനം കാലാവസ്ഥയും ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കെ.എസ്.ആര്‍.ടി.സി ബസുകളുടെ അപകടനിരക്ക് വളരെ കൂടുതലായിട്ടാണ് കാണാന്‍ കഴിയുന്നത്. നിലവില്‍ ഡ്രൈവര്‍മാരെ സെലക്ട് ചെയ്യുന്നത് ലൈസന്‍സ് എന്ന മാനദണ്ഡവും എഴുത്തുപരീക്ഷയിലുള്ള ബുദ്ധിശക്തിയും നോക്കിയാണ്. ഒരു ഡ്രൈവര്‍ക്ക് ഇതല്ല ആവശ്യം. വാഹനം കൈകാര്യം ചെയ്യുന്നതിനുള്ള തഴക്കവും പഴക്കവും അവ സശ്രദ്ധം സൂക്ഷിച്ച് ഓട്ടുന്നതിനുള്ള ആത്മധൈര്യവും ഉണ്ടെങ്കില്‍ സ്ഥിരംനിയമനം നല്‍കാവുന്നതിനുള്ള സാധ്യത പരിശോധിക്കാവുന്നതാണ്. ബസുകളുടെ കൂട്ടയോട്ടം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും അന്വേഷിക്കേണ്ടതുണ്ട്.
വിദ്യാര്‍ഥികളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി അപകടനിരക്ക് കുറക്കാന്‍ നമുക്ക് കഴിയുമെങ്കിലും ആ രംഗത്തേക്ക് നമ്മുടെ ശ്രദ്ധ വന്നിട്ടില്ല. കോഴിക്കോട് തന്നെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളെ യൂനിഫോം ധരിപ്പിച്ച് ദേശീയപാതയുടെ രണ്ട് വശത്തും നിര്‍ത്തുകയും അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കോളജിന്‍െറ ഭാഗത്തുണ്ടാകുകയും ചെയ്യുന്നത് ആശാവഹമായ കാര്യമാണ്.

സ്വിറ്റ്സര്‍ലന്‍ഡ് നമ്മെ പഠിപ്പിക്കുന്നത്
സ്വിറ്റ്സര്‍ലന്‍ഡില്‍ വാഹനസാന്ദ്രത കൂടുതലും അപകടനിരക്ക് കുറവുമാണ്. കേരളത്തില്‍ 100 ചതുരശ്ര മീറ്ററില്‍  6170 വാഹനങ്ങള്‍ ഉണ്ട്. എന്നാല്‍, 7000ല്‍ കൂടുതല്‍ വാഹനങ്ങളുള്ള സ്വിറ്റ്സര്‍ലന്‍ഡില്‍ അപകടനിരക്ക് കുറച്ചത് അവിടെ വന്നിട്ടുള്ള സാങ്കേതിക പുരോഗതി റോഡ് വികസനത്തില്‍ ഉപയോഗിച്ചതും റോഡ് അപകടരഹിതമാക്കാന്‍ സഹായിച്ചതും ഇതിന് പ്രധാന കാരണമാണ്. റോഡിന്‍െറ ഇരുവശത്തുകൂടി സ്ഥാപിച്ചിട്ടുള്ള ആക്സിഡന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി രണ്ട് വാഹനങ്ങള്‍ അപകടമുണ്ടാവുന്ന രീതിയില്‍ സമീപിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ സിസ്റ്റം മുന്നറിയിപ്പ് നല്‍കുകയും അശ്രദ്ധയുള്ള ഡ്രൈവര്‍മാരെ നേര്‍വഴിക്ക് നയിക്കുകയും ചെയ്യുന്നു.
വ്യവസ്ഥാപിത മാറ്റം വഴി എല്‍.കെ.ജിയിലുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ യൂനിവേഴ്സിറ്റി തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വരെ റോഡ് സേഫ്റ്റി ഒരു പാഠ്യവിഷയമാക്കിയിട്ടുണ്ട്.  പ്രകൃതിസൗഹാര്‍ദ വാഹനമായി മോപഡ് 80 ശതമാനം ആളുകള്‍ ഉപയോഗിക്കുന്നു. ഇവയുടെ നിര്‍മാണത്തിലും ഉപയോഗത്തിലും സര്‍ക്കാറിന്‍െറ നിയന്ത്രണമുണ്ട്.  റോഡപകടങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള പരുക്കന്‍ ഡ്രൈവിങ്ങിന് സീറോ ടോളറന്‍സ് ആക്ട് പ്രകാരം പരമാവധി ശിക്ഷ നല്‍കുകയും ചെയ്യുന്നു.   2005 മുതല്‍ അപകടം വരുത്തുന്ന വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കുന്നതിനുള്ള അധികാരം ശക്തിപ്പെടുത്തുകയും ഡ്രൈവര്‍മാര്‍ക്ക് രണ്ടു ഘട്ടങ്ങളിലായി ട്രെയിനിങ് നല്‍കുന്ന സമ്പ്രദായവും കൊണ്ടുവന്നു.

 

(ലണ്ടന്‍ ആസ്ഥാനമായുള്ള പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ഓര്‍ഗനൈസേഷന്‍െറ ഗ്രീന്‍ ആപ്പ്ള്‍ പുരസ്കാര ജേതാവാണ് ലേഖകന്‍)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story