Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രസക്തം,...

പ്രസക്തം, ചിന്തോദ്ദീപകം

text_fields
bookmark_border
പ്രസക്തം, ചിന്തോദ്ദീപകം
cancel

എണ്ണമറ്റ ആശകളും സാമ്പത്തിക സൗഭാഗ്യമോഹങ്ങളുമായി ഗള്‍ഫ് നാടുകളിലത്തെുന്ന പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ചെന്നുപതിക്കുന്ന ചതിക്കുഴികളും വിശദമാക്കി പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയോട് ജീവിതത്തിന്‍െറ ഭിന്ന മണ്ഡലങ്ങളിലുള്ളവര്‍ പ്രതികരിക്കുന്നു. നേരിട്ടും തപാല്‍ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും ലഭിച്ച ചില പ്രധാന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചുവടെ...

പ്രവാസികള്‍ക്ക് ഇത് പാഠമാകണം

ടി.പി. സീതാറാം, ഇന്ത്യന്‍ അംബാസഡര്‍, യു.എ.ഇ
എം. ഫിറോസ്ഖാന്‍  തയാ റാക്കിയ ‘കണക്കുപിഴക്കുന്ന പ്രവാസം’ എന്ന പരമ്പര ശ്രദ്ധയോടെയും വലിയ താല്‍പര്യത്തോടെയുമാണ്  വായിച്ചു തീര്‍ത്തത്. സാമ്പത്തിക കാര്യങ്ങളില്‍ പ്രവാസികളായ സഹോദരന്മാര്‍ എടുക്കുന്ന നിര്‍ഭാഗ്യകരമായ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങളാണ് അതില്‍ വിവരിച്ചിരിക്കുന്നത് എന്നതുതന്നെയായിരുന്നു കാരണം. വ്യക്തിഗത സാമ്പത്തിക കാര്യങ്ങളിലും സ്വകാര്യ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍  നയിക്കുന്ന ചതിക്കുഴികളിലേക്ക് വായനക്കാരുടെ ശ്രദ്ധ കൊണ്ടുവന്നതിന് ലേഖകനെയും മാധ്യമത്തെയൂം അഭിനന്ദിക്കാതെ വയ്യ. ഈ പ്രശ്നത്തെക്കുറിച്ചും പരമ്പരയില്‍ വിശദീകരിച്ച  വ്യക്തിഗത അനുഭവങ്ങളെക്കുറിച്ചും ഇന്ത്യന്‍ എംബസിക്ക്  വ്യക്തമായ അറിവുള്ളതാണ്.

കടക്കാരനായി  പ്രവാസം തുടങ്ങുന്നവരുടെ സ്ഥിതി ലേഖനത്തില്‍ പരാമര്‍ശിച്ച പോലെ ബാങ്ക് വായ്പ, ക്രെഡിറ്റ് കാര്‍ഡുകളുടെ വിവേചനമില്ലാത്ത ഉപയോഗം, കൊള്ളപ്പലിശക്കാരെ ആശ്രയിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ മോശമാകുന്നു. ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ച  ‘ഇന്ത്യക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍’ എന്ന ചെറിയ പുസ്തകത്തില്‍ ‘സാമ്പത്തികമായി ചെയ്യാവുന്നതും പാടില്ലാത്തതും’, ‘കടവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍’ എന്നീ തലക്കെട്ടുകളില്‍ വിശദീകരിച്ച കാര്യങ്ങള്‍  പാലിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍പ്പെടുന്നത് ഒഴിവാക്കാം. ഇവ എംബസിയുടെ വെബ്സൈറ്റിലും ലഭ്യമാണ്. ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്‍റര്‍ എന്ന പേരില്‍ എംബസി ദിവസവും 24 മണിക്കൂറും ടോള്‍ ഫ്രീ നമ്പറില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈനും നടത്തുന്നുണ്ട്. വ്യക്തിഗത, സാമ്പത്തിക, നിയമ, തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും വിദഗ്ധ കൗണ്‍സലിങ്ങും മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ 80046342 എന്ന നമ്പറില്‍ ലഭ്യമാണ്.

ബോധപൂര്‍വമല്ലാതെ നിയമവിരുദ്ധമായ താമസത്തിന് ഇന്ത്യന്‍ പൗരന് പിഴ ശിക്ഷ ലഭിച്ചാല്‍ അത് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് അടക്കാന്‍ സംവിധാനമുണ്ട്. പരമാവധി 1000 ഡോളര്‍ വരെ ഇങ്ങനെ അടക്കാറുണ്ട്. തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് പണമൊടുക്കിയാല്‍ മോചനം സാധ്യമാണെങ്കില്‍ 2500 ഡോളര്‍ വരെ നല്‍കാനും വ്യവസഥയുണ്ട്. എന്നാല്‍, പ്രവാസികള്‍ സ്വന്തമായി വരുത്തിവെച്ച കടം വീട്ടാന്‍ എംബസിക്ക് സാധിക്കില്ല. അതേസമയം, സംസ്ഥാന സര്‍ക്കാറുകള്‍, സാമൂഹിക സംഘടനകള്‍, മാധ്യമങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബിസിനസുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് ഈ സുപ്രധാന വിഷയത്തില്‍ നയതന്ത്ര തലത്തില്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസി തയാറാണ്.
എംബസി ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും മാധ്യമങ്ങളൂടെ സഹായത്തോടെ മാത്രമേ ഇതെല്ലാം ജനങ്ങളിലത്തെിക്കാന്‍ സാധിക്കൂ.  ‘കണക്കുപിഴക്കുന്ന പ്രവാസം’  വലിയ വിഭാഗം ജനങ്ങളില്‍ ഈ സന്ദേശം എത്തിക്കാന്‍  സഹായിക്കുക തന്നെ ചെയ്യും.
വരാനിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
പ്രവാസികള്‍ക്ക് വളരെ ഉപകാരപ്രദമായ പരമ്പര. പ്രവാസം തുടങ്ങുന്നവര്‍ക്കാണെങ്കില്‍ അന്യനാട്ടില്‍ വരുംനാളുകളില്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ചതിക്കുഴികളെപ്പറ്റിയുള്ള നല്ളൊരു മുന്നറിയിപ്പുകൂടിയാണത്. ബാങ്ക് വായ്പയായാലും ക്രെഡിറ്റ് കാര്‍ഡായാലും ബ്ളേഡ് കമ്പനിയായാലും പണംകിട്ടുമെങ്കില്‍ അത് വരുത്തിവെക്കുന്ന ബാധ്യതകളെപ്പറ്റിയൊന്നും ഓര്‍ക്കാതെ താല്‍ക്കാലിക നേട്ടംമാത്രം മുന്നില്‍ കണ്ട് പ്രശ്നങ്ങളിലേക്കെടുത്ത് ചാടുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് മലയാളികള്‍. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ആത്മഹത്യചെയ്യുന്നവരുടെയും കടക്കെണിയില്‍ കുരുങ്ങി നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവരുടെയും എണ്ണം ഗള്‍ഫ് നാടുകളില്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പരമ്പരയുടെ പ്രസക്തിയേറെയാണ്. പൊങ്ങച്ചവും  സാമ്പത്തിക ആസൂത്രണമില്ലായ്മയും മുതല്‍ അപ്രതീക്ഷിത രോഗങ്ങളുംവരെ കാരണമായി തീരുന്നവര്‍ക്ക്  ഇത്തരത്തിലുള്ള കെണിയില്‍ ചെന്ന് പെടാതിരിക്കുവാനും ഈ പരമ്പര പ്രയോജനപ്പെടും എന്നകാര്യം തീര്‍ച്ചയാണ്.

സ്വന്തം നിലയും അവസ്ഥയും അനുസരിച്ച് ജീവിക്കാത്തവര്‍ക്കാണ് ഇത്തരം ഗതികേടുകള്‍ വരുന്നതെന്ന്  ഉദാഹരണ സഹിതം വിശദമാക്കുമ്പോള്‍ അതുള്‍കൊള്ളാന്‍ വായനക്കാര്‍ക്ക് എളുപ്പം. ആലോചനയില്ലായ്മ, അനുകരണഭ്രമം, അമിതവ്യയം തുടങ്ങിയവയാണ് മിക്ക പ്രവാസി കുടുംബങ്ങളുടെയും മുഖമുദ്ര. കിട്ടുന്നതിലും കൂടുതല്‍ ചെലവഴിക്കരുതെന്ന ലളിത തത്ത്വം തങ്ങള്‍ക്ക്  ബാധകമല്ളെന്നും അവര്‍  കരുതുന്നു. ആപത്ത് സംഭവിക്കുമ്പോള്‍മാത്രം വീണ്ടുവിചാരം വരുന്ന സാദാ മലയാളികളും അവരുടെ കുടുംബങ്ങളും  ലേഖനത്തില്‍ പറഞ്ഞകാര്യങ്ങള്‍ ഗൗരവത്തിലെടുക്കുമെന്ന് കരുതുന്നു.   ഗള്‍ഫിലെ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താതെ നാട്ടിലേക്കാള്‍ വലിയ കടക്കാരനായിമാറി ജീവിതം തുലക്കുന്ന പലരെയും ഇരുത്തി ചിന്തിപ്പിക്കാന്‍ ഉതകുന്ന ലേഖന പരമ്പരക്ക് അഭിനന്ദനങ്ങള്‍.
ടി.പി. സുധീഷ്, ദുബൈ
പ്രവാസജീവിതത്തിന്‍െറ നേരുകള്‍
അബൂദബി മദീന സായിദ് ഷോപ്പിങ് കോംപ്ളക്സില്‍നിന്ന് ഇറങ്ങുമ്പോഴാണ് കൈയില്‍ ബാഗുമായി ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നത്. ഒരു കടലാസ് നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. ‘ഫ്രീ ക്രെഡിറ്റ് കാര്‍ഡാണ്. ഈ അപേക്ഷ പൂരിപ്പിച്ചുതരൂ സാര്‍’. ‘ഗ്യാരന്‍റിയായി ബ്ളാങ്ക് ചെക് വേണ്ടേ’? എന്‍െറ ചോദ്യം. ‘അത് ഞങ്ങള്‍തന്നെ ഇഷ്യു ചെയ്തുതരുന്ന വെറും ഡമ്മി ചെക്കാണ് പേടിക്കാനില്ല സാര്‍’. അയാളുടെ മറുപടി.
‘അതില്ലാതെ ക്രെഡിറ്റ്  കാര്‍ഡ് തരുമോ’?
‘ബാങ്ക് അനുവദിക്കില്ല സാര്‍’.
‘നിങ്ങള്‍ പറയുന്ന ഡമ്മി ചെക് മൂലം  അഴിയെണ്ണുന്നവര്‍ ഏറെയാണ്’ എന്ന് പറഞ്ഞു അയാളെ ഒഴിവാക്കി. യഥാര്‍ഥ ചെക്കല്ല എന്ന രൂപേണ അവതരിപ്പിക്കപ്പെടുന്ന ‘ഡമ്മി ചെക്’ ഒരു അടവ് തെറ്റിയാല്‍ കരിനാഗമായി മാറുന്നത് കാണാം.
‘കണക്ക് പിഴക്കുന്ന പ്രവാസം’ പരമ്പര വായിച്ചപ്പോഴാണ് ഈ സംഭവം ഓര്‍മ വന്നത്. പ്രവാസലോകത്തെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളാണ്  പരമ്പര വായനക്കാരുമായി പങ്കുവെച്ചത്. പരമ്പരയും തുടര്‍ന്ന് വന്ന എഡിറ്റോറിയലും സമൂഹത്തിന്‍െറ കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.  
ശക്തമായ ബോധവത്കരണവും കൂട്ടായശ്രമവും കൊണ്ട് മാത്രമേ ഒരുപരിധിവരെയെങ്കിലും ഇത് പരിഹരിക്കാനാവൂ.  പ്രവാസി സംഘടനകള്‍ ഈ വിഷയത്തില്‍ എത്ര പ്രവര്‍ത്തിച്ചാലും അമിതമാവില്ല. എംബസി, കോണ്‍സുലറ്റ്, നോര്‍ക്ക തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ കൈകാര്യംചെയ്യേണ്ട പ്രശ്നം. പ്രവാസലോകത്തെ  മലയാള റേഡിയോ ചാനലുകളും പത്രങ്ങളും പ്രധാന പ്രശ്നമായി ഇത് ചര്‍ച്ചചെയ്യണം.

നിര്‍ണായക സമയത്ത് തന്നെയാണ് പരമ്പര പ്രസിദ്ധീകരിച്ചത്. കാരണം പുതുവര്‍ഷത്തില്‍ പ്രതീക്ഷകളേക്കാള്‍ ആശങ്കകളാണ് പ്രവാസികളെ കാത്തിരിക്കുന്നത്. എണ്ണവിലയിലെ കനത്ത ഇടിവുമൂലം 2016 സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളാണെന്ന് വിദഗ്ധര്‍ വിധിയെഴുതിക്കഴിഞ്ഞു. ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍പോലും വര്‍ഷാവസാനം മാത്രമേ കാര്യങ്ങള്‍ അല്‍പം  മെച്ചപ്പെടൂ എന്ന് നിരീക്ഷിക്കുന്നു.  ജോലിയില്‍നിന്ന് പിരിച്ചുവിടല്‍ പ്രക്രിയക്ക് അടുത്തവര്‍ഷം ആക്കംകൂടും. സാമ്പത്തിക ബാധ്യതകള്‍ താങ്ങാനാവാതെ കച്ചവടക്കാരില്‍ പലരും ഒളിച്ചോടിക്കൊണ്ടിരിക്കുന്നു. ബിസിനസുകാരനായ എന്‍െറ അയല്‍വാസി പറഞ്ഞത് അവരുമായി ഇടപാട് നടത്തുന്ന 38 കമ്പനിയുടമകള്‍ ഈയിടെ ‘മുങ്ങി’ എന്നാണ്.  ലേഖനത്തില്‍ പറയുന്ന ‘debt collectors’ന്‍െറ വിക്രിയകള്‍ക്ക് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഇനത്തില്‍ മകന്‍ അടക്കേണ്ട ചെറിയൊരു സംഖ്യ തിരിച്ചുപിടിക്കാന്‍ ഇവര്‍ എന്‍െറ അടുത്ത ബന്ധുവിന്‍െറ വീട്ടില്‍വന്നു.

70 കഴിഞ്ഞ പിതാവും 60 കഴിഞ്ഞ മാതാവും മാത്രമുള്ള വീട്ടിലത്തെി ഭീഷണിസ്വരത്തില്‍ സംസാരം.  മാതാപിതാക്കള്‍ മകന്‍െറ കടം വീട്ടി ക്കൊള്ളണം.  അല്ളെങ്കില്‍ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്ന പ്രായം മാനിക്കാതെയുള്ള  ഭീഷണി. മാതാവ് അല്‍പം ധൈര്യമുള്ളത് കൊണ്ട് കുലുങ്ങിയില്ല. ‘കടം വാങ്ങിയവനോട് ചോദിക്കലാണ് ചുണ. മേലില്‍ ഈ വീട്ടില്‍ കയറരുത്’ എന്ന് പറഞ്ഞ് അവരെ ഇറക്കിവിട്ടു. നമ്മെ പ്രവാസഭൂമിയില്‍ തളച്ചിടുന്നതില്‍ നാട്ടിലെ സാഹചര്യങ്ങള്‍ക്കും പങ്കുണ്ട്. പ്രവാസജീവിതം അവസാനിപ്പിച്ച് എത്രയുംപെട്ടെന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. പക്ഷെ, കേരളത്തില്‍ സ്ഥിരമായ വരുമാന മാര്‍ഗം കരുപ്പിടിപ്പിക്കുക ദുഷ്കരംതന്നെ. മണി മന്ദിരങ്ങള്‍ പണിയാന്‍ അമിതാവേശം കാണിച്ച പ്രവാസികള്‍  ഗള്‍ഫ് ജീവിതത്തെക്കുറിച്ച് വസ്തുതാപരമല്ലാത്ത ഒരു ചിത്രമാണ് കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തത്.  
ഡോ. വി.എം. മുനീര്‍, അബൂദബി
പ്രവാസിചൂഷണം അവസാനിപ്പിക്കുക
സ്വന്തം നാടിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച്  കഷ്ടപ്പെടുന്നവനാണ് പ്രവാസി. നാടിന്‍െറ വികസനത്തില്‍ ഓരോ പ്രവാസിയുടെയും വിയര്‍പ്പിന്‍െറ മണമുണ്ടാകും. എന്നാല്‍, എവിടെയും  അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂ , വിമാനക്കമ്പനികള്‍ ചെയ്യുന്ന ചൂഷണമാണ് അതില്‍ കഠിനം. ഇപ്പോള്‍ നാട്ടിലേക്ക് പോകണമെങ്കില്‍ മുമ്പുള്ളതിനെക്കാള്‍  മൂന്നും നാലും മടങ്ങ് അധികമാണ് ഓരോ വിമാനക്കമ്പനികളും പാവങ്ങളില്‍നിന്ന് സീസണിന്‍െറ പേരുപറഞ്ഞ് പിഴിയുന്നത്. കുടുംബവുമായി താമസിക്കുന്ന ഒരാള്‍ക്ക് സീസണായാല്‍ എമര്‍ജന്‍സി ആയി നാട്ടിലേക്ക് പോകണമെങ്കില്‍ ലക്ഷങ്ങള്‍തന്നെ ചെലവാക്കണം.  വിമാനക്കമ്പനികളുടെ  തീവെട്ടിക്കൊള്ളക്ക് തടയിടാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഹബീബ് മാങ്കോട്, അല്‍ കോബാര്‍
കാലികപ്രസക്തം
പരമ്പര തികച്ചും കാലിക പ്രസക്തമാണ്. കാലങ്ങളായി ഗള്‍ഫ് ജീവിതത്തിന്‍െറ മറച്ചുപിടിക്കപ്പെട്ട ജീവിത പരിസരമാണ് ഇതുവഴി തുറക്കപ്പെടുന്നത്. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളില്‍ ഭൂരിഭാഗവും പ്രവാസിയുടെ വ്യക്തിപരമായ പ്രശ്നമായിട്ടാണ് തോന്നുക. എന്നാല്‍, നാട്ടിലെ കുടുംബജീവിത പശ്ചാത്തലവുമായി ഈ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. പരമ്പര പരാമര്‍ശിച്ചതുപോലെ വീടുനിര്‍മാണം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ കുടുംബത്തിന്‍െറ അമിതമായ സമ്മര്‍ദത്തിലുമാണ് ആഡംബരമായി തീരുന്നത്. എന്നാല്‍, ഇതിന്‍െറ നൂറുശതമാനം സാമ്പത്തിക ഉത്തരവാദിത്തവും ഗള്‍ഫുകാരനില്‍ വന്നുചേരുന്നു. ഇതാണ് ദുരിത ജീവിതത്തിലേക്ക് പ്രവാസികളെ തള്ളി വിടുന്നത്. എല്ലാ ഗള്‍ഫുകാരനും ധനികരാണെന്ന കേരളത്തിന്‍െറ പൊതുധാരണയെ മാറ്റിയെടുക്കാന്‍ ഈ ലേഖനപരമ്പരക്ക് കഴിഞ്ഞിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. അതിലുപരി കേരളത്തിന്‍െറ സാമൂഹിക രാഷ്ട്രീയ ചര്‍ച്ചകളിലൊക്കെ ഗള്‍ഫുകാരന്‍െറ ദൈനംദിന ജീവിതത്തിനും ഇടം കിട്ടേണ്ടിയിരിക്കുന്നു.
ഇ.കെ. ദിനേശന്‍
ഫേസ്ബുക് പ്രതികരണങ്ങള്‍
ഉണര്‍ത്തുപാട്ട്

ഒന്നും രണ്ടുമല്ല അഞ്ചും ആറും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ എനിക്കറിയാം. പണം കിട്ടുമ്പോള്‍ ഒരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുകയും കുടുങ്ങുമ്പോള്‍ ബന്ധുക്കളെയും അവരുടെ ആര്‍ഭാടജീവിതത്തെയും പലരും കുറ്റം പറയുന്നത് കാണാം. പക്ഷേ അതിനൊക്കെ കാരണം നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസിയുടെ നിയന്ത്രണമില്ലായ്മതന്നെ അല്ളേ. കിട്ടുന്ന ശമ്പളം എത്ര, അത് എത്ര ഇവിടെ ചെലവിനു വേണം ബാക്കി എത്ര ഉണ്ടാവും എന്നൊക്കെ പറഞ്ഞു ഒരു ധാരണ നാട്ടിലുള്ളവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നത് നല്ലതായിരിക്കും. അതുപോലെ   പ്രവാസികള്‍ നാട്ടില്‍ പോയാല്‍ കാട്ടുന്ന പൊങ്ങച്ചവും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാണ്. നൂറു കിട്ടിയാല്‍ ആയിരം ചെലവാക്കാനുള്ള ത്വര നമ്മള്‍  മാറ്റിയെടുക്കണം.  ഈ പരമ്പര ഒരു ഉണര്‍ത്തു പാട്ട് ആവട്ടെ എല്ലാ പ്രവാസിക്കും.
സെയ്ദ് താഹ ബഹസ്സന്‍, ദുബൈ
നല്ല പരമ്പര. സ്വയം കുഴി തോണ്ടുന്നവരും അറിയാതെ പെട്ടുപോകുന്നവരും പാവങ്ങളെ കുരുക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ വേറെയും.
ജെ.പി.കെ തിക്കോടി, ബഹ്റൈന്‍
പുനശ്ചിന്ത വേണം
ഒരു പരിധിവരെ ഇതിനൊക്കെ നാട്ടിലുള്ള ബന്ധു ജനങ്ങളും കാരണക്കാര്‍ അല്ളേ. ഗള്‍ഫില്‍ വന്നാല്‍ പിന്നെ ഗള്‍ഫുകാരന്‍െറ ബന്ധുക്കളായി ആര്‍ഭാട ജീവിതം നയിക്കാന്‍. ആ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ പല കുഴിയിലും ചാടിപ്പോകുന്ന പ്രവാസികളും ഒരുപാട് ഉണ്ട്. ധൂര്‍ത്തടിച്ച് ജീവിക്കുന്നവരും കുറവല്ല. പലര്‍ക്കും ഒരു പുനര്‍ ചിന്ത ഉണ്ടാവാന്‍ ഈ എഴുത്ത് ഉപകാരപ്പെടും എന്ന് കരുതുന്നു.
നബീല്‍ അബ്ദുല്‍, ദുബൈ
വളരെ നന്നായി എഴുതി. പ്രവാസ ജീവിതത്തിലെ പ്രാധാന്യമേറിയ ചില കാര്യങ്ങള്‍ ലളിതമായി അവതരിപ്പിച്ചു. സാമ്പത്തികമായി കടക്കെണിയിലമരുന്ന മലയാളി പ്രവാസികള്‍ക്ക് ദിശാബോധം നല്‍കുന്ന  പരമ്പര. അഭിനന്ദനങ്ങള്‍.
മുഹമ്മദ് എം.സി, ദുബൈ
പ്രവാസികള്‍ക്ക് വളരെ ഉപകാരപ്രദമായ പരമ്പര. സാമൂഹിക, ജീവകാരുണ്യ , പ്രവാസി സംഘടനകള്‍ പലിശരഹിത വായ്പാ സംരംഭങ്ങള്‍ അവരുടെ അജണ്ടകളില്‍ പ്രാമുഖ്യം നല്‍കേണ്ടതുണ്ട്
മുനീര്‍ തുരുത്തി, കുവൈത്ത്
ഓരോ പ്രവാസിയുടെയും മനസ്സ് തൊട്ടറിഞ്ഞ പരമ്പര. എത്ര പറഞ്ഞാലും മനസ്സിലാവാത്ത പ്രവാസികള്‍ ഉള്ളിടത്തോളം ഈ കഥകള്‍ തുടരുന്നു.
റിഹാബ് തൊണ്ടിയില്‍, കുവൈത്ത്
കണക്കുപിഴക്കാതെ
പ്രവാസലോകത്തെ ഏറ്റവും പുതിയ സ്പന്ദനങ്ങളുടെ കണ്ണാടിയായി മാറിയ ഒരു ഫീച്ചര്‍. ഒപ്പം, പരമ്പരക്കായി പതിവു പോലെ സംഭവിക്കുന്ന ‘തിരക്കു കൂട്ടലുകള്‍’ ഇതില്‍ കണ്ടില്ല. എല്ലാം പേരുപോലെ തന്നെ, ‘കണക്ക് പിഴക്കാതെ’ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.
എല്‍വിസ് ചുമ്മാര്‍, ദുബൈ
തെറ്റുകള്‍ ആവര്‍ത്തിക്കരുത്
പരമ്പര ഓരോ പ്രവാസിയും അവരുടെ വീട്ടുകാരും ഇത് വായിച്ചിരിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് പുതിയ ജനറേഷന്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് പറ്റിയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനെങ്കിലും സഹായിക്കും
ശിഹാബുദ്ധീന്‍ എസ്.പി.എച്ച്, ഖത്തര്‍
പരമ്പര വായിച്ചു. പ്രവാസിയുടെ പൊങ്ങച്ചം വായിച്ചപ്പോള്‍ ചിരിയാണു വന്നത്. നാളേക്ക് നീക്കിവെപ്പിനോട് യോജിപ്പില്ല. പ്രത്യേകിച്ചും ന്യൂ ജനറേഷന്‍ മക്കള്‍ക്ക് വേണ്ടി. ഇന്ന് സമ്പാദിച്ചത് എല്ലാവരും കൂടി ആസ്വദിക്കുക.
ഫസര്‍ ഫസറുദ്ദീന്‍, പയ്യന്നൂര്‍
അനുമോദനങ്ങള്‍
പ്രവാസികളുടെ കണ്ണുതുറപ്പിക്കേണ്ട പരമ്പരയായിരുന്നു ‘കണക്കുപിഴക്കുന്ന പ്രവാസം’. നിരവധി പാഠങ്ങളും മുന്നറിയിപ്പുകളും വിലയേറിയ വിവരങ്ങളും അതിലടങ്ങിയിട്ടുണ്ടായിരുന്നു. ഇതാണ് യഥാര്‍ഥ പത്രപ്രവര്‍ത്തനം. ലേഖകനും മാധ്യമത്തിനും അഭിനന്ദനങ്ങള്‍
മഷൂദ് അബ്ദുല്‍ മജീദ്, ദുബൈ
ജീവിതം തുലക്കുന്നവര്‍
ജീവിതം പച്ചപിടിപ്പിക്കാനാണ് പലരും നാടുവിട്ട് ഗള്‍ഫിലത്തെുന്നത്. എന്നാല്‍, ഇവിടത്തെ അനുകൂലസാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടിലുള്ളതിനെക്കാള്‍ വലിയ കടക്കാരനായി മാറി ജീവിതം തുലക്കുന്നു പലരും !
അബു, ദുബൈ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paravasam
Next Story