Begin typing your search above and press return to search.
exit_to_app
exit_to_app
ആർ ശങ്കർ?
cancel

നയം വ്യക്തമാക്കാന്‍ ശ്രീനാരായണ ഗുരു രണ്ട് പ്രതിഷ്ഠകള്‍ നടത്തിയിട്ടുണ്ട്. അരുവിപ്പുറത്താണ് ആദ്യത്തേത്. 1888ലെ മഹാശിവരാത്രി ദിവസം നെയ്യാറിലെ ശങ്കരന്‍കുഴിയില്‍നിന്ന് മുങ്ങിയെടുത്ത, പ്രകൃത്യാ ശിവലിംഗാകൃതിയിലുള്ള ശില പ്രതിഷ്ഠിച്ചപ്പോള്‍ ബ്രാഹ്മണര്‍ ചോദ്യംചെയ്യാന്‍ എത്തി. ‘ബ്രാഹ്മണര്‍ അല്ലാത്തവര്‍ക്ക് ശിവപ്രതിഷ്ഠാ കര്‍മത്തിന് അധികാരമുണ്ടോ’ എന്നായിരുന്നു ചോദ്യം. ‘നാം നമ്മുടെ ശിവനെയാണല്ളോ പ്രതിഷ്ഠിച്ചത്’ എന്ന് ഉത്തരം. ചേര്‍ത്തല കളവങ്കോട് ശ്രീശക്തീശ്വരം ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠയാണ് രണ്ടാമത്. താന്‍ പ്രതിഷ്ഠിച്ച പ്രതിഷ്ഠയില്‍ നോക്കിയാല്‍ തന്‍െറ പ്രതിബിംബം കാണാം.

ആ യുക്തിയനുസരിച്ച് വെള്ളാപ്പള്ളി നടേശന്‍ രണ്ടു പ്രതിഷ്ഠകള്‍ നടത്തിക്കഴിഞ്ഞു. 2003 മേയ് 18നായിരുന്നു ആദ്യത്തേത്. പത്രാധിപര്‍ കെ. സുകുമാരന്‍െറ വിഗ്രഹമാണ് അന്ന് പ്രതിഷ്ഠിച്ചത്. നാരായണഗുരു ചെയ്തതുപോലെ സ്വയമേവ ആ കര്‍മം നടത്തുകയല്ല നടേശന്‍ ചെയ്തത്. പ്രതിഷ്ഠക്ക് അധികാരമുള്ള ആളെ കൊണ്ടുവന്ന് അത് നടത്തിക്കുകയായിരുന്നു. അന്ന് ഉപപ്രധാനമന്ത്രി ആയിരുന്ന എല്‍.കെ. അദ്വാനിയാണ് സുകുമാര വിഗ്രഹം അനാച്ഛാദനം ചെയ്തത്. രണ്ടാമത്തേതാണ് ഇപ്പോള്‍ ആര്‍. ശങ്കറിന്‍െറ വിഗ്രഹം. അത് 2015 ഡിസംബര്‍ 15ന് പ്രതിഷ്ഠിച്ചു. ആ കര്‍മം നിര്‍വഹിച്ചത് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ്. ഈഴവസമുദായ ചരിത്രത്തില്‍ കെ. സുകുമാരനും എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പ്രയാണത്തില്‍ ആര്‍. ശങ്കറിനുമുള്ള സ്ഥാനങ്ങള്‍ എന്തെന്ന് നോക്കിയല്ല നടേശഗുരു ഈ പ്രതിഷ്ഠകള്‍ നടത്തിച്ചത്.

ഉല്‍പതിഷ്ണുക്കള്‍ക്ക് കെ. സുകുമാരന്‍ ബി.എ ഉല്‍പതിഷ്ണുവായിരിക്കാം. കോണ്‍ഗ്രസുകാര്‍ക്ക് ആര്‍. ശങ്കര്‍ കോണ്‍ഗ്രസുകാരനായിരിക്കാം. എന്നാല്‍, നടേശന്‍ നടേശന്‍െറ ശങ്കറിനെയാണ് പ്രതിഷ്ഠിച്ചത് എന്ന് ഓര്‍ക്കണം. അതുകൊണ്ടാണല്ളോ ഉത്സവസമാനമായ അനാച്ഛാദനചടങ്ങില്‍ നിന്ന് ശങ്കറിന്‍െറ കുടുംബം വിട്ടുനിന്നത്, ശങ്കറിന്‍െറ പാര്‍ട്ടിക്കാരോട് പ്രതിഷ്ഠാ ചടങ്ങിലേക്ക് വരേണ്ടതില്ലാ എന്ന് ആദ്യമേ നിര്‍ദേശിച്ചതും. ശങ്കര്‍ കെ.പി.സി.സി പ്രസിഡന്‍റും മുഖ്യമന്ത്രിയും ആയിരുന്ന സ്ഥിതിക്ക് കോണ്‍ഗ്രസുകാരനായ ഒരു മുഖ്യമന്ത്രി ആ ചടങ്ങില്‍ പ്രസംഗിച്ചാല്‍ ശങ്കറിന്‍െറ  കോണ്‍ഗ്രസ് ജീവിതമാണല്ളോ അനാവരണം ചെയ്യുക.  കോണ്‍ഗ്രസുകാരനായിരുന്ന ശങ്കറിനെ കുറിച്ചുള്ള ഓര്‍മ ഇല്ലാതാക്കിയാലല്ളേ നടേശനും അദ്ദേഹത്തിന്‍െറ പുതിയ യജമാനന്മാരായ ബി.ജെ.പിക്കാര്‍ക്കും ഹിന്ദുരാഷ്ട്രീയക്കാരനായ ശങ്കറിനെ പ്രതിഷ്ഠിക്കാനാകൂ. അതിനാണ് നടേശന്‍ യത്നിച്ചത്.

അത് വിജയിച്ചുവെന്ന പ്രതീതി പൂര്‍ണമാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ്. ശങ്കര്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ പ്രയോക്താവായിരുന്നുവെന്ന് മോദി പ്രസംഗിച്ചു സ്ഥാപിച്ചു. അതിന് അദ്ദേഹം മൂന്ന്  തെളിവുകള്‍ ഹാജരാക്കി. ഒന്ന്, മന്നത്ത് പത്മനാഭനോട് ഒപ്പം ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലത്തിന് രൂപംനല്‍കി. രണ്ട്, കൊല്ലത്ത് ചേര്‍ന്ന ഹിന്ദുമഹാമണ്ഡലം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജനസംഘത്തിന്‍െറ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയെ ക്ഷണിച്ചിരുന്നു; പക്ഷേ, മുഖര്‍ജിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. മൂന്ന്, അതിനുശേഷം കാണ്‍പൂരില്‍ ചേര്‍ന്ന ജനസംഘം സമ്മേളനത്തില്‍ ആര്‍. ശങ്കര്‍ പങ്കെടുത്തിരുന്നു. ഈ മൂന്നു തെളിവുകള്‍ നിരത്തിയശേഷം ‘അന്നത്തെ ജനസംഘംതന്നെയാണ് ഇന്നത്തെ ബി.ജെ.പി’ എന്നും നരേന്ദ്ര മോദി  പ്രഖ്യാപിച്ചു. സംഗതി വ്യക്തമായല്ളോ. ആയതിനാല്‍ നാം നമ്മുടെ ശങ്കറിനെയാണ് പ്രതിഷ്ഠിച്ചത്.

വാസ്തവത്തിൽ ശങ്കറിനെക്കാൾ നല്ല ഹിന്ദു നേതാവ് മന്നത്ത് പത്മനാഭനായിരുന്നു. ആർ.എസ്.എസ് ഗണവേഷത്തിെൻറ ഭാഗമായ തൊപ്പിയണിഞ്ഞ ചിത്രം പോലും അദ്ദേഹത്തിേൻറതുണ്ട്. ഹിന്ദു നേതാവായി അറിയപ്പെടാൻ അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നു. എന്നിട്ടും മന്നത്തെവിട്ട് ശങ്കറിനെ ഹിന്ദു വിഗ്രഹമാക്കുന്നത് കഷ്ടമല്ലേ

അങ്ങനെയെങ്കില്‍, കൊട്ടാരക്കര പാങ്ങോട്ട് തോണ്ടലില്‍ വീട്ടില്‍ കണ്ണന്‍ രാമന്‍ മകന്‍ ശങ്കരന്‍ കേരള രാഷ്ട്രീയത്തില്‍ ആരായിരുന്നു എന്ന് അന്വേഷിച്ചറിയുകതന്നെ വേണമല്ളോ. 1937-38 കാലത്ത് തിരുവനന്തപുരത്ത്  അഭിഭാഷകനായിരിക്കെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ശങ്കര്‍ രാഷ്ട്രീയത്തില്‍ വരുന്നത്. നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടരുത് എന്ന് കോണ്‍ഗ്രസിന്‍െറ ദേശീയനേതൃത്വം തീരുമാനിച്ചതിനാല്‍ തിരുവിതാംകൂറിലെ കോണ്‍ഗ്രസുകാര്‍ രൂപവത്കരിച്ചതാണ് സ്റ്റേറ്റ് കോണ്‍ഗ്രസ്. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രക്ഷോഭം ശക്തമായിരിക്കെ മുതിര്‍ന്ന നേതാക്കളെല്ലാം അറസ്റ്റുചെയ്യപ്പെട്ടു. അതിനാല്‍, 1938 ഡിസംബര്‍ 24 മുതല്‍ അഞ്ചുമാസം പ്രസ്ഥാനത്തെ നയിച്ചത് ഒരു കര്‍മസമിതിയാണ്. ആര്‍. ശങ്കറായിരുന്നു അതിന്‍െറ അധ്യക്ഷന്‍. അന്ന് 29 വയസ്സാണ്. അതിനുശേഷം രാഷ്ട്രീയത്തിലും സമുദായപ്രവര്‍ത്തനത്തിലും തന്നെയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ ഖജാന്‍ജിയായി, എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ജനറല്‍ സെക്രട്ടറിയായി, കെ.പി.സി.സി പ്രസിഡന്‍റായി, മുഖ്യമന്ത്രിയായി. ഇതിനിടയിലാണ് മന്നത്തോടൊപ്പം ഹിന്ദുരാഷ്ട്രീയം പരീക്ഷിക്കാനിറങ്ങിയതും കൈ പൊള്ളി പിന്മാറിയതും. ഹിന്ദു മഹാമണ്ഡലം യഥാര്‍ഥത്തില്‍ ആര്‍. ശങ്കറിന്‍െറ ഏറ്റവും വലിയ രാഷ്ട്രീയ പരാജയമായിരുന്നു.

1939 ആഗസ്റ്റ് ഏഴിന് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പുനസ്സംഘടിപ്പിച്ചപ്പോള്‍ ശങ്കര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമായും ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂറിലെ പ്രത്യേക സാഹചര്യത്തില്‍ ജാതി-മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന രീതിയും സ്റ്റേറ്റ് കോണ്‍ഗ്രസും എസ്.എന്‍.ഡി.പിയും തമ്മിലുള്ള ഇടപാടുകളുമൊക്കെ അറിഞ്ഞിരുന്നാലേ കാര്യങ്ങള്‍ ശരിക്കും വ്യക്തമാകൂ. സ്റ്റേറ്റ് കോണ്‍ഗ്രസിലേക്ക് എസ്.എന്‍.ഡി.പി പ്രതിനിധികളെ അയക്കുന്ന പതിവുണ്ടായിരുന്നു. 1939 ആഗസ്റ്റ് 14ന് ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ബോര്‍ഡ് ചേര്‍ന്ന്  ഇതു റദ്ദാക്കി. ശങ്കറും വി.കെ. വേലായുധനും യോഗം ബോര്‍ഡിലും സ്റ്റേറ്റ് കോണ്‍ഗ്രസിലും അംഗങ്ങളായിരിക്കെയാണ് ഈ റദ്ദാക്കല്‍. തീരുമാനം വന്നപ്പോള്‍ യോഗം ബോര്‍ഡില്‍നിന്ന് രാജിവെക്കുകയാണ് ശങ്കര്‍ ചെയ്തത്. അങ്ങനെ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവമായപ്പോള്‍ ശങ്കര്‍ അതിന്‍െറ ജനറല്‍ സെക്രട്ടറിയായി. 1944ല്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ജനറല്‍സെക്രട്ടറിയാകുംവരെ സ്റ്റേറ്റ് കോണ്‍ഗ്രസിലായിരുന്നു ആ സ്ഥാനം വഹിച്ചിരുന്നത്. 1944ല്‍ ഡിസംബറില്‍ ചങ്ങനാശേരിയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് ശങ്കര്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ജനറല്‍ സെക്രട്ടറിയായത്. വി.കെ. വേലായുധനെതിരെ മത്സരിച്ചാണ് ശങ്കര്‍ ജനറല്‍ സെക്രട്ടറിയായത്. സി. കേശവന്‍ ഉള്‍പ്പെടെ സ്റ്റേറ്റ് കോണ്‍ഗ്രസുമായി നല്ല അടുപ്പമുള്ള ഈഴവ നേതാക്കളാണ് ശങ്കറെ മത്സരിപ്പിക്കുന്നത്. ശങ്കറെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയാക്കുക എന്നത് സ്റ്റേറ്റ് കോണ്‍ഗ്രസ് അജണ്ടയായിരുന്നു എന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

അങ്ങനെ എസ്.എന്‍.ഡി.പിയെ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ ചേരിയില്‍ ചേര്‍ക്കുകയായിരുന്നു അതിന്‍െറ ലക്ഷ്യം. പലപ്പോഴും സര്‍ സി.പിയുടെ ചേരിയിലേക്ക് ചായാനുള്ള പ്രവണതയുണ്ടായിരുന്നു ജാതിസംഘടനകള്‍ക്കും നേതാക്കള്‍ക്കും. ആ സാഹചര്യത്തിലാണ് ഇങ്ങനെയൊരു അജണ്ട. എന്നാല്‍, ജയിച്ചുകഴിഞ്ഞപ്പോള്‍ ശങ്കര്‍ ലക്ഷണമൊത്ത എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായി. ‘എസ്.എന്‍.ഡി.പിയെ പിടിക്കാനുള്ള ചൂണ്ടയായിരുന്നു ശങ്കര്‍, എന്നാല്‍ മീന്‍ ചൂണ്ടയുമായി കടന്നുകളഞ്ഞു’ എന്നത് പാട്ടായി. ആ കാലഘട്ടത്തിലാണ് കൊല്ലം എസ്.എന്‍ കോളജ് സ്ഥാപിക്കുന്നതും എസ്.എന്‍.ഡി.പി വിദ്യാഭ്യാസരംഗത്ത് ശ്രദ്ധയൂന്നുന്നതും.

കാലവും രാഷട്രീയവും മാറി. ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ നാടുവിട്ടു. ജനകീയ ഗവണ്‍മെന്‍റുകളുടെ കാലമായി. 1948 മാര്‍ച്ച് 24ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരത്തില്‍വന്നു. ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് രൂപവത്കരിച്ചിരുന്നു. ഹിന്ദു മന്ത്രിമാരുടെ പ്രതിനിധിയായി മന്നത്തു പത്മനാഭനെയും ഹിന്ദു എം.എല്‍.എമാരുടെ പ്രതിനിധിയായി ആര്‍. ശങ്കറെയും മഹാരാജാവിന്‍െറ പ്രതിനിധിയായി ശങ്കരനാരായണ അയ്യരെയുമാണ് ദേവസ്വംബോര്‍ഡിലെടുത്തത്. മന്നം പ്രസിഡന്‍റ്. ദേവസ്വംബോര്‍ഡിന്‍െറ ചെലവിലേക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നത് ശരിയല്ളെന്ന് ചില സംഘടനകള്‍ അഭിപ്രായപ്പെട്ടു. അതൊരു പ്രചാരണമായി വളര്‍ന്നപ്പോള്‍ മന്നവും ശങ്കറും ചേര്‍ന്ന് വിശദീകരണയോഗങ്ങളുമായി രംഗത്തിറങ്ങി. രാഷ്ട്രീയാന്തരീക്ഷം ചൂടായി. അതിനിടയില്‍ പട്ടം താണുപിള്ള രാജിവെച്ചിരുന്നു. പറവൂര്‍ ടി.കെ. നാരായണപിള്ള മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്‍െറ സര്‍ക്കാര്‍ ദേവസ്വംബോര്‍ഡിനെ നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ടുവന്നു. മന്നം രൂക്ഷമായി പ്രതികരിച്ചു. ദേവസ്വംബോര്‍ഡ് നേതാക്കളുടെ പൊതുയോഗങ്ങള്‍ക്ക് ഹിന്ദുവര്‍ഗീയ യോഗങ്ങളുടെ ചൂരുംചൂടുമുണ്ടായി. 1949 നവംബറില്‍ കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന പൊതുയോഗത്തില്‍ മന്നം പ്രഖ്യാപിച്ചു: ‘ഹൈന്ദവ ഏകീകരണമാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ ഹൈന്ദവവിഭാഗങ്ങളെയും യോജിപ്പിച്ച് ഒരൊറ്റ സമൂഹമാക്കുകയാണ് കാലഘട്ടത്തിന്‍െറ ആവശ്യം’

കോണ്‍ഗ്രസാണല്ളോ. അതിനുള്ളില്‍ പല ഗ്രൂപ്പുകളും കാണുമല്ളോ. പട്ടം താണുപിള്ള രാജിവെച്ച് ടി.കെ. നാരായണപിള്ള മുഖ്യമന്ത്രിയായപ്പോള്‍ കുറച്ച് വിമതര്‍ നാരായണപിള്ളക്കെതിരെ നിലകൊണ്ടിരുന്നു. ദേവസ്വം ബില്ല് വന്നപ്പോള്‍ മന്നവും ശങ്കറും ഇതോടൊപ്പം കുറച്ച് എം.എല്‍.എമാരെ സംഘടിപ്പിച്ചു. അങ്ങനെ വിമതര്‍ എല്ലാവരും ചേര്‍ന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസായി നിലകൊണ്ടു. സംഗതി ചൂടായപ്പോള്‍ മന്നവും ശങ്കറും കോണ്‍ഗ്രസില്‍നിന്ന് പുറത്തായി. ദേവസ്വം ബോര്‍ഡില്‍ നിന്നും പുറത്തായി. 1949 ഡിസംബര്‍ 25ന് പെരുന്നയില്‍ എന്‍.എസ്.എസിന്‍െറയും എസ്.എന്‍.ഡി.പിയുടെയും സംയുക്തയോഗം ചേര്‍ന്നു. മന്നവും കളത്തില്‍ വേലായുധന്‍ നായര്‍, പില്‍ക്കാലത്തു സര്‍വോദയ നേതാവായി മാറിയ എം.പി. മന്മഥന്‍, വി. ഗംഗാധരന്‍ നായര്‍ തുടങ്ങിയ നായര്‍ നേതാക്കളും ശങ്കറും കേരളകൗമുദി പത്രാധിപര്‍ കെ. സുകുമാരന്‍, വി.കെ. വേലപ്പന്‍, വൈക്കം കെ.ആര്‍. നാരായണന്‍ തുടങ്ങിയ പിന്നാക്ക നേതാക്കളും സംബന്ധിച്ചു. ആ യോഗത്തില്‍ വെച്ചാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഹിന്ദുമഹാമണ്ഡലം സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. ആ യോഗത്തില്‍ വെച്ചുതന്നെയാണ് മന്നത്ത് പത്മനാഭന്‍ പിള്ളയും മന്മഥന്‍ നായരും ഗംഗാധരന്‍ നായരും ജാതിവാല്‍ ഉപേക്ഷിച്ചതും.

1950 മേയ് 12 മുതല്‍ ഒരാഴ്ചയായിരുന്നു ഹിന്ദുമഹാമണ്ഡലം സമ്മേളനം. മന്നം പ്രസിഡന്‍റ്, ശങ്കര്‍ സെക്രട്ടറി. ഹിന്ദുക്കളുടെ എല്ലാ സംഘടനകളും മഹാമണ്ഡലത്തില്‍ ലയിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രീയവിഭാഗമായി ഡെമോക്രാറ്റിക് കോണ്‍ഗ്രസുണ്ടുതാനും. അതിനിടയില്‍ നെയ്യാറ്റിന്‍കരയിലും നെടുമങ്ങാടും ഉപതെരഞ്ഞെടുപ്പുകള്‍ വന്നത് അവര്‍ക്ക് നല്ളൊരു അവസരമായി. രണ്ടിടത്തും കോണ്‍ഗ്രസിനെ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് തോല്‍പിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ശങ്കറിനെയും മന്നത്തെയും ക്ഷണിച്ചുകൊണ്ടുപോയി കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു. കാരണം 1952ലെ പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുകയായിരുന്നു. അപ്പോഴും ഇരുവരുടെയും സ്വപ്നമായ ഹിന്ദുമഹാമണ്ഡലം നിലനില്‍ക്കുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലാണ് ശങ്കര്‍ മത്സരിച്ചത്. നായര്‍മഹാമണ്ഡലമായ കൊട്ടാരക്കരയില്‍ ശങ്കര്‍ ജയിച്ചിരിക്കുമെന്ന് മന്നം പ്രഖ്യാപിച്ചു. അദ്ദേഹം അവിടെ തമ്പടിച്ച് ശ്രമിക്കുകയും ചെയ്തു. പക്ഷേ, വോട്ടെണ്ണിയപ്പോള്‍ ശങ്കറിനെതിരെ പി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ച കൃഷ്ണന്‍ നായരാണ് ജയിച്ചത്. ശങ്കറിന്‍െറ താമസസ്ഥലത്തു ചെന്നുകയറിയ മന്നത്തെ, ബൂത്ത് തിരിച്ച കണക്കുമായാണ് ശങ്കറിന്‍െറ അനുയായികള്‍ നേരിട്ടത്. വന്‍ ചതിയാണ് ചെയ്തതെന്ന് അവര്‍ മന്നത്തിന്‍െറ മുഖത്തുനോക്കി പറഞ്ഞു. ‘വസ്തുതകളുടെ മുന്നില്‍ മന്നത്തിനു ശബ്ദിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം തികച്ചും പരിക്ഷീണനായി കാണപ്പെട്ടു. ദു$ഖിതനായി അദ്ദേഹം ഏറെനേരം ശങ്കറിന്‍െറ ഭവനത്തിലെ ചാരുകസേരയില്‍ കിടക്കുകയുണ്ടായി’ എന്നാണ് ശങ്കറിന്‍െറ ജീവചരിത്രത്തില്‍ പറയുന്നത്. ‘എസ്.എന്‍.ഡി.പിയെ ഹിന്ദുമഹാമണ്ഡലത്തില്‍നിന്നും നായര്‍സര്‍വിസ് സൊസൈറ്റിയില്‍നിന്നും അകറ്റാന്‍ തക്കംപാര്‍ത്തു നടന്ന രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് കൈവന്ന കനകാവസരമായിരുന്നു ആ തെരഞ്ഞെടുപ്പ് പരാജയം’ - എന്ന് മന്നത്തിന്‍െറ ജീവചരിത്രത്തിലും കാണാം.

അങ്ങനെയാണ് ഹിന്ദു മഹാമണ്ഡലം മണ്‍മറഞ്ഞത്. മന്നവും ശങ്കറും കോണ്‍ഗ്രസ് നേതാക്കളായി ഇരുന്നുകൊണ്ടുതന്നെയാണ് ഇതു സംഘടിപ്പിച്ചത് എന്നോര്‍ക്കണം. അതിനിടയില്‍ ശങ്കറിനെയും കൂട്ടിപ്പോയി ജനസംഘത്തിന്‍െറ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ കണ്ടുസംസാരിച്ചു എന്ന് മന്നം അദ്ദേഹത്തിന്‍െറ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ ബി.ജെപി നേതാവ് ഒ. രാജഗോപാല്‍ അദ്ദേഹത്തിന്‍െറ ആത്മകഥയിലും ഇത് എഴുതിയിട്ടുണ്ട്. എന്നാല്‍, ആര്‍. ശങ്കര്‍ അത് കാര്യമായി എവിടെയും പ്രതിപാദിച്ചതായി കാണുന്നില്ല. ജനസംഘമല്ല, കോണ്‍ഗ്രസുതന്നെയാണ് തന്‍െറ തട്ടകം എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം. അദ്ദേഹം അതു തിരസ്കരിക്കുകയാണ് ചെയ്തത്. കാണ്‍പൂരില്‍ നടന്ന ജനസംഘം സമ്മേളനത്തില്‍ ശങ്കര്‍ തലകാണിച്ചിരുന്നു എന്ന പ്രസ്താവന അതിനെക്കാള്‍ മങ്ങിയാണ് കാണുന്നത്. പി. പരമേശ്വരന്‍ മാത്രമാണ് അത് അറിയുന്ന ഒരേ ഒരാള്‍. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതും ശങ്കര്‍ ഓര്‍ക്കാനിഷ്ടപ്പെടുന്നില്ല. യഥാര്‍ഥത്തില്‍ ശങ്കറിനെക്കാള്‍ നല്ല ഹിന്ദുനേതാവ് മന്നത്ത് പത്മനാഭനായിരുന്നു. ആര്‍.എസ്.എസ് ഗണവേഷത്തിന്‍െറ ഭാഗമായ തൊപ്പിയണിഞ്ഞ ചിത്രംപോലും അദ്ദേഹത്തിന്‍േറതുണ്ട്.

ഹിന്ദുനേതാവായി അറിയപ്പെടാന്‍ അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നു. എന്നിട്ടും മന്നത്തെ വിട്ട് ശങ്കറിനെ ഹിന്ദുവിഗ്രഹമാക്കുന്നത് കഷ്ടമല്ളേ.
പാവം ശങ്കര്‍, ഹിന്ദുമഹാമണ്ഡലത്തില്‍ തോറ്റശേഷം തിരു-കൊച്ചിയില്‍ ഒരു മണ്ഡലത്തിലും അദ്ദേഹത്തിനു ജയിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസില്‍ തിരിച്ചത്തെിയശേഷം പി.ടി. ചാക്കോയുടെ പിന്തുണയോടും ടി.എം. വര്‍ഗീസിന്‍െറ ആശിര്‍വാദത്തോടുംകൂടി കെ.പി.സി.സി പ്രസിഡന്‍റായി. കെ.എ. ദാമോദരമേനോനെ തോല്‍പിച്ചാണ് പ്രസിഡന്‍റായത്. അതൊക്കെ ശരിതന്നെ, പക്ഷേ, നിയമസഭയിലേക്ക് ജയിക്കാനായില്ല. 1960ല്‍ കണ്ണൂരില്‍ പോയി മത്സരിച്ചാണ് നിയമസഭയിലത്തെിയത്. അങ്ങനെയാണ് 62 മുതല്‍ കഷ്ടിച്ച് മൂന്നുവര്‍ഷം മുഖ്യമന്ത്രിയായത്. അതിനുശേഷം 1972ല്‍ മരിക്കുംവരെ പിന്നീട് എം.എല്‍.എ ആയതുമില്ല. ഹിന്ദുമഹാമണ്ഡലം ഉണ്ടാക്കാന്‍ കൂട്ടുനിന്ന കെ. സുകുമാരനെ പിന്നീട് കുറെ കഴിഞ്ഞപ്പോള്‍  എന്‍.എസ്.എസുകാര്‍ വാഴ്ത്തിയത് ഈ മുദ്രാവാക്യം കൊണ്ടാണ്: ‘കണ്ടോടാ കണ്ടോടാ, കേരളകൗമുദി സുകുമാരാ, നായന്മാരുടെ പട്ടാളം’!

Show Full Article
TAGS:r sankar 
Next Story