Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതൊഴില്‍ അസ്ഥിരതകള്‍...

തൊഴില്‍ അസ്ഥിരതകള്‍ കാണാതെ

text_fields
bookmark_border
തൊഴില്‍ അസ്ഥിരതകള്‍ കാണാതെ
cancel

ഗള്‍ഫില്‍ ജോലിലഭിച്ചതിന് പിറ്റേന്ന് മുതല്‍ മലയാളിയാകെ മാറും. ഇനിയങ്ങോട്ട് തന്‍െറയും കുടുംബത്തിന്‍െറയും ജീവിതം പഴയതുപോലെയല്ല എന്നുറപ്പിച്ച മട്ട്.  പ്രവാസിയേക്കാള്‍ ഈ മാറ്റം കാണാനാവുക നാട്ടിലെ കുടുംബത്തിലാണ്. ശമ്പളം അല്‍പം കൂടുതലാണെങ്കില്‍ വേഷത്തിലും ഭക്ഷണത്തിലും പെരുമാറ്റത്തിലും വരെ അത് പ്രതിഫലിക്കും. ഗള്‍ഫിലത്തെിയ കുടുംബനാഥന്‍ ആദ്യ ശമ്പളം വാങ്ങുന്നതിന് മുമ്പ് സ്വന്തം ആഭരണം പണയംവെച്ച് 32” ടെലിവിഷന്‍ സെറ്റ് വാങ്ങിയ വീട്ടമ്മ ഈ വിഭാഗത്തിന്‍െറ മികച്ച ഉദാഹരണമാണ്. അദ്ദേഹം ഗള്‍ഫിലല്ളേ ഇനി എല്ലാം ശരിയാകും എന്ന ചിന്ത. വീട്ടുപകരണങ്ങള്‍ മാത്രമല്ല വിലപിടിപ്പുള്ള വസ്ത്രവും ചെരുപ്പും ആഭരണവും വാങ്ങിക്കൂട്ടുന്ന കുടുംബങ്ങള്‍. ബസില്‍ പോയിരുന്നിടത്ത്  ഓട്ടോയും ടാക്സിയും യാത്രാമാര്‍ഗമാകുന്നു. സ്കൂളില്‍ പഠിക്കുന്ന മക്കള്‍ക്ക് പോലും വിലപിടിപ്പുള്ള ബൈക്കും കാറും. ഇവയില്‍ ഇന്ധനം നിറക്കാനായി മാസാമാസം എത്രതുക ചെലവഴിക്കുന്നെന്ന് ഉപയോഗിക്കുന്നവര്‍ക്ക് കണക്കില്ല. അയച്ചുകൊടുക്കുന്നവര്‍ അന്വേഷിക്കുന്നുമില്ല. അമിതവ്യയവും സാമ്പത്തിക ആസൂത്രണമില്ലായ്മയുമാണ് മിക്ക പ്രവാസി കുടുംബങ്ങളുടെയും മുഖമുദ്ര. കിട്ടുന്നതിലും കൂടുതല്‍ ചെലവഴിക്കരുതെന്ന ലളിതതത്വം തങ്ങള്‍ക്ക് ബാധകമല്ളെന്ന് കരുതുന്നവര്‍.

എന്നാല്‍ ഇവര്‍ ആദ്യമറിയേണ്ട കാര്യം ഒരു ജോലിയും ഇവിടെ ശാശ്വതമല്ളെന്നാണ്. നമ്മുടെ നാട്ടിലെ തൊഴില്‍നിയമങ്ങളല്ല ഇവിടെ. കൊടിപിടിക്കാനോ സമരംചെയ്യാനോ പോയിട്ട് തൊഴിലുടമയെ നേരില്‍കണ്ട് കഥനംപറയാന്‍പോലും പറ്റിയെന്ന് വരില്ല. തൊഴിലാളികളെ പിരിച്ചുവിടുന്നത് സംബന്ധിച്ച് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചില നടപടിക്രമങ്ങളുണ്ട്. അത് പാലിച്ച് ആര്‍ക്കും എപ്പോഴും ആരെയും പിരിച്ചുവിടാനാകും. ഗള്‍ഫിലെ ഭൂരിഭാഗം തൊഴില്‍മേഖലകളിലും ആദ്യ ആറുമാസം പ്രബേഷന്‍ കാലയളവാണ്.  അതായത് ജോലികിട്ടി ആറുമാസമെങ്കിലും കഴിഞ്ഞാലേ അതില്‍ ചെറിയ ഉറപ്പെങ്കിലും പറയാനാവൂ എന്നര്‍ഥം. ഇത് മനസ്സിലാക്കാതെ ജോലിയില്‍ ചേര്‍ന്നതിന്‍െറ പിറ്റേന്നുതന്നെ ഭാവിപരിപാടികള്‍ പ്രവാസി ആസൂത്രണം ചെയ്തുതുടങ്ങും.

ബിസിനസ് നഷ്ടത്തിലായി കമ്പനി പൂട്ടി തൊഴിലാളികള്‍ വഴിയാധാരമാകുന്ന സംഭവങ്ങളും ഗള്‍ഫില്‍ നിരവധിയാണ്. ശമ്പളം  കിട്ടില്ളെന്ന് മാത്രമല്ല മറ്റൊരു ജോലിയിലേക്ക് വിസ മാറാനും പറ്റില്ല. ഇത്തരം അനിശ്ചിത സാഹചര്യങ്ങള്‍ ഓരോ പ്രവാസിയുടെയും തലക്കുമുകളില്‍ സദാസമയവും തൂങ്ങിനില്‍പുണ്ട്. ബിസിനസ് രംഗത്തെ കിടമത്സരത്തിനിടയില്‍ ചുവടുപിഴച്ച് വീണുപോയവരും വഞ്ചനയിലും തട്ടിപ്പിലും പെട്ട് പൂട്ടിപ്പോയ സ്ഥാപനങ്ങളും നിരവധി. തട്ടിപ്പ് നടത്തുന്നവരിലും ഇരയാകുന്നവരിലും മലയാളികളാണ് കൂടുതലെന്നും കണക്കുകളും അനുഭവങ്ങളും കാണിക്കുന്നു. 1000-2000 ദിര്‍ഹത്തിനിടയില്‍ ജോലിയെടുക്കുന്നവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും. വര്‍ഷങ്ങളായി ഗള്‍ഫിലുള്ള ഭര്‍ത്താവിന്‍െറ അല്ളെങ്കില്‍ പിതാവിന്‍െറ ജോലി എന്തെന്നോ ശമ്പളം എത്രയാണെന്നോ അറിയാത്തവരാണ് മിക്ക വീട്ടുകാരും. ചോദിച്ചാലും പറയാന്‍ മടിക്കുന്ന പ്രവാസികളും ധാരാളം. തനിക്ക് ഇതാണ് ജോലിയെന്നും ഇത്രയാണ് ശമ്പളമെന്നും ഇത്ര തുക ഗള്‍ഫില്‍ ചെലവാകുമെന്നും ബാക്കി ഇത്രയാണുള്ളതെന്നും വീട്ടുകാരെ ബോധ്യപ്പെടുത്തിയാല്‍തന്നെ നിരവധി ബാധ്യതകളില്‍നിന്ന് പ്രവാസിക്ക് രക്ഷപ്പെടാനാകും.  
ആദ്യം ബാങ്ക് വായ്പയെടുക്കും. അത് അടക്കാനാകാതെ വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡെടുക്കും. അതും താങ്ങാനാകാതെ വരുമ്പോള്‍ ബ്ളേഡിലത്തെും എന്നതാണ് പ്രവാസിയുടെ രീതിയെന്ന് 40 വര്‍ഷത്തിലേറെയായി പ്രവാസികള്‍ക്കിടയില്‍ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് നിരന്തരം ക്ളാസെടുക്കുന്ന സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രവാസി ബന്ധു ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി. ഷംസുദ്ദീന്‍ പറയുന്നു . മലയാളി ചെയ്യുന്ന മറ്റൊരു വിഡ്ഡിത്തം കൂടി അദ്ദേഹം വിശദീകരിച്ചു. ബ്ളേഡില്‍ നിന്നെടുത്ത് ബാങ്കിലെ കടം തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുക. ബാങ്ക് പലിശ പരമാവധി 12 ശതമാനമേ വരൂ. ഇതിന്‍െറ മൂന്നുമടങ്ങാണ് ക്രെഡിറ്റ് കാര്‍ഡിന് പലിശ നല്‍കേണ്ടത്. ബ്ളേഡിലാകട്ടെ 120 ശതമാനത്തിന് മുകളിലും.ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ളത് ആദ്യം  അടച്ചുതീര്‍ക്കുകയാണ് വേണ്ടതെന്ന സാമാന്യതത്വംപോലും മിക്കവരും വിസ്മരിക്കുന്നു. ശല്യംചെയ്യുന്നത് കൂടുതല്‍ ബാങ്കായിരിക്കും. അതിനാല്‍ ബ്ളേഡില്‍ നിന്നെങ്കിലുമെടുത്ത് ആ പുകില്‍ തീര്‍ക്കുക എന്നതാണ് സാമാന്യചിന്ത.

നാട്ടിലെ കച്ചവടം പൊട്ടിയാണ് കോഴിക്കോട്ടുകാരന്‍ ശരീഫ് (പേര് യഥാര്‍ഥമല്ല) ഏഴുവര്‍ഷം മുമ്പ്  ദുബൈയിലത്തെിയത്. ജബല്‍ അലിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. നാട്ടിലെ കടംവീട്ടാന്‍  ഈ 42 കാരന്‍ കണ്ട വഴി ക്രെഡിറ്റ് കാര്‍ഡ്. 15,000 ദിര്‍ഹം ക്രെഡിറ്റ് കാര്‍ഡില്‍ നിന്നെടുത്ത് നാട്ടിലെ കടം കുറച്ചുവീട്ടി. ബാങ്കിലേക്ക് മാസം 500 ദിര്‍ഹം വെച്ച് തിരിച്ചടച്ചു. ബാങ്ക് അടവും ഇവിടത്തെ താമസ-ഭക്ഷണ ചെലവും കഴിച്ച് നാട്ടിലേക്ക് പണമയക്കാന്‍ ബുദ്ധിമുട്ടുന്ന സമയത്താണ് മറ്റൊരു ബാങ്ക് എക്സിക്യൂട്ടിവ് മോഹനവാഗ്ദാനവുമായി അടുത്ത ക്രെഡിറ്റ് കാര്‍ഡ് ശരീഫിനെക്കൊണ്ട് വാങ്ങിപ്പിക്കുന്നത്. ഇതില്‍നിന്ന് 10,000 ദിര്‍ഹമെടുത്ത് ആദ്യം ബാങ്കില്‍ തിരിച്ചടച്ചു. ഇതിനിടെ നാട്ടില്‍പോയി. മൂന്നുമാസം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അടവുതെറ്റി ബാങ്കിലെ കടം കയറിയിരുന്നു. പ്രശ്നമായപ്പോള്‍ മൂന്നാമതും ക്രെഡിറ്റ് കാര്‍ഡെടുത്തു. വീണ്ടും മറ്റൊന്ന്. കഴുത്തറപ്പന്‍ പലിശയും ഒളി നിരക്കുകളുമെല്ലാമായി കടം നാലുഭാഗത്തുനിന്നും ശരീഫിനെ വിഴുങ്ങി. കേസായി. രാജ്യം വിടുന്നതിന് വിലക്കായി.  നാട്ടില്‍ പോകാനാകാതെ നാലുവര്‍ഷം. വല്ല്യുമ്മയുടെ മരണവും സഹോദരിയുടെയും സഹോദരന്‍െറയും വിവാഹവുമെല്ലാം ഇതിനിടയില്‍ കഴിഞ്ഞു. അഭിഭാഷകന്‍െറ ഉപദേശപ്രകാരം ഒരുകേസില്‍ കോടതിയില്‍ കീഴടങ്ങി  കുറച്ചുദിവസം ജയിലിലും കിടന്നു.
ഇതിനിടയില്‍ കടം തിരിച്ചുപിടിക്കാനുള്ള ഏജന്‍സിക്കാര്‍ ഡല്‍ഹിയില്‍നിന്ന് വിളിച്ച് ശരീഫിനെ നിരന്തരം ഭീഷണിപ്പെടുത്തി. കോഴിക്കോട്ടുനിന്നുള്ള സംഘം ഭാര്യയെയും ഭീഷണിപ്പെടുത്തി. വഴങ്ങില്ളെന്ന് കണ്ടപ്പോള്‍ ബാങ്ക് ഇപ്പോള്‍ അനുനയത്തിന് വന്നിരിക്കുകയാണ്. അപ്പോഴും കടംവീട്ടാന്‍ ഗള്‍ഫിലത്തെിയ ശരീഫ് അതിലും വലിയ കടത്തിലാണ് മുങ്ങിയതെന്ന വസ്തുത നിലനില്‍ക്കുന്നു. ഏഴുവര്‍ഷത്തെ പ്രവാസം നല്‍കിയ ‘നേട്ടം’.                  

ആദ്യം തൊഴില്‍കരാര്‍ അറിയണം
ഗള്‍ഫില്‍ സാധാരണ രണ്ടുതരത്തിലുള്ള തൊഴില്‍ കരാറുകളാണുള്ളത്.  നിശ്ചിത കാലയളവുള്ളതും കാലയളവ് പറയാത്തതും.  തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെച്ച കരാറില്‍ എത്രവര്‍ഷത്തേക്കാണെന്ന് കാലയളവ് പറയുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും പാലിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ കരാറിലും ജോലി ഉറപ്പില്ല എന്നതാണ് യാഥാര്‍ഥ്യം. മൂന്നുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കി തൊഴിലാളിയെ പിരിച്ചുവിടാനാകും. വിമാനടിക്കറ്റിനും തൊഴിലാളിക്ക് അവകാശമുണ്ട്. അതുപോലെ കമ്പനിക്ക് ഒന്നരമാസത്തെ ശമ്പളം നഷ്ടപരിഹാരം നല്‍കി തൊഴിലാളിക്കും കരാറില്‍നിന്ന് പിന്മാറാം.അസുഖം കാരണമോ നാട്ടില്‍ ജോലികിട്ടിയ സാഹചര്യത്തിലോ നിലവിലെ ജോലി തൃപ്തികരമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ളെന്ന് ബോധ്യപ്പെട്ടാലോ കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കുമ്പോഴോ ജോലിയില്‍നിന്ന് വിട്ടുപോകാന്‍ നിയമമനുവദിക്കുന്നുണ്ട്.
കാലയളവ് പറയാത്തത് തുറന്ന കരാറാണ്. തൊഴിലാളിക്ക് ഏതുസമയവും ആ കരാര്‍ അവസാനിപ്പിച്ച് വിട്ടുപോകാം. തൊഴിലുടമക്ക് ഏതുസമയവും പിരിച്ചുവിടുകയുമാകാം. രണ്ടു സാഹചര്യത്തിലും ഒരുമാസത്തെ നോട്ടീസ് പരസ്പരം നല്‍കണമെന്നാണ് രീതി. എങ്കില്‍ രണ്ടുകൂട്ടരും നഷ്ടപരിഹാരം നല്‍കേണ്ടതില്ല.

 

 

(തുടരും)

mfiroskhan@ gmail.com

Show Full Article
TAGS:paravasam 
Next Story