ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച സി.പി.എം ലോക്കൽ കമ്മറ്റിയംഗം അപകടത്തിൽ മരിച്ചു
text_fieldsസുമതി
കൊട്ടാരക്കര: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സി.പി.എം കുളക്കട ലോക്കൽ കമ്മിറ്റി അംഗം പുത്തൂർമുക്ക് സേതുമന്ദിരത്തിൽ എം.ഡി. സുമതി (62) മരിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തൂർമുക്ക് പൂവറ്റൂർ റോഡിൽ പാലക്കുഴി ജങ്ഷന് സമീപം പൈനുംമൂട് ഭാഗത്തേക്കുള്ള റോഡിൽ തിരിയുമ്പോൾ പിന്നാലെയെത്തിയ സ്കൂട്ടർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സുമതിയും ഭർത്താവ് രാജനും കൂടി സ്കൂട്ടറിൽ പൈനുംമൂടിന് സമീപമുള്ള വയലിലെ കൃഷിസ്ഥലത്തേക്ക് പോകും വഴിയായിരുന്നു അപകടം. കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടർന്ന് മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.
മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. കുളക്കട പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണ സംഘം ഡയക്ടർ ബോർഡ് അംഗം, കർഷകത്തൊഴിലാളി യൂനിയൻ കൊട്ടാരക്കര ഏരിയ വനിതാ സബ് കമ്മിറ്റി കൺവീനർ, മഹിളാ അസോസിയേഷൻ കുളക്കടവില്ലേജ് കമ്മിറ്റി അംഗം, പി.കെ.എസ്. കുളക്കട വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ കുളക്കട പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.