മുംബൈ:റെക്കോഡുകൾ തിരുത്തി ഓഹരിവിപണി കുതിപ്പ് തുടരുന്നു. ജപ്പാൻ സാമ്പത്തികമാന്ദ്യത്തിൻെറ പിടിയിലമരുമ്പോൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥ മുന്നോട്ടാണ് ചലിക്കുന്നതെന്ന സൂചനയാണ് വിപണിയെ നേട്ടത്തിൽ നിലനി൪ത്തിയത്. ഇന്ത്യയുടെ വ്യാപാരക്കമ്മിയിൽ കുറവുണ്ടായേക്കുമെന്ന സൂചനയും എസ്.ബി.ഐ, ടാറ്റാ മോട്ടോഴ്സ് ഓഹരികളിൽ നിക്ഷേപകതാൽപര്യമേറിയതും സൂചികകളിൽ മുന്നേറ്റമുണ്ടാക്കി. ഓട്ടോമൊബൈൽ, ഊ൪ജം, എണ്ണ, പൊതുമേഖലാബാങ്കുകൾ എന്നിവയുടെ ഓഹരികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്.
ഇടപാടുകളുടെ അവസാനമണിക്കൂറിലാണ് സൂചികകൾ നേട്ടം കൊയ്തത്. സെൻസെക്സ് 131.22 പോയൻറ് നേട്ടത്തിൽ 28,177.88ലും നിഫ്റ്റി 40.85 പോയൻറ് നേട്ടത്തിൽ 8430.75ലും വ്യാപാരം അവസാനിപ്പിച്ചു.
28,205.71 എന്ന ഇൻട്രാഡേ റെക്കോഡ് കുറിച്ചശേഷമാണ് സെൻസെക്സ് ചരിത്രത്തിലേറ്റവും മെച്ചപ്പെട്ട നിലയിൽ ക്ളോസ് ചെയ്തത്.
8,438.10 എന്ന ഇൻട്രാഡേ റെക്കോഡ് നേടിയ നിഫ്റ്റിയും റെക്കോഡിൽ വ്യാപാരം തീ൪ത്തു. എസ്.ബി.ഐ, ടാറ്റാ മോട്ടോഴ്സ് എന്നിവക്ക് പുറമേ, ഹീറോ മോട്ടോകോ൪പ്, എൻ.ടി.പി.സി, ആ൪.ഐ.എൽ, ഭെൽ, ഭാരതി എയ൪ടെൽ തുടങ്ങി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോൾ ഇന്ത്യ, സെസ സ്റ്റെ൪ലൈറ്റ് തുടങ്ങിയവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.