കുവൈത്ത് സിറ്റി: സ്പോൺസ൪മാരുടെ പീഡനത്തിന് ഇരയാകുന്ന വിദേശ ഗാ൪ഹിക തൊഴിലാളികൾക്കായി ജലീബ് അൽ ശുയൂഖിൽ തുടങ്ങുന്ന ഷെൽട്ട൪ ഉടൻ തുറക്കുമെന്ന് സാമൂഹിക, തൊഴിൽ മന്ത്രാലയം അറിയിച്ചു. അഭയം നൽകുന്ന ഗാ൪ഹിക തൊഴിലാളികളെ പരിചരിക്കാൻ യോഗ്യതയുള്ള കൗൺസില൪മാരെ നിയമിക്കുകയും വൈദ്യുതി സജ്ജീകരണം പൂ൪ത്തിയാവുകയും ചെയ്താലുടൻ അഭയ കേന്ദ്രം തുറക്കാനാവുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
നി൪മാണം പൂ൪ത്തിയായ ഷെൽട്ട൪ കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയം അണ്ട൪ സെക്രട്ടറി ജമാൽ അൽ ദൂസരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ൪ സന്ദ൪ശിച്ചു.
ജലീബിലെ പഴയ സ്കൂൾ കെട്ടിടം ഏറ്റെടുത്ത് നവീകരിച്ചാണ് ഷെൽട്ട൪ ഒരുക്കിയിരിക്കുന്നത്. ഏഴു ലക്ഷം ദീനാ൪ ചെലവിൽ നി൪മിച്ച ഷെൽട്ടറിൽ 900 പേരെ താമസിപ്പിക്കാനാവും. അന്തേവാസികൾക്ക് താമസിക്കാനും ചികിത്സക്കുമുള്ള സൗകര്യങ്ങൾക്ക് പുറമെ റസ്റ്റോറൻറ്, തിയറ്റ൪ തുടങ്ങിയവയുമുണ്ട്. തൊഴിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിയമസഹായം ലഭ്യമാക്കാനുള്ള ഉദ്യോഗസ്ഥരും ഷെൽട്ടറിലുണ്ടാവും. സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ താമസിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ ഇവിടെയുണ്ടാവും.
ശാരീരികവും മാനസികവുമായ പീഡനങ്ങളാൽ സ്പോൺസ൪മാരിൽ നിന്നും ഒളിച്ചോടുന്ന ഗാ൪ഹിക തൊഴിലാളികൾക്കാണ് അഭയം നൽകുക എന്ന് തൊഴിൽ മന്ത്രലായം അറിയിച്ചു. ഇവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടി വിവിധ മന്ദൂബുകളുടെ സേവനം മന്ത്രാലയം ലഭ്യമാക്കും. അവകാശങ്ങൾ നേടിയെടുക്കുന്നതിനായി കേസുകൾ നടത്താനും നീതിന്യായ മന്ത്രാലയത്തിൻെറ കീഴിലും ഫിംഗ൪ പ്രിൻറ് എടുക്കുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലും സാമൂഹിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന് കീഴിലും പ്രാഥമിക പരിശോനധനകൾ നടത്തുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴിലും എംബസികളുമായി ബന്ധപ്പെടുന്നതിന് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലും മന്ദൂബുകളുടെ സേവനം ഷെൽട്ടറിൽ ലഭ്യമാക്കും.
നിലവിൽ തൊഴിൽ വകുപ്പിൻെറ കീഴിൽ നിലവിൽ ഖൈത്താനിൽ ഒരു ഷെൽട്ട൪ മാത്രമാണുള്ളത്. 60 ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ഇത് അപര്യാപ്തമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആക്ഷേപം ഉന്നയിച്ചതിനെ തുട൪ന്നാണ് ജലീബിൽ പുതിയ ഷെൽട്ട൪ നി൪മിക്കാൻ സ൪ക്കാ൪ തീരുമാനിച്ചത്.
നിലവിൽ ഇന്ത്യൻ എംബസിയടക്കം വിവിധ രാജ്യങ്ങളുടെ എംബസികളിൽ സ്പോൺസ൪മാരുടെ പീഡനം സഹിക്കവയ്യാതെ എത്തുന്ന ഗാ൪ഹിക തൊഴിലാളികളെ പാ൪പ്പിക്കാൻ ഷെൽട്ടറുകൾ പ്രവ൪ത്തിക്കുന്നുണ്ട്. എന്നാൽ, അഭയം തേടിയെത്തുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോൾ ഇവ ഒട്ടും പര്യാപ്തമല്ല. മാത്രവുമല്ല, ചില എംബസികളിൽ ഈ സംവിധാനം തന്നെയില്ല.
ഇത് കണക്കിലെടുത്താണ് മന്ത്രാലയത്തിൻെറ നേരിട്ടുള്ള മേൽനോട്ടത്തിൽ കൂടുതൽ പേരെ ഉൾകൊള്ളാനാവുന്ന ഷെൽട്ട൪ തുടങ്ങാൻ തൊഴിൽ വകുപ്പ് തീരുമാനിച്ചത്. എന്നാൽ, സ്പോൺസ൪മാരുടെ വീടുകളിൽ പ്രശ്നങ്ങൾ നേരിടുന്നവ൪ക്ക് നേരിട്ട് ഇവിടെ അഭയം തേടിയെത്താനാവില്ല. പൊലീസിൽ പരാതി നൽകുകയും അവ൪ കൊണ്ടുചെന്നാക്കുകയും ചെയ്താൽ മാത്രമേ ഷെൽട്ടറിൽ പ്രവേശനം ലഭിക്കുകയുള്ളൂ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2013 10:23 AM GMT Updated On
date_range 2013-06-09T15:53:35+05:30ജലീബ് അല്‍ ശുയൂഖിലെ ഗാര്‍ഹിക തൊഴിലാളി ഷെല്‍ട്ടര്‍ ഉടന്‍ തുറക്കും
text_fieldsNext Story