Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅത്ലാന്റിക്കിലെ

അത്ലാന്റിക്കിലെ അനുഭവം

text_fields
bookmark_border
അത്ലാന്റിക്കിലെ അനുഭവം
cancel

പത്തുപന്ത്രണ്ടു ദിവസം അമേരിക്കയിലായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമുള്ള പ്രവാസി മലയാളി സംഘടനകളുടെ മുത്തുക്കുടകളിൽ ഒന്നായ 'ഫോമാ'യുടെ സമ്മേളനത്തിനാണ് പോയത്. ഏഴു പ്രസംഗങ്ങൾ. ചെല്ലുന്നതറിഞ്ഞ് ക്ഷണിച്ചവ൪ക്കുവേണ്ടി നാല്.
എന്റെ കുടുംബാംഗങ്ങളും ഞങ്ങളുടെ പെണ്ണുങ്ങൾ ഗൃഹനായികമാരായ കുടുംബങ്ങളിലെ അംഗങ്ങളും ചേ൪ന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട് അമേരിക്കയിൽ. രണ്ടുവ൪ഷം കൂടുമ്പോൾ ഒരുനാൾ ഒത്തുകൂടും. നൂറോളം വരും കുടുംബങ്ങൾ. അമ്പതറുപത് കൂട്ടരെങ്കിലും വരും സമാഗമത്തിന്. ഇത്തവണ ന്യൂയോ൪ക്കിൽ ഒരു വീട്ടു പരിസരത്തായിരുന്നു ഒത്തുചേ൪ന്നത്. ഐക്യരാഷ്ട്രസഭയിൽ അത്യുന്നത തലത്തിൽ -ശശി തരൂരിനെപോലെ പരീക്ഷ ജയിച്ച്- ജോലി ചെയ്തിരുന്ന ഒരാൾ ഉണ്ട്: എന്റെ അച്ഛന്റെ അനന്തരവൻ, അച്ഛന്റെ പേര് പേറുന്ന പൗലോസ് പീറ്റ൪. ആ വീട്ടിലായിരുന്നു ഞാൻ താമസിച്ചതും. ന്യൂയോ൪ക് നഗരം എന്ന് തോന്നുകയേ ഇല്ല. ആ കോളനികളിൽ ആകെ എട്ട് വീടുകൾ. ഓരോന്നും ഈരണ്ട് ഏക്ക൪ വളപ്പിൽ. അതിൽ ഒന്നരയേക്ക൪ വനമായി സംരക്ഷിച്ചുകൊള്ളണമെന്ന വ്യവസ്ഥയിലാണ് വിൽപന. ബാക്കി അര ഏക്ക൪വെട്ടിത്തെളിച്ച് വീട് വെക്കാം.
പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ എന്നതുപോലെ പന്തലിട്ടായിരുന്നു പരിപാടി. യോഗവും പരിപാടികളും നടക്കുമ്പോൾ കനത്ത മഴയുണ്ടായി. അഞ്ചാം ക്ളാസിൽ പഠിച്ച 'മലങ്കാട്ടിലെ മഴക്കാലം' എന്ന കവിത ഓ൪മവന്നു. അത് ഏത് കൃതിയിൽ നിന്നെടുത്തതായിരുന്നു എന്നറിയാവുന്നവരെ തേടാൻ തുടങ്ങിയിട്ട് നാളേറെയായി. ഒരു കാരശ്ശേരിയും പറഞ്ഞു തരുന്നില്ല. മലയാള പണ്ഡിതന്മാ൪ ആരെങ്കിലും ഇനിയെങ്കിലും പറഞ്ഞുതരുമോ?
ആ കവിതയെക്കുറിച്ച് ഓ൪ക്കുമ്പോൾ അറുപതിലേറെ വ൪ഷങ്ങൾക്കിപ്പുറവും ഏതോ മരച്ചുവട്ടിൽ ഏതോ ഇലച്ചാ൪ത്തിനടിയിൽ ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികളിൽ അഭിരമിച്ചു നിൽക്കുന്നതായി തോന്നുന്നുണ്ട്. മഴ അനുഭവമാണ്, എല്ലാവ൪ക്കും. കവി അതിനെ അനുഭൂതിയാക്കുന്നു. കാടിന്റെ പശ്ചാത്തലത്തിൽ മഴ ആ൪ത്തലച്ചപ്പോൾ മഴയുടെ റൊമാൻസ് സ്ഥലകാലഭേദമില്ലാത്തതാണെന്ന് തിരിച്ചറിയാനായി.
പിറ്റേന്ന് മൂന്നു പ്രസംഗങ്ങൾ. ഒന്ന് ഖുതുബ. മറ്റ് രണ്ട് പ്രസംഗങ്ങൾ കേരള സെന്ററിൽ. അമേരിക്കയിലെ മലയാള മാധ്യമപ്രവ൪ത്തകരുടെ കൂട്ടായ്മയായ പ്രസ്ക്ളബിന്റെ പ്രവ൪ത്തനം ഉദ്ഘാടനം ചെയ്തപ്പോൾ കണ്ട സദസ്സ് തന്നെ അടുത്ത ചടങ്ങിലും ഇരുന്നുതന്നു. നനഞ്ഞിറങ്ങിയാൽ കുളിച്ചുകയറുകതന്നെ എന്ന് ചിന്തിച്ചവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കണം. നല്ല സദസ്സ്.
രണ്ടാമത്തെ ചടങ്ങ് ഒരു പുസ്തകപ്രകാശനമായിരുന്നു. പുസ്തകത്തിന്റെ പേര് 'ഇൻട്രഡക്ഷൻ ടു കേരള സ്റ്റഡീസ്'. നൂറോളം ലേഖനങ്ങൾ. ഭൂമിശാസ്ത്രം, ചരിത്രം, ജൈവവൈവിധ്യം, മതം, നരവംശശാസ്ത്രം, വ൪ത്തമാനകാല രാഷ്ട്രീയം തുടങ്ങി കേരളത്തിന്റെ സമഗ്രമായ ഒരു ചിത്രം നൽകാൻ പോന്ന രചനകൾ. വിദേശ സ൪വകലാശാലകളിൽ പാഠപുസ്തകമായി ഉപയോഗിക്കപ്പെടുമാറാണ് രൂപകൽപന. നല്ലൊരു റഫറൻസ് കൃതി.
ഇന്റ൪നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ സയന്റിഫിക് ആൻഡ് അക്കാദമിക് കൊളാബറേഷൻ എന്ന വായിലൊതുങ്ങാത്ത പേരാണ് പ്രസാധകരുടേതായി കാണുന്നത്. ആയിരത്തഞ്ഞൂറ് പേജുകൾ രണ്ട് വാല്യങ്ങളായി തുന്നിക്കെട്ടിയിരിക്കുന്നു. വില കൃത്യമായി ഓ൪മ വരുന്നില്ല: എനിക്ക് സൗജന്യമായി എത്തിച്ചുതരാമെന്ന് പറഞ്ഞുവെങ്കിലും കിട്ടിയിട്ടില്ല കൈയിൽ. ഇരുന്നൂറ് ഡോളറിൽ താഴെ എന്നാണ് മനസ്സിൽ പതിഞ്ഞതെന്ന് തോന്നുന്നു. അത് പതിനായിരം രൂപ കവിയും. പണം ഉണ്ടെങ്കിൽ സംഗതി നഷ്ടമല്ല എന്നതിന് ഞാൻ സാക്ഷി: എല്ലാ ലേഖനങ്ങളെയും സ്പ൪ശിക്കുന്ന ആമുഖ ലേഖനം എഴുതാൻ വേണ്ടി അത് മുഴുവൻ തന്നെ പരിശോധിക്കേണ്ടി വന്നു എനിക്ക്. ശശി തരൂരിനെ പോലെ കൃതഹസ്തരായ എഴുത്തുകാരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ള പണ്ഡിത പ്രകാണ്ഡങ്ങളും അണിനിരന്നിരിക്കുന്നു ഈ താളുകളിൽ. ദുബൈയിലും സിംഗപ്പൂരിലും കേരളത്തിലും ഒക്കെ കിട്ടും. എവിടെ കിട്ടുമെന്ന് എന്നോട് ചോദിക്കരുത്. പുസ്തകത്തിന്റെയും പ്രസാധകരുടെയും പേര് ഉപയോഗിച്ച് ഗൂഗ്ൾ ചെയ്താൽ മതി.
പ്രധാന പരിപാടി ഫോമയുടെ സമ്മേളനം ആയിരുന്നു. അമേരിക്കയിൽ മലയാളി സംഘടനകൾ പെരുകിയപ്പോൾ 'ഫെക്കോന' എന്ന ഒരു മുത്തുക്കുട നിവ൪ന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ ആദമിന്റെ വാരിയെല്ല് പോലെ മുത്തുക്കുടയുടെ ഒരു കമ്പി ഊരിപ്പോയി. അങ്ങനെ ഉണ്ടായതാണ് 'ഫോമ' വാരിയെല്ല് വള൪ന്ന് ആദത്തിന് ആപ്പിൾ കൊടുക്കുന്നവളായതുപോലെ 'ഫോമ'യും വള൪ന്നു. ആദ്യമാദ്യം അൽപസ്വൽപം പോരോക്കെ ഉണ്ടായിരുന്നെന്ന് തോന്നുന്നു. ഇപ്പോൾ സപത്നികളുടെ സഹവ൪ത്തിത്വം പോലെ ആയിട്ടുണ്ട്. അറുപതുകളിലെ ബന്ധമല്ലല്ലോ കോൺഗ്രസും കേരള കോൺഗ്രസും തമ്മിലോ രണ്ട് കമ്യൂണിസ്റ്റ് പാ൪ട്ടികൾ തമ്മിലോ ഇന്നുള്ളത്. അതുപോലെ 'ഫൊക്കാന'ക്കും 'ഫോമ'ക്കും ഒരുമിച്ച് പ്രവ൪ത്തിക്കാറായിട്ടുണ്ടെന്ന് തോന്നുന്നു. വീണ്ടും യോജിക്കണമെന്നില്ലല്ലോ സഹകരിക്കാൻ. ഫോമയുടെ കോശസ്ഥിതിയും ശ്രദ്ധ ആക൪ഷിക്കുന്നുണ്ടെന്ന് തോന്നി. വെറുതെ തോന്നിയതാവാം.
ഫോമയുടെ ഈ സംഗമം ഒരു കപ്പലിൽ വെച്ചായിരുന്നു. ടൈറ്റാനിക് പണ്ടുപോയ വഴികളിലൂടെ ഒരാഴ്ച. 1960ൽ ആണ് ഞാൻ ഇതിനുമുമ്പ് കപ്പലിൽ യാത്ര ചെയ്തത്. അത് ഫ്രാൻസിൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദ്യാ൪ഥി സംഘത്തിന്റെ അംഗം എന്ന നിലക്ക്. അന്ന് യാത്രക്കപ്പലുകൾ സുസാധാരണവും വിമാനയാത്ര താരതമ്യേന അസാധാരണവുമായിരുന്നു. കൊച്ചിയിൽനിന്നാണ് കപ്പലിൽ കയറിയത്. പതിനെട്ടു ദിവസമെടുത്തു യൂറോപ്പിലെത്താൻ. അഞ്ചാംനാൾ ഏദൻ, ഇപ്പോഴത്തെ യെമൻ, പിന്നെ മസാവ, സൂയസ് തോട്, മാൾട്ട, സിസിലി, ഇറ്റലി. വിദ്യാ൪ഥികൾക്ക് ഡെക്കിലാണ് ടിക്കറ്റ്. നമ്മുടെ തീവണ്ടികളിലെ ത്രീടയ൪ സംവിധാനം പോലെ. ആദ്യം കടൽച്ചൊരുക്ക്. പിന്നെ രസംതന്നെ. എങ്കിലും കപ്പൽ ഇളകുമ്പോൾ നമ്മളും വിവരം അറിയും.
ഇത്തവണ യാത്രചെയ്ത കപ്പൽ അമ്മാതിരിയുള്ളതല്ല. പതിനാലുനിലയാണ്. ഒട്ടേറെ ഭോജനശാലകൾ. യോഗങ്ങൾ നടത്താൻ ചെറുതും വലുതുമായി ഓഡിറ്റോറിയങ്ങൾ. ചൂതാട്ടം മുതൽ നിഷ്കളങ്കമായ നീന്തൽക്കുളം വരെ വിവിധ വിനോദോപാധികൾ. ഭക്ഷണം സൗജന്യം. കള്ള് വേണമെങ്കിൽ കാശ് വേറെ കൊടുക്കണമെന്നു മാത്രം. ഫോമയുടെ ആളുകൾതന്നെ ആയിരത്തോളം. വേറെ ഒരു മൂവായിരം. അങ്ങനെ പത്ത് നാലായിരം ജനം.
മുഖ്യാതിഥി ആയിരുന്നതിനാൽ എനിക്ക് നല്ല കാബിൻ കിട്ടി. ബാൽക്കണിയിൽ ഇരുന്നാൽ പ്രപഞ്ചസ്രഷ്ടാവിനെ വാഴ്ത്താൻ തോന്നും. ഗഗനമെന്തൊരദ്ഭുതം, സമുദ്രമെന്തൊരുദ്ഭുതം, സകലജീവജാല ജീവനെന്നന്തൊരുദ്ഭുതം. ജെറ്റ്ലാഗ് എന്ന കുന്തം കുത്തിക്കൊണ്ടിരിക്കുന്നതിനാൽ ഭക്ഷണം കഴിക്കാനും പ്രസംഗം പറയാനും അല്ലാതെ കാബിൻ വിട്ട് ഇറങ്ങിയില്ല. അത് നന്നായി. ബാൽക്കണിയിലെ സന്ധ്യകളും നിലാവുള്ള നിശകളും അസാധാരണമായ ഒരു ആധ്യാത്മികാനുഭവം ആയിരുന്നു സമ്മാനിച്ചത്. പത്തൊമ്പതാം വയസ്സിൽ തോന്നിയ ഉത്സാഹമോ ഉന്മേഷമോ അല്ലല്ലോ ഈ പ്രായത്തിൽ തോന്നേണ്ടതും.
അമേരിക്കൻ മലയാളികളുടെ സ൪ഗവാസനകളും സാഹിത്യ കൗതുകങ്ങളും എന്നും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്തവണയും സ്ഥിതി ഭിന്നമായില്ല. രാജു മൈലപ്രയുടെ 'അറുപതിൽ അറുപത്' എന്ന കൃതി മറിച്ചുനോക്കി മാറ്റിവെക്കാം എന്ന് കരുതിയാണ് കൈയിലെടുത്തതെങ്കിലും കമ്പോട് കമ്പ് വായിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇ.വിയെ ഓ൪മിപ്പിക്കുന്ന ന൪മബോധം. നമ്പൂരിത്തം തെളിയിക്കുന്ന മട്ടിൽ സ്വയം പരിഹസിക്കാനുള്ള കഴിവ്. 'ചുവപ്പുനാട', 'ഏണിപ്പടികൾ', 'യന്ത്രം' എന്നീ കൃതികളെ ആധാരമാക്കിയുള്ള സാഹിത്യവിചാരം അവിസ്മരണീയമായി. ഡോ. എം.വി. പിള്ള എന്ന സാഹിത്യ മ൪മജ്ഞനായ അ൪ബുദ വൈദ്യനാണ് വിഷയം നി൪ദേശിച്ചതും അവതരിപ്പിച്ചതും. അമേരിക്കൻ മലയാളികളുടെ ഭാഷാ സ്നേഹത്തിനും വായനശീലത്തിനും തെളിവായി തുട൪ന്നുണ്ടായ ച൪ച്ചകൾ.
അമേരിക്കയിലെ മലയാള മാധ്യമങ്ങൾ ഒരു പുതിയ സാഹചര്യം നേരിടുന്നുണ്ട് ഇപ്പോൾ. ഈ ദിവസങ്ങളിലൊക്കെ മനോരമയും മാധ്യമവും എന്റെ ഐപാഡിൽ വായിക്കുന്നുണ്ടായിരുന്നു ഞാൻ. പിന്നെ അമേരിക്കയിലെ മലയാളം പത്രങ്ങൾ എന്തിനാണ്? അവ തുടരുകതന്നെ വേണം. എന്നാൽ, അവ സ്വയം ഒരു പുന൪നി൪വചനം നടത്തേണ്ടതുണ്ടെന്ന് തോന്നുന്നു. നാട്ടിലെ പത്രങ്ങളിൽനിന്ന് വാ൪ത്തകൾ ഉദ്ധരിക്കാൻ പോയാൽ പ്രസക്തി നഷ്ടപ്പെടും. മലയാളം ഇ-പേപ്പറുകളും ടി.വി ചാനലുകളും ഇന്റ൪നെറ്റും ഉണ്ടെന്ന തിരിച്ചറിവോടെയാണ് അമേരിക്കയിലെ മലയാള മാധ്യമരംഗത്ത് പുതിയ രൂപകൽപന ഉണ്ടാകേണ്ടത്. ജോയിച്ചൻ പുതുക്കുളം വെട്ടുന്ന പുതിയ കളം ഒരു മാതൃക ആവാം. വേറെയും ഉണ്ടാവാം മാതൃകകൾ. ചിരിയരങ്ങിനിടെ തലയറിഞ്ഞ് ചിരിച്ച ഒരു നാവികനെ കണ്ടു. അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഇടുക്കി ജില്ലയിലെ കുര്യൻ കാരശ്ശേരി എന്ന വ്യക്തിയെ. കപ്പലിലെ ചീഫ് സെക്യൂരിറ്റി ഓഫിസ൪. വേറെയും ഉണ്ടായിരുന്നു മലയാളികൾ. അവരെയൊക്ക 'ഫോമ' ആദരിക്കുകയും ചെയ്തു.
പണ്ട് കപ്പൽയാത്ര കഴിഞ്ഞപ്പോൾ ഞാൻ ഒരു പുസ്തകമെഴുതി. 'ഒരു യാത്രയുടെ ഓ൪മകൾ' ആ കൃതിയുടെ കനകജൂബിലി വ൪ഷമാണിത്. ഒരു ജൂബിലിപ്പതിപ്പ് വരുന്നുണ്ട്. 'അച്ഛനും അമ്മയും ചെറിയ ബിന്ദുക്കളായി. കപ്പൽ പ്രയാണം ആരംഭിച്ചുകഴിഞ്ഞിരുന്നു' എന്നായിരുന്നു തുടക്കം. ഇനിയെന്നെങ്കിലും ഇന്ത്യവിട്ട് യാത്ര ഉണ്ടാവുമോ എന്ന് ചോദിച്ചുകൊണ്ട് ഒടുക്കവും. ഇത്തവണയും വേണമെങ്കിലും എഴുതാം. എന്നാൽ, വയ്യ. ഒരു യാത്രാ വിവരണം എഴുതാൻ ബാല്യം പോര. എവിടെ തുടങ്ങിയാലും ആധ്യാത്മികതയിലും പുരാണങ്ങളിലും എത്തുന്നു. എങ്കിലും 'ഫോമ' നൽകിയ 'കപ്പൽയാത്രയുടെ റീമേക്ക്' മനസ്സിൽ നിറഞ്ഞിരിക്കുന്നതിനാൽ ഈ അമേരിക്കൻ യാത്ര വീണ്ടും 'മധ്യരേഖ'യിൽ' കടന്നുവന്നേക്കാം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story