Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightഹൃദയമെന്ന ഹാർമോണിയം

ഹൃദയമെന്ന ഹാർമോണിയം

text_fields
bookmark_border
ഹൃദയമെന്ന ഹാർമോണിയം
cancel

മലയാളിയുടെ പ്രണയവും വിരഹവും വേദനയുമാണ് ബാബുരാജ് പാട്ടാക്കി മാറ്റിയത്. ഹൃദയത്തിന്റെ ഹാർമോണിയത്തിൽ വിരലോടിച്ച് അദ്ദേഹം സൃഷ്ടിച്ച ഈണങ്ങളിൽ ശ്രുതിമീട്ടിയത് വികാരങ്ങളായിരുന്നു. ജന്മസിദ്ധമായി ലഭിച്ചതും ചുറ്റുപാടുകളിൽനിന്ന് സ്വായത്തമാക്കിയതുമായ ആ സംഗീത ലോകത്തിൽ ജീവിത വേദന ജൈവികമായി നിലനിന്നു. കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാൻ വന്ന ഒരാളുടെ സംഗീത ജീവിതം ഒരേസമയം യാഥാർഥ്യത്തിലും ഭാവനയിലും ഇടകലർന്നു. ആ പാട്ടുകളിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരുന്നു.

ആത്മാവിഷ്കാരത്തിന്റെ ഒരന്തർജ്ഞാനം ബാബുരാജിന്റെ ഗാനങ്ങളിൽ ശോകമുദ്രയായി തെളിയും. നൈസർഗികതയും നിഷ്കളങ്കതയും നിറഞ്ഞ പാട്ടിന്റെ ലോകമായിരുന്നു ബാബുരാജി​േൻറത്. ചിട്ടപ്പെടുത്തിയ ഈണങ്ങൾക്കെല്ലാം ജൈവികമായ ഒരാലാപന സമ്പ്രദായത്തിന്റെ സംസ്കാരം കൂടി അദ്ദേഹം പതിച്ചുനൽകി. പാമരനാം പാട്ടുകാരൻ എന്നൊരു സ്വകാര്യതയിലേക്ക് പാട്ടിന്റെ സ്വരൂപത്തെ പ്രതിഷ്ഠിച്ച ബാബുരാജിന് ആ സ്വകാര്യതയിൽനിന്ന് പാട്ടിനെ സാമൂഹികമായ ബഹിർസ്ഥലികളിലേക്ക് പ്രക്ഷേപിക്കുവാനും കഴിഞ്ഞിരുന്നു. ഇടത്തരക്കാരായ ജനക്കൂട്ടത്തിന്റെ വൈകാരിക ജീവിതത്തിലാണ് ബാബുരാജിന്റെ ഈണങ്ങൾ ഇടപെട്ടത്. ബാബുരാജിന്റെ പാട്ടുകൾ ജനങ്ങളുടെ പാട്ടുകളായി മാറിയത് അങ്ങനെയാണ്.

‘നീയെന്തറിയുന്ന നീലത്താരമേ’ എന്ന പാട്ട് മുതൽ ബാബുരാജിന്റെ ഗാനരചനകളിൽ പ്രപഞ്ചവുമായുള്ള ഒരാത്മീയ ബോധത്തിന്റെ തുടർച്ചകൾ കാണാൻ കഴിയുന്നുണ്ട്. മനുഷ്യന്റെ നാദപ്രകൃതിയിൽ നിന്നുകൊണ്ട് പ്രപഞ്ചത്തിന്റെ സംഗീത വിനിമയവുമായി അടുക്കാനുള്ള ശ്രമമാണിത്. പാട്ടുകാരൻ/കാരിയുടെ ശബ്ദം തന്നെ വലിയ അർഥങ്ങൾ സമ്മാനിക്കുന്ന കാഴ്ച. ആലാപനാനന്തരം പാടുന്നവരും കേൾക്കുന്നവരും ഏകാന്തതയിലേക്ക് തിരിച്ചുപോകുന്ന ഒരു ഭാവഭദ്രത ബാബുരാജിന്റെ പാട്ടുകൾക്കുണ്ട്. അത് ലോകദർശനത്തെ ആറ്റിക്കുറുക്കി പാട്ടിലാക്കുമ്പോഴും അങ്ങനെ തന്നെയാണ്. ഏകാകിതയും വൈകാരികതയും ലയിപ്പിച്ചുനിർത്തിയാണ് ഈ ഗാനങ്ങളുടെ നിർമിതികൾ.

‘എന്നിട്ടും വന്നില്ലല്ലോ എന്റെ മണ്ണ് തുടച്ചില്ലല്ലോ, നിന്നെയും കാത്തു നീറുമീയെന്റെ തേങ്ങൽ നീ കേട്ടില്ലല്ലോ ദുനിയാവിലാശക്ക് വിലയില്ലല്ലോ’ എന്ന പാട്ടിൽ നാമിത് അറിയുന്നുണ്ട്. ബാബുരാജ് പ്രതിനിധാനം ചെയ്യുന്ന സംഗീതലോകം ആത്മീയമായ ഒരു മാനവികതലത്തെയും വിളംബരം ചെയ്യുന്നു. ഇത് സ്നേഹത്തിൽ അധിഷ്ഠിതമായ ഒന്നാണ്. കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും പാട്ടുകളാണ് ബാബുരാജി​േൻറത്. കണ്ണീർ കലർന്ന ഗാനങ്ങളുടെ ഒരു സാന്ദ്രലോകം. ‘ചുടുകണ്ണീരാലെൻ ജീവിതകഥ ഞാൻ മണ്ണിതിലെഴുതുമ്പോൾ കരയരുതാരും കരളുകളുരുകീ’ എന്ന ഭാസ്കരൻ മാഷിന്റെ വരികൾക്ക് അത്രക്കും കദനനിർഭരമായ ഈണം നൽകിയത് ബാബുരാജായിരുന്നു.

‘കണ്ണുനീരിൽ നീന്തി നീന്തി ഗദ്ഗദം നെഞ്ചിലേന്തി കൂരിരുളിൽ ദൂരെ നിന്റെ കൂട്ടുകാരി മറഞ്ഞുവല്ലോ’ എന്ന് തേങ്ങുന്ന ഒരാളുണ്ട് ബാബുരാജിന്റെ പാട്ടിൽ. ‘കണ്ണുനീർ കൊണ്ട് നനച്ചുവളർത്തിയ കൽക്കണ്ട മാവിന്റെ കൊമ്പത്ത്’ എന്ന് ഗൃഹാതുരനാകാനും ഒരാൾക്ക് കഴിയുന്നത് ബാബുരാജിന്റെ പാട്ടു കേൾക്കുമ്പോഴാണ്.

‘കാലം കണ്ണീർപ്പുഴയിലൊഴുക്കിയ കടലാസ് തോണികൾ നമ്മൾ’ എന്ന വരികളിലെ സങ്കടസംഗീതത്തെ ബാബുരാജ് ആവിഷ്കരിച്ചത് അറിവും അനുഭവവും ചേർത്തിണക്കിയാണ്. ‘കണ്ണുതുറക്കാത്ത ദൈവങ്ങളേ’ എന്ന പാട്ടിൽ കണ്ണീരിൽ മുങ്ങിയ തുളസിക്കതിരായ് കാൽക്കൽ വീണവൾ ഞാൻ’ എന്ന വരിയിലെ ശോകത്തെ ശിവരഞ്ജിനി രാഗത്തിന്റെ മൂർത്തവും സവിശേഷവുമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് ബാബുരാജ്. ‘കരളിൽ കണ്ണുനീർ മുകിൽ നിറഞ്ഞാലും കരയാൻ വയ്യാത്ത വാനത്തെ’ (പി. ഭാസ്കരൻ) ശോക സംഗീതത്തിന്റെ സ്ഥായിയിൽ വരച്ചുകാണിക്കുന്നുണ്ട് അദ്ദേഹം. ‘കവിളത്ത് കണ്ണീർകണ്ട്’ എന്ന പാട്ടിലെ കദനത്തിൽ തേങ്ങൽ കേദാറിൽ ശ്രുതിചേർന്ന് ഏത് കാലത്തിന്റെയും പാട്ടായി മാറിയത് നമ്മുടെ മുന്നിലുണ്ട്. ‘വിണ്ണിലെ രോഹിണി നക്ഷത്രം പോലെയൊരു കണ്ണുനീർതുള്ളി കണ്ണിൽ വിതുമ്പിനിന്നു’ എന്ന് ‘സ്വർണവളകളിട്ട് കൈകളാൽ’ എന്ന പാട്ടിൽ ബാബുരാജ് ഈണപ്പെടുത്തി.

കദനശ്രുതിയുടെ കണ്ണീരോടെ കരയുവതെന്തിന് പൂക്കാരി എന്ന് ആരായുന്ന ഒരാരാധകൻ ബാബുരാജിന്റെ പാട്ടിൽ എപ്പോഴുമുണ്ട്. കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ച കരാള ജീവിത നാടകരംഗത്തെയും ബാബുരാജ് ഒരു പാട്ടിൽ പകർത്തി. ‘പുഞ്ചിരിത്താമരപ്പൂ വിടർത്തുമെൻ കണ്ണുനീർപ്പൊയ്കളതാരുകണ്ടു’ എന്ന് സങ്കടപ്പെടുന്ന ഒരു കഥാപാത്രവുമുണ്ട് ബാബുരാജിന്റെ പാട്ടിൽ. ‘കണ്ണീരിനാൽ ഒരു പുഴയുണ്ടാക്കി കളിവഞ്ചി തുഴയുന്ന കാലത്തെ (യൂസഫലി കേച്ചേരി)യും ബാബുരാജ് തന്റെ പാട്ടിലാക്കി. ‘കണ്ണുനീരിൻ മഴയത്തും നെടുവീർപ്പിൻ കാറ്റത്തും കരളേ ഞാൻ നിന്നെയും കാത്തിരിക്കും’ എന്ന് താന്തമായി തേങ്ങുന്ന ഒരാളുണ്ട് ബാബുരാജിന്റെ പാട്ടിൽ.

അവധൂതനായ കാമുകനും/കാമുകിയും സ്വകാര്യം പറയുന്നവരും എല്ലാം ചേർന്നവരുടെ ഏകാന്ത ഭാവുകത്വം ബാബുരാജിന്റെ പാട്ടുകളിൽ കലർന്നിരുന്നു. കാത്തിരിപ്പിന്റെ വൈകാരിക സാധ്യതകൾ മുഴുവനും ബാബുരാജിന്റെ ഗാനങ്ങൾ പങ്കിട്ടെടുത്തിരുന്നു. ‘തളിരിട്ട കിനാക്കൾ തൻ’ എന്ന പാട്ടിൽ പരിഭവമുദ്രകളും (യമൻ കല്യാൺ) കാത്തിരിപ്പിന്റെ കാതരതകളുമുണ്ട്. ‘താമസമെന്തേ വരുവാൻ’ എന്ന പാട്ടിലെ ബഷീർ ഇമേജറികളിലെ കാത്തിരിപ്പിന്റെ വെളിച്ചവുമെല്ലാം നാമനുഭവിക്കുന്നുണ്ട്. ‘വാസന്ത പഞ്ചമിനാളിൽ’, ‘തേടുന്ന താരെ ശൂന്യതയിൽ’, ‘സൂര്യകാന്തി’, ‘കടലേ നീലക്കടലേ’ എന്നിങ്ങനെയുള്ള ഗാനങ്ങളിൽ ഈ കാത്തിരിപ്പിന്റെ നീളം നാമറിയുന്നു.

‘ഏകാന്തതയുടെ അപാര തീര’ത്തിൽ നാമനുഭവിച്ച വിഭ്രാത്മകമായ അനുഭൂതികൾ ബാബുരാജിന്റെ മനസ്സിന്റെ തന്നെ പ്രതിഫലനമായിത്തീരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സാധ്യതകളെ മലയാള സിനിമയുടെ ദൃശ്യതയിൽ അത്രക്കും കാൽപനികതയോടെ വ്യാഖ്യാനിച്ചത് ഒരുപക്ഷേ, ബാബുരാജായിരിക്കും. ബഷീർ ഭാവനയുടെ അപാരതീരങ്ങളെ ബാബുരാജ് തന്റെ സംഗീതം കൊണ്ട് അടയാളപ്പെടുത്തി. രണ്ടുപേരും അലഞ്ഞവർ, ഏകാകികൾ, അന്വേഷിച്ചവർ. സംഗീതത്തിലെ ബഷീർ ആയിരുന്നു ബാബുരാജ്. ‘സുറുമയെഴുതിയ മിഴികളി’ലെ (പഗാഡി) വരികൾക്ക് ബാബുരാജ് ഈണം നൽകിയപ്പോൾ പ്രേമത്തെ ഇങ്ങനെതന്നെ കേൾക്കണമെന്ന് തോന്നിപ്പോകും.

അനാഥത്വത്തിന്റെ വേദനകൾ ബാബുരാജിന്റെ പാട്ടിലെപോലെ നാമറിഞ്ഞിട്ടുണ്ടാവില്ല. ‘തേടുന്നതാരെ’, ‘പൊട്ടിത്തകർന്ന കിനാവി​ന്റെ’, ‘താമരക്കുമ്പിളല്ലോ (ബിംബ്ലാസ്), ‘അഗ്നിനക്ഷത്രമേ’, ‘കണ്ണുതുറക്കാത്ത’ (ശിവരഞ്ജിനി) ഇരുകണ്ണീർത്തുള്ളികൾ (ദർബാരി കാനഡ), നിഴലുകളെ നിശ്ശബ്ദനിഴലുകളെ’... അങ്ങനെ എത്രയെത്ര ഗാനങ്ങൾ. ‘ഒരു പുഷ്പം മാത്രം’ (ദേശ്) എന്ന പാട്ടിൽ നിറയുന്ന നിശ്ശബ്ദതയുടെ നിരവച്ഛായകൾ വലുതായിരുന്നു. ‘പ്രാണസഖി’ എന്ന പാട്ടിന്റെ ശോകാന്തരത്തെ വിടർത്തുന്നത് ബാബുരാജിലെ മറ്റേത് ഭാവമാണ്? ബാബുരാജിന്റെ പാട്ടിലെ വൈകാരികമായ സ്വരപ്പകർച്ചകൾ അനന്യമാണ്.

‘ആരാധിക’യുടെ പൂജാ കുസുമം’ എന്ന പല്ലവിയിൽനിന്ന് അനുപല്ലവിയിലേക്ക് പാട്ട് നീളുമ്പോൾ ‘ഇനിയാരാണാശ്രയം, ആരാണഭയം’ എന്ന വരികളിലെത്തുമ്പോൾ ശോകാകുലമായ ഒരു സ്വരസൗഖ്യത്തിന്റെ പൊരുളിൽ നാം ഹൃദയവേദന പങ്കിടുന്നു. ‘ഒരു ചില്ലിക്കാശ്’ എന്ന പാട്ടിനെപോലും ബാബുരാജിന്റെ ജീവിതവുമായി കൂട്ടിവായിക്കാവുന്നതാണ്. നമ്മുടെ വേദനകളിലേക്കും നൊമ്പരങ്ങളിലേക്കുമായിരുന്നു ബാബുരാജിന്റെ സംഗീതം ആഴ്ന്നിറങ്ങിയത്. ‘വിജനതീരമേ കണ്ടുവോ നീ വിരഹിണിയാമൊരു ഗായികയേ’ എന്ന പാട്ടിലെ സങ്കടം അത്രക്കും വലുതാണ്.

‘അസ്തമനക്കടലിന്നകലെ’ എന്ന പാട്ടിലെ ‘അകലെ’ കുറുക്കിപ്പാടിയും അർഥത്തെ ഇങ്ങേതലക്കൽ കെട്ടിയിട്ടും അകലെ അകലെ നീലാകാശം (ചാരുകേശി) എന്ന പാട്ടിലെ ‘അകലെ’ ചക്രവാളങ്ങൾ പിന്നിട്ട് പോകുമ്പോഴുമൊക്കെ ബാബുരാജിന്റെ സംഗീതാർഥങ്ങൾ വർധിക്കുന്നു. ശ്രോതാവിനെ ചൂഴ്ന്നുനിൽക്കുന്ന ശബ്ദപ്രകൃതിയുടെ അവബോധത്തെ അനുഭവവും അനുഭൂതിയുമാക്കി പരിവർത്തിപ്പിക്കുകയായിരുന്നു ബാബുരാജ്. മലയാളിയുടെ ജീവിതാരവങ്ങൾക്കിടയിൽ ഇന്നുമാഗാനങ്ങൾ ഏകാന്തമൗനമായി ഒഴുകി നിറയുന്നു...

(ചിത്രീകരണം: മനീഷ്. എം.പി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baburajmusic
News Summary - Baburaj's songs
Next Story