Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightമഹാനടി ഒരു മഹാനദി....

മഹാനടി ഒരു മഹാനദി....

text_fields
bookmark_border
mahanadhi
cancel

സിനിമ മുഖം നോക്കുന്ന കണ്ണാടിയാണ് 'മഹാനടി' അഥവാ 'നടികർ തിലകം' എന്ന  ജീവചരിത്ര ചിത്രം'മഹാനടി സാവിത്രി'യുടെ സിനിമയ്ക്കകത്തേയും പുറത്തേയും സംഭവബഹുലമായ ജീവിതത്തെ അന്വേഷിക്കുന്നു. ഒരു ക്ലാസ്സിക് മെലോ ഡ്രാമക്ക്​ വേണ്ടുന്ന ചേരുവകളൊക്കെയുള്ള ജീവിതം അതേ ശൈലിയിൽ മനസ്സിൽ തട്ടുന്ന വിധം സംവിധായകൻ നാഗ് അശ്വിൻ ആവിഷ്കരിച്ചിരിക്കുന്നു.  സാവിത്രിയുടെ മാത്രം ഒറ്റപ്പെട്ട കഥയല്ലിത്. മീനാകുമാരി,  മിസ്.കുമാരി, ശോഭ, സിൽക്ക് സ്മിത തുടങ്ങി തിരശ്ശീലയ്ക്ക് പുറത്ത് ദു:ഖപുത്രിമാരായി അകാലത്തിൽ അരങ്ങൊഴിഞ്ഞ അനവധി ജീവിതങ്ങളെ ഈ സിനിമ ഓർമിപ്പിക്കുന്നു.

ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരുപാടു സാമ്യങ്ങളുള്ള തിരക്കഥകളാണ് ഈ ഓരോ പെൺ ജന്മങ്ങളുടേതും.ചലച്ചിത്ര മേഖലയിൽ ആണധികാര വ്യവസ്ഥ തീർക്കുന്ന അരങ്ങ് / അണിയറ സമ്മർദ്ദങ്ങൾ, പ്രണയകലഹങ്ങൾ ,ഉന്മാദങ്ങൾ -എല്ലാം കൂടി സ്വപ്നയുക്തി കൊണ്ട് മാത്രം മനസ്സിലാക്കാൻ പറ്റുന്ന ജീവിതങ്ങളാണിവ. നടിയുടെ ശരീരം ഒരേ സമയം സാധ്യതയും ബാധ്യതയുമാവുന്നു. അഭിനയത്തിനൊപ്പം പലവിധ ചൂഷണങ്ങളുടെ ഇരയായും ജീവിതത്തി​​െൻറ ചൂണ്ടക്കൊളുത്തിൽ പിടയുന്ന ഈ ജീവിതങ്ങളെ എങ്ങനെ അടയാളപ്പെടുത്തിയാലും വൈകാരികതയുടെ ഊഷ്മളതയുണ്ടാവും.

1950 കളിലും 60 കളിലും തെലുങ്ക് - തമിഴ് സിനിമകളിലെ മുൻ നിര നായികയായിരുന്നു സാവിത്രി.NT രാമറാവു, നാഗേശ്വരറാവു, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ തുടങ്ങിയ മുൻ നായക താരങ്ങളൊക്കെ സാവിത്രിയുടെ സൗകര്യമനുസരിച്ച് കാത്തു നില്ക്കുകയും ഷെഡ്യൂളുകൾ ക്രമീകരിക്കുകയും ചെയ്തിരുന്ന കാലം.ഊർജസ്വലമായ വ്യക്തിത്വവും അനായാസമായ അഭിനയശൈലിയും കൊണ്ട് സഹനടന്മാരെ പോലും അത്ഭുതപ്പെടുത്തി ഈ അഭിനേത്രി. നൃത്തത്തിലുള്ള മികവ് അധികമാനവുമായി.

എന്തുകൊണ്ടാണ് 'മഹാനടി സാവിത്രി ' യുടെ ജീവിതം ദുരന്ത പര്യവസായിയായി എന്നതിന് ഒറ്റവാക്കിലൊരു ഉത്തരം ഈ സിനിമ നല്‌കില്ല.  പകരം പല സാധ്യതകൾ ,വ്യക്തിപരമായ അധിക്ഷേപ സൂചനകൾ പരമാവധി കുറച്ച് സൂക്ഷ്മദർശിയായി പ്രേക്ഷകന് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.ജീവചരിത്ര സിനിമകളിൽ നിന്ന് പൊതുവേ പ്രതീക്ഷിക്കുന്ന റിയലിസ്റ്റിക് - ഡോക്യു-ഫിക്ഷൻ രീതിയിലല്ല ഈ സിനിമയുടെ ട്രീറ്റ്മ​െൻറ്​. അതു കൊണ്ട് തന്നെ ചിത്രത്തിലെ ആദ്യ പകുതിയിൽ അതിനാടകീയതയും അവിശ്വസനീയതയും അനുഭവപ്പെട്ടേക്കാം. വാണിജ്യ സിനിമയുടെ ഫോർമാറ്റിൽ തന്നെയാണ് കഥയുടെ ഗതി വികാസമെന്നും തോന്നും. 'സാവിത്രി'യെ 'ഫിക്ഷണൽ  'പേഴ്​സണാലിറ്റി'യായി അവതരിപ്പിക്കുകയും അവരുടെ 'ക്യാരക്ടറൈസേഷൻ' നിലനിർത്തുകയും ചെയ്തിരിക്കുന്നു സംവിധായകൻ. 'നോൺ ലീനിയർ' നരേഷനാണ് ചിത്രത്തി​​െൻറ തുടക്കത്തിൽ സ്വീകരിച്ചിരിക്കുന്നത്.

mahanahi-2

സാവിത്രിയുടെ ജീവിതം പറയാൻ സംവിധായകൻ ഉപയോഗിച്ച ക്രാഫ്റ്റ് ആണ് ഈ ചിത്രത്തി​​െൻറ ആകർഷണീയതകളിൽ മുഖ്യം. വിവരണങ്ങൾക്കൊപ്പം സാവിത്രിയുടെ ജീവിതമന്വേഷിച്ചു പോകുന്ന മധുവാണി എന്ന പത്രപ്രവർത്തകയുടെ കണ്ടെത്തലുകളും ഭംഗിയായി കോർത്തിണക്കിയിരിക്കുന്നു. ബഹു വിധ മനുഷ്യരും സംഭവങ്ങളും കൂട്ടിക്കലർന്ന ജീവിതത്തിൽ നിന്ന് ഏറ്റവും പ്രധാന്യമേറിയ കുറച്ചു കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത്, കാര്യമാത്ര പ്രസക്തമായ സന്ദർഭങ്ങളിലുടെ സാവിത്രിയുടെ ജീവിതം തീവ്രമായ സിനിമാനുഭവമാക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നുണ്ട്. തിരക്കഥാരചനയിൽ പുലർത്തുന്ന മികവ്, പല തലങ്ങളിൽ വ്യാഖ്യാന സാധ്യത നല്കുന്നുണ്ട്.

ദൃശ്യപരിചരണത്തിലും സങ്കീർണവും അർത്ഥപൂർണവുമായ ശൈലി സ്വീകരിച്ചിരിക്കുന്നു ഛായാഗ്രാഹകൻ ഡാനി സാ- ലോ. പീരിയഡ് ഫിലിം എന്ന നിലയിൽ മന്ദഗതിയിലുള്ള ആഖ്യാനമോ ചിത്രസംയോജന രീതിയോ അല്ല സിനിമയിലുള്ളത്​.കാലഘട്ടങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ, കളർ ടോണുകൾ, ജീവിതത്തി​​െൻറ നിറവും നിറമില്ലായ്മയുമെല്ലാം കൃത്യമായി സംവദിക്കുന്നു. മഹാനടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില സന്ദർഭങ്ങളുടെ നിശ്ചലചിത്രങ്ങൾ,  അതിമനോഹരമായി പുനർ സൃഷ്ടിക്കുന്നതിൽ സംവിധായകൻ കാണിക്കുന്ന മിടുക്ക് പ്രശംസനീയമാണ്.
പല കാഴ്ച / കാലഘട്ട കോണുകൾ ഒരേ സമയം ഇഴചേർത്തുവെച്ചിരിക്കുന്നു ഈ സിനിമയിൽ.

മിസ്സിയമ്മ, ദേവദാസ്, മായാബസാർ തുടങ്ങിയ സാവിത്രിയുടെ ജീവിതത്തിലെ അതി പ്രശസ്തമായ / നിർണായകമായ സിനിമകളിലെ ചില നിമിഷങ്ങൾ വിദഗ്ധമായി പുനർനിർമിക്കുകയും ഗാന/ ശബ്ദ ശകലങ്ങൾ സിനിമയുടെ ഘടനയിൽ സന്നിവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു. വെറുമൊരു മെലോഡ്രാമയെന്ന് വിലയിരുത്തി തള്ളാനാവാത്ത വിധം സിനിമയുടെ 'ക്രാഫ്റ്റ് 'ബുദ്ധിപരമായി ഉപയോഗിച്ച സിനിമ കൂടിയാണിത്.

മദ്രാസിലെ ജനറൽ ഹോസ്പിറ്റൽ വരാന്തയിൽ ആരാണെന്ന് തിരിച്ചറിയാതെ, ഒരു ശരീരമായി കിടത്തിയിരിക്കുന്ന സാവിത്രിയെ കാണിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഏതാണ്ട് 6 വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടി കൂടെയുണ്ട്.ക്യാമറ ലെൻസിലേക്ക്  'ലീക്ക്' ചെയ്തെത്തുന്ന മഞ്ഞ വെളിച്ചം കാഴ്ചയെ ഇടയ്ക്കിടെ മറയ്ക്കുന്നുണ്ട്.കണ്ണീർ മറയുടെ ഉള്ളിലൂടെയുള്ള കാഴ്ച പോലെ.'ഗ്ലേർ & ഫ്ളേർ'  ഛായാഗ്രാഹണത്തിലെ വൻ തെറ്റുകളായി കരുതിയിരുന്ന  ഒരു കാലത്തെ അഭിനേത്രിയുടെ അവസാന നിമിഷങ്ങളിലേക്ക് , സാമ്പ്രദായികതയെ തകർത്ത്, തകർന്ന കാചത്തിലൂടെയെന്നപോലെ വെളിച്ചം ക്രമരഹിതമായി അരിച്ചെത്തുന്നു!

mahanadhi-3

നിശ്ചലമായി കിടക്കുന്ന സാവിത്രിയുടെ വിരലുകളെ വരാന്തയിലിരിക്കുന്ന വൃദ്ധയായ ഒരു രോഗി നിരങ്ങി വന്ന് തലോടുന്നുണ്ട്....
മരണത്തിന്റെ ഇടനാഴിയിൽ വലിപ്പച്ചെറുപ്പമില്ലാത്ത മനുഷ്യർ.സിനിമയുടെ മുന്നോട്ടുള്ള പോക്ക് വൈകാരികതയുടെ ഭാഷയിലാണെന്ന് ആദ്യത്തെ രംഗം മുതൽ സംവിധായകൻ ഉറപ്പിക്കുന്നു.

മാസങ്ങളായി 'കോമ' യിൽ കിടക്കുന്ന സാവിത്രിയമ്മയെ കുറിച്ച് സ്റ്റോറി ചെയ്യാൻ 'മധുവാണി' എന്ന പത്രപ്രവർത്തക നിയോഗിതയാവുന്ന 1980ലേക്ക് സിനിമ പെട്ടെന്ന് കട്ട് ചെയ്യുന്നു. മധുവാണിയും കൂടെയുള്ള ഫോട്ടോഗ്രാഫർ ആൻറണിയും നടത്തുന്ന അന്വേഷണങ്ങളും അവർക്കിടയിലെ സൗഹൃദവും പ്രണയവും സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതത്തിൽ നിന്ന് ഊർജം കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്.
ഈ കാലഘട്ടം സോഫ്‌റ്റ് ഫോക്കസിൽ ,കടും നിറങ്ങൾ ഒഴിവാക്കിയാണ് ഛായാഗ്രാഹകൻ ഡാനി സാ- ലോ ചിത്രീകരിച്ചിരിക്കുന്നത്. സാവിത്രിയുടെ ജീവിതത്തെ കുറിച്ചുള്ളവാണിയുടെ കണ്ടെത്തുകൾ ഗോസിപ്പുകളുടെ മസാല പുരട്ടി വില്പന ചരക്കാക്കാനുള്ള പത്രാധിപരുടെ പാപ്പരാസി സ്വഭാവത്തെ നിശിതമായി പരിഹസിക്കുന്ന രംഗങ്ങളും ഈ സ്വീക്വൻസിൽ ഉണ്ട്.

അവസാന നിമിഷങ്ങളിൽ സാവിത്രിയെ കാണാനെത്തിയ ഒരു ഫോട്ടോഗ്രാഫറെ പിന്തുടരുകയാണ് വാണി. സാവിത്രിയുടെ ജീവിതമെഴുതാനുള്ള ത്രാണി (caliber) വാണിക്കുണ്ടോ എന്ന കനമുള്ള ചോദ്യം അയാൾ ചോദിക്കുന്നുണ്ട്. ഹൃദയം കൊണ്ട് അവരുടെ കഥയെഴുതൂ എന്ന ഉപദേശവും അദ്ദേഹം നല്കുന്നു. സാവിത്രി 'മഹാനടി'യാവുന്നത് എങ്ങനെയെന്ന് താൻ സാക്ഷിയായ നിമിഷം വിവരിച്ചുകൊണ്ട് അയാൾ പറഞ്ഞു കൊടുക്കുന്നു. കെ.വി റെഡിയെന്ന വലിയ സംവിധായകനും മാർക്ക് സ് ബർട്ട്ലി (ചെമ്മീനിന്റെ ക്യാമറമാൻ ) എന്ന വിഖ്യാത ഛായാഗ്രാഹകനുമടക്കം  നിരവധി പ്രത്യേകതകളുള്ള 'മായാബസാർ'  സിനിമയുടെ ചിത്രീകരണ സമയം.ടേക്കിൽ ഒരു കണ്ണിൽ നിന്ന് മാത്രം രണ്ടു തുള്ളി കണ്ണീർ പൊഴിയണമെന്ന സംവിധായക​​െൻറ ശാഠ്യം . ഗ്ലിസറിൻ ഇല്ലാത്തതിനാൽ നടക്കില്ല എന്നു പറഞ്ഞ് 'പാക്കപ്പ്' പറയുന്ന അവസ്ഥ. അത് താൻ സ്വയം ചെയ്തു കൊള്ളാം ഗ്ലിസറിൻ വേണ്ട എന്ന് സാവിത്രി . ഏവരെയും  അത്ഭുതപ്പെടുത്തി കൊണ്ട് ഒറ്റ ടേക്കിൽ സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ തന്നെ സാവിത്രി അഭിനയിക്കുന്നു. അത്ഭുത സ്തബ്ധനായ കെ.വി റെഡ്​ഡി മഹാനടിയെന്ന നിലയിൽ ഇനിയുള്ള കാലം സാവിത്രി ഓർമിക്കപ്പെടുമെന്ന് അനുഗ്രഹിക്കുന്നു. സാവിത്രി എന്ന അഭിനേത്രിയോട് തെലുങ്കു - തമിഴ് ജനതയ്ക്കുള്ള ആരാധനയെ ചൂഷണം ചെയ്യാനുദ്ദേശിച്ചു കൊണ്ടാണെങ്കിലും, ഈ സന്ദർഭം സിനിമയുടെ ആരംഭത്തിൽ തന്നെ പ്രേക്ഷകനെ സ്പർശിക്കുന്നുണ്ട്.

വാണിയുടെ അന്വേഷണം തുടരുകയും തുടർന്നങ്ങോട്ട് കുട്ടിക്കാലം തൊട്ടുള്ള സാവിത്രിയുടെ ജീവിതം ചുരുൾ നിവരുകയും ചെയ്യുന്നു. ജനിച്ച് 6 മാസം കഴിഞ്ഞപ്പോൾ തന്നെ അച്ഛനെ നഷടപ്പെട്ട സാവിത്രിയും അമ്മയും അമ്മാവനും കെ.വി ചൗധരിയുടെ വീട്ടിൽ അഭയാർത്ഥിയായി എത്തുന്നു.കുട്ടിക്കാലം മുതൽ പ്രസന്നവതിയായ പെൺകുട്ടി കുറുമ്പിനൊപ്പം മനുഷ്യ സ്നേഹവും ഏറെയുള്ള ഈ കുഞ്ഞു സാവിത്രിക്ക് അച്ഛ​​െൻറ അഭാവം വലിയ വേദനയാവുന്നു.

mahanadhi-4

ചെറുപ്പം മുതൽ തനിക്കില്ലാതെ പോയ 'പിതൃഭാവ 'ത്തെ കുറിച്ചുള്ള ഉത്കണ്ഠ ജീവിതകാലം മുഴുവൻ  സാവിത്രിയെ വേട്ടയാടിയിരുന്നു എന്ന് ധ്വനി ഭംഗിയോടെ സംവിധായകൻ പറയുന്നു. ഒരു പക്ഷേ വിവാഹിതനും അച്ഛനുമായിരുന്നിട്ടും ജെമിനി ഗണേശനെ ജീവിതത്തിലേക്ക് ചേർത്തു നിർത്താനുള്ള പ്രേരണയും മനസ്സിൽ നീറി പിടിച്ച പിതൃവാത്സല്യക്കൊതിയാവാം. ഹരികഥാകാരൻ കൂടിയായ അച്​ഛ​​െൻറ പ്രതിരൂപമായി കുളക്കടവിലെ  പ്രതിമയോട് സാവിത്രി ചങ്ങാത്തം കൂടുന്നു.നൃത്തം പഠിപ്പിക്കാൻ ചെന്ന സാവിത്രി കുരുത്തക്കേട് കാണിച്ച് അധ്യാപക​​െൻറ അനിഷ്ടം പിടിച്ചുപറ്റുന്നു. പിന്നീട് സ്വയം നോക്കി കണ്ടു പഠിച്ച് ഗുരുവിനെ പോലും അത്ഭുതപ്പെടുത്തുന്നു.കൗമാരക്കാരിയായതോടെ നൃത്തവും സംഗീത നാടകവുമായി അമ്മാവൻ കെ.വി ചൗധരിയും സാവിത്രിയും അരങ്ങുകളിൽ സജീവമാകുന്നു. അത് സിനിമയിൽ ഒരു കൈ നോക്കാനുള്ള പ്രേരണയാവുന്നു.

ആദ്യത്തെ സിനിമാ അനുഭവങ്ങളെല്ലാം കയ്പേറിയതായിരുന്നു. പ്രിയക്കുറവുകൊണ്ടും പരിചയക്കുറവുകൊണ്ടും പരിഹാസ്യയാവുന്ന സന്ദർഭങ്ങൾ. തമിഴ്  ഭാഷയിലും പ്രശ്നങ്ങൾ സർവത്ര. ആ സന്ദർഭത്തിലാണ് ജെമിനി ഗണേശനെ പരിചയപ്പെടുന്നത്.ആദ്യ കാഴ്ചയിൽ തന്നെ ' കാതൽ മന്നൻ' സാവിത്രിയിലെ അഭിനേത്രിയെ തിരിച്ചറിയുന്നു. തമിഴ് ഭാഷാ പഠനത്തിന് പുതുവഴികൾ നിർദ്ദേശിക്കുന്നു. എൽ.വി പ്രസാദി​​െൻറ ' സംസാരം' സിനിമയിൽ നാഗേശ്വരറാവുവി​​െൻറ കൂടെ അഭിനയിക്കാൻ കിട്ടിയ അവസരം അമിത ആകാംക്ഷ കാരണം കുളമാകുന്നു.  അഭിനയിക്കാൻ കൊള്ളില്ല എന്നു പറഞ്ഞ്, പ്രസാദ് സാവിത്രിയെ തള്ളിക്കളയുന്നു.

ഈ അവസരത്തിൽ രക്ഷകനാവുന്നത് ജെമിനി ഗണേശനാണ്. ആത്മവിശ്വാസം കിട്ടിത്തുടങ്ങിയ സാവിത്രി പതിയെ ത​​െൻറ അഭിനയ മികവ് കൊണ്ട് മുൻനിര നടിയായി മാറുന്നു.'ദേവദാസ്' നോവൽ വായിച്ച് 'പാർവതിയെ' മനസ്സിൽ കൊണ്ടു നടന്ന സാവിത്രി സിനിമയിൽ അത് അനശ്വരമാക്കി. ജീവിതാന്ത്യം വരെ 'ദേവദാസ് -പാർവതി' ബിംബം സാവിത്രിയുടെ തന്നെ സ്വത്വത്തെ വിഴുങ്ങിക്കളയുന്നത് വേദനയോടെ പ്രേക്ഷകർ കാണേണ്ടി വരുന്നു.ദേവദാസിനെ പോലെ മദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ അദമ്യമായി ആഗ്രഹിച്ചിട്ടും അതിനു കഴിയാതെ ഒടുങ്ങി തീർന്നു സാവിത്രിയും.

താൻ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ അഛനാണെന്നും കൂടാതെ 'പുഷ്പവല്ലി' എന്ന സ്ത്രീയും ത​​െൻറ ജീവിതത്തിലുണ്ട് എന്നും ജെമിനി ഗണേശൻ തുറന്നു പറഞ്ഞിട്ടും സാവിത്രി - ഗണേശൻ പ്രണയം മുന്നോട്ട് നീങ്ങുന്നു. അത് രഹസ്യവിവാഹത്തിൽ കലാശിക്കുന്നു. 'മിസിയമ്മ', 'മായാബസാർ ' തുടങ്ങി തുടരെ തുടരെ ഹിറ്റുകൾ. പണം വരുന്നതിന് അനുസരിച്ച് ആർഭാടങ്ങളും സാവിത്രിയുടെ ജീവിതത്തിൽ വർധിക്കുന്നു. അതേ സമയം സഹായിക്കേണ്ടവരെ ഒരു കണക്കും വെക്കാതെ സഹായിക്കുകയും ചെയ്യുന്നു. സാവിത്രി ഗണേശൻ പ്രണയ മറിയുന്നതോടെ അമ്മാവനും കുടുംബവും എന്നന്നേക്കുമായി അകലുന്നു. സാവിത്രി ത​​െൻറ ഭാര്യയാണെന്ന് ജെമിനി ഗണേഷൻ തുറന്നു പറയുന്നതോടെ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നു. പക്ഷേ തുടർ വിജയങ്ങളും വിവാഹശേഷം സാവിത്രിക്ക് ലഭിച്ച സൂപ്പർ താരപരിവേഷവും പതിയെ ജെമിനിയിലെ പുരുഷനെ അസ്വസ്ഥനാക്കുന്നു. നിർമാണവും സംവിധാനമുൾപടെയുള്ള മറ്റു മേഖലകളിലേക്ക് കൂടി സാവിത്രി രംഗ പ്രവേശനം ചെയ്യുന്നതോടെ ആ ബന്ധം തകർച്ചയിലാകുന്നു.

mahanadhi-5

സിനിമയുടെ ആദ്യ പകുതിയിൽ ചിരികളിലൂടെ പ്രസന്നവതിയായ പെൺകുട്ടിയാണ് സാവിത്രിയെങ്കിൽ വിവാഹാനന്തരം ജെമിനിയെ അനുസരിക്കുന്ന, പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന, സ്വന്തം വിവാഹ / പ്രണയ ജീവിതം എങ്ങനെയെങ്കിലും നിലനിർത്താനാഗ്രഹിക്കുന്ന ആകുലയായ സ്ത്രീയായി സാവിത്രി മാറുന്നു. സ്വന്തം പരാജയം മറക്കാൻ മദ്യത്തിൽ അഭയം തേടിയ ജെമിനിയുടെ നിർബന്ധപ്രകാരം സാവിത്രിയും ഒരിക്കൽ മദ്യപിക്കേണ്ടി വരുന്നു. പിന്നീട് പ്രണയത്തിൽ നിന്നെന്ന പോലെ ഈ ഹൃദയദ്രവീകരണ ലഹരിയിൽ നിന്നും സാവിത്രിക്ക് മോചനമുണ്ടായില്ല.

നിർമിച്ച സിനിമകൾ പരാജയങ്ങളാവുകയും നികുതി വകുപ്പി​​െൻറ റെയ്ഡും ജപ്തികളും സാവിത്രി എന്ന താരത്തെ വെറും മണ്ണിലേക്ക് വലിച്ചിട്ടു. സമ്പന്നതയുടെ കാലത്ത് സഹായിച്ച ആരും കൂട്ടിനില്ലാതായി. മകളുമായി മദ്യപാനത്തെ ചൊല്ലി വഴക്കിട്ടു.അത് കയ്യാങ്കളിയായി. മുറിയിലെ കർട്ടനുകൾക്ക് തീ പിടിച്ച് ആ തീ ഗോളങ്ങൾക്കു നടുവിൽ നിൽക്കുന്ന ഒരു ദൃശ്യമുണ്ട് ചിത്രത്തിൽ. ജീവിച്ചിരിക്കുമ്പോൾ തന്നെ ആത്മാവെരിഞ്ഞു പോയ ഒരു പെണ്ണിനെ അടയാളപ്പെടുത്തുന്ന മുഹൂർത്തം.

കൗമാര കാലം തൊട്ട് 45വയസ്സുവരെയുള്ള സാവിത്രിയുടെ വേഷത്തെ അനായാസമായി അവതരിപ്പിച്ചു കൊണ്ട് കീർത്തി സുരേഷ് പ്രേക്ഷകനെ അമ്പരപ്പിക്കുന്നു. മുന്നു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ രണ്ടര മണിക്കൂറും കീർത്തിയുടെ പ്രകടനമാണ്. സാവിത്രിയുടെ ചലനങ്ങൾ അനുകരിക്കുകയാണെന്ന തോന്നലില്ലാതെ തന്നെ കീർത്തി സ്ക്രീനിൽ ജീവിക്കുന്നു. മായാബസാറി​​െൻറ 'ആഹാ നാ പെല്ലിയാണ്ട' എന്ന ഗാന രംഗമുൾപടെ കീർത്തി സാവിത്രിയുടെ തിരശ്ശീല ജീവിതവും യഥാർത്ഥ ജീവിതവും ഉൾക്കൊണ്ട് ചെയ്തിട്ടുണ്ട്.

ആദ്യ പകുതി സിനിമ മൊത്തത്തിൽ 'സിനിമാറ്റിക്' ആയി തോന്നുന്നുവെങ്കിലും രണ്ടാം പകുതി കുറച്ചു കൂടി മിതത്വവും ആന്തരിക സംഘർഷങ്ങളുടേതുമാണ്.
ജെമിനി ഗണേശനായി എത്തിയ ദുൽഖർ സൽമാൻ അതിസങ്കീർണമായ പുരുഷ മനസ്സിനെ ഒട്ടും പ്രകടനപരതയില്ലാതെ പകർന്നാടിയിരിക്കുന്നു. സാവിത്രിയുമായുള്ള പ്രണയം തുറന്നു പറയുന്ന രംഗങ്ങൾ പൊതു സദാചാരത്തിന് എതിരാണെങ്കിലും പ്രേക്ഷകന് ബോധ്യമാവുന്നത് ദുൽഖറി​​െൻറ അഭിനയത്തിലെ ആത്മാർത്ഥത കൊണ്ടാണ്.  സാവിത്രിയിൽ നിന്ന് പതിയെ അകന്ന് മറ്റൊരു സ്ത്രീയെ തേടി പോകുകയും അത് സാവിത്രി കണ്ടു പിടിക്കുകയും ചെയ്യുന്ന ഏറ്റവും നിർണായകമായ മുഹൂർത്തത്തിൽ, തന്റെ പുരുഷ കാമനകളുടെ നിസഹായത ഏറ്റുപറയുന്ന ജെമിനി ഗണേശനും ദുൽഖറിലെ നട​​െൻറ റേഞ്ച് കാണിച്ചു തരുന്നു.

mahanadhi-6

ജെമിനി ഗണേശൻ സാവിത്രിമാരുടെ പ്രണയ/ വിവാഹ ജീവിതത്തിലെ സംഘർഷങ്ങളിൽ മാത്രമാണ് സംവിധായകന്റെ ശ്രദ്ധ മുഴുവനും.
ആദ്യ പകുതിയിൽ എന്താണ് സാവിത്രിയുടെ സ്വഭാവം, വ്യക്തിത്വം എന്ന് വിശദമായി തന്നെ കാണിക്കുന്നുണ്ട്. മറ്റു ഭാര്യമാർ നിലനില്ക്കെ തന്നെ രഹസ്യ ഭാര്യയായി ജീവിക്കേണ്ടി വരുന്ന സാവിത്രിയുടെ വേദന  പ്രേക്ഷകന് ലഭ്യമാക്കാൻ വേണ്ടി ഉപയോഗിച്ച രംഗങ്ങൾ ക്ലീഷേ സ്വഭാവം വിടുന്നില്ല.  സാവിത്രിയുടെ മനസ്സ് കണ്ടറിഞ്ഞ് പൊതുജന മധ്യത്തിൽ ത​​െൻറ ഭാര്യയായി ജെമിനി ഗണേശൻ പ്രഖ്യാപിക്കുന്ന രംഗത്തിന് നല്കിയ ദൃശ്യാഖാനം തട്ടുപൊളിപ്പൻ വാണിജ്യ സിനിമകളുടെ രസക്കൂട്ടുചേർത്തു തന്നെ.' സാവിത്രി ഗണേശൻ ' എന്ന പേര് മഹാനടിയിൽ ഉണ്ടാക്കുന്ന അഭിമാനബോധം / ആത്മധൈര്യം ചിത്രീകരിച്ചിരിക്കുന്നത്,എല്ലാം അറിഞ്ഞു കൊണ്ട് ഇഷ്ടപ്പെട്ട പുരുഷനെ സ്വീകരിക്കാൻ ധൈര്യം കാണിച്ച സാവിത്രി എന്ന ധീരയായ സ്ത്രീയുടെ മേൽ ഒരു കോംപ്രമൈസ് വരുത്തി കൊണ്ടാണ് എന്നും അനുഭവപ്പെടുന്നു.

ഈ മുഹുർത്തം മധുവാണി - ആൻറണി പ്രണയത്തിലേക്ക് കൂടി വളർത്തിയിരിക്കുന്നു.സാവിത്രി -ഗണേശൻ ബന്ധത്തിലുണ്ടാവുന്ന വിള്ളലുകൾ  ആഴത്തിൽ അന്വേഷിക്കാൻ സംവിധായകൻ തയ്യാറായിട്ടില്ല.എം.ജി.ആർ, ശിവാജി ഗണേശൻ എന്നിവർക്കൊപ്പം ജെമിനി ഗണേശനും ജനമനസ്സിൽ ലഭിച്ചിട്ടുള്ള ഇടം സംവിധായകനെ ജാഗരൂകനാക്കിയിരിക്കണം. ഒത്തുതീർപ്പുകൾ പ്രകടമായി കാണാനാകില്ലെങ്കിലും ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൊടുത്ത സ്ക്രീൻ ടൈം ചെറുതാണ്.അവസാന കാലത്ത് സാവിത്രി അനുഭവിച്ച മദ്യപാനാസക്തിയുടെ രൂക്ഷതയും സംവിധായകൻ വിട്ടു കളഞ്ഞിരിക്കുന്നു.സായ് പറഞ്പൈ നിരീക്ഷിക്കുമ്പോലെ സിനിമയിൽ സ്ത്രീക്ക് രണ്ട് മുഖങ്ങളെയുള്ളൂ - സതി / ശക്തി.അതിനപ്പുറത്തേക്കുള്ള സങ്കീർണതകളാണ് സാവിത്രിയുടെ യഥാർത്ഥ ജീവിതത്തിൽ അരങ്ങേറിയതെങ്കിലും 'സിനിമയാക്കുമ്പോൾ ' ഈ ദ്വന്ദനിർവചനത്തിൽ ഒതുങ്ങുന്നു എന്നു 'മഹാനടി'യും കാണിച്ചുതരുന്നു.അവസാന കാലത്തെ സാവിത്രിയുടെ മുഖം സംവിധായകൻ സിനിമയിൽ കാണിച്ചിട്ടില്ല. പ്രേക്ഷകരുടെ നല്ല ഓർമകളെ ഹനിക്കാതിരിക്കാനുള്ള കരുതൽ ഈ സമീപനത്തിലുണ്ട്.
അവസാനകാലത്തെ ജീവിതത്തെ ഊഷ്മളതകളില്ലാത്ത 'ബ്ലൂ' ടോണിലാണ് ഒരുക്കിയിരിക്കുന്നത്.

mahanadhi-7

ഗാനങ്ങളും പശ്ചാത്തലസംഗീതവും ഗൃഹാതുരമായ അനുഭവമാണ് മഹാ നടിയിൽ. 'മിസിയമ്മ'യിലെ 'വാരായോ വെണ്ണിലാവേ, കേളായോ എങ്കൾ കഥയേ ' പ്രണയ സംഗീതമായി നിറഞ്ഞു നില്ക്കുന്നു. സന്ദർഭാനുസരണം ചേർത്ത തമിഴ് / തെലുങ്ക് ഗാനങ്ങൾക്കൊപ്പം 'മഹാനടി - മഹാനദീ' എന്ന പ്രമേയ സംഗീതവും 'മൂക മനസ്സിലു' എന്ന പ്രണയഗാനവും ഹൃദയ സ്പർശിയാണ്.'മൂക മനസ്സിലു'വിന് ഒരുക്കിയ കോറിയോഗ്രാഫി/സെറ്റ് എന്നിവ പ്രത്യേക പരാമർശമർഹിക്കുന്നു. ഈ ഗാനത്തി​​െൻറ സെറ്റ് ,അന്തരീക്ഷം എന്നിവ ഇന്ത്യൻ സിനിമയിലെ വിഷാദ കാവ്യം  'പ്യാസ'യിൽ ഗുരുദത്തും മാലാ സിഹ്നയും അഭിനയിച്ച 'ഹം ആപ് കീ ആഖോം മേ ഇസ് ദിൽ കോ ബസാ ദേ ദോ ' എന്ന മനോഹര പ്രണയഗാനത്തി​​െൻറ സ്മരണയുണർത്തുന്ന രീതിയിലാണ് നാഗ് അശ്വിൻ ഒരുക്കിയിരിക്കുന്നത്.
സാവിത്രിയെ പോലെ ഗീതാ ദത്ത് - വഹീദ റഹ്മാൻ  എന്നിവർക്കിടയിൽ സംഘർഷഭരിതമായ പ്രണയ ജീവിതം നയിച്ച ഗുരുദത്തിനെ സാന്ദർഭികമായി ഓർമിപ്പിച്ചതാവാം.

അവസാനമായി ശങ്കരയ്യയെ കാണാനാഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് സാവിത്രി. ആരാണ് ഈ ശങ്കരയ്യ എന്ന അന്വേഷണത്തിൽ നിന്നാണ് മധു വാണിയുടെ യാത്ര ആരംഭിക്കുന്നത്. സിനിമയുടെ അവസാനത്തിൽ മാത്രമാണ് അതിന് ഉത്തരം കിട്ടുന്നത്.ആരാധനയും /ആദരവും കലർന്ന മനസ്സുകൊണ്ട് സിനിമ കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുവാൻ നിരന്തരം ശ്രമിക്കുന്നുണ്ട് നാഗ് അശ്വിൻ.സിനിമ വ്യവസായം കഴിവുറ്റ നടി / നടന്മാരെ എങ്ങനെയൊക്കെ കുരുക്കിയിടുന്നു എന്നൊരു അന്വേഷണമോ ചെറു സൂചനകളോ ചിത്രത്തിലില്ല. വ്യക്തിപരമായ പ്രശ്നങ്ങളിൽ കുടുങ്ങി ജീവിതം തുലച്ചു കളഞ്ഞ ദുഃഖപുത്രിമാരിൽ ഒരാളായി സാവിത്രിയേയും കാണാൻ 'മഹാനടി' നിർബന്ധിക്കുന്നു. പാട്രിയാർക്കൽ ആയ  ആസ്വാദക / സാമൂഹിക / രാഷ്ടീയ തലങ്ങളെ വിശകലനം ചെയ്യാനോ, പ്രശ്ന വല്ക്കരിക്കാനോ ശ്രമിക്കാത്തതി​​െൻറ പോരായ്മ സിനിമയ്ക്കുണ്ട്.അതിനെ മറികടക്കാൻ സമാന്തരമായി നടക്കുന്ന മധുവാണി- ആൻറണി പ്രണയത്തെ വിജയത്തിലെത്തിച്ച് പ്രേക്ഷകനെ താല്ക്കാലികാശ്വസത്തിലെത്തിക്കാനും പുരോഗമന / പ്രതീക്ഷ നിർഭരമായ ഭാവിയുണ്ട് എന്ന സൂചന നല്കാനും സിനിമ ശ്രമിക്കുന്നു.വെറും സാവിത്രിയിൽ നിന്ന് 'സാവിത്രി ഗണേശൻ ' എന്ന സോഷ്യൽ സ്റ്റാറ്റസിൽ എത്തിയപ്പോഴാണ് ജെമിനി ഗണേശ​​െൻറ വഴിതെറ്റലുകൾ അവർക്ക് ഉൾക്കൊള്ളാൻ പറ്റാതായത് എന്നും സ്വയം നശിപ്പിക്കാൻ ലഹരിയിൽ അഭയം തേടുന്നത് എന്നും എന്തുകൊണ്ടോ ബോധ്യമാവുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsDQMahanadiKeerthi suresh
News Summary - Mahanadi movie review-Movies
Next Story