You are here
ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം പി.ടി സിനിമയൊരുക്കുന്നു
തൃശൂര്‍: ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷം പി.ടി. കുഞ്ഞിമുഹമ്മദ് വീണ്ടും സിനിമ സംവിധാന രംഗത്തേക്ക്. 2011ല്‍ ചരിത്ര പശ്ചാത്തലത്തില്‍ തയാറാക്കിയ ‘വീരപുരുഷ’ന് ശേഷം ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന സിനിമയുമായാണ് പി.ടിയുടെ വരവ്. ഫെബ്രുവരി 24ന് തലശേരിയില്‍ ഷൂട്ടിങ് ആരംഭിക്കും. 40 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പി.ടി. കുഞ്ഞിമുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തന്‍െറ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പുതിയ സിനിമയുടെ പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു. ആധുനികതയുടെയും മതേതരത്വത്തിന്‍െറയും വിപ്ളവങ്ങള്‍ അന്വേഷിച്ചിറങ്ങുന്ന മന്‍സൂര്‍ എന്ന ചെറുപ്പക്കാരന്‍ തന്‍െറ രാജ്യസ്നേഹവും കൂറും തെളിയിക്കാന്‍ കഴിയാത്ത അവസ്ഥയിലത്തെുന്നതാണ് അവതരിപ്പിക്കുന്നത്.
‘മഗ്രിബ്’, ‘ഗര്‍ഷോം’, ‘പരദേശി’, ‘വീരപുത്രന്‍’ എന്നീ മുന്‍ ചിത്രങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണെങ്കിലും ന്യൂജെന്‍ സിനിമയല്ല. വെര്‍ജിന്‍പ്ളസ് മൂവീസിനുവേണ്ടി കെ.വി. മോഹനന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നായക കഥാപാത്രമായ മന്‍സൂറിനെ അവതരിപ്പിക്കുന്നത് ‘ആനന്ദം’, ‘പുതിയ നിയമം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ്. പ്രയാഗ മാര്‍ട്ടിന്‍, ലിയോണ ലിഷോയ് എന്നിവരാണ് നായികമാര്‍. റഫീഖ് അഹമ്മദ്, പ്രഭാവര്‍മ, പ്രേംദാസ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് ഈണം പകരുന്നത്.