Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യെദിയൂരപ്പക്ക് തിരിച്ചടി; അഴിമതിക്കേസിൽ പ്രത്യേക കോടതി വാദംകേൾക്കണമെന്ന് ഹൈ​കോടതി

text_fields
bookmark_border
യെദിയൂരപ്പക്ക് തിരിച്ചടി; അഴിമതിക്കേസിൽ പ്രത്യേക കോടതി വാദംകേൾക്കണമെന്ന് ഹൈ​കോടതി
cancel

ബംഗളൂരു: മുൻ മുഖ്യമന്ത്രിയും ബി.ജെ.പി മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട സ്വകാര്യ ഹരജി കർണാടക ഹൈകോടതി പുനഃസ്ഥാപിച്ചു.

മലയാളി സാമൂഹിക പ്രവർത്തകൻ ടി.ജെ. അബ്രഹാം നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഇടപെടൽ. സർക്കാറിന്റെ കരാറുകൾ നൽകാൻ യെദിയൂരപ്പയും കുടുംബവും കൈക്കൂലി വാങ്ങുന്നതായാണ് ഹരജിയിലെ ആരോപണം. ബംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ)യുടെ കരാർ പ്രവൃത്തികൾ നൽകാൻ രാമലിംഗം കൺസ്ട്രക്ഷൻ കമ്പനിയിൽനിന്നും മറ്റു ഷെൽ കമ്പനികളിൽനിന്നും കൈക്കൂലി വാങ്ങിയതായാണ് ആരോപണം. വിഷയത്തിൽ എസ്.ഐ.ടി അന്വേഷണം വേണമെന്നും അബ്രഹാം ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

യെദിയൂരപ്പയെ കൂടാതെ മകൻ ബി.വൈ. വിജയേന്ദ്ര, പേരമകൻ ശശിധർ മാരാടി, മരുമകൻ സഞ്ജയ് ശ്രീ, ചന്ദ്രകാന്ത് രാമലിംഗം, ബി.ഡി.എ ചെയർപേഴ്സൻ എസ്.ടി. സോമശേഖർ, ഐ.എ.എസ് ഓഫിസർ ജി.സി. പ്രകാശ്, കെ. രവി, വിരുപക്ഷ എന്നിവർക്കെതിരെയാണ് ഹരജിയിലെ ആരോപണം. യെദിയൂരപ്പക്കെതിരായ അഴിമതിയാരോപണം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ബംഗളൂരു സെഷൻസ് കോടതി 2021 ജൂലൈ എട്ടിന് തള്ളിയിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ നേരത്തേ ഗവർണറും അന്വേഷണത്തിന് അനുമതി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.

കീഴ് കോടതിയുടെ തീരുമാനം തള്ളിയ ഹൈകോടതി, ഹരജിയിൽ പുതിയ വാദംകേൾക്കാൻ അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയോട് ഉത്തരവിട്ടു. പരാതിയിൽ ഗവർണർ അന്വേഷണത്തിന് അനുമതി നൽകാതിരുന്നത് പരിഗണിക്കേണ്ടതില്ലെന്നും ഹൈകോടതി വ്യക്തമാക്കി. ഹരജിക്കാരനായ ടി.ജെ. അബ്രഹാം ഗവർണറെ സമീപിച്ചപ്പോൾ, നിയമപരമായ തെളിവുകളില്ലെന്ന് അന്വേഷണത്തിന് അനുമതി നൽകിയില്ലെന്നും ഗവർണറുടെ നടപടി ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി ഹരജി തള്ളിയതെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ആരോപണം ഉന്നയിക്കപ്പെട്ട കുറ്റകൃത്യത്തിന് അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം എന്നിവ പ്രകാരം ആരോപിതർക്കെതിരെ കുറ്റം ചുമത്തണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം (പി.എം.എൽ.എ ആക്ട്) അനുസരിച്ച് കുറ്റം ചുമത്താൻ പ്രത്യേക കോടതിക്ക് അധികാരമില്ലെന്നും അതിന് ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കാനും ഹൈകോടതി നിർദേശിച്ചു.

കോട്ടയം സ്വദേശിയും മുൻ മന്ത്രി ബേബി ജോണിന്റെ ബന്ധുവുമായ ടി.ജെ. അബ്രഹാം മുമ്പ് ബംഗളൂരു നൈസ് റോഡ് അതിവേഗപാതയുടെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിവാദ വ്യവസായിയും എം.എൽ.എയുമായിരുന്ന അശോക് ഖേനിക്കെതിരെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു. മൂന്നു തവണ നിയമസഭ തെരഞ്ഞെടുപ്പിലും പങ്കാളിയായി. 2008ൽ കെ.ആർ. പുരത്തുനിന്ന് ബി.എസ്.പി ടിക്കറ്റിലും 2013ലും 2018ലും ബിദർ സൗത്തിൽനിന്നും ജനവിധി തേടിയെങ്കിലും വിജയിച്ചില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Backlash to Yeddyurappa; The High Court should hear the case in a special court in the corruption case
Next Story