കേരള മോഡലിന് ഊർജമേകാൻ പ്രതിരോധ ഗീതം

05:02 AM
23/05/2020
തിരുവനന്തപുരം: ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന പ്രതിരോധത്തിൻെറ കേരള മോഡലിന് ഊർജമേകാൻ പ്രതിരോധ ഗീതവും. ഡോ.കെ.ജെ. യേശുദാസ് ആലപിച്ച കേരളത്തിൻെറ കോവിഡ് പ്രതിരോധ ഗീതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നല്ല സന്ദേശമേകുന്ന ഗാന വിഡിയോയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. മുൻമന്ത്രി എം.എ. ബേബിക്ക് ക്യൂ ആർ കോഡ് പതിപ്പിച്ച പോസ്റ്റർ കൈമാറിയാണ് കേരള മീഡിയ അക്കാദമി തയാറാക്കിയ വിഡിയോയുടെ പ്രകാശനം നിർവഹിച്ചത്. സ്വരലയയുമായി സഹകരിച്ചാണ് വിഡിയോ നിർമിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ കേരളീയർ ഒരുമനസ്സോടെ മുന്നോട്ടുപോകണമെന്നും ഈ വേളയിൽ ഭിന്നത വേണ്ടെന്നും ഗാനാലാപനത്തിന് മുമ്പുള്ള സന്ദേശത്തിൽ യേശുദാസ് പറഞ്ഞു. അമേരിക്കയിൽനിന്ന് അദ്ദേഹം റെക്കോഡ് ചെയ്ത് അയച്ചതാണ് പാട്ട്. 'നമ്മളൊന്ന് ... എന്നുമൊന്ന് ..... കേരളമേ' എന്നു തുടങ്ങുന്ന ഗാനം കവി പ്രഭാവർമ രചിച്ച് സംഗീതസംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ടതാണ്. ദൃശ്യാവിഷ്‌കാരം ചലച്ചിത്രകാരൻ ടി.കെ. രാജീവ് കുമാർ. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, എം. ജയചന്ദ്രൻ, പ്രഭാവർമ, ടി.കെ. രാജീവ് കുമാർ, സ്വരലയ ചെയർമാൻ ജി. രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു.
Loading...