റേഷൻ വ്യാപാരിയുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം

05:00 AM
18/05/2020
തിരുവനന്തപുരം: ജില്ല ജഡ്ജിക്ക് സംസ്ഥാന സർക്കാറിൻെറ സൗജന്യ പലവ്യഞ്ജനക്കിറ്റ് നൽകാത്തതുമൂലം സസ്പെൻഡ് ചെയ്ത റേഷൻ കടക്കെതിരായ നടപടികൾ പിൻവലിക്കണമെന്ന് ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിയും സർക്കാറിനോട് ആവശ്യപ്പെട്ടു. റേഷൻകടയിൽ കിറ്റുകൾ എത്തിക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥർ ഓൺലൈൻ സൈറ്റിലേക്ക് ഇതുസംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അപ്ലോഡ് ചെയ്യുകയാണ്. ഓൺലൈനിൽ കടയിലെ സ്റ്റോക്ക് പരിശോധിച്ച് ഉപഭോക്താക്കൾ വരുമ്പോൾ കിറ്റ് എത്തിയിട്ടില്ലെന്ന വ്യാപാരിയുടെ വാക്കുകൾ ഇവർ വിശ്വാസത്തിലെടുക്കാറില്ല. ഇത് വാക്കുതർക്കങ്ങൾക്കും പരാതിക്കും ഇടയാക്കുന്നുണ്ട്. കരിക്കകത്തെ എ.ആർ.ഡി 223ാം നമ്പർ കടയിലും സംഭവിച്ചത് ഇതേപ്രശ്നമാണ്. അതേസമയം കട സസ്പെൻഡ് ചെയ്തതിൽ തെറ്റില്ലെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ് അധികൃതർ. ഏപ്രിൽ 15 വൈകീട്ട് 5.30 ഓടെയാണ് കടയിൽ വെള്ള കാർഡുകാർക്കുള്ള 50 കിറ്റുകൾ സപ്ലൈകോ എത്തിക്കുന്നത്. എന്നാൽ നീല കാർഡുകാരിൽ എല്ലാവരും കിറ്റുകൾ വാങ്ങാത്തതിനാൽ 15 കിറ്റുകൾ അന്ന് രാവിലെ മുതൽ കട‍യിൽ ബാക്കിയുണ്ടായിരുന്നു. സർക്കാർ നിർദേശപ്രകാരം കൃത്യമായ ക്രമനമ്പർ അനുസരിച്ചാണ് ജഡ്ജി ഭാര്യക്കൊപ്പം കിറ്റ് വാങ്ങാനെത്തിയത്. കടയിൽ അവശേഷിച്ച കിറ്റ് നൽകുന്നതിന് പകരം വെള്ള കാർഡുകാർക്കുള്ള കിറ്റ് വന്നിട്ടില്ലെന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പരിശോധന വേളയിൽ 10 കിറ്റുകൾ കടയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വ്യക്തമായ അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് വ്യാപാരിക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നും ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഭക്ഷ്യവകുപ്പ് അധികൃതർ അറിയിച്ചു.
Loading...