ആശുപത്രി ജീവനക്കാരെ കൈയേറ്റംചെയ്യുന്നത് ജാമ്യമില്ലാ കേസ്​, ഉത്തരവ് നടപ്പാക്കിയോയെന്ന്​ മനുഷ്യാവകാശ കമീഷൻ

05:05 AM
20/09/2019
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് തടവുശിക്ഷയും പിഴയും ഉറപ്പാക്കുന്നതിന് സഹായകരമായ രീതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന മനുഷ്യാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കിയോ എന്നറിയിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. തിരുവനന്തപുരം പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സെപ്റ്റംബർ 14ന് വനിത ഡോക്റെ ചിലർ കൈയേറ്റം ചെയ്ത സംഭവത്തിൻെറ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം. 2018 ഫെബ്രുവരി 20നാണ് കമീഷൻ ഉത്തരവ് പാസാക്കിയത്. പ്രസ്തുത ഉത്തരവ് നടപ്പാക്കിയതിൻെറ നടപടി റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. 2012ൽ കേരളം പാസാക്കിയ ആരോഗ്യ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നാണ് കമീഷൻ ആവശ്യപ്പെട്ടത്. സർക്കാർ ആശുപത്രി ജീവനക്കാരെ സാമൂഹികവിരുദ്ധർ െകെയേറ്റംചെയ്യുമ്പോൾ 2012 ലെ ആശുപത്രി സംരക്ഷണ നിയമത്തിലുള്ള ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർക്കണമെന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുള്ളതായി സംസ്ഥാന പൊലീസ് മേധാവി കമീഷനെ അറിയിച്ചു. ചികിത്സപിഴവ് ആരോപിച്ച് സാമൂഹികവിരുദ്ധർ ആശുപത്രി ജീവനക്കാരെ ആക്രമിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധങ്ങൾ പാവപ്പെട്ട രോഗികളെയാണ് കഷ്ടപ്പാടിലാക്കുന്നതെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. ആരോഗ്യ നിയമ സംരക്ഷണ പ്രതികരണവേദി ചെയർമാൻ പി.കെ. രാജുവാണ് പരാതി നൽകിയത്. 2018ലെ ഉത്തരവ് കർശനമായി നടപ്പാക്കിയിരുന്നെങ്കിൽ പള്ളിക്കൽ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. പള്ളിക്കൽ സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പ്രതിഷേധം തുടരുന്നതിനിടെയാണ് മനുഷ്യാവകാശ കമീഷൻെറ ഇടപെടൽ.
Loading...