ആയുർവേദത്തിൽ ആധികാരിക ഗവേഷണം ഉണ്ടാകണമെന്ന്​ ഗവർണർ

05:03 AM
11/07/2019
തിരുവനന്തപുരം: ആയുർവേദത്തിലും മറ്റ് പരമ്പരാഗത ചികിത്സാരീതികളിലും കൂടുതൽ ആധികാരികമായ ഗവേഷണം ആവശ്യമാണെന്ന് ഗവർണർ ജ. പി. സദാശിവം. ചികിത്സാസമ്പ്രദായമെന്ന നിലയിൽ ആയുർവേദം ലോകമെങ്ങും കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചില ഗവേഷകരുടെ ഇടയിൽ ആയുർവേദത്തിലെ പുതിയ വികാസങ്ങളോടുള്ള വിമുഖത മാറേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരം ആയുർവേദ കോളജിൽ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. പുതിയ തലമുറയിലെ ഡോക്ടർമാർ ആയുർവേദത്തിലൂടെ അടിയന്തര ചികിത്സ നടപ്പാക്കാനുള്ള രീതികൾ ചർച്ച ചെയ്യുന്നത് സന്തോഷകരമാണ്. ഉത്തര മലബാറിൽ സ്ഥാപിക്കുന്ന അന്തർദേശീയ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഈ മേഖലയിൽ ആഗോളതലത്തിൽ തന്നെ സുപ്രധാന കേന്ദ്രമായി മാറും. യുവബിരുദധാരികൾ അഞ്ചുവർഷമെങ്കിലും ഗ്രാമീണമേഖലകളിൽ ജോലി ചെയ്യാൻ തയാറാകണമെന്നും ഗവർണർ ആവശ്യപ്പെട്ടു. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. ആയുർവേദ മേഖലയിൽ വലിയമാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത് മന്ത്രി പറഞ്ഞു. അന്തർദേശീയ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൻെറ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ആയുർവേദ കോളജുകളുടെ ഉന്നമനത്തിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. 160 പുതിയ തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. ജോളിക്കുട്ടി ഈപ്പൻ, ആർ.എം.ഒ ഡോ. എസ്. ഗോപകുമാർ, സൂപ്രണ്ട് ഡോ. രഘുനാഥൻ നായർ എന്നിവർ സംബന്ധിച്ചു. 63 വിദ്യാർഥികളാണ് ചടങ്ങിൽ ബിരുദധാരണം നടത്തിയത്. മികവിനുള്ള പുരസ്‌കാരം ഡോ. ജെസ്‌നി വി. ജോസിന് ഗവർണർ സമ്മാനിച്ചു.
Loading...