കനാലിൽ രണ്ട് ദിവസം പ്രായമായ കുട്ടിയുടെ മൃതദേഹം; അന്വേഷണം മന്ദഗതിയിൽ

05:03 AM
18/05/2019
ബാലരാമപുരം: നെയ്യാർ ഇറിഗേഷൻ കനാലിൽ ഒഴുകിയെത്തിയ കുഞ്ഞിൻെറ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണം മന്ദഗതിയിൽ. നിരവധി ആശുപത്രികളിലും മറ്റും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതികളിലേക്ക് പൊലീസിന് എത്താൻ സാധിക്കാതെ കുഴങ്ങുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാകുന്നു. ബാലരാമപുരം, വഴിമുക്ക്, പച്ചിക്കോടിലെ നെയ്യാർ ഇറിഗേഷൻ കനാലിലൂടെ ഒഴുകിയെത്തിയ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിൻെറ മൃതദേഹം കണ്ട ഇവിടെ കളിച്ച് കൊണ്ടിരുന്ന യുവാക്കളാണ് പൊലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. പൊക്കിൽ കൊടി വീഴാത്ത ആൺകുഞ്ഞിനെ ജനിച്ചയുടനെ ഉപേക്ഷിക്കുകയായിരുെന്നന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽനിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കനാലിന് സമീപമുള്ള പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും ആശുപത്രികളിലും പരിശോധന നടത്തിയാൽ പ്രതികളിലേക്ക് എത്തുവാൻ സാധിക്കുമെന്നും ആരോപണമുയരുന്നു. എത്രയുംപെട്ടെന്ന് പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യവും ശക്തമാകുന്നു. കൂടൂതൽ സംഘങ്ങളെ ഉൾപ്പെടുത്തി അന്വേഷണം ശക്തമാക്കണമെന്നും നാട്ടുകാർ പറയുന്നു.
Loading...