കരൾ മാറ്റിവെക്കല്‍ ശസ്ത്രക്രിയ: മനുഷ്യാവകാശ കമീഷ​െൻറ ഇടപെടല്‍ സ്വാഗതാര്‍ഹം -വി.എസ്. ശിവകുമാർ എം.എൽ.എ

05:03 AM
18/05/2019
കരൾ മാറ്റിവെക്കല്‍ ശസ്ത്രക്രിയ: മനുഷ്യാവകാശ കമീഷൻെറ ഇടപെടല്‍ സ്വാഗതാര്‍ഹം -വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗം പുനരാരംഭിക്കുന്നതിനുള്ള മനുഷ്യാവകാശ കമീഷൻെറ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ എം.എൽ.എ. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ സൗകര്യമില്ലാതിരുന്ന പശ്ചാത്തലത്തിലാണ് 2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചത്. ഏഴുകോടി രൂപ ഇതിലേക്കായി അനുവദിക്കുകയും ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമാവശ്യമായ വിദഗ്ധ പരിശീലനം നൽകുകയും ഉപകരണങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. 2016ല്‍ ആദ്യ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളുടെപേരില്‍ ഈ സര്‍ക്കാര്‍ സാധാരണക്കാരായ രോഗികള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈ വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നില്ല. ഇക്കാര്യം നിയമസഭയില്‍ പലതവണ ഉന്നയിച്ചെങ്കിലും തുടര്‍നടപടികളുണ്ടാകാത്തത് ദുഃഖകരമാണ്. സ്വകാര്യ ആശുപത്രികളില്‍ 20 ലക്ഷംരൂപ മുതല്‍ 30 ലക്ഷംരൂപ വരെ ചെലവുവരുന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ സാധാരണക്കാരായ രോഗികള്‍ക്ക് താങ്ങാനാവുന്നവിധത്തില്‍ ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഈ ചികിത്സാ സൗകര്യത്തെ ജനോപകാരപ്രദമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് എം.എല്‍.എ ആരോപിച്ചു. ഈ അവസരത്തിലാണ് മനുഷ്യാവകാശ കമീഷന്‍തന്നെ കാര്യങ്ങള്‍ മനസ്സിലാക്കി ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഇനിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യൂനിറ്റ് പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ തയാറാകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Loading...