മെഡിക്കൽ കോളജിൽ ചികിത്സ പദ്ധതി ഉപയോഗിക്കുന്നതിൽ വൻവർധന

05:03 AM
18/05/2019
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ സൗകര്യങ്ങളും സേവനങ്ങളും വർധിക്കുന്നതിൻെറ ചുവടുപിടിച്ച് ചികിത്സാ പദ്ധതി ഉപയോഗിക്കുന്നതിലും വൻവർധന. കാരുണ്യ ബെനവലൻറ് ഫണ്ട് 2017-18 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2018-19ൽ 60 ശതമാനത്തിലധികം വർധനയാണുണ്ടായിരിക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിച്ചതിലൂടെയും രോഗികൾക്ക് മുമ്പത്തെപ്പോലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിൻെറയും ചുവടുപിടിച്ചാണ് കാരുണ്യ ബെനവലൻറ് പദ്ധതി ഉപയോഗിച്ച് ഇത്രയധികം രോഗികൾ ചികിത്സക്കെത്തിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രി പ്രവർത്തങ്ങൾ മികച്ച രീതിയിൽ നടക്കുന്നത്. കാരുണ്യ ബെനവലൻറ് ഫണ്ട് പദ്ധതിയിൻ കീഴിൽ ചികിത്സ ലഭിക്കുന്നവയിൽ പ്രധാനപ്പെട്ട വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോ സർജറി, ഗ്യാസ്ട്രോളജി, നെഫ്രോളജി എന്നിവിടങ്ങളിലായി ഈ സാമ്പത്തിക വർഷം 3281 രോഗികൾക്കാണ് ചികിത്സ ലഭ്യമായത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധിപ്പിച്ച താലോലം, കാൻസർ സുരക്ഷ, ആർ.ബി.എസ്.കെ, ആരോഗ്യകിരണം പദ്ധതികളുടെ പിൻബലത്തിൽ ചികിത്സ തേടുന്നവർക്കും സംസ്ഥാന സർക്കാർ ആരോഗ്യമേഖലയിൽ നടപ്പാക്കിയ വിപുലമായ സൗകര്യങ്ങൾ പ്രയോജനപ്രദമാണ്.
Loading...
COMMENTS