തളിയാദിച്ചപുരം കുളത്തിൽ ഇനി തെളീനീർ നിറയും

05:36 AM
23/01/2019
നേമം: നഗരസഭയുടെ പരിധിയിലെ തളിയാദിച്ചപുരം കുളത്തി​െൻറ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ചൊവ്വാഴ്ചയാണ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടായ 50 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നവീകരണം. എട്ട് മാസം മുമ്പാണ് തുക അനുവദിച്ചതെങ്കിലും പ്രതികൂല കാലാവസ്ഥയും മറ്റും കാരണം നവീകരണം നീളുകയായിരുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള കുളത്തിന് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇടയ്ക്കിടെ കുളം വൃത്തിയാക്കാറുണ്ടായിരുന്നെങ്കിലും മൂന്നു വര്‍ഷമായി അതും ഉണ്ടായിരുന്നില്ല. ഇതിനെതുടർന്ന് കുളം മുഴുവന്‍ കാട്ടുചെടികളും പുല്ലും നിറഞ്ഞു. വെള്ളം മുഴുവൻ വറ്റി. മുമ്പ് കൃഷിക്കും മറ്റും കുളത്തില്‍നിന്നുള്ള വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നാലു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നേമം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഗോപന്‍ പറഞ്ഞു. കുളത്തിലെ കളകള്‍ നീക്കിയശേഷം ചളി മാറ്റി ശുചീകരിക്കും. ചുറ്റുമതില്‍ തീര്‍ക്കുകയും കുട്ടികള്‍ക്കായി പാര്‍ക്ക് ഒരുക്കാനും പദ്ധതിയുണ്ട്. വയോധികര്‍ക്കുള്ള വിശ്രമസ്ഥലം, ആവശ്യമായ സ്ഥലങ്ങളില്‍ ഇൻറർലോക്ക് ടൈലുകള്‍, നാലുവശവും തെരുവുവിളക്കുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ തളിയാദിച്ചപുരം കുളം നേമം വാര്‍ഡിലെ മികച്ച ജലസ്രോതസ്സും വിശ്രമസങ്കേതവുമായി മാറും. എത്രയും വേഗം നവീകരണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യം.
Loading...
COMMENTS