Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:39 AM GMT Updated On
date_range 2018-03-30T11:09:00+05:30സർക്കാർ പിടിച്ചെടുത്ത അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് തൊഴിലാളികൾ ൈകയേറി
text_fieldsപുനലൂർ: സർക്കാർ പിടിച്ചെടുത്ത സ്വകാര്യ ഭൂമിയായിരുന്ന അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് സി.പി.എമ്മിെൻറ നേതൃത്വത്തിൽ തൊഴിലാളികൾ കൈയേറി കൊടിനാട്ടി. ഭൂമി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ സമരക്കാർ എത്തിയത്. യൂനിയൻ നേതാവും കശുവണ്ടി വികസന കോർപറേഷൻ ചെയർമാനുമായ എസ്. ജയമോഹനൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളടക്കം പതിനഞ്ചോളം വരുന്ന സംഘമാണ് ഭൂമി പിടിച്ചെടുക്കാനെത്തിയത്. ഭൂമി സർക്കാർ ഏറ്റെടുത്തതായി രേഖപ്പെടുത്തി താലൂക്ക് ഓഫിസ് അധികൃതർ സ്ഥാപിച്ച ബോർഡ് നശിപ്പിച്ച് ചെങ്കൊടി നാട്ടി. എസ്റ്റേറ്റിെൻറ പേരുമാറ്റി മുത്തുസ്വാമി എസ്റ്റേറ്റ് എന്നാക്കിയതായും സമരക്കാർ പ്രഖ്യപിച്ചു. ഹാരിസൺ മലയാളം പ്ലാേൻറഷനിൽനിന്ന് കൈമാറ്റം ചെയ്യപ്പെട്ടതാണ് ആര്യങ്കാവ് വില്ലേജിൽപ്പെട്ട 492 എക്കർവരുന്ന എസ്റ്റേറ്റ്. ചുറ്റും വനാതിർത്തിയായ എസ്റ്റേറ്റിൽ റബർ തേയില, ഗ്രാമ്പു, ഓറഞ്ച് തുടങ്ങിയവയായിരുന്നു പ്രധാന കൃഷി. നൂറോളം തൊഴിലാളികളും ഉണ്ടായിരുന്നു. തൊഴിൽ പ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലം പ്രവർത്തനം നിലച്ചിരുന്നു. എസ്റ്റേറ്റ് ലയത്തിലുള്ള തൊഴിലാളികൾ ഈ ഭൂമിയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തിവരികയായിരുന്നു. ഇതിനിടെ എസ്റ്റേറ്റിെൻറ ഭൂരിഭാഗവും കാടുകയറി വനസമാനമായതിനാൽ നാലുവർഷം മുമ്പ് 380 ഏക്കർ പരിസ്ഥിതി ലോല പ്രദേശമായി (ഇ.എഫ്.എൽ) പ്രഖ്യാപിച്ച് സർക്കാർ പിടിച്ചെടുത്തിരുന്നു. ശേഷിക്കുന്ന 112 ഏക്കർ ലാൻഡ് റിസപ്ഷൻ ഓഫിസർ ഡോ. രാജമാണിക്യത്തിെൻറ ഉത്തരവ് പ്രകാരം മാസങ്ങൾക്ക് മുമ്പ് പുനലൂർ താലൂക്ക് അധികൃതർ പിടിച്ചെടുത്ത് ബോർഡ് സ്ഥാപിച്ചു. ഇതിനെതിരെ ഉടമ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചതായി അറിയുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച ആര്യങ്കാവ് വില്ലേജ് അധികൃതർ ഇവിടെത്തി തൊഴിലാളികൾ ഈ ഭൂമിയിൽ പ്രവേശിക്കരുതെന്നും ലയങ്ങളിൽ താമസിക്കുന്നവർ ഒഴിഞ്ഞുപോകണമെന്നും നോട്ടീസ് നൽകി. നിലവിൽ 35 ഓളം കുടുംബങ്ങൾ ഇവിടുണ്ട്. സർക്കാർ പിടിച്ചെടുത്ത ഭൂമി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് വീതിച്ച് നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുംവരെ സമരരംഗത്ത് ഉണ്ടാകുമെന്ന് എസ്. ജയമോഹനൻ പറഞ്ഞു. എന്നാൽ, ഭൂമി പിടിച്ചെടുത്ത വിവരം വൈകീട്ടുവരെയും റവന്യൂ അധികൃതർ അറിഞ്ഞില്ല. തെന്മല പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ഇത്തരം സമരത്തെക്കുറിച്ച് അറിയിെല്ലന്നാണ് പറഞ്ഞെതെന്ന് തഹസീൽദാർ പി. ഗിരീഷ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. വിവരം കലക്ടർ, എസ്.പി എന്നിവരെ അറിയിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.
Next Story