മാൻഹോളുകളിലെ മാലിന്യം നീക്കാൻ ഇനി റോബോട്ടുകൾ; പദ്ധതിക്ക്​ ധാരണപത്രം

05:24 AM
13/01/2018
തിരുവനന്തപുരം: അഴുക്കുചാലിലും മാന്‍ഹോളുകളിലും അടിഞ്ഞുകൂടുന്ന മാലിന്യം റോബോട്ടുകളെ ഉപയോഗിച്ച് നീക്കം ചെയ്യുന്ന പദ്ധതിക്ക് ധാരണപത്രമായി. ഒരു മാസത്തിനകം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം. സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ചാണ് വാട്ടര്‍ അതോറിറ്റി ഇന്നൊവേഷന്‍ സോണ്‍ (ക്വിസ്) പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയ​െൻറയും മന്ത്രി മാത്യു ടി. തോമസി​െൻറയും സാന്നിധ്യത്തിൽ ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ. ഷൈനമോള്‍, സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥ് എന്നിവര്‍ ധാരണപത്രത്തിൽ ഒപ്പുെവച്ചു. സ്റ്റാര്‍ട്ടപ് സംരംഭമായ ജെന്‍ റോബോട്ടിക്‌സ് ചടങ്ങിൽ പരിചയപ്പെടുത്തി. ടീമംഗങ്ങളായ എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, അരുണ്‍ ജോര്‍ജ്, എന്‍.പി. നിഖില്‍, പി. ജലീഷ്, ഇ.ബി. ശ്രീജിത്ത് ബാബു, അഫ്‌സല്‍ മുട്ടിക്കല്‍, കെ. സുജോദ്, പി.കെ. വിഷ്ണു എന്നിവരെ മുഖ്യമന്ത്രി അനുമോദിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറി​െൻറ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു. ജീവിതം കെട്ടിപ്പടുക്കാനായി മാൻഹോളിലെ മാലിന്യങ്ങൾക്കിടയിൽ ഇറങ്ങി ജോലി ചെയ്യേണ്ടിവരുന്നവരുടെ ദൈന്യത മനസ്സിനെ സ്പർശിച്ച ഒന്നാെണന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മാധ്യമങ്ങളിൽ കണ്ട ഫോട്ടോകളിൽനിന്നാണ് മാൻഹോൾ അപകടങ്ങൾ കുറക്കുന്നതിനെക്കുറിച്ച തീരുമാനങ്ങളിലേക്ക് സർക്കാറിനെ നയിച്ചത്. ജലവിഭവമന്ത്രിക്കും ജല അതോറിറ്റി എം.ഡിക്കും നൽകിയ നിർദേശത്തെതുടർന്നാണ് ബദൽ മാർഗം വികസിപ്പിച്ചത്. ജല അതോറിറ്റി ആദ്യം യുവസംരംഭകരിൽനിന്ന് ആശയങ്ങൾ ക്ഷണിച്ചു. സാങ്കേതിക വിദഗ്ധരടങ്ങിയ സമിതി ഇവ പരിശോധിച്ചു. മികച്ച ആശയം മുന്നോട്ടുവെച്ച എട്ട് യുവാക്കൾ അടങ്ങുന്ന സ്റ്റാർട്ടപ് സംഘം മാൻഹോളിൽ ഇറങ്ങുന്ന റോബോട്ടി​െൻറ പ്രവർത്തനമാതൃക ഉണ്ടാക്കുകയായിരുന്നു. തുടർന്നാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
COMMENTS