Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:06 AM GMT Updated On
date_range 2018-04-19T10:36:00+05:30ചുമട്ടുതൊഴിലാളി 'ഓഫിസുകൾ' പൊളിക്കാനെത്തിയ നഗരസഭ സെക്രട്ടറിയെ തടഞ്ഞു
text_fieldsവർക്കല: ചുമട്ടുതൊഴിലാളികളുടെ നഗരത്തിലെ 'ഓഫിസുകൾ' പൊളിച്ചു നീക്കാനെത്തിയ നഗരസഭ സെക്രട്ടറിയെയും ആരോഗ്യ വിഭാഗം സ്ക്വാഡിനെയും രോഷാകുലരായ തൊഴിലാളികൾ തടഞ്ഞുെവച്ചു. പൊലീസെത്തിയെങ്കിലും ട്രേഡ് യൂനിയൻ നേതാക്കൾ സ്ഥലത്തെത്തി തടഞ്ഞു. വാഗ്വാദവും വെല്ലുവിളികളുമുണ്ടായെങ്കിലും ഒടുവിൽ ചുമട്ടുതൊഴിലാളികൾക്ക് മുന്നിൽ അധികൃതർ പിൻവാങ്ങി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം സ്ക്വാഡ് ടൗണിലെ മുനിസിപ്പൽ പാർക്കിന് മുന്നിലെ നടപ്പാതയുടെ ഓരം ചേർന്ന് നിർമിച്ച ഷെഡുകൾ പൊളിച്ചു നീക്കാനെത്തിയത്. പഴയ ഫ്ലക്സ് ബോഡുകൾകൊണ്ടു ചായ്ചു കുത്തിയ ഇത്തിരിവട്ടത്തിലാണ് ഇവ നിർമിച്ചിട്ടുള്ളത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് എന്നീ മൂന്നു യൂനിയനുകളുടെയും ഓഫിസുകളും ഇവിടെയാണ് പ്രവർത്തിക്കുന്നത്. രജിസ്റ്ററുകളും മറ്റും സൂക്ഷിക്കുന്ന മൂന്ന് പെട്ടികളും നാലഞ്ചു പ്ലാസ്റ്റിക് കസേരകളും മാത്രമാണ് ഉള്ളിലുള്ളത്. എന്നാൽ, ചായ്പ്പുകളിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ നടപ്പാത കൈയേറിയാണ് സ്ഥിപിച്ചിട്ടുള്ളതെന്നും നഗരസഭ ഭരണ നേതൃത്വത്തിെൻറ നിർദേശം നടപ്പാക്കുകയെന്ന ജോലിയാണ് തങ്ങൾ നിർവഹിക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അങ്ങനെയെങ്കിൽ ടൗണിലെ നടപ്പാത കൈയേറി സ്ഥാപിച്ച മുഴുവൻ കടകളും വൻകിട സ്ഥാപനങ്ങളുടെ നിർമിതികളും പൊളിക്കണമെന്ന് തൊഴിലാളികൾആവശ്യപ്പെട്ടു. ഇതിനിെട സെക്രട്ടറിയുടെ ആവശ്യ പ്രകാരം പൊലീസെത്തി. വിവരമറിഞ്ഞ് മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ.ആർ. ബിജുവും സി.ഐ.ടി.യു ജില്ല ജോ.സെക്രട്ടറി അഡ്വ. എഫ്.നഹാസും സ്ഥലത്തെത്തി. ഇരുവരും സെക്രട്ടറിയും തമ്മിൽ വാഗ്വാദവും നടന്നു. വാക്കേറ്റം ഉച്ചത്തിലായതോടെ നാട്ടുകാരും തടിച്ചുകൂടി. ഉദ്യോഗസ്ഥരെ സഹായിക്കാനെത്തിയ നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ പ്രകാശ് ഷെഡുകൾ പൊളിക്കുമെന്ന് പറഞ്ഞത് വലിയ ഒച്ചപ്പാടുണ്ടാക്കി. ഒടുവിൽ നീക്കത്തിൽനിന്ന് നഗരസഭാ അധികൃതർ പിൻവാങ്ങുകയായിരുന്നു.
Next Story