Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:14 AM GMT Updated On
date_range 2018-04-03T10:44:58+05:30ആശ്വാസവാക്കുകൾക്കായില്ല, ഇൗ വിലാപങ്ങൾ അലിയിക്കാൻ
text_fieldsകിളിമാനൂർ: ഇൗ കുടുംബങ്ങളുടെ കണ്ണീരിന് എത്ര വിലാപങ്ങളും പകരമാകില്ല. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയുമാണ് ആ പാറക്കുളം തട്ടിയെടുത്തത്. പഠനത്തിലും പാഠ്യേത പ്രവർത്തനങ്ങളിലുമെല്ലാം ഒരുപോലെ മികവ് പുലർത്തിയിരുന്നവരായിരുന്നു മൂവരും. അവധിക്കാലം തുടങ്ങിയതിെൻറ സന്തോഷത്തിലായിരുന്നു കുട്ടികൾ. എന്നാൽ, കണ്ണീരിൽ കുതിർന്ന അവധിക്കാലമാണ് മൂവരുടെയും വിയോഗത്തിലൂടെ ഇൗ കുടുംബങ്ങൾക്കുണ്ടായത്. മക്കളുടെ വേർപാടിൽ ആർത്തുകരയുന്ന രക്ഷിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നിസ്സഹായരാണ്. പ്രിയ കൂട്ടുകാർ വിടപറഞ്ഞത് ഇനിയും ഉൾക്കൊള്ളാനാകാതെ ഞെട്ടലിലാണ് സഹപാഠികളും. അവധിക്കാലത്തെ പ്ലാനുകൾ പങ്കുവെച്ച് ൈകപിടിച്ച് യാത്ര െചാല്ലിയവർ പദ്ധതികളെല്ലാം പാതിവഴിയിലുപേക്ഷിച്ച് മടക്കമില്ലാത്ത യാത്ര പോയെന്നത് ഇനിയും പലർക്കും വിശ്വസിക്കാനായിട്ടില്ല. അവധിക്കാലത്തെ വിശേഷങ്ങൾ കാത്തിരുന്നവർക്ക് കൂട്ടുകാരുടെ ചേതനയറ്റ ശരീരം കാണാനുള്ള കരുത്തുണ്ടായിരുന്നില്ല. വാവിട്ട് കരഞ്ഞാണ് പലരും പുറത്തേക്കിറങ്ങിയത്. ഇവരെ ആശ്വസിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും ഏറെ പണിപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ സ്കൂൾ ബസുകളിലാണ് സഹപാഠികളെത്തിയത്. അേപ്പാഴേക്കും മൃതദേഹങ്ങൾ മാതാചാരപ്രകാരമുള്ള കുളിപ്പിക്കലിനായി എടുത്തിരുന്നു. പൊരിവെയിലിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പ്രിയ കൂട്ടുകാരെ കാണാൻ കാത്തിരുന്ന ഇൗ കുട്ടികളും നൊമ്പരക്കാഴ്ചയായിരുന്നു. സ്കൂൾ ബസിൽ എത്താൻ കഴിയാത്തവർ രക്ഷിതാക്കൾക്കൊപ്പമാണ് എത്തിയത്. ഇതിനിടെ പൊലീസ് ഇടപെടലിനെതുടർന്ന് പോസ്റ്റ്മോർട്ടത്തിന് മൃതദേഹങ്ങൾ കൊണ്ടുപോയതോടെ വിദൂരങ്ങളിൽനിന്നെത്തിയ പലർക്കും കാണാനായില്ല. അടുത്ത ബന്ധുക്കളെല്ലാം ഞായറാഴ്ച രാത്രിേയാടെതന്നെ ഇടപ്പാറയിൽ എത്തിയിട്ടുണ്ട്. മറ്റ് ബന്ധുക്കളും ഉച്ചയോടെ എത്തിച്ചേർന്നു. ഖബറടക്കത്തിനുള്ള ഒരുക്കങ്ങളും ഞാറയിൽകോണം ജുമാമസ്ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയായി. അടുത്തടുത്തായാണ് മൂവരെയും ഖബറടക്കുക. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രി ഏഴോടെ വീട്ടിലെത്തിച്ചു. രാത്രിയിലും വൻ ജനാവലിയാണ് കുട്ടികൾക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.
Next Story