Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:18 AM GMT Updated On
date_range 2018-04-02T10:48:00+05:30വിജ്ഞാപനം വൈകുന്നു; ആറ്റിങ്ങല്‍ ബൈപാസ് പദ്ധതി 'കുരുക്കിലമരുന്നു'
text_fieldsആറ്റിങ്ങല്‍: നിർദിഷ്ട ആറ്റിങ്ങല്‍ ബൈപാസ് പദ്ധതിയുടെ വിജ്ഞാപനം വൈകുന്നു. കടമ്പാട്ടുകോണം--കഴക്കൂട്ടം ദേശീയപാത വികസനത്തിെൻറ ഭാഗമായാണ് ബൈപാസ് വരുന്നത്. ഭൂമി എത്ര നഷ്ടപ്പെടുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ലാത്തതിനാല്‍ പ്രദേശത്ത് ഭവന നിര്‍മാണം ഉള്‍പ്പെടെ നടത്താന്‍ കഴിയാതെ പ്രതിസന്ധി നിലനിൽക്കുന്നു. റോഡ് വികസനം സംബന്ധിച്ച വിജ്ഞാപനമുണ്ടാകാത്തത് പദ്ധതി നീട്ടിക്കൊണ്ടുപോകാനാണെന്നും ആക്ഷേപമുണ്ട്. കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടംവരെ പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച വിവരങ്ങളെല്ലാം തയാറാക്കി റവന്യൂവകുപ്പ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതിെൻറ പരിശോധന പൂര്‍ത്തിയാക്കി ദേശീയപാത വിഭാഗം കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രാലയത്തിന് കൈമാറിയാലേ വിജ്ഞാപനം പ്രസിദ്ധീകരിക്കൂ. 2017 ഒക്ടോബര്‍ 20ന് റവന്യൂവകുപ്പ് വിവരങ്ങള്‍ കൈമാറിയെങ്കിലും തുടര്‍നടപടികള്‍ അനന്തമായി നീളുകയാണ്. ആറ്റിങ്ങല്‍ നഗരത്തിന് പുറത്തുകൂടിയാണ് പുതിയ പാത വിഭാവനം ചെയ്തിട്ടുള്ളത്. മണമ്പൂര്‍ ആയാംകോണത്തുനിന്ന് തുടങ്ങി നിലവിലെ ദേശീയപാതയുടെ പടിഞ്ഞാറ് വശത്തൂകൂടി മാമത്ത് യോജിക്കുന്ന രീതിയിലാണ് നാലുവരിയുള്ള ബൈപാസ് പദ്ധതി. ടൗണിലെ ഗതാഗതക്കുരുക്കിനുള്ള ശാശ്വതപരിഹാരമായാണ് നാട്ടുകാർ ഈ പദ്ധതിയെ കാണുന്നത്. ആദ്യം തയാറാക്കിയ രൂപരേഖയില്‍ ചെറിയ മാറ്റം വരുത്തിയാണ് പുതിയ രൂപരേഖ തയാറാക്കിയത്. മാമത്ത് നിലവിലുള്ള പാലം കഴിഞ്ഞ് ദേശീയപാതയുമായി ചേരുന്ന വിധത്തിലായിരുന്നു പഴയ രൂപരേഖ. പുതിയ രൂപരേഖയനുസരിച്ച് മാമം പാലത്തിനു മുമ്പ് ബൈപാസ് ദേശീയപാതയുമായി ചേരും. ഇതോടെ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവില്‍ കുറവ് വന്നിട്ടുണ്ട്. അതേസമയം മറ്റിടങ്ങളിൽ ഒരു മാറ്റവും രൂപരേഖയില്‍ ഉണ്ടായിട്ടില്ല. 45 മീറ്റർ വീതിയിൽ 10.09 കിലോമീറ്റാണ് ബൈപാസിെൻറ നീളം. ചിറയിന്‍കീഴ് താലൂക്കിലെ മണമ്പൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കിഴുവിലം വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഒരു കിലോമീറ്റര്‍ റോഡിനായി 11.12 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. ബൈപാസിനായി ആദ്യം രൂപരേഖ തയാറാക്കിയത് 2008 ലാണ്. 2010 ല്‍ വിജ്ഞാപനം വന്നു. ഭൂമി അളന്ന് കല്ലിട്ട് റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയായിരുന്നു വിജ്ഞാപനം. കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്കായി 2009 മുതല്‍ കഴക്കൂട്ടത്ത് പ്രത്യേക റവന്യൂ ഓഫിസ് തുറന്നിരുന്നു. ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ സ്പെഷല്‍ തഹസില്‍ദാരടങ്ങുന്ന ജീവനക്കാരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. സമയപരിധിക്കുള്ളില്‍ രേഖകള്‍ പൂര്‍ത്തിയായില്ല. തുടര്‍ന്ന്, 2012 ല്‍ വീണ്ടും വിജ്ഞാപനമുണ്ടായി. ഇതില്‍ പ്രസിദ്ധീകരിച്ച സർവേ നമ്പറുകള്‍ തെറ്റിയതിനാല്‍ ഭൂമി അളക്കാനായില്ല. വിജ്ഞാപനകാലാവധി കഴിഞ്ഞതോടെ ദേശീയപാത അതോറിറ്റി പദ്ധതിയില്‍നിന്ന് പിന്മാറി. തുടര്‍ന്ന്, പദ്ധതി സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ കൈമാറുന്നത് ഇപ്പോഴാണ്. തിരുവനന്തപുരം ഭാഗത്ത് നടപ്പാക്കുന്ന പാതവികസനം അന്തിമഘട്ടത്തിലാണ്.
Next Story