തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതി നിർവഹണം പാളുന്നു

08:19 AM
17/07/2017
കൊല്ലം: തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതി നിർവഹണം കാര്യക്ഷമമാക്കാനുള്ള സർക്കാറി​െൻറ ശ്രമം തുടക്കത്തിലേ പാളുന്നു. ജൂൺ ആദ്യവാരം പദ്ധതി നിർവഹണം ആരംഭിക്കാനായിരുന്നു തീരുമാനം. ഒന്നരമാസം പിന്നിട്ടിട്ടും 90 ശതമാനം പദ്ധതികളുടെയും സൂക്ഷ്മപരിശോധന പോലും പൂർത്തിയായില്ല. ജില്ലയിലെ 85 തദ്ദേശസ്ഥാപനങ്ങളിലായി 17,914 പദ്ധതികൾക്കാണ് ആസൂത്രണസമിതി അംഗീകാരംനൽകിയത്. ഇതിൽ 5,834 പദ്ധതികൾ പുതിയവയാണ്. സൂക്ഷ്മപരിശോധനക്കായി കൈമാറിയ 5,282 പദ്ധതികൾ വിവിധ സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നു. ഓരോ പദ്ധതിയുടെയും നിർവഹണ ഉദ്യോഗസ്ഥ​െൻറ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. 377 പദ്ധതികളുടെ സൂക്ഷ്മപരിശോധന മാത്രമാണ് ഇതുവരെ പൂർത്തിയായത്. നിർമാണ പ്രവൃത്തികളിൽ 1,416 എണ്ണത്തിന് മാത്രമാണ് സാങ്കേതിക അനുമതി ലഭിച്ചത്. 4,547 പദ്ധതികൾ വിവിധ ഉദ്യോഗസ്ഥർക്ക് മുന്നിൽ സാങ്കേതിക അനുമതി കാത്തുകിടക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ മെല്ലെപ്പോക്ക് കാരണം വാർഷികപദ്ധതിയുടെ 59. 49 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തികവർഷം പൂർത്തിയായത്. നടപ്പിലാകാത്തവ സ്പിൽ ഓവർ പ്രോജക്ടുകളായി തുടരാനുള്ള അനുമതി നൽകിയെങ്കിലും പലപദ്ധതികളും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയില്ല. ഈ അവസ്ഥ ആവർത്തിക്കാതിരിക്കാനാണ് ഏപ്രിലിൽ തന്നെ പദ്ധതി രൂപവത്കരണം ആരംഭിച്ച് ജൂൺ പകുതിയോടെ നിർവഹണം ആരംഭിക്കാൻ സർക്കാർ കർശന നിർദേശം നൽകിയത്. പക്ഷേ, പഴയസ്ഥിതിയിൽ തന്നെയാണ് കാര്യങ്ങളെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ആകെ പദ്ധതികളുടെ എണ്ണം: 17,914 എസ്റ്റിമേറ്റ് തയാറാകാനുള്ളത്: 1,623 സൂക്ഷ്മപരിശോധന പൂർത്തിയാകാനുള്ളത്: 5,282 സാങ്കേതികഅനുമതി ഇഴയുന്നത്: 4547 കരാർ നടപടികളായത്: 67
COMMENTS