കാറ്റിലും മഴയിലും വീടുകൾക്ക്​ കനത്ത നാശം

05:00 AM
01/10/2019
ഇരിങ്ങാലക്കുട: കാറ്റിലും മഴയിലും വേളൂക്കര പഞ്ചായത്തില്‍ പട്ടേപ്പാടം മേഖലയില്‍ കനത്ത നാശം. കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് മൂന്ന് വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. പട്ടേപ്പാടം എസ്.എന്‍.ഡി.പി ശാഖ ഓഫിസിന് സമീപം കൊടകരപറമ്പില്‍ സൈനുദ്ദീൻെറ ഓടിട്ട വീടിൻെറ മേല്‍ക്കൂര അടുത്ത വീട്ടിലെ തേക്ക് മരം വീണ് തകര്‍ന്നു. ഒമ്പതു മാസങ്ങള്‍ക്കു മുമ്പാണ് വീട് പുതുക്കി പണിതതെന്ന് സൈനുദ്ദീന്‍ പറഞ്ഞു. ഇയാളുടെ അമ്മയും ഭാര്യയും കുട്ടികളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. ബ്ലോക്ക് റോഡില്‍ തരൂപീടികയില്‍ ലത്തീഫിൻെറ വീടിൻെറ മതില്‍ ഞാവല്‍മരം വീണ് തകര്‍ന്നു. പട്ടേപ്പാടത്ത് കൈപ്പുഴ സാവിത്രിയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. 20,000 രൂപയുടെ നഷ്ടമാണ് വീടുകള്‍ക്ക് നേരിട്ടിട്ടുള്ളതെന്ന് കൊറ്റനല്ലൂര്‍ വില്ലേജ് ഓഫിസര്‍ എസ്. സൈന അറിയിച്ചു. ശക്തമായ കാറ്റില്‍ പട്ടേപ്പാടം മേഖലയില്‍ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നും വൈദ്യുതി ലൈനുകള്‍ പൊട്ടിയും വൈദ്യുതിബന്ധവും താറുമാറായിട്ടുണ്ട്.
Loading...