അടിച്ചാലും ഒടിയാത്ത റബർ ലാത്തി

05:01 AM
11/01/2019
തൃശൂർ: പ്ലാസ്റ്റിക് ലാത്തിയുപയോഗിച്ച് 'പണി കിട്ടിയ' പൊലീസുകാർക്ക് അനുഗ്രഹമായി റബർ ലാത്തി. ഗമയുള്ള പേരാണ് ഇതിന്. കോട്ടൻ ഫാബ്രിക് റീഇൻഫോഴ്സ്ഡ് റബർ ബാറ്റൺ എന്നാണ് ഇതി‍​െൻറ ശാസ്ത്രീയ നാമം. അധികം കനമില്ലെന്ന് മാത്രമല്ല പിടി ഉൗരിപ്പോകുന്ന പ്രശ്നം ഉദിക്കുന്നേയില്ല. കോലഴി സ്വദേശി ആനന്ദാണ് പുതിയ ലാത്തി നിർമിച്ചത്. ഇതുവരെ ആയിരത്തോളം ലാത്തികൾ ആനന്ദ് പൊലീസിന് കൈമാറിക്കഴിഞ്ഞു. ഒടിയില്ലെന്ന് മാത്രമല്ല ദേഹത്ത് ചോര പൊടിയുകയോ പാടുവീഴുകയോ ഇല്ല എന്നതാണ് ഈ ലാത്തിയുടെ ഗുണം. ലാത്തി മാത്രമല്ല, ഡ്രോയിങ് റൂം വരാന്ത, സിറ്റൗട്ട് കാർപോർച്ച്, വിൻഡോ ഗാർഡൻ എന്നിവയിൽ സെറ്റ് ചെയ്യാവുന്ന വർണാഭമായ റബർ പൂച്ചട്ടികളും ആനന്ദ് നിർമിക്കുന്നു. പരിസ്ഥിതി സൗഹൃദമായ റബർ ചട്ടികൾ മണ്ണിൽ അലിഞ്ഞ് ചേരുന്നതും പ്ലാസ്റ്റിക് ചട്ടികളേക്കാൾ ഇരട്ടി കാലം ഈട് നിൽക്കുന്നതുമാണ്. കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജിയിൽ ബി.ടെക് പൂർത്തിയാക്കിയ കോലഴി സ്വദേശി ആനന്ദ് ത​െൻറ കണ്ടെത്തലുകൾക്ക് പേറ്റൻറിന് അപേക്ഷിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒ ഉൾപ്പെടെ നിരവധി പ്രോജക്ടുകളിൽ പങ്കാളിയാണ് ഇദ്ദേഹം. പുത്തൂരിൽ റബർ എൻജിനിയേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹത്തിന് ഇത്തരം പുതു ഉൽപന്നങ്ങൾ ഇനിയും വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
Loading...
COMMENTS