കൊരട്ടി വൈഗൈ ത്രെഡ്‌സ്: ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി

05:47 AM
12/07/2018
ചാലക്കുടി: നടപടികൾ പൂര്‍ത്തീകരിച്ച് കൊരട്ടി വൈഗൈ ത്രെഡ്‌സി​െൻറ ഭൂമി ഉടന്‍ ഏറ്റെടുക്കാന്‍ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വ്യവസായ മന്ത്രി എ.സി. മൊയ്തീ​െൻറ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈഗൈ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമി തിരിച്ചെടുക്കാനും തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. കമ്പനികള്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് തൊഴില്‍വകുപ്പുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. 2013 ജനുവരി 23നാണ് കമ്പനി അടച്ചുപൂട്ടിയത്. 193 തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചിട്ടില്ല. ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപയാണ് തൊഴിലാളി യൂനിയനുകള്‍ നേരത്തെ സര്‍ക്കാറിനോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ലിക്വിഡേറ്ററുടെ കൈയില്‍നിന്നും ഭൂമി സംസ്ഥാന സര്‍ക്കാറിന് വിട്ടുകിട്ടാത്തതിനാല്‍ അതിനെ കേന്ദ്രീകരിച്ചുള്ള വികസനം മുടങ്ങിക്കിടക്കുകയാണ്. 19 കോടി രൂപയിലധികം സംസ്ഥാന സര്‍ക്കാറിന് വാടകയിനത്തില്‍ വൈഗൈ ത്രെഡ്‌സ് കമ്പനി കൊടുക്കാനുണ്ട്. കമ്പനിയുടെ കെട്ടിടങ്ങള്‍ ഐ.ടി പാര്‍ക്കിന് വേണ്ടിയും ദേശീയപാതക്ക് വേണ്ടിയും പൊളിച്ചതി​െൻറ വകയില്‍ നാല് കോടിയില്‍പരം സര്‍ക്കാര്‍ വൈഗൈ കമ്പനിക്കും കൊടുക്കാനുണ്ട്. ഭൂമി ഏറ്റെടുത്താല്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ബി.ഡി. ദേവസി എം.എല്‍.എ, റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍, വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ ബിജു, ഡെപ്യൂട്ടി കലക്ടര്‍ ബിജു, ട്രേഡ് യൂനിയന്‍ നേതാക്കളായ പോള്‍ കോക്കാട്ട്, വി.ജെ. ജോയി, എ.എന്‍. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Loading...
COMMENTS