എല്‍.ഇ.ഡി ബള്‍ബ് തട്ടിപ്പ്: പ്രതി പിടിയിൽ

05:47 AM
12/07/2018
ചാലക്കുടി: എല്‍.ഇ.ഡി ബള്‍ബ് നിർമിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ പുളിങ്കര പല്ലിശേരി ലിേൻറാ ജേക്കബാണ് (34) പിടിയിലായത്. എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍ നല്‍കാമെന്നും നിർമിച്ച ബള്‍ബുകള്‍ വലിയ തുകക്ക്തിരിച്ചെടുക്കുമെന്നും വാഗ്ദാനം ചെയ്ത് പണം വാങ്ങി തിരികെ കൊടുക്കാതെ വഞ്ചിച്ച കേസിലാണ് അറസ്റ്റ്. 30ഓളം പേര്‍ ഇയാള്‍ക്കെതിരെ കൊരട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ പരാതി വന്നുകൊണ്ടിരിക്കുന്നതായി പൊലീസ് അറിയിച്ചു. നൂറോളം പേര്‍ ഇയാളുടെ വലയില്‍പെട്ട് വഞ്ചിതരായെന്നാണ് സൂചന. കല്ലൂര്‍ മുട്ടിത്തടി സ്വദേശി കെ.ആര്‍. ജോസി​െൻറ പക്കല്‍നിന്ന് വിവിധ ഘട്ടങ്ങളിലായി 1,85,000 രൂപ പ്രതി തട്ടിയെടുത്തിരുന്നു. പകരം വ്യാജ ചെക്കുകള്‍ നല്‍കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 12 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. മേലൂര്‍ കപ്പേള ജങ്ഷനിലെ കെട്ടിടത്തില്‍ വിന്‍ വിന്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തിയാണ് ലിേൻറാ തട്ടിപ്പ് നടത്തിയത്. എല്‍.ഇ.ഡി ബൾബുകള്‍ നിർമിക്കുന്നതിനുള്ള സാമഗ്രികളും യന്ത്രവും നല്‍കാമെന്നും നിർമാണം പൂര്‍ത്തിയാക്കിയ ബൾബുകള്‍ തിരികെ വിലയ്‌ക്കെടുക്കാമെന്നും പറഞ്ഞാണ് ആളുകളില്‍നിന്ന് മുന്‍കൂറായി പണം പറ്റിയത്. ഒമ്പത് വാട്ട്‌സി​െൻറ എല്‍.ഇ.ഡി ലൈറ്റുകള്‍ നിർമിക്കാനാണ് സാമഗ്രികള്‍ നല്‍കിയിരുന്നത്. സ്ഥാപനത്തില്‍ 65,000 രൂപ നല്‍കി രജിസ്‌ട്രേഷന്‍ നടത്തിയാല്‍ കരാര്‍ കാലാവധി ഒന്നര വര്‍ഷമായിരുന്നു. രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം ഗാരണ്ടിയുള്ള 200 എല്‍.ഇ.ഡി ബള്‍ബുകളും രണ്ട് പഞ്ചിങ് മെഷീനും യന്ത്രസാമഗ്രികളും സൗജന്യമായി നല്‍കും. ഇത് പ്രകാരം ഒമ്പത് വോള്‍ട്ടി​െൻറ ഒരു എല്‍.ഇ.ഡി ബള്‍ബിന് 60 രൂപ വീതമാണ് നല്‍കേണ്ടത്. നിർമാണം പൂര്‍ത്തിയായി തിരികെ 85 രൂപക്ക് ഇയാള്‍ തിരിച്ചെടുക്കാമെന്നാണ് വാഗ്ദാനം. ബള്‍ബുകളുടെ പണം തിരികെ നല്‍കാന്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ വൈകിയാല്‍ പലിശയും വാഗ്ദാനം ചെയ്തിരുന്നു. നിർമാണവേളയില്‍ കേടാവുന്നവയ്ക്ക് പകരം നല്‍കുകയും ചെയ്യും. കരാര്‍ കാലാവധിക്ക് ശേഷം 15,000, 30,000, 65,000 രൂപയുടെ വിവിധ പാക്കേജുകള്‍ പ്രകാരം വീണ്ടും കരാര്‍ തുടരാം. ഇത് പ്രകാരം പരാതിക്കാരിലൊരാളായ ജോസ് 65,000 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടുഘട്ടങ്ങളായി 60,000 രൂപ വീതവും വിന്‍വിന്‍ ട്രേഡിങ് കമ്പനിയില്‍ അടച്ചു. ബള്‍ബുകള്‍ തിരികെ നല്‍കിയ വകയില്‍ ഇയാള്‍ നല്‍കിയ ചെക്കുകള്‍ ബാങ്കില്‍നിന്ന് മടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയും മേലൂരിലെ സ്ഥാപനം അടച്ചിടുകയുമായിരുന്നു. കൊരട്ടി എസ്.ഐ സുഭീഷ്‌മോന്‍ ചാലക്കുടിയില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ എ.എസ്.ഐ പ്രദീപ്, സീനിയര്‍ സി.പി.ഒ ഷിബു, സി.പി.ഒ ദിനേശന്‍ എന്നിവരും ഉണ്ടായിരുന്നു.
Loading...
COMMENTS