പ്രളയബാധിതർക്കായി പ്രാർഥനയും ഫണ്ട് ശേഖരണവുമായി പെരുന്നാൾ ആഘോഷം

05:02 AM
14/08/2019
മല്ലപ്പള്ളി: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി പ്രത്യക പ്രാർഥനയും ഫണ്ട് ശേഖരണവുമായി പെരുന്നാൾ ആഘോഷം. മല്ലപ്പള്ളി താലൂക്കിലെ മുഴുവൻ പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനു ശേഷം പ്രളയത്തിൽ ദുരിതം അനുഭവിച്ച് ക്യാമ്പുകളിൽ കഴിയുന്നവർക്കും നാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാനും പ്രത്യേക പ്രാർഥന നടന്നു. ചില പള്ളികളിൽ ദുരിതബാധിതരെ സഹായിക്കാൻ ഫണ്ട് ശേഖരണവും നടത്തി. ചുങ്കപ്പാറ മുഹ്യിദ്ദീൻ മുസ്ലിം ജമാഅത്തിൽ ഇമാം അബ്ദുൽ ഗഫൂർ മൗലവിയും കോട്ടാങ്ങൽ മുസ്ലിം ജമാഅത്തിൽ ഇമാം നൗഫൽ ബാഖവിയും പുതുക്കുടി മുസ്ലിം ജമാഅത്തിൽ ഇമാം ടി.എം.എ കലാം മൗലവിയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. വായ്പൂര് പുത്തൻപള്ളി മുസ്ലിം ജമാഅത്തിൽ ഇമാം മുഹമ്മദ് ഷാഹ് മൗലവിയും വായ്പൂര് പഴയ പള്ളി മുസ്ലിം ജമാഅത്തിൽ ഇമാം അനീസ് റഹ്മാനിയും പുന്നവേലി മുസ്ലിം ജമാഅത്തിൽ ഇമാം മുഹമ്മദ് ഷിബിലി മൗലവിയും പെരുമ്പെട്ടി നൂറുൽ ഇസ്ലാം മുസ്ലിം ജമാഅത്തിൽ ഇമാം ഷിഹാബുദ്ദീൻ മൗലവിയും എഴുമറ്റൂർ ഗീത ക്കുളം നൂറുൽ ഹുദാ മുസ്ലിം ജമാഅത്തിൽ ഇമാം അബ്ദുൽ ഷുക്കൂർ മൗലവിയും പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. ഒഴുക്കിൽപെട്ട വയോധികയെ രക്ഷപ്പെടുത്തി തിരുവല്ല: മണിമലയാറിൻെറ കൈവഴിയായ തുകലശേരി തോട്ടിൽ ഒഴുക്കിൽപെട്ട വയോധികയെ യുവാവ് രക്ഷപ്പെടുത്തി. പൊടിപ്പാറ സ്വദേശിനി സരോജിനിയാണ് (65) ഒഴുക്കിൽപെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. മതിൽഭാഗം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുരാജാണ് രക്ഷകനായത്. സരോജിനി ഒഴുകിപ്പോകുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ സുരാജ് ചരിഞ്ഞു നിന്ന മുളയിൽ സരോജിനിയെ തടഞ്ഞുനിർത്തി കരകയറ്റുകയായിരുന്നു. ശ്രീവല്ലഭ ക്ഷേത്രത്തിലെ അന്നദാനവഴിപാടില്‍ പങ്കെടുത്തശേഷം തിരികെ വീട്ടിലേക്ക് പോകുന്നവഴി മണിമലയാറിൻെറ കൈവഴിയായ തോട്ടില്‍ കൈ കഴുകാൻ ഇറങ്ങിയതായിരുന്നു സരോജിനി. കാല്‍വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. തുടർന്ന് വയോധിക അലറികരഞ്ഞു. ഇത് കണ്ട സമീപവാസികളായ സ്ത്രീകളുടെ ബഹളംകേട്ടാണ് സുരാജ് രക്ഷകനായെത്തിയത്.
Loading...
COMMENTS