അങ്ങാടിപ്പുറത്തുനിന്ന്​ നാല്​ കി.മീ ബൈപാസ് പദ്ധതി ഊർജിതമാക്കും

04:59 AM
24/11/2019
റോഡ് ഒാരാടംപാലം മുതൽ മാനത്തുമംഗലം വരെ ഭൂവുടമകളുടെ യോഗം വിളിക്കാന്‍ ധാരണ പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ദേശീയപാതയിൽ അങ്ങാടിപ്പുറം ഒാരാടംപാലം മുതൽ മാനത്തുമംഗലം റെയിൽവേ മേലപാലത്തോടുകൂടിയ ബൈപാസ് റോഡിനുള്ള നിർദിഷ്ട പദ്ധതി ഊർജിതമാക്കാൻ തീരുമാനം. സ്ഥലമേറ്റെടുക്കലിന് നടപടികൾ ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗം ചർച്ച ചെയ്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കലക്ടര്‍ ജാഫര്‍ മലിക് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ പ്രത്യേക മോണിറ്ററിങ് സമിതിക്ക് രൂപം നൽകി. സബ് കലക്ടര്‍ കെ.എസ്. അഞ്ജു കണ്‍വീനറായ കമ്മിറ്റിയിൽ എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, ടി.എ. അഹമ്മദ് കബീര്‍ അടക്കം ജനപ്രതിനിധികൾ അംഗങ്ങളാണ്. ഡിസംബര്‍ 15ന് ഭൂവുടമകളുടെ യോഗം വിളിക്കും. ഡിസംബര്‍ ആദ്യവാരം ഭൂവുടമകളുമായി ചര്‍ച്ച നടത്തും. 4.04 കിലോമീറ്റര്‍ നീളത്തിലും 24 മീറ്റര്‍ വീതിയിലുമുള്ള ബൈപാസിന് 25 ഏക്കര്‍ ഭൂമി വേണം. പദ്ധതിക്ക് 2010ല്‍ അംഗീകാരമായി സർവേ പൂര്‍ത്തിയാക്കിയിരുന്നു. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകള്‍ എല്‍.എ വിഭാഗം ശേഖരിച്ച് ഡിസംബര്‍ അഞ്ചിനകം മരാമത്ത് വകുപ്പിന് കൈമാറും. 10നകം സ്ഥലമേറ്റെടുക്കലിനുള്ള വിശദ അപേക്ഷ റവന്യൂ വകുപ്പിന് നല്‍കും. ഇടയിൽ വരുന്ന റെയിൽവേ മേൽപാലത്തിന് 18 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോജക്ട് മാനേജ്മൻെറ് ചാര്‍ജായി പദ്ധതി തുകയുടെ ഒരു ശതമാനമായ 18 ലക്ഷം രൂപ സര്‍ക്കാര്‍ കെട്ടിവെക്കണം. സ്ഥലമേറ്റെടുത്താൽ പണി തുടങ്ങും. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവന്‍, ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലി, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, സതേണ്‍ റെയിൽവേ സീനിയര്‍ സെക്ഷന്‍ എൻജിനീയര്‍ ആബിദ് പരാരി, പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ.പി. സജീഷ്, അസി. എൻജിനീയര്‍ വി. സുരേഷ്, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പി.ടി. ജാഫര്‍ അലി, സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍.എ) സി.വി. മുരളീധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Loading...