Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:23 AM GMT Updated On
date_range 2018-03-20T10:53:54+05:30സമരക്കാരെ തടയാൻ നാലിടങ്ങളിൽ പൊലീസ് ചെക്ക്പോസ്റ്റ്
text_fieldsകുറ്റിപ്പുറം: ദേശീയപാത സർവേ തടയാനെത്തുന്ന സമരക്കാരെ പൊലീസ് തടഞ്ഞത് നാലിടങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച്. തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ തിരൂർ റോഡിൽ ചെമ്പിക്കൽ, വളാഞ്ചേരി റോഡിൽ മൂടാൽ, പൊന്നാനി റോഡിൽ മിനിപമ്പയിൽ, കുറ്റിപ്പുറം ടൗണിൽ എന്നിടങ്ങളിലായി പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. സമരാനുകൂലികൾ എത്തിയ ടൂറിസ്റ്റ് ബസടക്കം ആറ് വാഹനങ്ങളും ജീവനക്കാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 450 പൊലീസുകാരെയാണ് വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നത്. ജില്ലയിൽനിന്നുള്ള പൊലീസിനൊപ്പം പാലക്കാടുനിന്നുള്ള 50 പേരും ദ്രുതകർമസേനയും കുറ്റിപ്പുറത്തെത്തി. സർവേ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരേയും ജീവനക്കാരേയും മാത്രമാണ് പൊലീസ് കടത്തിവിട്ടത്. സമരക്കാരെ ഹൈവേ ജങ്ഷനിൽ നിന്നനങ്ങാൻ സമ്മതിക്കാതെ 100 മീറ്ററകലെ റെയിൽവേ പാലത്തിന് സമീപം സർവേ തുടങ്ങുകയായിരുന്നു. വഴിയടയുമോ....? മൂന്ന് വീട്ടുകാർ ആശങ്കയിൽ കുറ്റിപ്പുറം: വീടിന് മുൻവശത്ത് വരെ സർവേ എത്തുകയും ഇവിടെ പാലം നിർമിക്കുകയും ചെയ്താൽ വീട്ടിൽനിന്നെങ്ങനെ പുറത്തിറങ്ങുമെന്ന ആശങ്കയിലാണ് കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന് സമീപത്തുള്ള വീട്ടുകാർ. ആദ്യദിന സർവേയിൽതന്നെ മൂന്ന് വീട്ടുകാർ ആശങ്കയിലായി. പരേതനായ പാറമ്മൽ ഹംസ ഹാജി, പി.ടി തോമസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ എന്നിവരുടെ വീടിനോട് ചേർന്നാണ് കല്ല് നാട്ടിയത്. റോഡ് വരുന്നതോടെ വീട്ടിലേക്ക് പ്രവേശനം പ്രയാസകരമാകും. മേൽപാലം വന്നതിന് ശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സർവിസ് റോഡ് വരുമോയെന്ന വീട്ടുകാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ സർവേ നടത്തുന്ന ഉദ്യോഗസ്ഥർക്കായില്ല. ഇതോടെ പ്രദേശത്ത് തടിച്ചുകൂടിയവരും ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായെങ്കിലും ഉദ്യോഗസ്ഥർ കല്ല് നാട്ടുകയായിരുന്നു.
Next Story