Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 4:59 AM GMT Updated On
date_range 2018-03-20T10:29:59+05:30'മഹാസാഗരം' അലയടിച്ചു; പ്രേക്ഷകമനസ്സ് കഥാസാഗരം
text_fieldsതിരുവനന്തപുരം: പ്രേക്ഷകമനസ്സിലേക്ക് 'മഹാസാഗരം' അലയടിച്ചു. മലയാളി മനസ്സിൽ ഒരുകാലഘട്ടത്തെ കഥപറഞ്ഞുണർത്തിയ പ്രിയകഥാകാരൻ, എം.ടി. വാസുദേവന്‍ നായരുടെ ജീവിതത്തിലൂടെയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മഹാസാഗരം ഒഴുകി. ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ പ്രൗഢസദസ്സ് കരഘോഷത്തോടെ അത് നെഞ്ചേറ്റിയപ്പോൾ മലയാളത്തിന് പുതിയൊരു നാടകകാലത്തിെൻറ വരവറിയിപ്പ് കൂടിയായി. പ്രശാന്ത് നാരായണന്‍ രംഗരചനയും ആവിഷ്‌കാരവും നടത്തിയ മഹാസാഗരത്തിലൂടെ എം.ടിയും എം.ടിയുടെ രചനകളും പുതിയതലമുറക്ക് ഉൾപ്പെടെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഭ്രാന്തന്‍ വേലായുധനും കുട്ട്യേടത്തിയും നിർമാല്യത്തിലെ വെളിച്ചപ്പാടും നാലുകെട്ടിലെ അപ്പുണ്ണിയും വളര്‍ത്തുമൃഗങ്ങളിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ധുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയും ചന്തുവും എം.ടിതന്നെയും അരങ്ങില്‍ പുനരവതരിക്കും വിധത്തിലായിരുന്നു ആവിഷ്കാരം. വേദിയിലൊരുക്കിയ ലളിതവും എന്നാല്‍ ശക്തവുമായ കലാപശ്ചാത്തലം രംഗഭാഷക്ക് മാറ്റുകൂട്ടി. നാലുകെട്ട്, ഇരുട്ടിെൻറ ആത്മാവ്, കുട്ട്യേടത്തി, വളര്‍ത്തുമൃഗങ്ങള്‍, കാലം, ദയ, മഞ്ഞ്, രണ്ടാമൂഴം, ഗോപുരനടയില്‍, ഒരു വടക്കന്‍വീരഗാഥ, നിര്‍മാല്യം, അസുരവിത്ത് എന്നിവയിലെ കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും രംഗഭാഷക്ക് വേറിട്ട കാഴ്ചാനുഭവം പകർന്നു. ആറ് മിനിറ്റാണ് ഓരോ കഥക്കും സമയം നൽകിയത്. എം.ടിതന്നെ എഴുതിയ ഗാനങ്ങള്‍ നാടകത്തിന് സാഹിത്യമിഴിവ് നൽകി. വി.ആർ. സുധീഷാണ് രചന നിർവഹിച്ചത്. നടി സുരഭി ലക്ഷ്മിയും ബിനീഷ് കോടിയേരിയും നിസ്താര്‍ അഹമ്മദുമാണ് പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. ശ്രീലക്ഷ്മി കലാക്ഷേത്ര, അഖിലേഷ്, ദേവനന്ദിനി, മനു വിശ്വനാഥ്, ആതിര, ആഷിത്ത്, മാസ്റ്റര്‍ അക്ഷയ് പ്രതാപ്, അനന്തു നാഗേന്ദ്രന്‍, എബിന്‍, ഷിനോജ് പൊയ്‌നാടന്‍, ജോസ് ജോണ്‍ തുടങ്ങിയവരും അരങ്ങിലെത്തി. ധനമന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് നാരായണൻ ചെയർമാനും ഇന്ത്യൻ നാടകരംഗത്തെ അതികായനായ കന്നട നാടകാചാര്യൻ കെ.ജി. കൃഷ്ണമൂർത്തി ഡയറക്ടറുമായ 'കളം' എന്ന പുതിയ പ്രസ്ഥാനമാണ് 'മഹാസാഗര'ത്തിെൻറ സ്രഷ്ടാക്കൾ.
Next Story