Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 4:59 AM GMT Updated On
date_range 2018-03-18T10:29:59+05:30വണ്ടൂര്‍ സി.ഐ വാക്ക് പാലിച്ചു കളപ്പാട്ട്കുന്ന് കോളനിക്കാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം
text_fieldsവണ്ടൂര്‍: പൊലീസ് സ്റ്റേഷനിലെ സി.ഐ വി. ബാബുരാജ് വാക്ക് പാലിച്ചതോടെ പഞ്ചായത്തിലെ കളപ്പാട്ട്കുന്ന് കോളനിക്കാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. പൊലീസിെൻറ കാരുണ്യ പദ്ധതിയില്‍നിന്ന് തുക വകയിരുത്തിയാണ് മുടങ്ങിക്കിടന്നിരുന്ന കുടിവെള്ള പദ്ധതിക്ക് പുതുജീവന്‍ നല്‍കിയത്. 25ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കുടിവെള്ളപ്രശ്നം രൂക്ഷമായിരുന്നു. 10 വര്‍ഷം മുമ്പ് പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി മോട്ടോര്‍ സ്ഥാപിച്ചു. എന്നാല്‍, ഇടക്കിടെ മോട്ടോറിലും പൈപ്പിലും ഉണ്ടാകാറുള്ള പ്രശ്നങ്ങള്‍ കാരണം കുടിവെള്ളം പലപ്പോഴും മുടങ്ങി. ഇതിനിടെ രണ്ടുവര്‍ഷം മുമ്പ് മോട്ടോര്‍ വീണ്ടും കേടുവന്നതോടെയാണ് വെള്ളത്തിനായി കോളനിക്കാര്‍ക്ക് അലയേണ്ടി വന്നത്. പിന്നീട് സമീപത്തെ പൊതുകിണറില് നിന്നാണ് വെള്ളെമെടുത്തിരുന്നത്. വേനല്‍ അടുത്തതോടെ ഈ കിണറിലെ വെള്ളം വറ്റി. പിന്നീട് കുടിവെള്ള പദ്ധതിക്കായി 200 മീറ്ററോളം ദൂരത്ത് നിര്‍മിച്ച കിണറായിരുന്നു ഇത്രയും കുടുംബങ്ങളുടെ ഏക ആശ്രയം. കുത്തനെയുള്ള കയറ്റം കയറി വേണം വെള്ളമെത്തിക്കാന്‍ എന്നുള്ളതിനാല്‍ ഇത് ഏറെ ദുരിതമായി. ഈയിടക്കായിരുന്നു വണ്ടൂര്‍ സി.ഐ കോളനിയില്‍ ഒരുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. തുടര്‍ന്ന് കോളനിവാസികള്‍ ഇദ്ദേഹത്തിന് മുന്നില്‍ കുടിവെള്ളപ്രശ്നം അവതരിപ്പിച്ചപ്പോള്‍ നല്കിയതായിരുന്നു പരിഹരിക്കാമെന്നുള്ള ഉറപ്പ്. തകരാറിലായ പൈപ്പുലൈനുകളില്‍ അറ്റകുറ്റപണികള്‍ നടത്തുകയും പുതിയ മോട്ടോര്‍ സ്ഥാപിക്കുകയും ചെയ്താണ് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടത്. പഞ്ചായത്ത് അംഗങ്ങളായ വിമല ചന്ദ്രനും സജിത ഷാജുവും വെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അലവകണ്ണന് കഴി, എസ്.ഐ പി. ചന്ദ്രന്, എ.എസ്.ഐ പി. ബഷീര്‍ ഹുമയൂണ്‍ കബീര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story