Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:23 AM GMT Updated On
date_range 2018-03-15T10:53:59+05:30ഒറ്റപ്പാലം ബസ് സ്റ്റാൻഡ്: ലോകായുക്ത മുമ്പാകെ ഹാജരാകാൻ നിർദേശം
text_fieldsഒറ്റപ്പാലം: മൂന്നരകോടി രൂപയിൽ ആരംഭിച്ച നഗരസഭ ബസ് സ്റ്റാൻഡ് നിർമാണം 21 കോടിയിലെത്തുകയും പദ്ധതി പൂർത്തിയാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിലർ പി.എം.എ. ജലീൽ സമർപ്പിച്ച പരാതിയിൽ എതിർകക്ഷികളോട് ഏപ്രിൽ ഒമ്പതിന് ലോകായുക്ത മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ.യു.ആർ.ഡി.എഫ്.സി മാനേജിങ് ഡയറക്ടർ, ഒറ്റപ്പാലം നഗരസഭ സെക്രട്ടറി എന്നിവരെ പ്രതിചേർത്ത് സമർപ്പിച്ച പരാതിയിലാണ് എതിർകക്ഷികളോട് ഹാജരാകാൻ നോട്ടീസ് നൽകാൻ നിർദേശിച്ചിട്ടുള്ളത്. 2001ൽ നഗരസഭ വിഭാവനം ചെയ്ത പദ്ധതിയാണിത്. 2005ൽ തറക്കല്ലിട്ട് തൊട്ടടുത്ത വർഷം തുടങ്ങിയ നിർമാണം ഏറെ വൈകാതെ സ്തംഭനാവസ്ഥയിലായി. പിന്നീട് 2012 മാർച്ചിൽ പുനരാരംഭിച്ചെങ്കിലും നാളിതുവരെ പൂർത്തിയായിട്ടില്ല. 2004ലെ എസ്റ്റിമേറ്റ് 5,63,75,000 രൂപയായിരുന്നത് 20,96,25,527 രൂപയായി ഉയർന്നു. കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നെടുത്ത വായ്പക്ക് നിത്യേന അമ്പതിനായിരം രൂപ പലിശയിനത്തിൽ മാത്രം നൽകേണ്ടി വരുന്നത് നഗരസഭയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായും ജലീൽ നൽകിയ പരാതിയിൽ പറയുന്നു. 2016 മാർച്ച് 28ന് കൂടിയ കൗൺസിൽ തീരുമാനപ്രകാരം മൂന്ന് മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് കരാറുകാരൻ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. നിലവിലെ ബസ് സ്റ്റാൻഡിൽ യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പ്രയാസമനുഭവിക്കുന്നതും സ്ഥലപരിമിതി മൂലമാണ്. ബസിടിച്ചുണ്ടാകുന്ന ജീവഹാനിയും പരാതിയിൽ ജലീൽ ചൂണ്ടിക്കാട്ടുന്നു.
Next Story