Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:38 AM GMT Updated On
date_range 2018-04-03T11:08:58+05:30വികസനം കൊതിച്ച് അനങ്ങൻമല ഇക്കോ ടൂറിസം പദ്ധതി
text_fieldsസന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ഒറ്റപ്പാലം: കണ്ട കാഴ്ചകൾതന്നെയാണ് കാണാൻ കഴിയുക എന്ന പരിമിതികൾക്കിടയിലും അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന. 2018 മാർച്ച് 31 വരെയുള്ള സാമ്പത്തികവർഷത്തിൽ 5,500ലേറെ കുട്ടികൾ ഉൾെപ്പടെ ഇക്കോ ടൂറിസം സന്ദർശിക്കാനെത്തിയത് 28,000ത്തിലേറെ പേരാണ്. കീഴൂർ പണിക്കർകുന്നിലാണ് പദ്ധതി നടപ്പാക്കിയത്. ഏഴുവർഷം മുമ്പ് ഉദ്ഘാടന സമയത്തുണ്ടായിരുന്നതിനപ്പുറം പുതിയ കാഴ്ചകൾ സജ്ജീകരിക്കാൻ കഴിയാതിരുന്നിട്ടും ആറുലക്ഷത്തിലേറെ രൂപയുടെ വരുമാനമാണ് ലഭിച്ചത്. 2011 ഏപ്രിൽ ഒന്നിന് അന്നത്തെ വനം മന്ത്രി വൈക്കം വിശ്വനാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്. ഒന്നാംഘട്ട നിർമാണം പോലും പൂർത്തിയാക്കാതെ ധൃതിപ്പെട്ടുണ്ടായ ഉദ്‌ഘാടനത്തോടെ നിർമാണപ്രവൃത്തികളും സ്തംഭിച്ചു. വള്ളുവനാടിെൻറ സ്വപ്നപദ്ധതിയെന്ന നിലയിൽ തുടക്കമിട്ട പദ്ധതി രണ്ടു ഘട്ടങ്ങളായി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കേണ്ട ചെക്ഡാം, സ്നാനഘട്ടം, ട്രക്കിങ് സൗകര്യങ്ങൾ, പ്രവേശനകവാടം തുടങ്ങിയവ ബാക്കിയാണ്. വാച്ച്ടവർ, രാപ്പാർക്കാൻ മലമുകളിൽ കോട്ടജുകൾ, അനങ്ങൻ- കൂനൻമലകളെ തമ്മിൽ ബന്ധിപ്പിച്ച് റോപ്‌വേ, അരുവിയിൽ സ്നാനഘട്ടം തുടങ്ങി സഞ്ചാരികൾ ഇഷ്ടപ്പെടുന്ന ഒട്ടേറെ സംവിധാനങ്ങൾ ആസ്വദിക്കാൻ രണ്ടാംഘട്ടം പൂർത്തിയാകും വരെ കാത്തിരിക്കണം. ചെക്ഡാം യാഥാർഥ്യമാക്കിയാൽ പരിസരത്തെ ജലക്ഷാമത്തിനും പരിഹാരമാകും. അയൽജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികൾ ഉൾപ്പടെയുള്ളവരെ അലട്ടുന്നത് പരിമിതമായ പാർക്കിങ് സൗകര്യമാണ്. ടൂറിസ്റ്റ് കേന്ദ്രത്തിൽ സ്ഥാപിച്ച നടപ്പാലവും ഇരുമ്പ് ഗ്രില്ലുകളും തുരുമ്പെടുത്ത അവസ്ഥയിലാണ്. പദ്ധതിക്ക് ഫണ്ട് നൽകുന്നത് ടൂറിസം വകുപ്പും വരുമാനം വനം വകുപ്പിനുമെന്ന തീരുമാനമാണ് പുരോഗതിക്ക് വിലങ്ങാകുന്നത്. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ വരുമാനം പലമടങ്ങ് വർധിക്കും.
Next Story