Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:05 AM GMT Updated On
date_range 2018-04-03T10:35:57+05:30ആരോപണവുമായി ബൽറാം; വിട്ടുകൊടുക്കാതെ മുഹമ്മദ് മുഹ്സിൻ
text_fieldsപട്ടാമ്പി: യുവ എം.എൽ.എമാരുടെ വാഗ്വാദം പട്ടാമ്പിയിൽ നടക്കുന്ന സരസ് മേളയെ 'രാഷ്ട്രീയവേദി'യാക്കി. ഞായറാഴ്ച വൈകീട്ട് ആറരയോടെ സാംസ്കാരികസായാഹ്ന സദസ്സിലായിരുന്നു സംഭവം. ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നാരോപിച്ച് വി.ടി. ബൽറാം എം.എൽ.എ നേതാക്കളോടൊപ്പമെത്തി നടത്തിയ പരാമർശവും ഇതിന് വേദിയിൽ നിന്നിറങ്ങി വന്ന് സംഘാടകസമിതി ചെയർമാൻ കൂടിയായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ നൽകിയ മറുപടിയുമാണ് മേളക്ക് വിവാദമുഖം നൽകിയത്. സംഭവം സാമൂഹിക മാധ്യമങ്ങളിലും വൈറലായി. ദേശീയ-സംസ്ഥാന ഫണ്ടുപയോഗിച്ച് പട്ടാമ്പിയിൽ നടത്തുന്ന മേളയിലേക്ക് പട്ടാമ്പിയുടെ അയൽ മണ്ഡല പ്രതിനിധിയായ തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നായിരുന്നു വി.ടി. ബൽറാമിെൻറ പരാതി. ഉദ്യോഗസ്ഥർ ആദ്യം വീട്ടിൽ വന്ന് കണ്ടിരുന്നു. നിയമസഭ സമ്മേളനം തുടങ്ങുന്നതിനാൽ ഉദ്ഘാടനമടക്കം രണ്ട്, മൂന്ന് ദിവസങ്ങളാണ് തനിക്ക് സൗകര്യമെന്നറിയിച്ചതാണ്. എന്നാൽ, ആ ദിവസങ്ങളിലൊന്നും ക്ഷണിക്കുകയോ നോട്ടീസിൽ പേരുൾപ്പെടുത്തുകയോ ചെയ്തില്ല. സ്ഥലത്തില്ലാത്ത ഏതോ ഒരു ദിവസം താൻ പെങ്കടുക്കുമെന്ന് നോട്ടീസിൽ പേര് അച്ചടിച്ചത് അനുവാദം കൂടാതെയാണ്. മേള സി.പി.എമ്മിെൻറയും സി.പി.ഐയുടെയും രാഷ്ട്രീയപകപോക്കലിനുവേണ്ടി ഉപയോഗപ്പെടുത്തുന്നത് ഉചിതമാണോയെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്നും ബൽറാം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതോടെ മുഹമ്മദ് മുഹ്സിൻ വേദിയിൽ നിന്നിറങ്ങി വന്ന് ബൽറാമിെൻറ വാദം ഖണ്ഡിച്ചു. നോട്ടീസുയർത്തി സമാപനദിവസം അധ്യക്ഷനായി ബൽറാമിനെയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ നോട്ടീസ് നേരത്തെ അടിച്ചതാണ്. നിയമസഭയിൽ വെച്ച് താൻ ബൽറാമിനെ ക്ഷണിച്ചിരുന്നു. സൗകര്യപ്പെടില്ലെങ്കിൽ എന്നോടോ വൈസ് ചെയർമാന്മാരായ യു.ഡി.എഫ് നേതാക്കളോടോ പറയാമായിരുന്നു. സൗകര്യപ്പെടുന്ന ദിവസം ഉൾപ്പെടുത്താമായിരുന്നു. അത്തരം ശ്രമം നടത്താതെ പ്രതികരിച്ചത് മേളയുടെ നിറം കെടുത്താനാണെന്നും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണെന്നും മുഹ്സിൻ പറഞ്ഞു..
Next Story