Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:07 AM GMT Updated On
date_range 2017-09-28T10:37:34+05:30പത്താം ക്ലാസ് തുല്യത പരീക്ഷകേന്ദ്രം മാറ്റിയതിൽ വ്യാപക പ്രതിഷേധം
text_fieldsകരുവാരകുണ്ട്: പത്താംതരം തുല്യത പരീക്ഷകേന്ദ്രം കരുവാരകുണ്ടിൽനിന്ന് മാറ്റിയ നടപടിക്കെതിരെ പ്രതിഷേധവുമായി പഠിതാക്കൾ. നിലവിൽ കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലുണ്ടായിരുന്ന കേന്ദ്രം പരീക്ഷ വിഭാഗം ഇടപെട്ടാണ് ബ്ലോക്ക് ആസ്ഥാനമായ വണ്ടൂരിലേക്ക് മാറ്റിയിരിക്കുന്നത്. കരുവാരകുണ്ട്, തുവ്വൂർ ഗ്രാമപഞ്ചായത്തുകളിലെ തുല്യത പഠിതാക്കളാണ് കരുവാരകുണ്ടിലെ സെൻററിലുള്ളത്. എസ്.എസ്.എൽ.സി തുല്യത കോഴ്സിൽ നൂറിലധികം പഠിതാക്കൾ ഇവിടെയുണ്ട്. ഏറെ നാളത്തെ ആവശ്യവും എമേർജിങ് കരുവാരകുണ്ട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുമാണ് കരുവാരകുണ്ടിൽ പരീക്ഷകേന്ദ്രം അനുവദിച്ചത്. പ്രായഭേദമില്ലാതെ ധാരാളം പേർ തുല്യത കോഴ്സിൽ ചേരുകയും ചെയ്തു. ഇവരിൽ കൂടുതലും കുടുംബിനികളുമാണ്. പരീക്ഷകേന്ദ്രം വണ്ടൂരിലേക്ക് മാറുന്നതോടെ ഇവരിൽ പലരും കോഴ്സിൽനിന്ന് പിന്മാറാനിരിക്കുകയാണ്. പഠിതാക്കളെ ആകർഷിക്കാൻ കൂടുതൽ പഠനകേന്ദ്രങ്ങളും പരീക്ഷകേന്ദ്രങ്ങളും തുറന്ന് സാക്ഷരത പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിന് പകരം നിലവിലുള്ള കേന്ദ്രങ്ങൾ നിർത്തലാക്കുന്ന പരീക്ഷഭവൻ നടപടിയിൽ ജനപ്രതിനിധികളും യുവജന സംഘടനകളും പ്രതിഷേധിച്ചു. വകുപ്പ് മന്ത്രിക്കും സാക്ഷരത സമിതി ചെയർമാനും ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നൽകുമെന്ന് ജില്ല പഞ്ചായത്ത് അംഗം ടി.പി. അശ്റഫലി, കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് വി. ഷബീറലി എന്നിവർ അറിയിച്ചു.
Next Story