Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 8:04 AM GMT Updated On
date_range 2017-08-27T13:34:23+05:30ഹജ്ജ് തീർഥാടകയുടെ യാത്ര എമിഗ്രേഷൻ വിഭാഗം തടഞ്ഞു
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലാദ്യമായി തീർഥാടകയുടെ യാത്ര എമിഗ്രേഷൻ വിഭാഗം തടഞ്ഞു. തിരൂർ ചെറിയമുണ്ടം പുഴക്കാട്ടിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ മൈമൂനയെയാണ് (45) രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. ഇവരുടെ പാസ്പോർട്ട് എമിഗ്രേഷൻ വിഭാഗം കണ്ടുകെട്ടുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല. ഇതേതുടർന്ന് ഭർത്താവ് കുഞ്ഞുമുഹമ്മദിെൻറ യാത്രയും മുടങ്ങി. പാസ്പോർട്ട് കണ്ടുകെട്ടണമെന്ന പാസ്പോർട്ട് ഓഫിസറുടെ നിർദേശത്തെ തുടർന്നാണ് എമിഗ്രേഷൻ വിഭാഗം നടപടിയെടുത്തത്. ശനിയാഴ്ച രാത്രി എട്ടിന് അവസാന ഹജ്ജ് സംഘവുമായി സൗദി എയർലൈൻസ് വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽെക്കയാണ് സംഭവം. ഇതേ തുടർന്ന് 405 തീർഥാടകരുമായാണ് അവസാന വിമാനം പറന്നത്. 407 പേരായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. ഏറെനാളത്തെ പ്രാർഥനക്കൊടുവിൽ എല്ലാ ചടങ്ങും പൂർത്തിയാക്കി പുണ്യ ഭൂമിയിലേക്ക് വിമാനം കയറാൻ നിമിഷങ്ങൾ ബാക്കിനിൽെക്കയാണ് മൈമൂനക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത ആഘാതമേറ്റത്. ജീവിതാഭിലാഷമായ ഹജ്ജിന് പുറപ്പെടാനാവില്ലെന്നറിഞ്ഞതോടെ ദമ്പതികൾ പൊട്ടിക്കരഞ്ഞു. അവരെ ആശ്വസിപ്പിക്കാൻ മറ്റ് തീർഥാടകർക്കും ഹജ്ജ് കമ്മിറ്റി ഭാരവാഹികൾക്കുമായില്ല. ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ ഉടൻ ഹജ്ജ് സെക്രട്ടറികൂടിയായ മലപ്പുറം ജില്ല കലക്ടറുമായി ബന്ധപ്പെട്ടു. അദ്ദേഹം പാസ്പോർട്ട് ഓഫിസറുമായി ആശയവിനിമയം നടത്തിയെങ്കിലും കോയമ്പത്തൂരിലുള്ള തനിക്ക് രേഖകൾ പരിശോധിക്കാതെ നടപടിയെടുക്കാനാവില്ലെന്ന് മറുപടി നൽകി. അതോടെ അവസാന വിമാനത്തിൽ അയക്കാനുള്ള ഹജ്ജ് കമ്മിറ്റിയുടെ ശ്രമം വിഫലമാവുകയായിരുന്നു. ജില്ല കലക്ടറും ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ഇവരെ ഞായറാഴ്ച മുംബൈ വഴി അയക്കാൻ തീവ്രശ്രമം തുടരുകയാണ്. പാസ്പോർട്ട് ഓഫിസർ അനുകൂല നിലപാട് എടുക്കുകയും എമിഗ്രേഷൻ വിഭാഗത്തെ അറിയിക്കുകയും ചെയ്താൽ തടസ്സം നീക്കാനാകുമെന്ന് ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇവരെ ഹജ്ജ് ക്യാമ്പിലെത്തിച്ച് ശനിയാഴ്ചതന്നെ കുടുംബാംഗങ്ങൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. എന്തുകൊണ്ടാണ് പാസ്പോർട്ട് കണ്ടുകെട്ടണമെന്ന് പാസ്പോർട്ട് ഓഫിസർ എമിഗ്രേഷൻ വിഭാഗത്തോട് ആവശ്യപ്പെട്ടതെന്ന് പരിശോധിച്ചുവരുകയാണ്.
Next Story